‘അന്ന് സ്റ്റുഡിയോയുടെ പുറത്തിറങ്ങി ഞാൻ പൊട്ടിക്കരഞ്ഞു, ഇന്ന് നിരാകരിച്ചവർ നാളെ തേടിവരുമെന്ന് പറ‍ഞ്ഞ് ആശ്വസിപ്പിച്ച അമ്മ’; ജീവിതം പറഞ്ഞ് എം. ജയചന്ദ്രൻ

HIGHLIGHTS
  • എം. ജയചന്ദ്രന് ഇന്ന് 50ാം പിറന്നാൾ
m-jayachandran-birthday
SHARE

സംഗീതത്തിൽ ഇരുപത്തിയഞ്ചും ജീവിതത്തിൽ അൻപതും വർഷങ്ങൾ പിന്നിടുകയാണ് മലയാളികളുടെ പ്രിയപ്പെട്ട എം.ജയചന്ദ്രൻ. ഓർമ വച്ച കാലം മുതൽ ജയചന്ദ്രനൊപ്പം പ്രാണവായു പോലെ സംഗീതമുണ്ട്. അതികായന്മാർ വാണിരുന്ന സിനിമാ സംഗീതരംഗത്തേയ്ക്ക് പൂർവികരുടെ പിൻബലമില്ലാതെ കടന്നു വന്ന ആ ചെറുപ്പക്കാരനായ സംഗീതജ്ഞൻ സമകാലികരോടു കിടപിടിച്ച് മത്സര രംഗത്തു തിളങ്ങിയപ്പോൾ മലയാളിഹൃദയങ്ങളിലേക്കു കണക്കില്ലാതെ മെലഡികൾ പെയ്തിറങ്ങി. വർത്തമാനത്തിലെ സൗമ്യത ജയചന്ദ്രന്റെ സംഗീതത്തിലും പ്രതിഫലിച്ചു. മലയാളികളുടെ പാട്ടിഷ്ടങ്ങളുടെ ദീർഘമായ പട്ടികയിൽ എന്നും ജയചന്ദ്രന്റെ പാട്ടുകൾക്കു പ്രത്യേക ഇടമുണ്ട്. ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ജീവിതം ഏറെ സംതൃപ്തമാണെന്ന് ജയചന്ദ്രൻ ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടെ പറഞ്ഞുവയ്ക്കുന്നു. സംഗീത വഴിത്താരകളും ജീവിതവും എം.ജയചന്ദ്രൻ മനോരമ ഓൺലൈനിനോടു വിവരിച്ചപ്പോൾ. 

ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു? 

ഏഴാം വയസ്സിലാണ് ഞാൻ ആദ്യമായി കച്ചേരി പാടിയത്. നാലഞ്ചു വയസ്സു മുതൽ പാട്ടു പഠിച്ചു തുടങ്ങിയിരുന്നു. ഇന്ന് എനിക്ക് അൻപതു വയസ്സ് തികയുന്നു. കഴിഞ്ഞ നാൽപ്പത്തിയഞ്ചു വർഷമായി എനിക്കു സംഗീതവുമായി ബന്ധമുണ്ട്. ഒരു സംഗീതജ്ഞനായി എന്നെ ജീവിപ്പിക്കുന്ന ദൈവത്തിനു നന്ദി എന്നു മാത്രമാണ് എനിക്ക് ഈയവസരത്തിൽ പറയാനുള്ളത്. ജീവിതത്തിൽ ഞാൻ വളരെ സംതൃപ്തനാണ്. ഞാൻ ഒരു സംഗീതജ്ഞനായി എന്നതു തന്നെയാണ് ആ സന്തോഷത്തിനു കാരണം. പിന്തിരിഞ്ഞു നോക്കുമ്പോൾ എന്റെ മനസ്സ് നിറയുകയാണ്. 

സംഗീതരംഗം മത്സരങ്ങളുടേതു കൂടിയാണല്ലോ? താങ്കളുടെ തുടക്കകാലത്ത് അത്തരത്തിലുള്ള അനുഭവങ്ങൾ നേരിട്ടിട്ടുണ്ടോ?

