‘പ്രിയൻ സ്ക്രിപ്റ്റ് എഴുതി, ബജറ്റ് മൂന്നര ലക്ഷം, ഞങ്ങളുടെ ആദ്യ സിനിമാപദ്ധതി അവസാനിച്ചത് ചവറ്റുകുട്ടയിൽ’; എം.ജി ശ്രീകുമാർ പറയുന്നു

mg-sreekumar-priyadarshan
SHARE

പലപ്പോഴായി പല സിനിമാ ചര്‍ച്ചകൾക്കും സാക്ഷ്യം വഹിച്ച ഇടമാണ് തിരുവനന്തപുരം നഗരിയിലെ ഇന്ത്യൻ കോഫി ഹൗസ്. പ്രിയദർശൻ, മോഹൻലാൽ, എം.ജി.ശ്രീകുമാർ, കലാസംവിധായകൻ ശേഖർ തുടങ്ങിയവരായിരുന്നു അക്കാലത്തെ ചർച്ചകളിലെ പ്രധാനികൾ. പിൽക്കാലത്ത് ഇവരൊക്കെത്തന്നെയാണ് മലയാള സിനിമാരംഗത്ത് അതുല്യരായി വളർന്നതും. ഒരു ചൂടു കാപ്പിയുടെ മധുരവും രുചിയും നുകർന്ന് മണിക്കൂറുകളോളം അന്നത്തെ ആ ചർച്ചകൾ നീണ്ടു. ഒപ്പം സൗഹൃദങ്ങളും ബലപ്പെട്ടു. അന്നത്തെ ആ സിനിമാ മോഹികളിലെ ആശയങ്ങളുടെ പങ്കുവയ്ക്കൽ കോഫി ഹൗസിലെ വട്ടമേശ സമ്മേളനങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നില്ല, എല്ലാവര്‍ക്കും ചേർന്ന് സിനിമയെടുക്കണമെന്നായി ചിന്ത. അതിനായി കൂട്ടം കൂടി പരിശ്രമിച്ചെങ്കിലും ആ അധ്വാനത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് ആയിരുന്നു. അന്നത്ത ഓർമകളെക്കുറിച്ച് എം.ജി.ശ്രീകുമാർ മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നത് ഇങ്ങനെ:

‘1983ലാണ് ഞാൻ ആദ്യമായി സിനിമയിൽ പാടുന്നത്. ‘കൂലി’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. അതിനു മുൻപ് ദാസേട്ടനു (യേശുദാസ്) വേണ്ടിയുൾപ്പെടെ പ്രഗത്ഭരായ ഒരുപാട് പേർക്കു വേണ്ടി ട്രാക്കുകൾ പാടിയിരുന്നു. അതൊക്കെ വലിയ അനുഭവങ്ങളായിരുന്നു. സിനിമയിലേയ്ക്ക് എത്തുന്നതിനു മുൻപ് പ്രിയനും (പ്രിയദർശന്‍) ഞാനും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ സിനിമാ മോഹങ്ങളുമായി ഇന്ത്യന്‍ കോഫി ഹൗസിൽ ഒത്തുകൂടുക പതിവായിരുന്നു. അവിടെ ഞങ്ങൾക്ക് ഒരു പ്രത്യേക സ്ഥലമുണ്ടായിരുന്നു. ആരുടെ കയ്യിലും ഒരുപാട് പൈസയൊന്നുമില്ല. ഒന്നോ രണ്ടോ കാപ്പിയും വാങ്ങി ഞങ്ങൾ മണിക്കൂറുകളോളം അവിടെയിരുന്ന് സംസാരിക്കും. അങ്ങനെ ‘അഗ്നിനിലാവ്’ എന്ന ഒരു സിനിമ എടുക്കാമെന്ന് ഞാനും പ്രിയനും കൂടി പദ്ധതിയിട്ടു. തുടർന്ന് അതിനായിട്ടുള്ള പരിശ്രമങ്ങൾ തുടങ്ങി. പ്രിയൻ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കി. പക്ഷേ ആര് നിർമിക്കും എന്നായിരുന്നു അടുത്ത ചിന്ത. അങ്ങനെയിരിക്കെ എന്റെ ഒരു സുഹൃത്ത് അവന്റെ മുത്തച്ഛനെക്കൊണ്ടു ചിത്രം പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം എന്നു പറഞ്ഞു. അദ്ദേഹം അന്ന് സിംഗപ്പൂരിൽ ആയിരുന്നു. ആകെ മൂന്നരലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. എന്തായാലും സിനിമയെടുക്കാം എന്നു തന്നെ ഞങ്ങൾ തീരുമാനിച്ചു. 

priyadarsan-mg-sreekumar1
പ്രിയദർശനും എം.ജി.ശ്രീകുമാറും

സംവിധായകനെ കണ്ടെത്തലായി അടുത്ത കടമ്പ. അങ്ങനെ ചിന്തിച്ച് ഒടുവിൽ എം.ജി.സോമനെക്കൊണ്ടു ചെയ്യിപ്പിക്കാം എന്നു കരുതി. അദ്ദേഹത്തെ ബന്ധപ്പെടുകയും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ ചെന്ന് സ്ക്രിപ്റ്റ് കൈമാറുകയും ചെയ്തു. ‘നോക്കട്ടെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏതാനും ദിവസങ്ങൾ കഴിഞ്ഞു വരാൻ ആവശ്യപ്പെടുകയും ചെയ്തു. അതിൻപ്രകാരം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാനും പ്രിയനും ബാക്കി കൂടെയുള്ളവരുമെല്ലാം വളരെ ആവേശത്തോടെ അദ്ദേഹത്തെ കാണാനായി പോയി. അവിടെയെത്തിയപ്പോൾ അദ്ദേഹം പോയി എന്ന് ഹോട്ടൽ ജീവനക്കാരൻ അറിയിച്ചു. ഞങ്ങൾ കൈമാറിയ സ്ക്രിപ്റ്റിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കുറച്ചു പേപ്പറുകൾ ഇവിടെ ഏൽപ്പിച്ചിട്ടുണ്ടെന്ന് അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. കുറച്ചു പ്രായമുള്ള ആളായിരുന്നു ആ ജീവനക്കാരൻ. എന്തു പേപ്പറുകളാണ് അതെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. ഞങ്ങൾ വീണ്ടും അന്വേഷിച്ചപ്പോൾ അദ്ദേഹം ഒരു ബാസ്ക്കറ്റ് കാണിച്ചു തന്നു. സ്ക്രിപ്റ്റ് ചുരുട്ടി അതിനുള്ളിലിട്ടിരിക്കുന്നതാണ് അപ്പോൾ ഞങ്ങൾ കണ്ട കാഴ്ച. പേപ്പറുകളുടെയെല്ലാം ഓർഡർ മാറി എല്ലാം കൂടി ഒരുമിച്ചു കൂട്ടിക്കലർത്തിയ നിലയിലായിരുന്നു. അങ്ങനെ ഞാനും പ്രിയനും ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ സിനിമയിലേക്കുള്ള പ്രവേശനവും ആ മോഹവും ഒരു ചവറ്റുകുട്ടയിൽക്കിടക്കുന്നതാണ് ഞങ്ങൾ അന്നു കണ്ടത്. അങ്ങനെ ആ മോഹം അവിടെ അവസാനിച്ചു.

ഞങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ആദ്യ സിനിമാസംരംഭം. നിർഭാഗ്യവശാൽ അതു നടന്നില്ല. പിന്നീട് പ്രിയൻ ഐ.വി.ശശിയേട്ടന്റെ അസോസ്യേറ്റ് ആയി പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് ‘കൂലി’ എന്ന ചിത്രത്തിൽ പാടാൻ എനിക്ക് അവസരം ലഭിക്കുന്നത്. അപ്പോഴും പ്രിയന്‍ സംവിധായകനായിട്ടില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സുരേഷ് കുമാർ പറഞ്ഞു, നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഒരു സിനിമ എടുക്കാം എന്ന്. അങ്ങനെയാണ് ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന ചിത്രം ഒരുങ്ങിയത്. എന്റെ ചേട്ടനായിരുന്നു (എം.ജി.രാധാകൃഷ്ണൻ) ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത്. ചുനക്കര രാമൻകുട്ടി വരികൾ കുറിച്ചു. തിരുവന്തപുരത്ത് തരംഗിണിയിലായിരുന്നു പാട്ടുകളുടെ റെക്കോർഡിങ്. അവിടെയായിരുന്നു ഞങ്ങളുടെ ശരിക്കുള്ള തുടക്കം. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എപ്പോഴും ഞങ്ങൾ സുഹൃത്തുക്കൾ ഒരുമിച്ചായിരുന്നു. കൂടുതൽ ദിവസവും ചിത്രാഞ്ജലിയിൽ വച്ചായിരുന്നു ഷൂട്ടിങ്. ഞാൻ അന്ന് ഗായകൻ മാത്രമായിരുന്നില്ല. ഷൂട്ടുമായി ബന്ധപ്പെട്ട് മറ്റ് എല്ലായിടത്തും പോവുകയും എല്ലാ വർക്കുകളിലും ഭാഗമാവുകയും ചെയ്തിരുന്നു. എല്ലാവരും അങ്ങനെ തന്നെ. അക്ഷരാർഥത്തിൽ അതൊരു കൂട്ടായ്മയായിരുന്നു. ചിത്രാഞ്ജലിയിൽ വലിയ ഹോളിലായിരുന്നു ഞങ്ങളുടെ ഉറക്കവും താമസവുമൊക്കെ. ഓരോ ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ചു ഫ്രഷ് ആയി വീണ്ടും സിനിമയുടെ ബാക്കി വർക്കുകൾ ചെയ്യും. അതൊക്കെ ഒരു സുഖമുള്ള കാല‌ം തന്നെയായിരുന്നു’, ചിരിയോടെ എം.ജി.ശ്രീകുമാർ പറഞ്ഞു നിർത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA