ADVERTISEMENT

പാട്ടെഴുത്തിലെ സൗമ്യഭാവമായിരുന്നു പൂവച്ചല്‍ ഖാദര്‍. നൈര്‍മ്മല്യമായിരുന്നു ആ ഗാനങ്ങള്‍. വ്യക്തിത്വത്തിലെ ആര്‍ദ്രത അദ്ദേഹത്തിന്റെ പാട്ടുകളിലും നിഴലിച്ചു നിന്നു. ആ ആര്‍ദ്രത തീവ്രമായി നമ്മുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി. സ്‌നേഹമെഴുതുമ്പോഴും പ്രണയമെഴുതുമ്പോഴും അദ്ദേഹത്തിന്റെ വരികള്‍ ആഴങ്ങള്‍ തേടി. പാട്ടിന്റെ ശരറാന്തല്‍ തിരി താഴ്ത്തി അദ്ദേഹം മടങ്ങിയിരിക്കുന്നു. നിത്യഹരിതമായ ഗാനങ്ങളും ഓര്‍മ്മകളും ബാക്കിയാക്കിയ ആ സ്‌നേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍  പങ്കുവയ്ക്കുകയാണ് ജി. വേണുഗോപാല്‍.  

''ഞാന്‍ ആദ്യമായി ഖാദര്‍ക്കയെ കണ്ടത് 1985ല്‍ ആണ്. അക്കാലത്താണ് സംഗീതസംവിധായകന്‍ ശ്യാം സാറിനെ ഒരു സുഹൃത്തു വഴി പരിചയപ്പെടുന്നത്. എന്റെ പാട്ടുകള്‍ കേട്ട അദ്ദേഹം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചെന്നൈയിലേക്കു ക്ഷണിച്ചു. തിരുവനന്തപുരത്തു നിന്നും മദ്രാസിലേക്ക് പോവാനുള്ള ഫ്‌ളൈറ്റ്  ടിക്കറ്റ് ഏര്‍പ്പാടക്കിയിരുന്നു. വിമാനത്താവളത്തില്‍ എന്നെ കൂട്ടുവാന്‍ വന്നവരില്‍ ഖാദറിക്കയും ഉണ്ടായിരുന്നു. പിറ്റേദിവസമായിരുന്നു റെക്കോര്‍ഡിങ്. പൂമാനമേ ഒരു രാഗമേഘം താ. എന്ന ഗാനം. രഞ്ജിനി കാസറ്റ്‌സ് എന്റെ പേരില്‍ എന്റെ ശബ്ദത്തില്‍ തന്നെ ആ  പാട്ട് റിലീസ് ചെയ്‌തെങ്കിലും സിനിമയില്‍ മറ്റൊരു ഗായകന്റെ ശബ്ദത്തിലാണ് പാട്ടു പുറത്തു വന്നത്. പാട്ട് അങ്ങനെ നഷ്ടമായെങ്കിലും ഞാനും ഖാദറിക്കയുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടിരുന്നു. ചുരുക്കം സിനിമകളേ അദ്ദേഹത്തൊടൊപ്പം ചെയ്യാന്‍ കഴിഞ്ഞുള്ളുവെങ്കിലും നിരവധി ഗാനങ്ങള്‍ ആകാശവാണിയിലും ലളിതഗാനങ്ങളുമൊക്കെയായി പാടിയിട്ടുണ്ട്.

ഒരു ട്രെയിന്‍യാത്രക്കിടയില്‍ മെഹ്ദി ഹസന്റെ ഗാനങ്ങള്‍ വാക്ക്മാനില്‍ ഞാന്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു. പാട്ടുകള്‍ ആസ്വദിച്ചു കേള്‍ക്കുന്നതിനിടെ ഇടയ്ക്ക് മൃദുവായി എന്നോട് മന്ത്രിച്ചു, ''വേണൂ, ഇദ്ദേഹത്തിന്റെ സംഗീത സംസ്‌ക്കാരത്തിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം. താളനിബദ്ധമായ നമ്മുടെ സംഗീത സംസ്‌ക്കാരവുമായി ഇത്തരം ഗാനങ്ങള്‍ ചേര്‍ന്നു പോകുമോ എന്നു സംശയം..'' 1988 ലായിരുന്നു ആ യാത്ര, തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ അദ്ദേഹം ആ പാട്ടുകള്‍ കേട്ടുകൊണ്ടേയിരുന്നു. രണ്ട് മാസം കഴിഞ്ഞപ്പോള്‍  അദ്ദേഹം എന്നെ വിളിച്ചു. ''വേണൂ...

മെഹ്ദി ഹസന്റെ നവാസിഷ്‌ക്കരം, ശുക്രിയ മെഹ്‌റ്ബാനി എന്ന ഗാനം എന്നെ ഊണിലും ഉറക്കത്തിലും പിന്തുടരുന്നു. ഞാന്‍ വൃന്ദാവന സാരംഗി രാഗത്തിലെ പാട്ടിന്റെ മീറ്ററില്‍ ഒരു പാട്ടെഴുതി. മനോഹരമായ ആ ഗാനം അദ്ദേഹമെന്നെ കേള്‍പ്പിച്ചു. (ഞാനിപ്പോള്‍  അത് മറന്ന് പോയിരിക്കുന്നു.)

അദ്ദേഹമെഴുതിയ കൃഷ്ണഭക്തി ഗാനങ്ങള്‍ പാടുമ്പോഴൊക്കെ ഞനതിശയിച്ചിട്ടുണ്ട്. എത്ര നിറഞ്ഞ ഭക്തിയോടെ, എത്ര  മനോഹരമായാണ് എഴുതിയിരിക്കുന്നത് എന്ന്.. ആകാശവാണിക്കായി ഞാന്‍ പാടിയ ഒരു പാട്ടാണ്, 'രാധേ നിന്നെ ഉറക്കുവാന്‍  ഈ വേണുവിനോടു പറഞ്ഞില്ലേ..' , ഏറെ പ്രശസ്തമായ മറ്റൊരു ഗാനം ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ.,രാജീവ നയനന്റെ വാര്‍ത്തകള്‍ കേട്ടെന്റെ രാധേ ഉറക്കമായോ.... അങ്ങനെ നിരവധി ഗാനങ്ങള്‍. യൂസഫലി കേച്ചേരിയെപ്പോലെ കൃഷ്ണനെ അറിഞ്ഞു ഗാഢമായി പുണര്‍ന്നു തന്നെയാണ് അദ്ദേഹത്തിന്റെ രചന.

സ്‌നേഹം നിറഞ്ഞ ഒരു നനുത്ത പുഞ്ചിരി ആ മുഖത്തെപ്പോഴും ഉണ്ടാവും. തിരുവനന്തപുരത്ത് നിരവധി സുഹൃദ്‌സംഗമങ്ങളിലും ഞങ്ങള്‍  കണ്ടുമുട്ടിയിരുന്നു. കാണുമ്പോഴൊക്കെ എന്റെ ഒരു കൈ അദ്ദേഹത്തിന്റെ കൈകള്‍ക്കുള്ളിലാക്കി സ്‌നേഹം പ്രകടിപ്പിക്കും. അധികം സംസാരങ്ങളൊന്നുമില്ല.

ഞങ്ങള്‍ അവസാനം കാണുന്നത് മൂന്നു വര്‍ഷം മുമ്പാണ്. തിരുവനന്തപുരത്തെ ഭൈരവി സ്റ്റുഡിയോ എന്‍ജിനീയറായ ഷാബിറ്റിന്റെ ഗൃഹപ്രവേശനമായിരുന്നു ചടങ്ങ്. അന്ന് അദ്ദേഹമെഴുതി ഞാന്‍ പാടിയ ധാരാളം ലളിത ഗാനങ്ങള്‍ അദ്ദേഹം ഓര്‍ത്തു പറഞ്ഞു. ഞാന്‍ മറന്നവ കൂടി അദ്ദേഹം ഓര്‍ത്തു വെച്ചിരുന്നു. ഷാബിറ്റും അകാലത്തില്‍ വിട്ടുപിരിഞ്ഞു.

പാട്ടെഴുതാനുള്ള ഒരവസരവും അദ്ദേഹം നിഷേധിച്ചിട്ടില്ല. ഒരിക്കലും കണക്കു പറഞ്ഞിട്ടില്ല. പാട്ടെഴുത്തുകാരുടെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ അദ്ദേഹത്തിന് അന്യമായിരുന്നു. ഇടയ്ക്ക്  ഞാന്‍ കളിയാക്കാറുണ്ട്, ''ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു പോലും മുഴുവന്‍ ഉത്തരങ്ങള്‍ കൊടുക്കാതെ അവ ചിരിയിലൊതുക്കിയ താങ്കള്‍ എങ്ങനെ ഇത്രകാലം സിനിമാരംഗത്തു പിടിച്ചു നിന്നു? '' ആ ചോദ്യത്തിനും ഖാദറിക്ക ഉത്തരം പറഞ്ഞിട്ടില്ല. പതിവുപോലെ എന്റെ കൈ ആ കൈകള്‍ക്കുള്ളിലെടുത്ത് അദ്ദേഹം പുഞ്ചിരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നറിഞ്ഞപ്പോള്‍ വലിയ ആശങ്ക തോന്നിയിരുന്നു. രക്ഷപ്പെട്ടു പോരും എന്നു തന്നെയായിരുന്നു വിശ്വാസം. മിനിഞ്ഞാന്ന് അദ്ദേഹം വെന്റിലേറ്ററിലായി എന്നറിഞ്ഞു. ഈ വിയോഗം കടുത്ത ദുഖമുണ്ടാക്കുന്നു. ആ കൈകളിലെ സ്‌നേഹത്തിന്റെ ചൂട് ഇനിയെനിക്കറിയാനാവില്ലല്ലോ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com