ദക്ഷിണാമൂർത്തി സ്വാമി, കെ.രാഘവൻ മാസ്റ്റർ, ദേവരാജൻ മാസ്റ്റർ, എം.കെ.അർജുനൻ മാസ്റ്റർ, ജോൺസേട്ടൻ (ജോൺസൺ മാസ്റ്റർ), രവീന്ദ്രൻ മാസ്റ്റർ, ഇളയരാജ സർ, വിദ്യാസാഗർ തുടങ്ങി മലയാളികളും അല്ലാത്തവരുമായ പ്രഗത്ഭരായ സംഗീതജ്ഞർ അരങ്ങു വാഴുന്ന സമയത്താണ് ഞാൻ ഒരു പുതിയ സംഗീതസംവിധായകനായി തുടക്കം കുറിക്കാനെത്തിയത്. പ്രതിഭാധനരായ ആ സംഗീതജ്ഞർക്കൊപ്പം കിടപിടിക്കുന്ന സംഗീതം സൃഷ്ടിച്ചാൽ മാത്രമേ എനിക്കു നിലനില്‍ക്കാനാകുമായിരുന്നുള്ളു. അതിനു വേണ്ടി ഞാൻ കഠിനമായി അധ്വാനിച്ചു. എന്റെ കുടുംബത്തിലുള്ള ആരും സിനിമയിലോ സംഗീതരംഗത്തോ ഇല്ലാത്തവരാണ്. അതുകൊണ്ടു തന്നെ അത്തരത്തിൽ യാതൊരു പിൻബലവും ഇല്ലാതെയായിരുന്നു എന്റെ കടന്നു വരവ്. ഇപ്പോൾ ഞാൻ നിലനിൽക്കുന്നതും അങ്ങനെ തന്നെയാണ്. പിൻബലത്തിലല്ല നമ്മുടെ വർക്കിലാണു കാര്യം എന്നു ഞാൻ മനസ്സിലാക്കി. അല്ലെങ്കിൽ എനിക്കൊരിക്കലും സിനിമയിൽ ഇരുപത്തിയഞ്ചു വർഷങ്ങൾ താണ്ടാനാകില്ല. ഒരു സംഗീതസംവിധായകനെ സംബന്ധിച്ചിടത്തോളം ഓരോ വർക്കും അയാൾക്കു വെല്ലുവിളിയാണ്. കാരണം, അതു നന്നായി ചെയ്തെങ്കിൽ മാത്രമേ അടുത്തതു കിട്ടൂ. ഏതൊരു കലാകാരനും അടുത്ത സിനിമ വരെയേ ഉള്ളു. അടുത്ത സിനിമ കിട്ടിയില്ലെങ്കിൽ അയാൾ പെട്ടെന്നു പൂജ്യമായി മാറും.  

കൂട്ടുകെട്ടുകളാണ് സിനിമയും സംഗീതവും സൃഷ്ടിക്കുന്നത് എന്ന പ്രസ്താവന ശരിവയ്ക്കാനാകുമോ? 

ഈ പ്രസ്താവന ശരിയാണെന്നു നിസംശയം പറയാം. അതിന് ഒരുപാട് ഉദാഹരണങ്ങളും നമുക്കു മുൻപിലുണ്ട്. മോഹൻലാല്‍–പ്രിയദർശൻ കൂട്ടുകെട്ടു പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. സൗഹൃദങ്ങൾ സിനിമയിലേക്കെത്തുമ്പോൾ ഏറ്റവും മികച്ച ചിത്രങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുക. സിനിമയിൽ ഞാൻ അത്തരത്തിലുള്ള സൗഹൃദം ഏറെ അനുഭവിച്ചത് ഗിരീഷേട്ടനൊപ്പമാണ് (ഗിരീഷ് പുത്തഞ്ചേരി). അദ്ദേഹം എനിക്കു സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്. എങ്കിലും അതിൽ വലിയൊരു സൗഹൃദം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ഒരുപാട് നല്ല അനുഭവങ്ങളുണ്ടായിട്ടുണ്ട്. പിന്നെ പാട്ട് റെക്കോർഡ് ചെയ്യുന്ന സമയത്ത് ഓർക്കസ്ട്രയിലുള്ള ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. അവർക്കൊപ്പം ജോലി ചെയ്യുമ്പോൾ ഒരു പ്രത്യേക അനുഭവമാണ് ലഭിക്കുക. ആ സൗഹൃദ അന്തരീക്ഷത്തിലായതു കൊണ്ടു തന്നെ റെക്കോർഡിങ്ങുകൾ വളരെ ഭംഗിയായി പൂര്‍ത്തിയാകും. 

