ADVERTISEMENT

ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാന്ത്രികതയുണ്ട് പതിനെട്ടുകാരി ദാനാ റാസിക്കിന്റെ ശബ്ദത്തിന്! ഒറിജിനലിനെ വെല്ലുന്ന പെർഫക്ഷൻ കണ്ട് ചിലരെങ്കിലും 'ഇത് ലിപ് സിങ്കല്ലേ' എന്നു സംശയിച്ചു പോയിട്ടുണ്ട്. വീണ്ടും വീണ്ടും പാട്ടുകൾ പാടിക്കൊണ്ടാണ് ദാന ആ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. കാരണം, തന്റെ സംഗീതം തന്നെയാണ് ഏറ്റവും നല്ല മറുപടിയെന്ന് ദാനയ്ക്ക് അറിയാം. സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ പ്രതിഭ തെളിയിച്ച ആ തട്ടമിട്ട പെൺകുട്ടിയെ ചില ആസ്വാദകരെങ്കിലും തിരിച്ചറിയാറുണ്ട്. 

മാപ്പിളപ്പാട്ടിൽ മാത്രമൊതുങ്ങാതെ വിശാലമായ സംഗീതലോകത്ത് സ്വന്തമായൊരു മേൽവിലാസം കണ്ടെത്തണമെന്ന നിശ്ചദാർഢ്യമാണ് ദാനയെ എറണാകുളം മഹാരാജാസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാക്കിയത്. കോവിഡും ലോക്ഡൗണും മൂലം കഷ്ടി ഒരു മാസം മാത്രമാണ് ക്യാംപസിൽ എത്താൻ കഴിഞ്ഞതെങ്കിലും കോളജും അധ്യാപകരും സുഹൃത്തുക്കളും പുതിയൊരു ലോകമാണ് ദാനയ്ക്കു മുൻപിൽ തുറന്നിട്ടത്. ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോൾ പാടിയ പാട്ടുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി. ഓരോ വിഡിയോയും കണ്ടത് ലക്ഷക്കണക്കിന് പേർ! ദാനയുടെ പാട്ടുകൾക്ക് അഭിനന്ദനങ്ങളുമായി എത്തിയവരിൽ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയുണ്ട്. കവർ സോങ്ങുകളാണെങ്കിലും മ്യൂസിക് ഷോട്സാണെങ്കിലും മെയ്ക്കിങ്ങിലും അവതരണത്തിലും ദാനയ്ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സംഗീതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും വൈറൽ പാട്ടുകാരി ദാന റാസിക്ക് മനസു തുറക്കുന്നു. 

തലശ്ശേരിയിലെ പാട്ടുവീട്

dana-family-2

വീട് തലശ്ശേരിയിലണ്. കൃത്യമായി പറഞ്ഞാൽ ചേറ്റക്കുന്ന്. വീട്ടിൽ എല്ലാവരും പാടും. ഉമ്മാന്റെ വീട്ടുകാരും ഉപ്പാന്റെ വീട്ടുകാരും എല്ലാവരും പാടും. സംഗീതത്തിൽ എന്നെ വഴി നടത്തിയത് ഉമ്മയാണെന്നു പറയാം. പരിശീലിപ്പിക്കുന്നത് ഉപ്പയാണ്. ശാസ്ത്രീമായി സംഗീതം അഭ്യസിച്ചിട്ടുള്ള ആളല്ല ഉപ്പ. എങ്കിലും ഒരുപാടു സ്റ്റേജുകളിൽ ഉപ്പ പാടിയിട്ടുണ്ട്. സ്കൂൾ കലോത്സവത്തിൽ എന്നെ പങ്കെടുപ്പിക്കുന്നതിനൊക്കെ മുന്നിൽ നിന്നത് ഉപ്പയായിരുന്നു. അവർക്ക് ലഭിക്കാതെ പോയതെല്ലാം ഞങ്ങൾക്ക് കിട്ടണമെന്ന് ഉപ്പ ആഗ്രഹിച്ചു. കുടുംബങ്ങൾ ഒത്തുചേരുമ്പോഴും കലോത്സവ വേദികളിലും മാത്രമായിരുന്നു ആദ്യം ഞാൻ പാടിയിരുന്നത്. പിന്നെയാണ് ഇൻസ്റ്റഗ്രാമിലും യുട്യൂബിലും മ്യൂസിക് വിഡിയോകൾ പങ്കുവയ്ക്കാൻ തുടങ്ങിയത്. ഞാനും അനിയനും ചേർന്നു പാടിയ വിഡിയോ 10 ലക്ഷത്തിലധികം പേർ കണ്ടു. ചേച്ചി റഫ റാസിക്കിനൊപ്പം പാടിയ വിഡിയോ അഞ്ചു ദിവസം കൊണ്ടും എഴുപതു ലക്ഷം പേരാണ് കണ്ടത്. ഞങ്ങൾ രണ്ടു പേരും ചേർന്നു പാടി ജിയാ രേ എന്ന പാട്ടും വൈറലായി. 

