ADVERTISEMENT

വാക്കുകള്‍ പൂമ്പാറ്റച്ചിറകുവീശി പാട്ടായി പറന്നുയരുന്ന സുഖനിമിഷത്തേക്കുറിച്ചേറെ പറയാറുണ്ട് പാട്ടെഴുത്തുകാര്‍. എന്നാല്‍ എഴുതിയ പാട്ടുകളില്‍ ഏറെയിഷ്ടം ഏതിനോടെന്നു ചോദിച്ചാല്‍ അമ്മമാരോട് മക്കളിലാരെയാ പ്രിയം എന്ന് ചോദിച്ച പോലെ അവർ പരിഭവിക്കും. ഓരോ പാട്ടിനുമുണ്ട് നോവിന്റെയും വേവിന്റെയും കഥകൾ എന്നാവും.

എങ്കിലും പാട്ടിൽ  ചിലതിനോട് ഇത്തിരി ഇഷ്ടക്കൂടുതൽ ഇല്ലേ എന്ന് ആവർത്തിച്ചാൽ ചില പാട്ടിനെപ്പറ്റി അല്പം കൂടുതൽ പറഞ്ഞേക്കാം. ലോക സംഗീത ദിനത്തില്‍ മലയാളത്തിലെ അഞ്ചു പാട്ടെഴുത്തുകാര്‍ ശ്രമിക്കുന്നതും അതിനാണ്. അവരുടെ ഗാനങ്ങളിലൊന്ന് എങ്ങനെ പ്രിയപ്പെട്ടതായി എന്നതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന മനോഹരമായ ആ പാട്ടോര്‍മ്മകളിലൂടെ.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി

സുമൂഹൂര്‍ത്തമായ് സ്വസ്തി ..സ്വസ്തി..സ്വസ്തി...

സൂര്യചന്ദ്രന്‍മാര്‍ക്കിരിപ്പിടമാകുമെന്‍

രാമസാമ്രാജ്യമേ...

ദേവകളേ..മാമുനിമാരേ...സ്‌നേഹതാരങ്ങളേ...

സ്വപ്‌നങ്ങളേ...പൂക്കളേ..വിടയാകുമീ വേളയില്‍

സ്വസ്തി..സ്വസ്തി.. സ്വസ്തി... കമലദളത്തിലെ ഈ ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്. മദ്രാസിലെ ഗോള്‍ഡന്‍ ബീച്ച് റിസോർട്ടിലാണ് ഈ ഗാനം പിറന്നത്. സംവിധായകന്‍ സിബി മലയില്‍, തിരക്കഥയെഴുതിയ ലോഹിതദാസ് പിന്നെ ഞാനും എല്ലാവരും കുടുംബസമേതം അവിടെയുണ്ടായിരുന്നു. അങ്ങനെ  രസകരമായ മുഹൂര്‍ത്തത്തിലാണ് പാട്ടിന്റെ പിറവി. വരികള്‍ തയ്യാറായപ്പോള്‍ തന്നെ സംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഗാനം പാടി ഏകദേശ ട്യൂണും ഉറപ്പിച്ചു. പാട്ട് ഗംഭീരമായെന്ന് അപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞു.  

സീതയുടെ ഭാഗത്തു നിന്നുള്ള രാമായണ വായനയാണ് പാട്ട്. ലോഹി വൈകാരികമായി പറഞ്ഞു തന്ന സന്ദര്‍ഭമാണ്. സീതയുടെ മനസ്സിലൂടെ കടന്നുപോയപ്പോള്‍ ആ ദുഖം ഉള്‍ക്കൊണ്ട് എഴുതാനായി. കുമാരനാശാന്റെ  ചിന്താവിഷ്ടയായ സീത പോലെ ഒരു സ്ത്രീ പക്ഷ വായനയാണ് ഈ പാട്ടില്‍.  ഭൂമി പിളര്‍ന്നു സീത പോയി എന്നേ എല്ലാവരും പറയാറുള്ളൂ. പ്രിയപ്പെട്ട ഓരോന്നിനെയും പേരു ചൊല്ലി വിളിച്ചു യാത്ര ചോദിക്കുകയാണ് സീത.

എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയോരഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ......

ഞാന്‍ സീതയുടെ പക്ഷക്കാരനാണ്. സീതയെ ഉപേക്ഷിച്ചതൊക്കെ വളരെ സങ്കടമുള്ള കാര്യമാണ്. കാഞ്ചന സീതയെ ഉണ്ടാക്കി ശ്രീരാമന്‍ അടുത്തിരിക്കുന്നത് സീതയക്ക് സഹിക്കാനാവുമോ? എല്ലാവരും ഭൂമി പിളര്‍ന്നു സീത പോയി എന്നേ പറയാറുള്ളൂ. ത്രേതായുഗത്തിന്റെ കണ്ണുനീരാണ് സീത. ആ പാട്ടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണു നിറയും.

സര്‍വ്വംസഹയാം അമ്മേ... രത്‌ന ഗര്‍ഭയാം അമ്മേ...ത്രേതായുഗത്തിലെ കണ്ണുനീര്‍ മുത്തിനെ നെഞ്ചോട് ചേര്‍ത്തു പുണര്‍ന്നെടുക്കൂ. പാട്ടിന്  അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. ദേശീയ അവാര്‍ഡിനയക്കാന്‍ വേണ്ടി സുഹൃത്തായ ഉണ്ണിയേട്ടന്‍ പാട്ട് തര്‍ജമ ചെയ്യുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അത്രയും വൈകാരികമായി എഴുതിയതാണ്. കേള്‍ക്കുന്നവര്‍ക്കും അത് അനുഭവപ്പെടും. പാട്ടിന് കുറെ നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും അവാര്‍ഡൊന്നും കിട്ടിയിട്ടില്ല. ഞാനെഴുതിയ നല്ല പാട്ടിനൊന്നും അവാര്‍ഡ് കിട്ടിയിട്ടില്ലല്ലോ.

ബീയാര്‍ പ്രസാദ്

എഴുതിയതില്‍ എനിക്കേറെ ഇഷ്ടപ്പെട്ട പാട്ട് ‘ഒരാള്‍’ എന്ന ചിത്രത്തിലെ

'ഇനിയെന്റെ മാത്രമിനിയെന്റെ മാത്രം ഇനിയുന്ന പൂങ്കിനാവേ..

ഇനിയുളള രാവില്‍ വിടരുന്ന പൂവ് കിനിയുന്ന തേന്‍ നിലാവേ

നീലരാവേ.. എന്ന പാട്ടാണ്.

അത് അധികം ശ്രദ്ധിക്കപ്പെടാത്ത പാട്ടുകൂടിയാണ്. എഴുതിക്കഴിഞ്ഞ് ട്യൂണ്‍ ചെയ്തതാണ് ഈ പാട്ട്. ഒരു സാധാരണ കുടുംബത്തിലെ സാധാരണ പ്രണയം. പലപ്പോഴും സംവിധായകരും എഴുത്തുകാരും പാട്ടിനെക്കുറിച്ചൊക്കെ വിസ്തരിച്ച് പറയുമ്പോള്‍  എഴുതാന്‍ മനസ്സില്‍ കുറെ സങ്കല്‍പിച്ചു വയ്ക്കാറുണ്ട്.  സംഗീത സംവിധായകന്‍ വന്നു ട്യൂണ്‍ തരുന്നതോടെ പക്ഷേ  സങ്കല്‍പമൊക്കെ തകിടം മറിയും. വീരാളിപ്പട്ടിന്റെ സംവിധായകന്‍ കുക്കു സുരേന്ദ്രനെ പക്ഷേ എനിക്ക് വളരെ അടുത്തറിയാം. അതുകൊണ്ട് ഒരു നല്ല പാട്ടുണ്ടാക്കികൂടെ എന്നു ചോദിച്ചു. ശരി താങ്കളുടെ ഇഷ്ടം എന്നു പറഞ്ഞു. സംഗീത സംവിധായകന്‍ വിശ്വജിത്തും അതിനോടു യോജിച്ചു. പ്രണയഗാനമല്ലേ സ്വതന്ത്രമായെഴുതിക്കോളൂ അതിനനുസരിച്ച് ട്യൂണ്‍ ഉണ്ടാക്കാം എന്നു പറഞ്ഞു. കാമൂകീ കാമുകന്‍മാരുടെ മനസ്സില്‍ വരുന്ന വികാരമാണല്ലോ ഇനിയെന്റെ മാത്രമിനിയെന്റെ മാത്രമെന്ന്. തൃപ്തിയോടെ എഴുതിയ പാട്ടാണ്. പാട്ടിന്റെ വരികളെ നോവിക്കാതെ വിശ്വജിത്ത് അതിമനോഹരമായ ഈണവും നല്‍കി. ബൈജു സംഗീത് മനോഹരമായി പാടുകയും ചെയ്തു. പടം അത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ഗാനവും അധികമാളുകള്‍ ശ്രദ്ധിച്ചില്ല. മനോഹരമായ പാട്ടാണെന്ന് കുറച്ചു പേരൊക്കെ വിളിച്ചു പറഞ്ഞിരുന്നു. ഇനിയും പാട്ട് കേള്‍ക്കുന്നവരുണ്ടാവാം. വലിയ പരിഗണനകിട്ടിയില്ലെങ്കില്‍ കൂടി എനിക്കേറെ പ്രിയമാണ് ഈ പാട്ട്. വരികളും പശ്ചാത്തല സംഗീതവും രാഗവുമൊക്കെയിണങ്ങിയതിന്റെ ഭംഗിയുണ്ട്. നമ്മുടെ ഒരു മകന്‍ അധികം പ്രശസ്തനായില്ല, എന്നു കരുതി ഇഷ്ടം കുറയില്ലല്ലോ. അറിയപ്പെടുന്ന ഒരുപാട് മക്കള്‍ ഉണ്ടെങ്കില്‍ കൂടിയും അറിയപ്പെടാത്തവരോടും അച്ഛനു തോന്നുന്ന വാത്സല്യമുണ്ടല്ലോ അത് എനിക്ക് ഈ പാട്ടിനോടുണ്ട്..

മുരുകന്‍ കാട്ടാക്കട

ഞാനെഴുതിയ പാട്ടുകളില്‍ എനിക്കേറ്റവും പ്രിയം ഒരു നാള്‍ വരും എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ 'മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം' എന്ന പാട്ടാണ്. എംജി ശ്രീകുമാര്‍ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാവുന്നത് ഈ പാട്ടിലൂടെയാണ്. ശ്രീനിവാസന്‍ തിരക്കഥയെഴുതി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. കുറെ ഗൃഹാതുരമായ കല്‍പനകള്‍ പാട്ടിലുണ്ട്. എന്റെ ബാല്യകാലാനുഭവങ്ങള്‍ തന്നെയാണ് ഇതിലെ വരികള്‍. മാവിന്‍ ചോട്ടില്‍ കിളിച്ചുണ്ടന്‍ മാമ്പഴം വീണു കിടക്കുമ്പോള്‍ രാവിലെ കൂട്ടുകാരെല്ലാവരും ഓടി വരും. ആദ്യം വരുന്നവര്‍ക്കു കൂടുതല്‍ കിട്ടും. എല്ലാവരും ഓടിയെത്തി വെപ്രാളത്തോടെ മത്സരിച്ചു പെറുക്കി തിന്നും. മാമ്പഴം ബാല്യം പോലെയാണ്, മധുരം മാത്രമല്ല മണം കൂടിയുണ്ട്.  സ്‌കൂളിലേക്ക് പാടവരമ്പിലൂടെ നടക്കുമ്പോള്‍ മുന്നില്‍ നടക്കുന്ന കൂട്ടുകാരികളുടെ പാവാടത്തുമ്പു ചെളിവരമ്പിലങ്ങനെ ഇഴയുന്നത് കാണാം,

'ചെളിമണ്ണില്‍ പാവാട ചായം തേക്കും

അതു കാണെ കളിയാക്കുമിളനാമ്പുകള്‍

കളിയാടുന്ന പാടത്തെ കതിരോര്‍മ്മ ബാല്യം.' എന്നെഴുതാന്‍ കഴിഞ്ഞത് അതു കൊണ്ടാണ്. കത്തിപ്പിടി സ്ലേറ്റും മഷിത്തണ്ടും അന്ന് നിരന്തരമായ കല്‍പനകളാണ്. ബാല്യകാല പ്രണയവും അതില്‍ വരുന്നുണ്ട്.

'പകലിനെ സ്‌നേഹിച്ചു കൊതിതീരാതൊരു പൂവ് പടിഞ്ഞാറിനെ നോക്കി കരഞ്ഞു

അവള്‍ മുഖമൊന്നുയര്‍ത്താതെ നിന്നു.'  

'കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ

കരയിച്ച കാര്യം മറന്നോ ...' അങ്ങനെയൊക്കെയുണ്ടായിട്ടുണ്ട്  കുട്ടിക്കാലത്ത്. ശ്വേതമോഹനാണ് പാടിയത്.  പാട്ട് ഹിറ്റായി, ഏറെ അഭിനന്ദനങ്ങളും കിട്ടി.

സന്തോഷ് വര്‍മ്മ

‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയിലെ പാട്ടിനോടു പല കാര്യങ്ങള്‍കൊണ്ടും ഏറെയിഷ്ടമുണ്ട്. 

‘അകലെയൊരു കാടിന്റെ നടുവിലൊരു പൂവില്‍ 

നുകരാതെ പോയ മധു മധുരമുണ്ടോ..

അവിടെ വന്നിളവേറ്റ

നാട്ടു പെണ്‍ പക്ഷിതന്‍

കഥകേള്‍ക്കുവാന്‍  കാതു കാടിനുണ്ടോ....’ എന്ന പാട്ട്. ആ പാട്ട് വളരെ അനായാസമുണ്ടായതാണ്. കഥ കേട്ടപ്പോള്‍ ഒരു കവിത ഉറവയെടുക്കുന്നത് പോലെ ഒഴുകി വന്നു ഈ പാട്ട്. അരമണിക്കൂര്‍ സമയം കൊണ്ട് എഴുതി തീരുകയും ചെയ്തു.എന്താണ് ഞാനെഴുതാന്‍ ആഗ്രഹിക്കുന്നത് അത് എഴുതിയ സംതൃപ്തി നല്‍കിയ പാട്ടാണിത്. സിനിമയുടെ സാരം മുഴുവന്‍  ഈ പാട്ടിലുണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞപ്പോള്‍ വളരെ  സന്തോഷം തോന്നി. ബിജിബാലിന്റെ സംഗീതവും ശ്രേയാഘോഷാലിന്റെ ആലാപനവും കൂടിയായപ്പോള്‍ പാട്ട് വളരെ മനോഹരമായി.

മനുമഞ്ജിത്ത്

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയിലെ 'വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ

കണ്ണുഴിഞ്ഞ് കാത്തിരിക്കും കാവലാണ് നീ

മഞ്ഞു തൂവല്‍ പോലെ..

എന്‍ നെറുകില്‍ കൈ തലോടും നേരം...

പിഞ്ചു പൈതലാവും എന്‍ മനസറിയാതെ....' . എന്നൊരു പാട്ടുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടാണത്. കൈലാസ് മേനോന്‍ പാട്ടിന്റെ ഈണം കേള്‍പ്പിച്ചപ്പോള്‍ തന്നെ വളരെ ഇഷ്ടം തോന്നിയിരുന്നു. ലാലേട്ടന് വേണ്ടി ചെയ്തത് എന്ന ഇഷ്ടം കൂടി ഈ പാട്ടിനോടുണ്ട്. അമ്മ മകന്‍ ബന്ധം പറയുന്ന പാട്ടാണ്. ലാലേട്ടനുവേണ്ടി അങ്ങനെ ഒരു സന്ദര്‍ഭത്തില്‍ എഴുതാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യമാണ്. പലരും വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്   ഈ പാട്ടിനെക്കുറിച്ച്.നജീം അര്‍ഷാദ്, ഹരിശങ്കര്‍, മഞ്ജരി, ദേവിക സൂര്യപ്രകാശ്... എന്നിവരാണ് പാടിയത്. 'അമ്മയുള്ള കാലത്തോളം കുഞ്ഞുതുമ്പിയാണു ഞാന്‍ ലോകമാകെ പാറിയാലും മാറില്‍ വന്ന് ചാഞ്ഞിടാം.'  ഈ സങ്കല്‍പം കൊണ്ടുകൂടിയും ഈ പാട്ടിനോടു ഇഷ്ടമുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com