പുതുതലമുറയ്ക്ക് അടിപൊളി പാട്ടുകളോടാണു താത്പര്യം എന്നുള്ള വിലയിരുത്തൽ‌ ശരിയാണെന്നു തോന്നുന്നുണ്ടോ? സംഗീതരംഗം അത്തരത്തിലുള്ള ഇഷ്ടാനിഷ്ടങ്ങൾക്കു വിധേയമാക്കപ്പെടേണ്ടതുണ്ടോ?

 

പുതുതലമുറയെക്കുറിച്ചുള്ള ആ പ്രസ്താവനയിൽ അഭിപ്രായവ്യത്യാസമുണ്ട്. കഴിഞ്ഞ കാലത്തു ഹിറ്റായ പാട്ടുകളെടുത്തു നോക്കിയാൽ മനസ്സിലാകും അക്കാര്യം മനസ്സിലാകും. ഞാൻ സംഗീതം കൊടുത്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന പാട്ട് ലോകമെമ്പാടുമുള്ളവർ ഏറ്റെടുത്തതാണ്. കോവിഡ് വ്യാപന തോത് ഏറ്റവും ഉയർന്നു നിൽക്കുന്ന അവസ്ഥയിലായിരുന്നു ആ പാട്ട് പുറത്തിറങ്ങിയത്. ആ സാഹചര്യത്തിൽപ്പോലും ആളുകൾ അത് ഏറ്റെടുത്തു. അതുപോലെ ഗോപി സുന്ദറിന്റെ ഓലഞ്ഞാലിക്കുരുവി, ബിജിബാലിന്റെ പ്രേമിക്കുമ്പോൾ നീയും ഞാനും, കൈലാസ് മേനോന്റെ ജീവാംശമായ്, രാഹുൽ രാജിന്റെ ലൈലാകമേ തുടങ്ങി അടുത്ത കാലത്തിറങ്ങിയ പാട്ടുകൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തത വരും. ആ പാട്ടുകളെല്ലാം അടിച്ചുപൊളി വിഭാഗത്തിൽ വരുന്നതല്ല. പക്ഷേ അവയെല്ലാം ആളുകൾ ഏറ്റെടുക്കുകയും ഇന്നും ആ പാട്ടുകൾ ആസ്വാദകരുടെ മനസ്സിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു. നല്ല സൃഷ്ടികളെ എല്ലാ തലമുറയും കൈ നീട്ടി സ്വീകരിക്കും എന്ന് ഈ ഉദാഹരണത്തിൽ നിന്നു തന്നെ മനസ്സിലാക്കാനാകും. യുവാക്കൾക്ക് അടിച്ചുപൊളി പാട്ടുകളാണു വേണ്ടതെന്നുള്ള പൊതു വിലയിരുത്തലിനോട് എനിക്കു യോജിക്കാനാകില്ല. സംഗീതം നല്ലതാണെങ്കിൽ ഏത് പ്രായത്തിലുള്ളവരും അത് ഒരുപോലെ സ്വീകരിക്കും. 

വാർധക്യത്തിലെത്തിയപ്പോൾ തന്നെ സിനിമാക്കാർക്കു വേണ്ടാതായി എന്ന് അടുത്തിടെ കൈതപ്രം പറഞ്ഞിരുന്നു. പഴയ തലമുറയെ സിനിമാ–സംഗീതരംഗം അവഗണിക്കുന്നു എന്നു തോന്നിയിട്ടുണ്ടോ?