കട്ടയ്ക്ക് നിൽക്കുന്ന കുടുംബം

പാടാൻ എനിക്ക് ആദ്യം നല്ല മടിയായിരുന്നു. പക്ഷേ, വീട്ടുകാർ എന്നെ വെറുതെ വിട്ടില്ല. അവർ എന്നെ നിർബന്ധിച്ച് പാടിക്കും. അവസാനം എനിക്കും സ്വയം തോന്നിത്തുടങ്ങി. അങ്ങനെയാണ് ഇന്‍സ്റ്റയിൽ അക്കൗണ്ട് തുടങ്ങി പാട്ടുകൾ പോസ്റ്റ് ചെയ്തത്. വീട്ടിൽ എല്ലാവരും കട്ട സപ്പോർട്ടായിരുന്നു. ഏതെങ്കിലും ഒരു ജോണറിൽ പെട്ട പാട്ടു മാത്രം പാടിയാൽ മതിയെന്ന നിർബന്ധങ്ങളൊന്നും എനിക്കു മുന്നിൽ അവർ വച്ചില്ല. അക്കാര്യത്തിൽ ഞാനേറെ ഭാഗ്യവതിയാണ്. മാപ്പിളപ്പാട്ട് മാത്രം പാടാൻ എനിക്ക് താൽപര്യമില്ല. സംഗീതത്തിൽ എല്ലാ ജോണറുകളും ഒന്നു ട്രൈ ചെയ്യണമല്ലോ! ഞാനാദ്യം സ്വതന്ത്രമായി ഒരു വർക്ക് ചെയ്തത് ഒരു മാപ്പിളപ്പാട്ടായിരുന്നു, ലൈല മിഹ്‍രാജ്. നമ്മൾ സ്ഥിരം കേൾക്കുന്ന മാപ്പിളപ്പാട്ടിന്റെ ശൈലിയല്ല അതിനുള്ളത്. അതു ഹിറ്റായി. പിന്നീടാണ് സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയത്. 

തേടിയെത്തിയ അഭിനന്ദനങ്ങൾ 

പാട്ടുകൾ വൈറലായപ്പോൾ നിരവധി പേർ നേരിൽ വിളിച്ച് അഭിനന്ദിച്ചു. സംവിധായകൻ അനിൽ രാധാകൃഷ്ണൻ സർ വിളിച്ചിരുന്നു. അടുത്ത പ്രൊജക്ടിൽ തീർച്ചയായും അവസരം നൽകാമെന്നു പറഞ്ഞു. സംഗീത സംവിധായകൻ കൈലാസ് മേനോൻ സർ, ഗായകൻ സിയ ഉൾ ഹക്ക് തുടങ്ങിയവരൊക്കെ നല്ല പിന്തുണയാണ് നൽകുന്നത്. എം. ജയചന്ദ്രൻ സാറിനും ഒരു തവണ പാടിക്കൊടുത്തിട്ടുണ്ട്. കൊച്ചിയിൽ വച്ച് യാദൃച്ഛികമായി കണ്ടപ്പോഴായിരുന്നു അത്. 'നല്ല വോയ്സാണ്' എന്നായിരുന്നു സാറിന്റെ കമന്റ്. ഇൻസ്റ്റഗ്രാമിൽ വിഡിയോ ഇട്ടപ്പോൾ മ്യൂസിക് ഡയറക്ടർ ഗോവിന്ദ് വസന്ത അഭിനന്ദിച്ചിരുന്നു. അങ്ങനെ നിരവധി പേർ അഭിനന്ദിക്കാറുണ്ട്.  

വിമർശിക്കുന്നവരേ, ആ പാട്ടു കേൾക്കൂ

dana-family1

ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ള ചിലർ പറയും, പാട്ടു പാടുന്നത് ശരിയല്ല എന്നൊക്കെ. പക്ഷേ, വീട്ടുകാർ എനിക്ക് നല്ല പ്രോത്സാഹനമാണ് തരുന്നത്. അതുകൊണ്ട് അത്തരം പറച്ചിലുകൾ ബാധിക്കാറില്ല. പിന്നെ നേരിട്ടിട്ടുള്ള വിമർശനം എന്റെ പാട്ട് ലിപ് സിങ്കാണ് എന്നതാണ്.   ഞാനെന്തു പാട്ടു പാടിയാലും കുറച്ചു പേരു പറയും അത് 'ലിപ് സിങ്ക്' ആണെന്ന്! ഞാനെന്റെ വോയ്സിന് ചേരുന്ന പാട്ടുകളാണ് കൂടുതൽ തിരഞ്ഞെടുക്കാറുള്ളത്. ഒറിജിനൽ എങ്ങനെയാണോ പാടി വച്ചിരിക്കുന്നത് അതു തന്നെ കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്. അപ്പോൾ കമന്റുകൾ വരും, ഇത് 'ലിപ് സിങ്ക്' ആണെന്ന് പറഞ്ഞ്! ആദ്യമൊക്കെ അതൊരു കോപ്ലിമെന്റായി കണ്ടിരുന്നു. എന്നാലിപ്പോൾ അതൊരു ഐഡന്റിറ്റി പ്രശ്നം സൃഷ്ടിക്കുമോ എന്ന ആശങ്കയുണ്ട്. എന്തു പാടിയാലും അതു നമ്മളല്ല പാടിയത് എന്നു പറയുന്നതു കേൾക്കുമ്പോഴുള്ള ബുദ്ധിമുട്ട്! പിന്നെ, എല്ലാ വിഡിയോയിലും എന്റെ ഒരേ വോയ്സ് തന്നെയല്ലേ കേൾക്കുന്നത്? വിമർശിക്കുന്നവർ അതൊന്നു എടുത്ത് കേട്ടാൽ മനസിലാക്കാവുന്നതേയുള്ളൂ.  

പാട്ടും പഠനവുമായി കൊച്ചിയിലേക്ക്

എറണാകുളം മഹാരാജാസിലാണ് പഠിക്കുന്നത്. നിയമം പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ മ്യൂസികിൽ ഫോകസ് ചെയ്യണമെന്നു തോന്നിയതുകൊണ്ട് ഡിഗ്രിക്ക് പൊളിറ്റിക്കൽ സയൻസ് തിരഞ്ഞെടുത്തു. അതിനു ശേഷം സംഗീതവുമായി മുന്നോട്ടു പോകാമെന്നാണ് വിചാരിക്കുന്നത്. ആകെ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മാത്രമാണ് ക്ലാസുണ്ടായിരുന്നത്. മഹാരാജാസിന്റെ ആ പാരമ്പര്യം അനുഭവിക്കാനുള്ള അവസരമൊന്നും ഈ ചെറിയ സമയത്തിൽ ലഭിച്ചിട്ടില്ല. എങ്കിലും ഏറെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ക്യാംപസ് ആണ്. പല തരത്തിലുള്ള ആളുകളെ കാണാൻ കഴിഞ്ഞു. കൂടുതൽ ആളുകളെ പരിചയപ്പെടാൻ സാധിച്ചു. അതിലൂടെ കൂടുതൽ പേരിലേക്ക് എന്റെ പാട്ടുകളെത്തി. കുറെ ബന്ധങ്ങൾ... അവസരങ്ങൾ... അതൊന്നും പൂർണമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ലോക്ഡൗൺ ആയില്ലേ! 

കയ്യൊപ്പുള്ള പാട്ടുകൾ പാടണം

ഒരു ഗായിക എന്ന നിലയിൽ സിനിമ വലിയൊരു അവസരമാണ്. ഇൻഡസ്ട്രിയിൽ നമുക്കൊരു ഇടം ലഭിക്കും. പക്ഷേ, അതു മാത്രമല്ല സ്വപ്നം. സ്വതന്ത്രമായി സംഗീതമൊരുക്കുന്ന തലത്തിലേക്ക് വളരമെന്നാണ് ആഗ്രഹം. അങ്ങനെയൊരു പ്ലാറ്റ്ഫോം സൃഷ്ടിക്കണം. ഇപ്പോൾ സിനിമയിൽ പാടുക എന്ന ട്രെൻഡൊക്കെ മാറി വരുന്നുണ്ട്. ആളുകൾ സ്വന്തമായി പാട്ടൊരുക്കുന്നു... പാടുന്നു... അതിലൂടെ പേരെടുക്കുന്നു. എങ്കിലും ഒരു കാര്യമുണ്ട്. സിനിമ അതിനു സഹായിക്കും. പല മ്യൂസിക് ഡയറക്ടേഴ്സിനെ പരിചയപ്പെടാനും അവരുടെ കൂടെ വർക്ക് ചെയ്യുന്നതിലൂടെ ഒരുപാടു അനുഭവങ്ങൾ സ്വായത്തമാക്കാൻ കഴിയും. കവർ സോങ്ങുകളാണ് ഇപ്പോൾ അധികവും ചെയ്യുന്നത്. എനിക്കറിയാം അതു മാത്രം ചെയ്താൽ ഗായിക എന്ന നിലയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാകില്ല. സ്വതന്ത്രമായി എന്തെങ്കിലും ചെയ്തിട്ടേ കാര്യമുള്ളൂ. അത്തരം പദ്ധതികളുണ്ട്. വൈകാതെ അതു ലൈവാകും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com