‘സൺഷേഡിൽ നിന്ന് വീണ് 11 ദിവസം അബോധാവസ്ഥയിൽ, ഡോക്ടറുടെ ആ ചോദ്യം ‌‌ബോധം തിരിച്ചു പിടിച്ചു’; ജീവിതം പറഞ്ഞ് ബിച്ചു തിരുമല

Bichu-thirumala
SHARE

കാണേണ്ടയാളുടെ മേല്‍വിലാസം പോലുമില്ലാതെ ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ മെനഞ്ഞ വാക്കുകളുടെ ഓലത്തുമ്പത്തിരുന്ന് മലയാള സിനിമ പാടിത്തുടങ്ങിയിട്ട് വര്‍ഷം അമ്പത്. തത്വചിന്തയും പ്രണയവും വിരഹവും താരാട്ടും തമാശയും പുതിയ ഭാവങ്ങളില്‍ പകര്‍ന്ന എഴുത്തുകാരന്റെ ആദ്യഗാനം പാടിയത് യേശുദാസ്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം... എന്ന  ഗാനം പാടിയ ഗായകന്‍ അന്നു പറഞ്ഞു. ഈ പാട്ട് വ്യത്യസ്തമാണല്ലോ, ഇതാരെഴുതി... യേശുദാസിനെയും അമ്പരപ്പിച്ച ആവരികള്‍ എഴുതിയ ബിച്ചു തിരുമലയുടെ പാട്ടില്‍ വിരിഞ്ഞത് എത്രയെത്ര അഴകിന്റെ ഭാവനകള്‍.. ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം എന്നെഴുതിയ കവിയുടെ വരിയോ കിനാവോ തെറ്റിയില്ലെന്നതിന്റെ സാക്ഷ്യമാണ് പാട്ടെഴുത്തിലെ അര നൂറ്റാണ്ട് നീണ്ട സര്‍ഗയാത്ര.

ഹൃദയം ദേവാലയം.... പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യ ദേവാലയം.... എന്നെഴുതിയ കവിയുടെ പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗിനി ഭഗവതി എത്രയാവര്‍ത്തി കേട്ടാലും ചിരിച്ചു പോവും. മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ എന്ന് ഈറനണിയിക്കുന്ന വാക്കുകള്‍ എഴുതിയ ബിച്ചു  പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി എന്നുമെഴുതി രസിപ്പിച്ചു. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍, കിലുകില്‍ പമ്പരം തിരിയും മാനസം... എന്ന് ഏറ്റവും ആര്‍ദ്രമായ സ്‌നേഹഗീതങ്ങളെഴുതി. കണ്ണാംതുമ്പീ പോരാമോ, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ എന്നും ആരാരോ ആരിരാരോ എന്നും വാത്സല്യക്കടലായ കവി, ഒറ്റക്കമ്പി നാദം മാത്രം, പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു, സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ.. എന്നുമെഴുതി നിത്യ കാമുകനുമായി. ഇങ്ങനെയൊക്കെ പാട്ടില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിക്കാന്‍ മലയാള സിനിമയില്‍ ഒരേയൊരു ബിച്ചു തിരുമല മാത്രം.  

മൂവായിരത്തിലധികം സിനിമാ ഗാനങ്ങളും മാമാങ്കം പല കുറി കൊണ്ടാടി തുടങ്ങിയ പ്രശസ്തമായ ലളിതഗാനങ്ങളും നിരവധി ഭക്തി ഗാനങ്ങളും പിറന്ന ആ തൂലിക ഇന്നും കവിതയെ തുയിലുണര്‍ത്തുന്നു. തിരുവനന്തപുരം തിരുമലയ്ക്കടുത്ത് വേട്ടമുക്കിലെ വീട്ടില്‍ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് പാട്ടിന്റെയും എഴുത്തിന്റെ ലോകത്ത് സ്വസ്ഥമായിരിക്കുകയാണ് ബിച്ചു തിരുമല. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്. 

എഴുത്ത് + വായന = ജീവിതം

എഴുത്ത്, വായന, പാട്ട് ഇതില്ലാതെ ഒരു ദിവസവും കടന്നുപോവാറില്ല. എല്ലാത്തരം പാട്ടുകളും കേള്‍ക്കാറുണ്ട്. എഴുത്തിലും അങ്ങനെ വ്യത്യസ്തത കൊണ്ടു വരാന്‍ കഴിഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ സന്തോഷം. തിരക്കുള്ള സമയത്ത് ടിവി കാണാനൊന്നും നേരമില്ലായിരുന്നു. ഇപ്പോള്‍ വാര്‍ത്തകളും സിനിമയുമൊക്കെ കണ്ടിരിക്കാറുണ്ട്. കവിതകള്‍ എഴുതാറുണ്ട്. അടുത്തിടെ 'കാലത്തിന്റെ കണക്കു പുസ്തകം' എന്ന പേരില്‍ ഒരു കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.  

ഹിറ്റായ താരാട്ടു പാട്ടുകള്‍

താരാട്ടു പാട്ടുകളുടെ പേരില്‍ കുട്ടികളും അമ്മമാരും കാണുമ്പോള്‍ സന്തോഷം പ്രകടിപ്പിക്കാറുണ്ട്. ഉണ്ണി ആരാരിരോ, ആരാരോ ആരിരാരോ, കണ്ണനാരാരോ, ഉണ്ണിക്കണ്‍മണി ആരാരോ ഓലത്തുമ്പത്ത് ഇരുന്നൂയലാടും, കണ്ണോടു കണ്ണോരം നീ കണി മലരല്ലേ, ഉണ്ണികളേ ഒരു കഥ പറയാം, ആ പാട്ടുകളെക്കുറിച്ചുള്ള ഇഷ്ടങ്ങളൊക്കെ പറയും. കണ്ണാം തുമ്പിയാണ് കുട്ടികള്‍ക്കേറെയിഷ്ടം. അക്കാലത്ത് ആ പാട്ടു പാടികേള്‍പ്പിക്കാന്‍ കുട്ടികള്‍ വിളിക്കുമായിരുന്നു. തരംഗിണിക്കായി കുറെ കുട്ടിപ്പാട്ടുകളും എഴുതിയിട്ടുണ്ട്. ഈസോപ്പ് കഥകളെ ആസ്പദമാക്കിയെഴുതിയ പാത്തു പതുങ്ങി പമ്മി നടക്കും എന്ന പാട്ടൊക്കെ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായി. പല നഴ്‌സറികളിലും ആ പാട്ടുകള്‍ പഠിപ്പിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ബോധം തിരിച്ചു പിടിച്ച കണ്ണാം തുമ്പി

1994ല്‍ ക്രിസ്തുമസിന് തലേന്നാള്‍ മോനു വേണ്ടി നക്ഷത്രം കെട്ടിതൂക്കുമ്പോള്‍ വീടിന്റെ സണ്‍ഷേഡില്‍ നിന്നു താഴെ വീണു. ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. പതിനൊന്നു ദിവസം ബോധമില്ലായിരുന്നു. ബോധത്തിലേക്ക് വരാനായി ഡോക്ടര്‍മാര്‍ ഓരോ പാട്ടുകളെക്കുറിച്ചും ചോദിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണാം തുമ്പീ എഴുതിയത് ആരാണ് എന്ന് ചോദിച്ചപ്പോള്‍ ഞാനാണ് എന്ന് മറുപടി പറഞ്ഞതായി ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. അങ്ങനെയാണ് ബോധത്തിലേക്കു തിരിച്ചു വരുന്നത്.

ചങ്ങമ്പുഴ സമ്മാനിച്ച 'ആയിരം കണ്ണുമായ്'

ഈ കഥ മുമ്പും പറഞ്ഞിട്ടുണ്ട്. നോക്കെത്താ ദൂരത്തിലെ പ്രധാന പാട്ടാണ്. മുത്തശ്ശിയും പേരക്കുട്ടിയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ഒരു തീം സോങ്ങ്. അത് ഉദ്ദേശിച്ച പോലെ ആവാതെ വിഷമിച്ചിരിക്കുന്ന ഘട്ടത്തില്‍ രണ്ടാഴ്ച കഴിഞ്ഞ് നോക്കാം എന്നു  പറഞ്ഞു സംവിധായകനായ ഫാസില്‍. അതു കേട്ട് ഞാനും സംഗീത സംവിധായകനായ ജെറി അമല്‍ദേവും നിരാശയിലായി. അപ്പോഴത്തെ മൂഡ് ഒന്നു ശരിയാവാനായി ഏറെ ഇഷ്ടമുള്ള ചങ്ങമ്പുഴ കവിതയായ ബാഷ്പാഞ്ജലിയിലെ വരികള്‍ ഞാന്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ഫാസില്‍ വന്നു പറഞ്ഞു. ഇതാണ് എനിക്ക് വേണ്ടത്. ശ്യാമളേ സഖീ ഞാനൊരു വെറും കാനനത്തിലെ പൂവല്ലേ. എന്നായിരുന്നു ആ വരികള്‍. ഇതാണ് വേണ്ടതെങ്കില്‍ കുറച്ചു സമയം തരു എന്നു പറഞ്ഞു സംവിധായകനോട്. പത്തു മിനിറ്റു കഴിഞ്ഞു ഫാസില്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍. എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍ കിളീ. എന്ന പാട്ടുണ്ടാക്കിയിരുന്നു. അത് കേട്ടപ്പോള്‍ സംവിധായകനും തൃപ്തിയായി.

കഥയും സംഗീതസംവിധാനവും

ശക്തി, ഇഷ്ട പ്രാണേശ്വരി എന്നീ എന്ന സിനിമകള്‍ക്ക് കഥ, തിരക്കഥ സംഭാഷണമൊരുക്കി. ആദ്യ കാലത്ത് കുറെ ഭക്തി ഗാനങ്ങള്‍ക്കു സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. 1980ല്‍ എഴുതി സംഗീത സംവിധാനം ചെയ്ത ദീപം മകര ദീപം എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. അതില്‍ രവീന്ദ്രനാണ് പശ്ചാത്തല സംഗീതമൊരുക്കിയത്.      

എഴുതിയതില്‍ സംതൃപ്തി മാത്രം

ഏഴു സ്വരങ്ങളും, ഹൃദയം ദേവാലയം, ദ്വാദശി നാളില്‍, വാകപ്പൂമരം, നീലജലാശയത്തില്‍, നക്ഷത്രദീപങ്ങള്‍, മകളേ പാതി മലരേ, എവിടെയോ കളഞ്ഞു പോയ കൗമാരം, മിഴിയറിയാതെ വന്നു നീ, മനസ്സില്‍ നിന്നും മനസ്സിലേക്കൊരു, പൂങ്കാറ്റിനോടും, യാമശംഖൊലി... എല്ലാ പാട്ടുകളും ഇഷ്ടമാണ്. ചോദിച്ചതു കൊണ്ട് ചിലതു പറഞ്ഞെന്നേയുള്ളൂ.

കൂടുതല്‍ പാട്ട് ഐവി ശശിയോടോപ്പം

തിരക്കുള്ള സമയത്ത് വര്‍ഷത്തില്‍ 35 സിനിമക്കുവേണ്ടി എഴുതിയിട്ടുണ്ട്. സംവിധായകനായ ഐവി ശശിക്കു വേണ്ടിയാണ് കൂടുതല്‍ പാട്ടെഴുതിയിട്ടുള്ളത്. ഐവി ശശിയുടെ 33 പടത്തില്‍ പാട്ടെഴുതി. സംഗീതസംവിധായകനാായ ശ്യാമിന്റെ കൂടെയാണ് കൂടുതല്‍ പാട്ടുകളും ചെയ്തിട്ടുള്ളത്. 75 ഓളം ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്തു. പിന്നെ എ.ടി. ഉമ്മറിനോടൊപ്പം. ഈണത്തിനൊപ്പിച്ച് പെട്ടന്നു വരികള്‍ എഴുതാന്‍ കഴിയുന്നതിനാലും സംഗീതം അറിയുന്നതു കൊണ്ടും അവര്‍ക്കൊക്കെ എന്റെ പാട്ടിനോട് താത്പര്യമുണ്ടായിരുന്നു. എങ്കിലും സിനിമയുടെ പ്രഭ കൂടുതല്‍ ആകര്‍ഷിച്ചിട്ടില്ല. പാട്ടെഴുതും തിരികെ പോരും. പിന്നെ വായനയുടെയും എഴുത്തിന്റെയും ലോകത്ത് സ്വസ്ഥം.

അവാര്‍ഡ്

അര്‍ഹിക്കുന്ന പാട്ടുകള്‍ക്ക് അവാര്‍ഡ് കിട്ടിയില്ലല്ലോ എന്നു പലരും പറയാറുണ്ട്. ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. കാരണം ഞാനല്ലല്ലോ എനിക്ക് അവാര്‍ഡ് തരേണ്ടത്. 1981ലും 1991 ലും സംസ്ഥാന അവാര്‍ഡ് കിട്ടി. ആസ്വാദകരെ ഇഷ്ടപ്പെടുത്തുന്ന പാട്ടെഴുതാന്‍ കഴിഞ്ഞു എന്നു തന്നെയാണ് വിശ്വാസം. അതു തന്നെയാണ് സന്തോഷവും. പുതിയ കാലത്തെ കുട്ടികള്‍ വരെയും ആ പാട്ടുകളെക്കുറിച്ചൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. എല്ലാത്തരം പാട്ടുകളും എഴുതി വിജയിപ്പിച്ചു എന്നു പറയാറുണ്ട് പലരും. അത് ഒരു മായാജാലമാണോ എന്നു ചോദിച്ചാല്‍ ദൈവാനുഗ്രഹമെന്നേ പറയാനൊക്കൂ. സലീല്‍ ചൗധരിയും രവിയുമൊഴികെ എല്ലാ സംഗീത സംവിധായകരോടൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഹിന്ദിയിലെ സംഗീതസംവിധായകനായ രാജ്കമലിന്റെ സംഗീതത്തില്‍ ആഴി എന്ന സിനിമയില്‍ എഴുതി. എഴുത്തില്‍ സംതൃപ്തി മാത്രം.

‌‌ഉപദേശിക്കാനില്ല

പുതിയ എഴുത്തുകാര്‍ക്ക് ഉപദേശമൊന്നും കൊടുക്കാനില്ല. എനിക്കും ആരും ഉപദേശം തന്നിട്ടില്ല. അവരരവരുടെ സങ്കല്‍പത്തിനും ഭാവനയക്കും അറിവിനും സന്ദര്‍ഭത്തിനും അനുസരിച്ചേ ആര്‍ക്കും എഴുതാന്‍ സാധിക്കുകയുള്ളൂ.  

പുതിയ കാലത്തെ പാട്ടെഴുത്ത്

പഴയതായാലും പുതിയതായാലും സംഗീതത്തിനനുസരിച്ച് ഗാനങ്ങളെഴുതാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. പുതിയ വിഷയങ്ങളുണ്ടെങ്കില്‍ അതിനും പാട്ടെഴുതാം. മല്ലനും മാതേവനും എന്ന സിനിമയില്‍ മകന്‍ സുമന്‍ ബിച്ചുവിന്റെ സംഗീതത്തിനും പാട്ടെഴുതി. ഒരു സിനിമക്കു നാലും അഞ്ചും പേരെ വച്ചു പാട്ടെഴുതിക്കുന്ന രീതിയോട് യോജിപ്പില്ലാത്തതിനാല്‍ അത്തരം ക്ഷണങ്ങള്‍ സ്വീകരിക്കാറില്ല. അതുകൊണ്ട് ആര്‍ക്കും ഗുണമില്ലല്ലോ. സിനിമക്കു വേണ്ടിയുള്ള പാട്ടെഴുത്ത് കുറഞ്ഞെങ്കിലും എഴുത്തു മുടക്കാറില്ല. പാട്ട് തന്നെയാണ് അന്നും ഇന്നും ലോകം.

ജീവിതം സംതൃപ്തം

ഈ കോവിഡ് കാലത്ത് പുറമെയുള്ള ആളുകളുമായി ഒരു സമ്പര്‍ക്കവുമില്ല. വീട്ടിലെ വായനാമുറിയാണ് ഏറ്റവും ഇഷ്ടമുള്ള ഇടം. അവിടെ എഴുത്തും വായനയുമായി എത്ര നേരവും ഇരിക്കാനിഷ്ടമാണ്. വായനാമുറിയോടു ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ എഴുതിയതും വായിച്ചതുമായ പാട്ടുകളങ്ങനെ മനസ്സിലേക്ക് ഒഴുകി വരും. ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നൂറു ശതമാനം സംതൃപ്തി മാത്രം.

ഈ ബാല്‍ക്കണിയിലിരുന്ന് പുറത്തെ മഴയിലേക്കങ്ങനെ നോക്കിയിരിക്കുമ്പോള്‍ എന്നത്തെയും പോലെ ഇന്നും ചങ്ങമ്പുഴയുടെ വരികള്‍ മൂളിപ്പോവുന്നു. ഭാര്യ പ്രസന്നയും ഇടക്കിടെ ഈ പാട്ട് പാടാന്‍ പറയാറുണ്ട്.

 

ശ്യാമളേ.. സഖീ

ഞാനൊരു വെറും

കാനനത്തിലെ പൂവല്ലേ..

മാനമാളുന്ന

സോമനുണ്ടാമോ

കാണുവാനതില്‍ കൗതുകം.?

 

ഓമനേയെന്ന പൂക്കളാല്‍ തീര്‍ത്ത

പ്രേമലേഖന മാലകള്‍

ഒന്നു രണ്ടല്ല സമ്മാനിച്ചതാ

വന്ദനീയനെനിക്കന്നാള്‍..

ഒന്നുമായവ  വാടിടാതെയിന്നുമുണ്ടെന്റെ

കൈവശം..

ഞാനവ നോക്കി ശ്യാമളേ വീണ്ടുമാനന്ദാശ്രുക്കള്‍ തൂകട്ടേ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA