‘എന്നെ ഒഴിവാക്കാൻ വിദ്യാസാഗർ പ്രയാസമേറിയ ട്യൂണിട്ടു’; വാശിയോടെ പാട്ടെഴുതിയ ബീയാർ പ്രസാദ്, അഭിമുഖം

beeyar-prasad-vidyasagar
SHARE

കുട്ടനാടന്‍  പാടത്തിനു നടുവിലെ ആനവരമ്പിലൂടെ മഴ കൊണ്ടു നടന്ന ഓര്‍മ്മകള്‍ മാത്രം മതി ബീയാര്‍ പ്രസാദിന് തെളിമലയാളത്തിന്റെ ചന്തമുള്ള പാട്ടൊരുക്കാന്‍. ഞാറ്റോല പച്ചവളയും പൊന്നും തെളി കൊലുസും പാട്ടില്‍ കോര്‍ത്തു വയ്ക്കുന്ന വരികളില്‍ മണ്ണിന്റെ മണവും മാമ്പഴത്തിന്റെ മധുരവുമുണ്ട്. കസവിന്റെ തട്ടവും വെള്ളിയരഞ്ഞാണവുമിട്ട കൂന്താലിപുഴയുടെ ചേലുണ്ട്. ഒളിമങ്ങാത്ത പാട്ടുകളുടെ പേരില്‍ തന്നെയാണ് മലയാളി ഈ കുട്ടനാട്ടുകാരന്റെ പാട്ടുകളെ ഇഷ്ടപ്പെടുന്നതും. കുട്ടനാട്ടിലെ മഴക്കൊപ്പം തുള്ളിക്കളിച്ച ബാല്യവും കൗമാരവും കടന്ന് ജീവിതമൊഴുകിയണഞ്ഞ പാട്ടുവഴികളെക്കുറിച്ചു പറയുകയാണ് ബീയാര്‍ പ്രസാദ്.

നാട്

കുട്ടനാട്ടിലെ മങ്കൊമ്പാണ് നാട്. കുട്ടനാടിന്റെ ഭൂപ്രകൃതിയും അതിന്റെ കാലാവസ്ഥയുടെ പ്രത്യേകതകളും ജീവിത രീതിയും മറ്റു നാടുകളില്‍ നിന്നും വ്യത്യസ്തമാണ്. ചുറ്റും കേള്‍ക്കുന്ന നാടന്‍ പാട്ടിലെ താളവും കൃഷിയുടെ രീതികളും ജീവിതത്തിലും പെരുമാറ്റത്തിലും കലാപരമായ പ്രവര്‍ത്തനത്തിലും പാട്ടെഴുത്തിലും എല്ലാം സ്വാധീനിച്ചിട്ടുണ്ട്.

കുട്ടിക്കാലത്തെ മഴ, പാട്ടുകള്‍

മഴ എന്നും പ്രചോദിപ്പിക്കുന്ന ഒന്നാണല്ലോ. കുട്ടിക്കാലത്ത് സ്‌കൂള്‍ തുറക്കുന്ന സമയത്താണ് രസം. കുടയില്ലാതെ പോവാനാണ് ഇഷ്ടം, മഴ നനയാമല്ലോ. കുറച്ചു പുസ്തകങ്ങള്‍ ഷര്‍ട്ടിനകത്തേക്കു കയറ്റിവച്ച് മഴയത്തുകൂടി ഒരൊറ്റ ഓട്ടമാണ്. ചേമ്പില തലയില്‍ വച്ച് ഒരോട്ടം കൂടിയുണ്ട്. നിറഞ്ഞൊഴുകുന്ന മഴ വെള്ളത്തിലൂടെ ഓടി വന്ന് കാലുകള്‍ കൊണ്ട് പടക്കം പൊട്ടിക്കും. വെള്ളം തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് വീഴുകയും അവര്‍ തലക്കിട്ട് കിഴുക്കുകയും ചെയ്യും. അതും ഒരു രസമാണ്. മഴയത്ത് ഓടി നടന്ന് വെള്ളത്തിലൊക്കെ ചാടി, വീട്ടിലെത്തുക, തല തോര്‍ത്തെടാ എന്ന വീട്ടുകാരുടെ ശാസനകള്‍. വളര്‍ന്നപ്പോള്‍ വേറെയൊരു അര്‍ത്ഥ തലത്തില്‍ മഴയെ കാണാന്‍ തുടങ്ങി. മഴയുടെ പാദസരങ്ങളുമിട്ട് രാത്രി ഒരു കറുത്ത സുന്ദരിയെ പോലെ ജനാലയ്ക്കപ്പുറം നിന്ന് എന്തൊക്കെയോ മന്ത്രിക്കുന്നു. ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ വാരിവിതറുന്നു.

അന്നു പാട്ടു കേള്‍ക്കാന്‍ മാര്‍ഗങ്ങള്‍ വളരെ കുറവായിരുന്നു. മൈക്ക് വയ്ക്കുമ്പോഴും സിനിമ തിയറ്ററിലും കേള്‍ക്കുന്ന പാട്ടുകള്‍. അതു പിന്നീടെവിടെയെങ്കിലും കേള്‍ക്കാനിടയായാല്‍ വല്ലാത്ത സന്തോഷമാണ്. നാട് കുട്ടനാടായതുകൊണ്ട് തിരഞ്ഞെടുപ്പു പ്രചരണത്തോടനുബന്ധിച്ച് ബോട്ടില്‍ മൈക്കു കെട്ടി വച്ചു പാട്ടുകള്‍ പാടി വരും. ആയിരം പാദസരങ്ങള്‍ കിലുങ്ങി, സന്യാസിനി, സ്വര്‍ഗ പുത്രീ, സംഗമം പോലുള്ള പാട്ടുകളാണ് പ്രധാനമായും കേട്ടിരുന്നത്.

                       

സ്‌കൂളിലേക്കുള്ള യാത്ര

വിശാലമായ പാടത്തിലെ ആന വരമ്പിലൂടെ നടന്നു പുളിങ്കുന്ന് സെന്റ്‌ ജോസഫ് യുപി സ്‌കൂളിലേക്കു പോകണം. കൃഷി കഴിയുന്നതോടെ പാടത്തു വെള്ളം കയറും. വരമ്പും വെള്ളത്തിനടിയിലൂടെയാവും. പിന്നീടുളള യാത്ര കടത്തു വള്ളത്തിലാണ്. വളളം നീങ്ങി പാടത്തിന്റെ നടുക്കെത്തുമ്പോള്‍ പലരുടെയും ചോറ്റു പാത്രങ്ങളൊക്കെ തുറന്നു മുട്ട ഓംലെറ്റൊക്കെ എടുത്തു തിന്നുക ഒക്കെ രസമായിരുന്നു. സ്‌കൂളില്‍ എന്തെങ്കിലും ആഘോഷമൊക്കെയുണ്ടാവുമ്പോള്‍ പാടത്തു വെള്ളം കയറി കിടക്കുകയാണെങ്കില്‍ എല്ലാവരും കൂടി ആഘോഷമായി വെള്ളത്തിലൂടെ നീന്തിയാണ് തിരിച്ചു വരിക. അങ്ങോട്ടുമിങ്ങോട്ടും വെള്ളമൊക്കെ തെറിപ്പിച്ച്.

കൗമാരത്തിലെ മഴ

കൗമാര പ്രണയത്തിന്റെ മാസ്മര ഭാവമായിരുന്നു അന്നു പെയ്ത മഴയ്‌ക്കെല്ലാം. വരമ്പിലെ നടത്തത്തിനിടെ മഴ പെയ്താല്‍ നനയുകയല്ലാതെ നിവൃത്തിയില്ല. ദീര്‍ഘദൂര വരമ്പിലൂടെ നടക്കുമ്പോള്‍ മഴ പെയ്താല്‍ ഓടാറില്ല. ഓടിയിട്ടും കാര്യമില്ല. അന്നൊരു മഴക്കാലത്ത് വരമ്പിലൂടെയങ്ങനെ പോകുമ്പോള്‍   മനസുകൊണ്ട് വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടി കുടയില്ലാതെ പോവുന്നു. എന്റെ കൈയ്യില്‍ കുടയുണ്ട്. കുറേദൂരം മുന്നോട്ടോടിച്ചെന്നു  കുടയില്‍ കയറുന്നോ എന്നു ചോദിച്ചു, നല്ല മഴയായതിനാല്‍ അവള്‍ കുടയില്‍ കയറി. ആ മഴയത്തു അവളെയും കുടക്കീഴില്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് ആ വരമ്പു നീളെ മഴയത്തു കൂടി നടന്നു. എന്‍. കെ. ദേശത്തിന്റെ മഴ എന്ന ഒരു  കവിതയുണ്ട്.

''കമ്പികള്‍ മുറുകിയ കുടമേലാര്‍ദ്രാഗുംലി തുമ്പിനാല്‍ വര്‍ഷാലക്ഷ്മി മീട്ടിടും ദ്രുതതാളം'' എന്ന് അന്നവളെയും കുടക്കീഴില്‍ ചേര്‍ത്തു പിടിച്ചു നടക്കുമ്പോള്‍ മനസ്സില്‍ പെയ്തു നിറഞ്ഞു ആ വരികള്‍. പിന്നീട് വെട്ടം എന്ന സിനിമയക്കു വേണ്ടി പ്രിയദര്‍ശന്‍ പറഞ്ഞ ഗാനസന്ദര്‍ഭത്തിനനുസരിച്ചു ''മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി'' എന്നെഴുതുമ്പോഴും ഈ കവിത മനസ്സിലുണ്ടായിരുന്നു. ജീവിതത്തിന്റെ വഴിയില്‍ വച്ചെവിടെയോ കണ്ടുമുട്ടിയ പെണ്‍കുട്ടി, ജീവിതത്തിന്റെ ഭാഗമായിത്തീരുമെന്നു കരുതിയിരുന്നവളെ മനസ്സില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ കുടയിലോടിക്കയറിയ പെണ്‍കുട്ടിയെ ഓര്‍ത്തിരുന്നു. കുറേദൂരം ഒരുമിച്ചു നടന്നു പിരിഞ്ഞു പോകുമ്പോഴുള്ള വികാരം ആ പാട്ടിലുണ്ട്. നാടന്‍ വാക്കുകള്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ഒരു രചനയാണ് അതില്‍ സ്വീകരിച്ചതും.

വല്ലാതെ സ്പര്‍ശിച്ച വരികള്‍

പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം... ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു, വീണുടഞ്ഞു... അന്നും ഇന്നും ഓര്‍മ്മയിൽ നനവാര്‍ന്ന മധുര സ്മരണയാണീ പാട്ട്. പുല്ലിന്റെ തുമ്പിലെ ഊറി നില്‍ക്കുന്ന മഞ്ഞു തുള്ളിയിലേക്ക് ഒരു പ്രപഞ്ചത്തിന്റെ മുഴുവന്‍ സൗന്ദര്യവും കൂടി ചേര്‍ന്നു വന്നു പുഞ്ചിരിച്ചാല്‍... അതിന്റെ ഭാരം താങ്ങാനാവാതെ ലോകത്തിന്റെ മുഴുവന്‍ സൗന്ദര്യവും സ്‌നേഹവും ഏറ്റു വാങ്ങാന്‍ കഴിയാതെ പോകുന്ന ദുര്‍ബലമായ അവസ്ഥയില്‍ മണ്ണിലേക്കു വീണുടയുന്ന മഞ്ഞു തുള്ളിയെക്കുറിച്ച് എഴുതിയ കാവാലത്തിന്റെ വരികള്‍ വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചിട്ടുണ്ട്. സംഗീതം നല്‍കിയ ദേവരാജന്‍ മാസ്റ്ററും പാട്ടിനെ മനോഹരമാക്കി. മരണം വരെ ഓര്‍ത്തിരിക്കേണ്ട വരികളുണ്ട്. ആത്മ വിദ്യാലയമേ എന്ന പാട്ട് ഉദാഹരണമാണ്. തിലകം ചാര്‍ത്തി ചീകിയുമഴകായ് പലനാള്‍ പോറ്റിയ പുണ്യശിരസ്സേ... ഉലകം വെല്ലാന്‍ ഉഴറിയ നീയോ... വില പിടിയാത്തൊരു തലയോടായി. ദിവസവും ആ പാട്ട് കേള്‍ക്കുന്നതു തന്നെ ജീവിത്തതെക്കുറിച്ചൊരു അവബോധമുണ്ടാക്കിത്തരും.

പഴയ പാട്ടുകള്‍ തന്നെയാണ് എപ്പോഴും കേള്‍ക്കാനിഷ്ടം. പുതിയ പാട്ടുകള്‍ തൊലിപ്പുറമേ ഒന്നിക്കിളിപ്പെടുത്തി പോവാറേയുള്ളൂ. വളരെ അപൂര്‍വ്വം ചില പാട്ടുകള്‍ താത്പര്യത്തോടെ കേള്‍ക്കാറുണ്ട്. ഇഷ്ടപ്പെടാറുണ്ട്. ജീവിതത്തിലെ സങ്കടം, സന്തോഷം, നിരാശ, ഏകാന്തത, ദുഖം ഏതു സന്ദര്‍ഭത്തിലും പഴയ  പാട്ടുകള്‍ തന്നെയാണ് മനസ്സിലേയ്ക്കു വരുന്നത്.

പുലരിപ്പൂപോലെ ചിരിച്ചും...

സമീപകാലത്തെ പാട്ടുകളില്‍ ഇഷ്ടം തോന്നിയത് ഗാനരചനയ്ക്കു സംസ്ഥാന പുരസ്‌ക്കാരം നേടിയ സുജേഷ്ഹരി എഴുതിയ പാട്ടാണ്. പുലരിപ്പൂപോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റു വിതച്ചും നീയെന്റെ കൂടെച്ചേര്‍ന്നു കളിച്ചു നടന്നില്ലേ... അടുത്ത കാലത്തു വളരെ നന്നായി ആസ്വദിച്ച പാട്ടാണത്. വളരെയധികം കഴിവുള്ള നല്ല സംഗീത അവബോധമുള്ള സംഗീതസംവിധായകനാണ് ഈ പാട്ടിന് ഈണം പകർന്ന വിശ്വജിത്ത്. എന്റെയൊരു പാട്ട് വിശ്വജിത്ത് നേരത്തെ ഈണം ചെയ്തിട്ടുണ്ട്. രവീന്ദ്രന്‍ മാഷിനെപ്പോലെയും എം.ജി രാധാകൃഷ്ണന്‍ ചേട്ടനെപ്പോലെയൊക്കെ വളര്‍ന്നു വരാന്‍ സാധ്യതയുള്ളയാളാണ്. പാട്ടെഴുതിയ സുജേഷ് ഹരിയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടയാള്‍ തന്നെ.

കുട്ടനാടിന്റെ പാട്ടുകള്‍

ഞാന്‍ ജീവിച്ച സാഹചര്യവും ഭാഷയും എല്ലാം ചേര്‍ന്നു നില്‍ക്കുന്നതു ‘കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ’ എന്ന പാട്ടിലാണ്. ഓരോ വരിയിലും കുട്ടനാടുമായി ബന്ധപ്പെട്ട ബിംബങ്ങളാണ്. കേരനിരകളാടും എന്ന പാട്ടെഴുതാന്‍ വിളിച്ചപ്പോള്‍ സംവിധായകന്‍ സിബിമലയില്‍ പറഞ്ഞത്, കുട്ടനാടാണ് കഥ നടക്കുന്നത് . കുട്ടനാടിന്റെ സൗന്ദര്യത്തെക്കുറിച്ചു കുട്ടനാടുകാരനായ താങ്കള്‍ എങ്ങനെ പറയും. നന്നായി എഴുതിയാല്‍ താങ്കള്‍ കുട്ടനാട്ടുകാരനാണ്, കുട്ടനാടിനെക്കുറിച്ചു നല്ലൊരു പാട്ടെഴുതി എന്ന് ആള്‍ക്കാര്‍ പറയും. മോശമായി എഴുതിയാല്‍ താങ്കള്‍ കുട്ടനാട്ടുകാരനായിട്ടും നല്ലൊരു പാട്ടെഴുതാന്‍ കഴിഞ്ഞില്ല എന്നും ആളുകൾ പറയും. അത് എനിക്കൊരു വാശിയായിരുന്നു. നല്ലൊരു പാട്ടെഴുതണമെന്ന് ഉദ്ദേശിച്ച് ബുദ്ധിമുട്ടി തന്നെയാണ് ആ പാട്ട് എഴുതിയിട്ടുള്ളത്.

കേരനിരകളാടും എന്ന പാട്ട് വളരെ അഭിനന്ദനങ്ങള്‍ നേടിത്തന്നു. അത് എന്റെ കൈ വിട്ടു പോയി എന്നു പറയുന്ന അവസ്ഥയാണ്. ടൈറ്റില്‍ സോങ്ങായാണ് ‘ജലോത്സവം’ എന്ന സിനിമയില്‍ പാട്ട് ഉപയോഗിച്ചത്. സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് ഒമ്പതോളം ഈണങ്ങള്‍ കേള്‍പ്പിച്ചിരുന്നു. സംവിധായകന്‍ സിബി മലയില്‍ സെലക്ട് ചെയ്ത ട്യൂണാണിത്. എനിക്കും ഇഷ്ടം തോന്നിയ ട്യൂണ്‍ ഇതു തന്നെയായിരുന്നു. പാട്ട് സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. പാട്ടിന്റെ പകുതി മാത്രമേ സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളൂ. പകുതി മാത്രം സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അവാര്‍ഡിനു പോലും പരിഗണിക്കില്ല. പാട്ടിനു വേറെ ദൃശ്യങ്ങള്‍ ആളുകള്‍ ഷൂട്ട് ചെയ്തു ചേര്‍ത്തു. സിനിമയിലെ ദൃശ്യങ്ങള്‍ തന്നെ ഉപയോഗിച്ച് പല ചാനലുകളിലും വന്നു. മലയാളികളുള്ളിടത്തൊക്കെ കേരളീയ നൃത്തത്തിന്റെ അകമ്പടിയോടെ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കേരളപ്പിറവി ദിനങ്ങളിലും മലയാളത്തിലുണ്ടായിട്ടുള്ള പത്തു പാട്ടുകളിലൊന്നായി തിരഞ്ഞെടുക്കപ്പെടാറുണ്ട്. കുട്ടനാട് പാക്കേജിന്റെ ഉദ്ഘാടനം അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ നിര്‍വ്വഹിക്കുമ്പോള്‍ പശ്ചാചത്തലത്തില്‍ ഇട്ടിരുന്നത് ഈ ഗാനമാണ്. ഇത്തവണ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സത്യപ്രതിജഞക്ക് തൊട്ടുമുമ്പ് കേള്‍പ്പിച്ചതും ഈ ഗാനമാണ്. അങ്ങനെ കേരളത്തിന്റെ ഒരു ഐക്കണായി ഈ ഗാനം മാറി.      

കിളിച്ചുണ്ടന്‍ മാമ്പഴം

എന്റെ ഒരു സിനിമയുടെ കഥാ ചര്‍ച്ചായി ഗുഡ്‌നൈറ്റ് മോഹനോടൊപ്പമാണ് പ്രിയദര്‍ശനെ കണ്ടത്. ഭാസ്‌ക്കരന്‍ മാഷുടെയും വയലാറിന്റെയും പാട്ടുകളെക്കുറിച്ചൊക്കെ പറഞ്ഞിരിക്കുന്നതിനിടയില്‍ പെട്ടന്നാണ് അടുത്ത പടത്തില്‍ ഇയാള്‍ പാട്ടെഴുതും എന്നു പ്രിയദര്‍ശന്‍ പറയുന്നത്. ഞാനത് തമാശയായാണ് കണക്കാക്കിയത്. പടം തുടങ്ങുമ്പോള്‍ പക്ഷേ അദ്ദേഹം എന്നെ വിളിച്ച് എഴുതാനാവശ്യപ്പെട്ടു.

വിദ്യാസാഗറാണ് കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ സംഗീതസംവിധാനം. ഞാന്‍ ജീവിതത്തിലാദ്യമായി പാട്ടെഴുതാന്‍ വരുന്നയാളും. പ്രിയദര്‍ശനാണ് സംവിധായകന്‍.  മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമ, അറിയപ്പെടുന്ന ആരെങ്കിലും പാട്ട് എഴുതണം എന്ന് വിദ്യാസാഗറിനുണ്ടായിരുന്നു. ഒഴിവാക്കാനും വയ്യ നിഷേധിക്കാനും വയ്യ. ഞാന്‍ തന്നെ സ്വയം ഇട്ടിട്ടു പൊയ്‌ക്കോട്ടെ എന്നു വിചാരിച്ചാണ് വളരെ പ്രയാസകരമായ ട്യൂണ്‍ ഇട്ടു തന്നത്. അത് അദ്ദേഹം തന്നെ എന്നോട് പിന്നെ പറയുകയും ചെയ്തു. ട്യൂണ്‍ കേട്ടപ്പോള്‍ എഴുതി ഫലിപ്പിക്കണമെന്ന് എനിക്കും വാശി തോന്നി. കഥാ സന്ദര്‍ഭത്തിനനുസരിച്ചു തന്നെ ട്യൂണിനുള്ളില്‍

ഒന്നാംകിളി പൊന്നാണ്‍കിളി വന്നാണ്‍ കിളി മാവിന്‍മേല്‍ രണ്ടാം കിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോള്‍ മൂന്നാംകിളി നാലാംകിളി എണ്ണാതതിലേറെക്കിളി അങ്ങൊടു കൊത്തിങ്ങടു കൊത്തായ്.. എന്ന് എഴുതാന്‍ കഴിഞ്ഞു. ആ പാട്ടിഷ്ടമായപ്പോള്‍ അടുത്ത ഗാനം എഴുതി ട്യൂണ്‍ ചെയ്യാമെന്നായി വിദ്യാസാഗര്‍. അങ്ങനെ നിറഞ്ഞ മനസ്സോടെ എഴുതി ട്യൂണ്‍ ചെയ്ത പാട്ടാണ് ‘കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട് പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തി’ എന്ന ഗാനം. സന്ദര്‍ഭത്തിനനുസരിച്ചു ട്യൂണിട്ടു കിട്ടുമ്പോള്‍ പാട്ടെഴുത്തില്‍ ക്രിയാത്മകമായ ആനന്ദമൊന്നും ഉണ്ടാവാറില്ല. എന്റെ പാട്ടുകളില്‍ രണ്ടോ മൂന്നോ എണ്ണം മാത്രമേ എഴുതി ട്യൂണ്‍ ചെയ്തിട്ടുള്ളൂ.  

സിനിമ തന്ന സ്‌നേഹ ബന്ധങ്ങള്‍

സിനിമാരംഗത്ത് ഏറ്റവും സ്‌നേഹവും കടപ്പാടും തോന്നിയിട്ടുള്ള ഒരാള്‍ സംവിധായകന്‍ ഭരതേട്ടനാണ്. എന്റെ ഒരു തിരക്കഥ അദ്ദേഹം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ദാസരി നാരായണ റാവുവിന്റെ സൂര്യഗാഡു എന്ന ചിത്രം സ്വതന്ത്രമായി വേറൊരു തരത്തില്‍ ചെയ്യാനായിരുന്നു തീരുമാനം. അവസാനം കഥ കേരള പശ്ചാത്തലത്തില്‍ ശ്രദ്ധിക്കപ്പെടില്ലെന്നു പറഞ്ഞ് ചിലര്‍ വിമര്‍ശിച്ചതിനാല്‍ നടന്നില്ല. ഉടനെ തന്നെ ഭരതേട്ടന്‍ ‘ചമയം ’എന്ന പ്രൊജക്ട് തീരുമാനിച്ചപ്പോള്‍ എനിക്കു നാടക പശ്ചാത്തലമുള്ളതിനാല്‍ കൂടെ നിര്‍ത്തി. അങ്ങേയറ്റം ആത്മാര്‍ത്ഥമായ സ്‌നേഹം പകര്‍ന്നൊരാളാണ്. അവസാന കാലത്തും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

സംവിധായകന്‍ ടികെ. രാജീവ്കുമാറും പ്രിയദര്‍ശനുമെല്ലാം ഏറെ സ്‌നേഹത്തോടെ മാത്രം ഇടപെടുന്നവരാണ്. സംവിധായകര്‍ പൊതുവേ പാട്ടെഴുത്തുകാരുടെ പ്രതിഫലകാര്യത്തിലൊന്നും ഇടപെടാറില്ലെങ്കിലും ഇത്ര രൂപ കൊടുക്കണം എന്നു പറയുകയും അത് കൊടുത്തു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും ടി.കെ.രാജീവ് കുമാര്‍. മനുഷ്യത്വം സിനിമ രംഗത്ത് കണികാണാനില്ലാത്ത സംഗതിയാണെങ്കിലും അത് വളരെ കൂടുതലുള്ള ഒരാളാണ് രാജീവ് കുമാര്‍.

നാടകവും സിനിമയും

നാടകരംഗത്തു പ്രവര്‍ത്തിക്കുന്ന അത്രയും സംതൃപ്തി സിനിമയില്‍ നിന്നും കിട്ടില്ല. പക്ഷേ സിനിമ പ്രശസ്തിയും പണവും തരും. സിനിമ രേഖപ്പെടുത്തിവയ്ക്കുകയാണല്ലോ, കാലങ്ങള്‍കഴിഞ്ഞാലും കാണാന്‍ പറ്റും. നാടകം പ്രസംഗം പോലെയാണ്. അപ്പോള്‍ തന്നെ വായുവില്‍ ലയിച്ചു പോവും. എന്നാല്‍ സിനിമ ഒരു ബിസിനസ് കൂടിയായതിനാല്‍ പ്രതിഫലവും കിട്ടും. ഞാന്‍ പക്ഷേ  പ്രതിഫലം  ചോദിച്ചു വാങ്ങാറില്ല, അന്നുമില്ല ഇന്നുമില്ല. എന്തു തരുന്നോ അത് വാങ്ങിക്കും. കിട്ടാതെയിരിക്കുന്ന അവസ്ഥയുമുണ്ടാവും. എനിക്ക് ഒരുപാട് പ്രശസ്തിയുണ്ടാക്കി തന്ന പാട്ടുള്ള സിനിമക്കായി ഞാന്‍ പാട്ടെഴുതി രാവിലെ എണീറ്റു നോക്കുമ്പോള്‍ എല്ലാവരും ഹോട്ടല്‍ വിട്ടു പോയിട്ടുണ്ട്. താമസിച്ച ഹോട്ടലില്‍ എന്നെ പിടിച്ചു വയ്ക്കുമെന്ന അവസ്ഥയായി. അവസാനം പലരെയും വിളിച്ചു, അവര്‍ പറഞ്ഞതിന്റെ ജാമ്യത്തിലാണ് എന്നെ പുറത്തു വിടുന്നത്. എന്റെ ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി വണ്ടിക്കൂലി വാങ്ങിയാണ് ഞാന്‍ തിരിച്ചു പോന്നത്. അങ്ങനെ പാട്ടെഴുതാന്‍ പോയി അഞ്ചു പൈസ കിട്ടാതെ പോന്ന അനുഭവങ്ങളുമുണ്ട്. ആ പാട്ട് ഹിറ്റായി എന്നത് എന്റെ ഭാഗ്യം. സിനിമയില്‍ ഏറ്റവും ആദ്യം പണം കൊടുത്തു പിരിച്ചു വിടുന്നത് പാട്ടെഴുത്തുകാരനെയാണ്. എല്ലായിടത്തും പൈസ പിശുക്കി ചെലവാക്കണം എന്ന ആദര്‍ശത്തിലായിരിക്കും പടം തുടങ്ങുന്നത്. അത് ആദ്യം പ്രയോഗിക്കുന്നത് പാട്ടെഴുത്തുകാരന്റെ മേലാണ്.

രോഗാവസ്ഥയിലും ചികിത്സക്കും താങ്ങായി പലരുമെത്തി. വൃക്ക രോഗവുമായി ബന്ധപ്പെട്ട ചികിത്സയും ശസ്ത്രക്രിയയും നടക്കുന്ന സമയത്തു ഞാനറിയാതെ തന്നെ പണം തന്നു പോയവരുണ്ട്. കണക്കു പറഞ്ഞു പ്രതിഫലം വാങ്ങുന്ന ഒരാളല്ലാത്തതുകൊണ്ടും പണത്തിന്റെ പേരില്‍ ബന്ധങ്ങള്‍ കണക്കാക്കുന്ന ഒരാളല്ലാത്തതു കൊണ്ടും പലരും ആ സമയത്ത് അറിഞ്ഞു സഹായിച്ചു.

എഴുത്തു സജീവം

എഴുത്തു സജീവമായുണ്ട്. നാലഞ്ചു തിരക്കഥകള്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും എപ്പോള്‍ നടക്കുമെന്ന് അറിയില്ല. ഷഡ്കാല ഗോവിന്ദമാരാരുടെ കഥ മോഹന്‍ലാല്‍ ചെയ്യുമെന്നു പറഞ്ഞു വാര്‍ത്തയായെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ മുടങ്ങിക്കിടപ്പാണ്. അടുത്തിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി പ്രസിദ്ധികരണത്തിനയച്ചിട്ടുണ്ട്. ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’ എന്ന ചിത്രത്തിലാണ് പുതിയ പാട്ടുള്ളത്. രമേശ് നാരായണനാണ് സംഗീതസംവിധാനം. അറിയുന്നൊരാളുടെ കൈ തലോടല്‍ സുഖമല്ലേ... അല്ലേ അല്ലേ എന്നു ചോദിക്കുന്നൊരു പാട്ടാണ്. കരുതുന്നൊരാളുടെ മെയ് തലോടല്‍ സുഖമല്ലേ.. അല്ലേ എന്നു സ്‌നേഹത്തോടെ തുടങ്ങുന്ന ഒരു പാട്ടാണത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA