ADVERTISEMENT

ലോകസംഗീത ദിനമാണ് ഇന്ന്. പാട്ടുകൊണ്ട് ജീവിതം മുന്നോട്ടു നീക്കിയിരുന്ന വലിയൊരു വിഭാഗം ഇന്നു വലിയ കഷ്ടപ്പാടിലാണ്. ഗാനമേള ഉൾപ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകൾ പൂർണമായും നിലച്ചിട്ട് ഒന്നരവർഷത്തോളമാകുന്നു. സ്റ്റേജ് കലാകാരനായി തുടങ്ങി നടനും സംവിധായകനുമായ രമേഷ് പിഷാരടി ഈ രംഗത്തെ പ്രതിസന്ധികളെക്കുറിച്ചു സംസാരിക്കുന്നു.

നല്ലൊരു നാളെയുണ്ട്

ഞാൻ സംവിധാനം ചെയ്ത ഗാനഗന്ധർവൻ എന്ന സിനിമയിൽ മമ്മൂക്ക പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘ഇന്ന് രക്ഷപെടും, നാളെ രക്ഷപെടും എന്നു കരുതി ഇത്രയും കാലം പോയി.’– എല്ലാ കലാകാരന്മാരുടെയും പ്രതീക്ഷയാണത്. ആ വിശ്വാസമാണ് കല കൊണ്ടുമാത്രം ജീവിക്കാം എന്നു തീരുമാനിക്കാൻ പ്രചോദനമാകുന്നത്.കലാകാരന്മാർ ദുരിതത്തിലാണ് എന്ന പ്രയോഗം ഒരു പക്ഷെ തെറ്റായിരിക്കും. കാരണം നല്ല ജോലിയുള്ളവരും ബിസിനസ് ചെയ്യുന്നവരുമായ കലാകാരന്മാരുണ്ട്. എന്നാൽ കലയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവരാണ് ദുരിതത്തിലുള്ളത്. അവരുടെ പ്രശ്നങ്ങൾക്കാണ് പരിഹാരം വേണ്ടത്.

2018 മുതലേ സ്റ്റേജ് കലാകാരന്മാർ വലിയ പ്രതിസന്ധിയിലാണ്. 18 ലും 19ലും പ്രളയമുണ്ടായതോടെ ഒരുപാട് പ്രോഗ്രാമുകൾ കാൻസലായി. പിന്നെ കോവി‍ഡ് വന്നതോടെ എല്ലാം പൂർണമായി നിലച്ചു. പൊതുവേ എല്ലാ പ്രശ്നങ്ങളും കുറച്ചുനാളുകൾക്കകം ശരിയാകും എന്നൊരു പ്രതീക്ഷ നമുക്കുണ്ട്. കോവിഡ് കാലത്ത് അതും നഷ്ടപ്പെട്ടു. ലോകത്തെല്ലായിടത്തും ഇതാണ് സ്ഥിതി. സിനിമ തന്നെ നോക്കിയാൽ നമ്മുടേത് ചെറിയൊരു ഇൻഡസ്ട്രിയാണ്. പക്ഷേ, സിനിമയുടെ ഭാവി എന്താണെന്ന് ഹോളിവുഡിന് പോലും ഇപ്പോൾ പറയാനാകില്ല.

ജീവിച്ചു പോകാമായിരുന്നു

200 രൂപ പ്രതിഫലത്തിനാണ് ഞാൻ സ്റ്റേജ് പരിപാടികൾ തുടങ്ങുന്നത്. ഗാനമേളകൾക്കിടയിൽ വൺ മാൻ ഷോ ചെയ്യുമായിരുന്നു. മിമിക്സ് പരേഡിനെക്കാൾ കൂടുതൽ വേദികളിൽ ചെയ്തിട്ടുള്ളത് അതാണ്. സ്റ്റേജ് പരിപാടികൾകൊണ്ട് തരക്കേടില്ലാതെ ജീവിച്ചുപോകാമായിരുന്നു. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്താണ് അൽപം പ്രതിസന്ധി. മഴക്കാലത്ത് ഒരു പ്രോഗ്രാമും കാണില്ല.  വരുമാനം പൂർണമായി നിലയ്ക്കും. ഇന്നത്തെപ്പോലെ ആവശ്യമില്ലാത്തതും ഉള്ളതുമായ ലോണൊക്കെ എടുക്കാത്ത സമയമായതിനാൽ വലിയ ചെലവുകളുമുണ്ടായിരുന്നില്ല. ഓഗസ്റ്റ്– സെപ്റ്റംബർ മാസം ഓണക്കാലമാണ്. പരിപാടികൾ കിട്ടും. ആ പണം കൊണ്ട് ഡിസംബർ വരെ പിടിച്ചു നിൽക്കണം. പിന്നെ ക്രിസ്മസ് – ന്യൂ ഇയർ പരിപാടികളോടെ ഉത്സവകാലം തുടങ്ങും. ന്യൂ ഇയർ ദിനത്തിലൊക്കെ ഒരോ ഇരുപതു കിലോമീറ്ററിലും ഒരുഗാനമേളയെങ്കിലും കാണും.

അറിയാതെ പോകുന്നവർ

ഒരേ ഗാനമേള ട്രൂപ്പിൽ പതിറ്റാണ്ടുകളോളം ഓർക്കസ്ട്ര വായിച്ചു ജീവിക്കുന്ന ആളുകളെ എനിക്കറിയാം. ഗായകരെയാണ് ആളുകൾ കൂടുതൽ ശ്രദ്ധിക്കുക. ഒരു ടിവി പ്രോഗ്രാമിൽ തബലയടിക്കുന്ന ആളുകളുടെ വിരൽ കാണിക്കും– മുഖം കാണിക്കണമെന്ന് നിർബന്ധമില്ല. പ്രോഗ്രാമിൽ മാത്രമല്ല, ജീവിതത്തിലും പിന്നണിയിലേക്കു മാറ്റപ്പെടുന്നവരാണ് പലരും. കരോക്കെ വ്യാപകമായതു മുതൽ ഓർക്കസ്ട്രക്കാർ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വേദികളിൽ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്നവരുടെ കൂട്ടായ്മയ്ക്കുവേണ്ടി ഒരു പരിപാടിയിൽ ഞാൻ ഇന്നു പങ്കെടുക്കുന്നുണ്ട്. തീരെ ശ്രദ്ധ ലഭിക്കാതെ പോകുന്നവരാണ് ഇവർ. മിമിക്രിക്കാരുടെയും പാട്ടുകാരുടെയും കാര്യങ്ങൾ പറയാൻ അവർക്കിടയിൽ നിന്ന് പ്രശസ്തരായ ചിലരെങ്കിലുമുണ്ട്. അങ്ങനെയല്ല ഗ്രൂപ്പ് ഡാൻസർമാരുടെ സ്ഥിതി. കലാകാരന്മാർ മാത്രമല്ല, എല്ലാ വിഭാഗങ്ങളും കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലാണ്. എല്ലാവർക്കും തൊഴിൽ നഷ്ടപ്പെട്ടു. അധികൃതർക്കും പരിമിതികൾ ഉണ്ട് . ലൗഡർ ആയിട്ടുള്ള വിഭാഗത്തെയാകും അവർ ശ്രദ്ധിക്കുന്നത്. ഈ ‘കല കൊണ്ടു ജീവിക്കുന്നവർ’ അസംഘടിതരാണ്. സംഘടിതമായി പോയി സമരം ചെയ്യാനൊന്നും അവർക്കു പറ്റില്ല.

സ്റ്റേജിന്റെ ഭാവി

പാട്ടുകൾക്കും മറ്റും കോപ്പി റൈറ്റ് ശക്തമായിത്തുടങ്ങി. ഇപ്പോൾ നമ്മൾ പാടുന്നതു മുഴുവൻ മറ്റുള്ളവരുടെ പാട്ടാണ്. എനിക്കു തോന്നുന്നത് ഇനി ഇൻഡിപെൻഡന്റ് കണ്ടെന്റിന്റെ കാലമാണ് വരാൻ പോകുന്നത്. ഇന്നു സംഭവിച്ചില്ലെങ്കിലും വഴിയേ അതു സംഭവിക്കും. ഒരു വേദിയിൽ പാടിയാൽ ആയിരങ്ങളേ നമ്മളെ കേൾക്കൂ എങ്കിൽ ചിലപ്പോൾ ഇന്റർനെറ്റിലെ പാട്ട് കോടിക്കണക്കിന് ആളുകൾ കേൾക്കും. നമ്മുടെ പരിധികളെയും പരിമിതികളെയും സാധ്യതകളാക്കാൻ ശ്രമിക്കണം. സ്റ്റേജ് കലകൾ കുറച്ചുകൂടി ചെറിയ സദസ്സുകളിലേക്കു പോകും. അതിൽ നിന്നു തന്നെ വരുമാനം കണ്ടെത്താൻ സാധിക്കുന്ന അവസ്ഥയുണ്ടാകും. ‌ഒരോ കലാകാരനും ഒരു പ്രസ്ഥാനമാകണം. പുതിയ സാങ്കേതിക വിദ്യകൾ വലിയ അവസരങ്ങൾ തുറന്നുതരും. ഇതിലും വലിയ പ്രതിസന്ധികളെ, ലോകമഹായുദ്ധങ്ങളെ ഒക്കെ അതിജീവിച്ചതാണ് മനുഷ്യസമൂഹം. നമ്മൾ മുന്നോട്ടുപോകുക തന്നെ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com