എനിക്കു കൈതപ്രം സർ വേണം. ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തെ വേണം. ആ കൈകള്‍ പിടിച്ചു നിൽക്കാൻ‌ ഞാൻ ആഗ്രഹിക്കുന്നു. അടുത്തിടെയും ഒരു സിനിമയ്ക്കു വേണ്ടി സാറിനൊപ്പം കൂടാൻ എനിക്കു ഭാഗ്യമുണ്ടായി. വളരെ രസകരമായി അതിന്റെ വർക്ക് ചെയ്യാനും സാധിച്ചു. കൈതപ്രം സാറൊക്കെ ഇതിഹാസം ആണ്. ഒരു സാധാരണ പാട്ടെഴുത്തുകാരന്റെ രീതിയലല്ല അദ്ദേഹത്തെ കാണേണ്ടത്. ഇനിയും വളരെ മൂല്യമേറിയ സൃഷ്ടികൾക്കായി അദ്ദേഹത്തെ ഉപയോഗിക്കേണ്ടതുണ്ട്. അദ്ദേഹവുമായി കൂടുതൽ വർക്ക് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. പഴയ തലമുറയെ മാറ്റി നിർത്തി എന്ന് എനിക്കു തോന്നുന്നില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. എനിക്ക് ഇനിയും കൈതപ്രം സാറിന്റെയും ശ്രീകുമാരൻ തമ്പി സാറിന്റെയും പൂവച്ചൽ ഖാദർ സാറിന്റെയുമൊക്കെ കൂടെ വ‌ർക്ക് ചെയ്യണം എന്നാണ് ആഗ്രഹം. എന്റെ ഓർക്കസ്ട്രയിൽ വയലിൻ വായിക്കുന്ന റെക്സ് മാസ്റ്റർ ഉണ്ട്. അദ്ദേഹം നാൽപതു വർഷത്തോളമായി വയ‌ലിൻ വായിക്കുന്നു. എനിക്കു ഗുരുതുല്യനാണ് അദ്ദേഹം. റെക്സ് മാസ്റ്റർ ഇല്ലാത്തപ്പോൾ ഞാൻ റെക്കോർഡിങ് മാറ്റി വച്ചിട്ടുപോലുമുണ്ട്. അത്തരം സീനിയേഴ്സിനോട് ഞാൻ പുലർത്തുന്ന ഒരു ബഹുമാനവും മാന്യതയുമുണ്ട്. അതുകൊണ്ടു തന്നെ അവരൊക്കെ എപ്പോഴും ഈ രംഗത്തു വേണം എന്നാഗ്രഹിക്കുന്നു. യാതൊരു വിവേചനവുമില്ലാതെ എല്ലാവരും സീനിയർ കലാകാരന്മാരെ കാണണം എന്നാണ് എനിക്കു പറയാനുള്ളത്. 

സംഗീതജീവിതത്തിൽ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?

ഒരുപാട് തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു സിനിമയ്ക്കു വേണ്ടി ഞാൻ പശ്ചാത്തലസംഗീതമൊരുക്കാൻ പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നിർമാതാവ് വന്ന് എന്നിൽ നിന്നും നിർബന്ധിച്ച് ഒരു കത്ത് എഴുതി വാങ്ങി. ‘ഞാൻ രണ്ടു ദിവസമായി പശ്ചാത്തലസംഗീതമൊരുക്കുന്നു. പക്ഷേ എനിക്കതു വേണ്ട രീതിയിൽ ചെയ്യാൻ കഴിയുന്നില്ല. അതുകൊണ്ട് എം.ജയചന്ദ്രനായ ഞാൻ ഈ പശ്ചാത്തലസംഗീതം ഒരുക്കുന്നതിൽ നിന്നും ഒഴിവായിപ്പോകുന്നു. അതിനായി ഞാൻ അയ്യായിരം രൂപ കൈപ്പറ്റിയിരിക്കുന്നു’ ഇതായിരുന്നു മാറ്റര്‍. ആ കത്തിൽ നിർബന്ധിതമായി എനിക്ക് ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. അന്ന് ആ സ്റ്റുഡിയോയുടെ പുറത്തിറങ്ങിയിട്ട് ഞാൻ വിങ്ങിപ്പൊട്ടി കരഞ്ഞു. എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കിയതെന്ന് എനിക്കറിയില്ല. ഞാൻ നല്ല രീതിയിൽ വർക്ക് ചെയ്തുവരികയായിരുന്നു. പശ്ചാത്തലസംഗീതം ഒരുക്കാൻ തുടങ്ങിയിട്ട് ആകെ രണ്ടു ദിവസം മാത്രമേ ആയിരുന്നുള്ളു. ഞാൻ ചെയ്തത് സംവിധായകൻ കേട്ടിട്ടു പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് എനിക്കു മനസ്സിലായില്ല. ആ സമയത്ത് ഞാൻ എന്റെ അമ്മയെ ഫോണിൽ വിളിച്ച് ഈ സങ്കടാവസ്ഥ വിവരിച്ചു. അമ്മ പറഞ്ഞതനുസരിച്ച് ഞാൻ എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. എന്നെ കണ്ടപ്പോൾ അമ്മ പറഞ്ഞു, ഇന്നു നിന്നെ നിരാകരിക്കുന്നവർ നാളെ നിന്റെയടുത്തു വരും. ധൈര്യമായിരിക്കുക എന്ന്. അമ്മയുടെ ആ വാക്കുകൾ ഇപ്പോഴും ഒരു പ്രതിധ്വനിയായി എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ കുറേ തിക്താനുഭവങ്ങൾ ഉള്ളതു തന്നെയാണു നല്ലത്. അവരവരുടെ നിലനിൽപ്പിനെക്കുറിച്ചു ചിന്തിക്കുന്ന ഒരുപാടു പേരുണ്ട്. അവര്‍ മറ്റുള്ളവരെക്കുറിച്ചോ അവരുടെ നിലനിൽപ്പിനെക്കുറിച്ചോ ചിന്തിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ മനുഷ്യത്വമാണ് ഇല്ലാതാകുന്നത്. നിലനിൽപ്പിനു വേണ്ടി ആരെക്കുറിച്ചും എന്തും പറയാൻ തയ്യാറാകുന്ന സമൂഹമായി മാറാന്‍ പാടില്ല. ഇതാണ് എന്റെ കാഴ്ചപ്പാട്. എനിക്കുണ്ടായ തിക്താനുഭവങ്ങളിൽ നിന്നും ഞാൻ ജീവിതം ഒരുപാട് പഠിച്ചു. ഒരുപാട് ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടാകണം. അതിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ടു കഴിയുമ്പോൾ മാത്രമേ നമ്മുടെയൊക്കെ ഉള്ളിലുള്ള കലയെ കൂടുതൽ പരിപോഷിപ്പിച്ചെടുക്കാൻ കഴിയൂ. തിക്താനുഭവങ്ങളുണ്ടാകുമ്പോൾ അതിൽ വീണു പോകാതെ അവയിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുകയാണു വേണ്ടത്. എത്ര പ്രാവശ്യം വീണു എന്നതിലല്ല മറിച്ച് എത്ര തവണ ഉയിർത്തെഴുന്നേറ്റു എന്നതിലാണു കാര്യം. 

സംഗീതവും സ്വകാര്യജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കാറുണ്ടോ? രണ്ടും തുല്യമാക്കുന്നതിൽ എത്രത്തോളം വിജയിച്ചതായി വിലയിരുത്താം? 

എനിക്കു രണ്ട് ആൺമക്കളാണ്. മക്കളുടെ വളർച്ചയുടെ കാലത്ത് അവർക്കൊപ്പം ആവശ്യത്തിനു സമയം ചിലവഴിക്കാൻ സാധിച്ചിട്ടില്ല. അതിനെക്കുറിച്ചാണ് ജീവിതത്തിൽ ചെറിയൊരു സങ്കടം തോന്നിയിട്ടുള്ളത്. എനിക്കു കിട്ടിയ ഓരോ വർക്കും വളരെയേറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതുകൊണ്ടു തന്നെ വർക്കിനു വേണ്ടി വീട്ടിൽ നിന്നു പുറപ്പെട്ടാൽ അതു പൂർത്തിയാക്കിയ ശേഷമായിരിക്കും ഞാൻ തിരിച്ചു വരിക. അപ്പോഴൊന്നും വീട്ടിലേക്കു വിളിക്കാനുള്ള സാഹചര്യമുണ്ടാകില്ല. ഇടയ്ക്കൊക്കെ രണ്ടോ മൂന്നോ സിനിമകളുടെ വർക്കുകള്‍ ഒരുമിച്ചു ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഇരുപതോളം മണിക്കൂറുകൾ ഉറങ്ങാതെ സ്റ്റുഡിയോയിൽ തന്നെ ചിലവഴിച്ചിട്ടുമുണ്ട്. ആ കാലത്തൊക്കെ എനിക്ക് എന്റെ മക്കൾക്കൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാൻ സാധിച്ചിട്ടില്ല. അത് എപ്പോഴും എന്റെ മനസ്സി‌ൽ ചെറിയൊരു വിങ്ങൽ അവശേഷിപ്പിക്കുന്നു. പിൽക്കാ‌ലത്ത് ആ കുറവ് നി‌കത്താൻ ഞാൻ ശ്രമിച്ചു. പക്ഷേ മക്കളുടെ വളർച്ചയുടെ കാലം കഴിഞ്ഞു പോയല്ലോ. ആ സമയത്ത് ഒരു അച്ഛന്റെ പൂർണ സാന്നിധ്യം അവർക്കു കൊടുക്കാൻ എനിക്കു കഴിഞ്ഞില്ല. ജീവിതത്തെക്കുറിച്ച് അവർക്കു മനസ്സിലാക്കിക്കൊടുക്കേണ്ട സമയത്ത് ഞാൻ തിരക്കിലായിരുന്നു. എന്റെ മക്കളോടു ചെയ്യേണ്ട കർമത്തിന്റെ പൂർണതയിലേക്ക് എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അത് എനിക്ക് എപ്പോഴും സങ്കടമാണ്. ഇപ്പോൾ അപ്രതീക്ഷിതമായി ഇങ്ങനെയൊരു ഒഴിവുകാലം കിട്ടിയപ്പോൾ വീട്ടിൽ തന്നെ കൂടുതൽ സമയവും ചിലവഴിക്കാൻ സാധിക്കുന്നുണ്ട്. പക്ഷേ മൂത്ത മകൻ ഇപ്പോൾ വീട്ടിലില്ല. അവൻ ഇംഗ്ലണ്ടിലാണ് പഠിക്കുന്നത്. ഈ ലോക്ഡൗൺ കാലത്തും അവന്റെ കൂടെ സമയം ചിലവഴിക്കാൻ എനിക്കു കഴിയുന്നില്ല.

മഹാമാരി എല്ലാം വഴിമുടക്കിയിരിക്കുകയാണ്. ഈയവസരത്തിൽ സംഗീതജീവിതത്തിലെ ഭാവിയെക്കുറിച്ച് എന്താണു തോന്നുന്നത്?

പ്രതീക്ഷകളാണല്ലോ നമ്മളെയെല്ലാം മുന്നോട്ടു നയിക്കുന്നത്. എല്ലാ കാര്യങ്ങളും നാം പദ്ധതിയിടുന്നത് നാളത്തേയ്ക്കാണല്ലോ. അതു തന്നെയാണു പ്രതീക്ഷ. നാളകളും മറ്റന്നാളുകളും അതിനപ്പുറവുമുള്ള ദിവസങ്ങളും നമുക്ക് കിട്ടും. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ദുഃഖങ്ങൾക്കപ്പുറം നാളെ നമ്മൾ സന്തോഷിക്കും. സന്തോഷത്തിന്റെ നാളുകൾ വരും. പക്ഷേ അത് എപ്പോഴാണ് എന്നതിനെക്കുറിച്ചാണ് നമുക്കാർക്കും അറിയില്ലാത്തത്. ഇപ്പോഴത്തെ സാഹചര്യത്തെ എല്ലാവരും ഉൾക്കൊള്ളുക. ചുറ്റിനുമുള്ള ഒരുപാട് പേരെ എനിക്കറിയാം. ദൈനംദിനാവശ്യങ്ങൾക്കു വേണ്ടി അധ്വാനിക്കുന്ന ഒരു വിഭാഗം കലാകാരന്മാരുണ്ട്. ഈ സാഹചര്യത്തിൽ അവരുടെയൊക്കെ ജീവിതം വഴിമുട്ടി. എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുകയാണു പലരും. അവരിൽ ചിലരുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു കേട്ടാൽ നമ്മുടെ കണ്ണ് നിറയും. ഇപ്പോൾ ഓരോ ദിവസവും എന്റെ പ്രാർഥനയിൽ ഞാൻ അവരെക്കൂടി ഓർക്കാറുണ്ട്. ഈ കാലം കടന്നു പോകട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA