ADVERTISEMENT

സംഗീതലോകത്തുനിന്നും ഭരണസിരാരംഗത്തേക്ക് ഒരു പാട്ടുകാരി. ദലീമ ജോജോ എന്ന ഗായികക്ക് ഒരുപാടു മുഖവുര ആവശ്യമില്ല. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ പ്രശസ്തയായ ദലീമ ജോജോ മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നിരവധി ഇമ്പമേറുന്ന ഗാനങ്ങൾ പാടി മലയാളികളുടെ മനസിൽ ഇടം പിടിച്ച ഗായികയാണ്. സ്റ്റേജ് ഷോകളിലും നാടകങ്ങളിലും ഗാനം ആലപിച്ചിട്ടുള്ള ദലീമ അന്യഭാഷാ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. ഒരു ഗായികയും കുടുംബിനിയും ആയി ഒതുങ്ങിക്കൂടാതെ ജനസേവനം ലക്ഷ്യമാക്കി പൊതുപ്രവർത്തന രംഗത്തേക്കു പ്രവേശിച്ച ദലീമ തദ്ദേശ സ്വയംഭരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് ഇപ്പോൾ നിയമസഭാസാമാജിക എന്നുള്ള ഉത്തരവാദിത്തത്തിലെത്തി നിൽക്കുന്നു. അരൂരിനെ പ്രതിനിധീകരിച്ച് ദലീമ ജോജോ ഭരണരംഗത്ത് എത്തുമ്പോൾ ജനങ്ങൾ അർപ്പിച്ച സ്നേഹവും വിശ്വാസവും കലയോടൊപ്പം കാത്തുസൂക്ഷിച്ചുള്ള പ്രവർത്തനമാകും തന്റേതെന്ന് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.        

ഗായികയായ ദലീമ ജോജോ നിയമസഭയിലേക്കെത്തിയിരിക്കുന്നു. എന്തു തോന്നു ഈയവസരത്തിൽ?

 

ഗായിക ആയിരിക്കുമ്പോൾ ഞാൻ എനിക്കു വേണ്ടി ജീവിച്ച ഒരാളാണ്. എന്റെ കുടുംബം, എന്റെ മക്കൾ, എനിക്കു ചുറ്റുമുള്ളവർ അവരായിരുന്നു എന്റെ ലോകം.  ഒരു രാഷ്ട്രീയക്കാരി എന്നു പറഞ്ഞാൽ എല്ലാ മനുഷ്യർക്കും വേണ്ടി ജീവിക്കേണ്ടവളാണ്. മറ്റുള്ളവരുടെ ദുഃഖം ഏറ്റെടുക്കുക, ത്യാഗം അനുഭവിച്ച് ഇല്ലാതാവുക എന്നുള്ളതാണ് സത്യസന്ധമായ രാഷ്ട്രീയം. അങ്ങനെ തന്നെയായിരിക്കും എന്റെ ഇനിയുള്ള ജീവിതം.

ഗായിക എന്ന പേരും പ്രശസ്തിയും തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചിട്ടുണ്ടോ?

കലാകാരിയായതുകൊണ്ടു ജനം എന്നെ കൂടുതൽ സ്നേഹിച്ചു. കല ഈശ്വരനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. സംഗീതത്തെ എല്ലാവരും ഇഷ്ടപ്പെടുന്നു.  കലാകാരിയായതുകൊണ്ടു ഞാൻ നിഷ്കളങ്കമായി ജനത്തെ സ്നേഹിക്കുമെന്ന് അവർ വിശ്വസിച്ചു. അതുകൊണ്ടു തന്നെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർ എന്നെ തിരഞ്ഞെടുത്തത്. അതിനോടൊപ്പം ഇടതുപക്ഷത്തെ സഹയാത്രികരുടെ പ്രവർത്തന വിജയം കൂടിയാണ് അത്. ജനം എന്നിൽ വിശ്വാസം അർപ്പിച്ചതുകൊണ്ടാണ് രണ്ടാമതും ജില്ലാപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചത്. ഞാൻ കലാകാരി മാത്രമല്ല ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരാളാണ് എന്ന് തെളിഞ്ഞതുകൊണ്ടു മാത്രമായിരുന്നു ആ വിജയം. എന്നിലുള്ള വിശ്വാസത്തിന് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. ഞാൻ പൂർണമായും ജനങ്ങൾക്കു വേണ്ടിയാണു നിലകൊള്ളുന്നത് അതുകൊണ്ടാണ് അവർ എന്നെ തിരഞ്ഞെടുത്തത്.

കുടുംബത്തിലെ രാഷ്ട്രീയ പശ്ചാത്തലം? 

എന്റെ അച്ഛനും അമ്മയും വിമോചന സമരകാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയവരാണ്. അച്ഛൻ എന്നെ ആദ്യമായി പഠിപ്പിച്ച പാട്ട് ഒരു സഖാവിന്റെ പാട്ടാണ്. എനിക്ക് ഒരു മൂന്നു വയസൊക്കെയേ അപ്പോൾ ഉള്ളൂ. അച്ഛൻ എന്നെ മടിയിലിരുത്തി അത് പാടിത്തന്നു. 

"നീയെൻ ജീവിത നാഡിയാണെ, ജീവിതം തരണേ സഖാവേ, 

ഏഴകൾക്കെന്നും സഹായം കണ്ണുനീരാണോ,  

കുബേരൻ വാഴുമീ നാട്ടിൽ കുചേലൻ വാഴുകയുണ്ടായോ, 

സുഖങ്ങൾ സകലവിധമുലകിൽ ചിലർക്കായി മാത്രമാണെന്നോ

സഖാവെ ഏഴകൾക്കെന്നും സഹായം കണ്ണുനീരാണെന്നോ" 

എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി എന്റെ അച്ഛന്റെ നാവിൽ നിന്ന് പഠിച്ച പാട്ടാണിത്. അച്ഛൻ എന്നും ഇടതുപക്ഷത്തായിരുന്നു. എന്റെ ഭർത്താവും വീട്ടുകാരും ചേട്ടന്മാരുടെ മക്കളുമെല്ലാം ഇടതുപക്ഷ പ്രവർത്തകരാണ്.

ഷാനിമോൾ എന്ന കരുത്തുറ്റ എതിർസ്ഥാനാർഥിയുടെ പരാജയം?

ഞാൻ ഒരു കലാകാരിയാണ്, ഒരിക്കലും ആരുടേയും പരാജയത്തിൽ സന്തോഷിക്കുന്നവൾ അല്ല. മൂന്നു സ്ഥാനാർത്ഥികളും ജയിക്കണം എന്നായിരുന്നു ആഗ്രഹം. ഞാൻ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എങ്കിലും മറ്റൊരാളുടെ പരാജയത്തിനു കാരണമാകുന്നതിൽ വിഷമവുമുണ്ടായിരുന്നു. ഷാനിമോൾ വളരെ കഴിവുള്ള ഒരു വ്യക്തിയാണ്. എന്നെ ജനം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തു. എന്റെ വിജയത്തിൽ സന്തോഷമുണ്ട്. പരീക്ഷ എഴുതുമ്പോഴും ഒരാൾ മുൻപിൽ വന്നാൽ നമ്മുടെ കൂട്ടുകാർക്ക് ദേഷ്യം തോന്നുമോ അത്രയേ ഉള്ളൂ. ആർക്കെങ്കിലും ഒരാൾക്കല്ലേ വിജയിക്കാൻ കഴിയൂ.

 

പ്രകൃതിദുരന്തങ്ങളിൽ വലയുന്ന തീരദേശവാസികൾക്കായി എന്ത് ചെയ്യാൻ കഴിയും?

എന്റെ നിയോജകമണ്ഡലത്തിൽ തീരദേശ പഞ്ചായത്തുകൾ ഉണ്ട്. പ്രകൃതിയോടു മല്ലടിച്ചു ജീവിക്കുന്ന മത്സ്യ തൊഴിലാളികളാണ് അവിടെയുള്ളത്. നമ്മുടെ മത്സ്യ തൊഴിലാളികൾ വളരെ കരുത്തരാണ്. ഒരു പ്രളയം വന്നപ്പോൾ ജനങ്ങളെ രക്ഷിക്കാൻ മുന്നിൽ നിന്നവരാണ് അവര്‍. അവരെക്കുറിച്ച് ഓർത്തു മലയാളികൾ അഭിമാനം കൊണ്ടിട്ടുമുണ്ട്. പ്രകൃതിദുരന്തങ്ങളിൽപ്പെട്ട് അവർ ഒരുപാട് കഷ്ടപ്പെടുകയാണ്. അവർക്കു വേണ്ടിക്കൂടിയാണല്ലോ ഞാൻ നിലകൊള്ളുന്നത്. അവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകും. കൃഷി വകുപ്പ് മന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും ശ്രദ്ധ ഉറപ്പായും തീരദേശവാസികളോടൊപ്പം ഉണ്ടാകും.

സ്ത്രീകൾ ഇനിയും രാഷ്ട്രീയത്തില്‍ സജീവമാകേണ്ടതിന്റെ ആവശ്യകത?

സ്ത്രീശാക്തീകരണം സമൂഹത്തിനു വളരെയധികം ആവശ്യമാണ്. ഒരു കുടുംബത്തെ എത്ര മനോഹരമായാണ് ഒരു സ്ത്രീ നയിച്ചുകൊണ്ടുപോകുന്നത്. എന്റെ അമ്മയ്ക്കു ഞങ്ങൾ പതിമൂന്ന് മക്കളാണ്. അതിൽ ഏറ്റവും ഇളയ ആളാണു ഞാൻ. ഞങ്ങളെയെല്ലാം വളരെ നന്നായാണ് അമ്മ വളർത്തിയത്. ഒരുപാട് പഠിപ്പിക്കാൻ സാധിച്ചില്ല. എന്നാൽ നല്ല സമൂഹത്തെ സൃഷ്ടിക്കാൻ മക്കളെയെല്ലാം അമ്മ പ്രാപ്തരാക്കി. അതുപോലെ ഓരോ സ്ത്രീയ്ക്കും ഒരുപാട് കഴിവുകളുണ്ട്. പിന്നാമ്പുറത്ത് ഒതുങ്ങിയിരുന്ന സ്ത്രീകളെ മുൻനിരയിലേക്കു കൊണ്ടു വന്നു തുടങ്ങി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽപ്പോലും എത്രപേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. സ്ത്രീ ഒരു പ്രകാശമാണ്. സ്ത്രീയില്ലാത്ത വീട് വിളക്കുകെട്ട വീടുപോലെയാണ്. സ്ത്രീയ്ക്ക് അനവധി കാര്യങ്ങൾ സമൂഹത്തിനായി ചെയ്യാൻ കഴിയും. അതിപ്പോൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്. എത്ര മന്ത്രിമാരാണ് നമുക്കു മുന്നിലുള്ളത്. മുൻ മന്ത്രി ശൈലജ ടീച്ചർ തന്നെ അതിനു തെളിവാണ്. ഗൗരിയമ്മയെപ്പോലെ ഒരു സ്ത്രീയവുക എന്നുള്ളത് നമുക്ക് ചിന്തിക്കാൻ പറ്റുമോ. സ്ത്രീകൾ കൂടുതൽ മുന്നിലേക്കു വരണം അതിനു സമൂഹത്തിൽ വലിയ മാറ്റം വരുത്തുവാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com