ADVERTISEMENT

പാടി തീരാത്ത ഒരു പാട്ടു പോലെ മറഞ്ഞ സംഗീതപ്രേമികളുടെ എസ്പിബി. പ്രിയപ്പെട്ടവരുടെ ബാലു. ഭാഷാതിര്‍ത്തികള്‍ ഭേദിച്ചൊഴുകിയ നാദവിസ്മയം.  കോവിഡ് മഹാമാരി കവര്‍ന്നെടുത്ത പ്രിയ ഗായകന്റെ ജന്മദിനമാണ് ജൂണ്‍ നാല്. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനിത് 75ാം പിറന്നാള്‍. ഈ പിറന്നാള്‍ ദിനത്തില്‍ സംഗീത സംവിധായകന്‍ ജോണ്‍സണ്‍മാസ്റ്ററോടൊപ്പം എസ്പിബിയെ ആദ്യം കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ജി. വേണുഗോപാല്‍.

'‘അവസരങ്ങള്‍ക്കായി ചെന്നൈയിലെ സ്റ്റുഡിയോകളില്‍ അലയുന്ന കാലം. കുറച്ച് സിനിമകളില്‍ പാടി ഒരു സംസ്ഥാന അവാര്‍ഡും ലഭിച്ച ആ കാലത്തൊരു നാളാണ് എസ്പിബിയെ ആദ്യം കാണുന്നത്. 90കളുടെ തുടക്കമാണ്. ഒരു പാട്ട് റെക്കോര്‍ഡിങ് കഴിഞ്ഞിറങ്ങി ചെന്നൈ പ്രസാദ് സ്റ്റുഡിയോയ്ക്കു മുന്നിലെ  കടയില്‍ നിന്നും ചായകുടിക്കുകയായിരുന്നു ഞാനും ജോണ്‍സേട്ടനും. ഇടതു വശത്തെ ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നിറങ്ങിവരുന്ന നല്ല വണ്ണവും ഒത്ത ഉയരവുമുളള ആളെ ഞാന്‍ കൗതുകത്തോടെ നോക്കി. ഇടതുകൈയ്യില്‍ ഐസ് ക്യൂബ് നിറഞ്ഞ ചഷകം, മറ്റേ കയ്യില്‍ എരിയുന്ന സിഗരറ്റുമായി മഴയിലേക്ക് നോക്കി നില്‍ക്കുകയാണ് അദ്ദേഹം. ചാറ്റല്‍മഴക്കിടയിലൂടെ ആ മുഖം തെളിഞ്ഞു കണ്ടു. മനസ് ആഹ്ലാദത്തോടെ മന്ത്രിച്ചു. എസ്പിബി അഥവാ എസ്പി ബാലസുബ്രഹ്മണ്യം.

''പരിചയപ്പെടുത്താം നീ വാ'' എന്നു പറഞ്ഞ് ജോണ്‍സേട്ടന്‍ മുന്നില്‍ നടന്നു. ''ജോണ്‍സണ്‍ എന്ന സമാചാരം?  നല്ല പുതുസ് പാട്ടെല്ലാം നീ പണ്‍ട്രെ. എനക്ക് മലയാളത്തിലെ ഒന്നും സരിയാവില്ലയാ? എന്ന് എസപിബി. ''ഇത് വേണുഗോപാല്‍. പുതിയ ഗായകന്‍'' ജോണ്‍സേട്ടന്‍ പരിചയപ്പെടുത്തി. എസ്പിബി എന്നെ സൂക്ഷിച്ചു നോക്കി, വേഗം കൈയ്യിലെ സിഗരറ്റ് വലിച്ചെറിഞ്ഞു പറഞ്ഞു ''മോനെ, ഒരു ഗായകനാണെങ്കില്‍ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്''. 

venu-spb

തുടര്‍ന്ന് അദ്ദേഹത്തൊടൊപ്പം ഡബ്ബിങ് സ്റ്റുഡിയോയില്‍ പോയി കമല്‍ഹാസന്റെ മേയര്‍ കഥാപാത്രത്തിന് ഗാഭീര്യം നിറഞ്ഞ ശബ്ദം പകരുന്നത്  ആരാധനയോടെ കേട്ടിരുന്നു. 'ഇന്ദിരന്‍ ചന്ദിരന്‍' എന്ന സിനിമയുടെ തെലുങ്ക് പതിപ്പായിരുന്നു ചിത്രം.

പിന്നീടൊരിക്കല്‍ ബെംഗലുരു എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടു. തിരുവനന്തപുരത്ത് അന്ന് വൈകിട്ട് നടക്കുന്ന ഗാനമേളയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തോടെ അടുത്തു ചെന്നു. നോക്കുമ്പോള്‍ ട്രാന്‍സിറ്റില്‍ പാട്ടു പുസ്തകങ്ങളടങ്ങിയ ഒരു പെട്ടി എത്തിയിട്ടില്ല. അത് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും പരിപാടി കഴിയും. ഉടനെ തന്നെ ഞാന്‍ തിരുവനന്തപുരത്തുള്ള സുഹൃത്ത് രാജീവിനെ വിളിച്ചു, എസ്പിബിയുടെ പാട്ടുകള്‍ കാണാപാഠം അറിയും രാജീവിന്. പെട്ടന്നു തന്നെ പാടാന്‍ ഉദ്ദേശിച്ച മുഴുവന്‍ പാട്ടുകളും ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യിക്കാന്‍ ഏര്‍പ്പാട് ചെയ്തു. ''റൊമ്പ നന്ററി തമ്പി''  എന്നദ്ദേഹം പലവട്ടം പറഞ്ഞു.

രോഗബാധിതനായപ്പോഴും അദ്ദേഹം ഞങ്ങളുടെ ഇസ്‌റയുടെ (ഇന്ത്യന്‍ സിങ്ങേഴ്‌സ് റൈറ്റ്‌സ് അസോസിയേഷന്‍) വാട്സ് ആപ്പ് ഗ്രൂപ്പില്‍  വോയ്‌സ് മെസേജ് ഇടുമായിരുന്നു. ഐസിയുവില്‍ പോകുംവരെ. അദ്ദേഹത്തിന്റെ ജീവിതത്തിലെ കഠിന പരീക്ഷണങ്ങൾ തന്നെയായിരുന്നു അവസാന നാളുകൾ. ഒരിക്കലും മരിക്കില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്ന വ്യക്തിയാണദ്ദേഹം.

മരണശേഷം  കവി പി.കെ. ഗോപി വിളിച്ചു എസ്പിബിയെക്കുറിച്ച് അദ്ദേഹമെഴുതിയ ഒരു ഗാനം ആലപിക്കുന്നതിനെക്കുറിച്ചു പറഞ്ഞു. അത് വേണുവിന്റെ ശബ്ദത്തില്‍ കൃത്യമാകും എന്നു പറഞ്ഞു. കോഴിക്കോടുള്ള നോബി ബെന്‍ടെക്‌സ് സംഗീതം നല്‍കിയ 'ഇളയനിലാവ് പൊലിഞ്ഞു' എന്ന ഗാനം. എസ്പിബിയുടെ ഗാനങ്ങളുടെ ആദ്യവരികള്‍ നിറഞ്ഞൊരു പാട്ട്. ഗദ്ഗദത്തോടെ മാത്രമേ ആ ഗാനം പാടാനായുള്ളൂ. എന്റെ യൂട്യൂബ് ചാനലായ 'ഹൃദയവേണു' ചാനലിലൂടെയായിരുന്നു ഗാനത്തിന്റെ റിലീസ്.

ജനപ്രിയ  സിനിമയിലും സംഗീതത്തിലും എസ്പിബി സ്ഥാപിച്ച റെക്കോര്‍ഡുകള്‍ ഉടനെയെങ്ങും ഭേദിക്കപ്പെടാനിടയില്ല. ഹരികഥാകലാകാരനായ അച്ഛന്‍ സാംബമൂര്‍ത്തിയില്‍ നിന്നായിരിക്കണം വൈകാരിക മൂഹൂര്‍ത്തങ്ങളെ സംഗീതാവിഷ്‌ക്കരിക്കാനുളള സിദ്ധിയും അഭിനയവുമെല്ലാം ബാലു സ്വായത്തമാക്കിയത്. ഒരേ സമയം അഭിനയവും കമ്പോസിങ്ങും. മറ്റ് അഭിനേതാക്കള്‍ക്ക് ഒന്നിലധികം ഭാഷകളില്‍ ശബ്ദം നല്‍കല്‍. കമല്‍ഹാസന്റെ ദശാവതാരത്തില്‍ ഒരു സ്ത്രീയുടേത് ഉള്‍പ്പടെ എട്ടു ശബ്ദമാണ് അദ്ദേഹം സംഭാവന ചെയ്തത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 46 ചിത്രങ്ങൾക്കു സംഗീത സംവിധാനവും നിർവ്വഹിച്ചു. ഇങ്ങനെയൊക്കെ ഒരു പ്രതിഭയെ ഇനി കണ്ടെത്താനാവുമോ എന്നു തന്നെ സംശയമാണ്'', വേണുഗോപാൽ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com