‘അനിയത്തിപ്രാവിൽ ‘ഓ പ്രിയേ’ വന്നപ്പോൾ പൊന്നു പോലെ ചെയ്ത പാട്ട് പുറത്തായി’; വീണ്ടെടുപ്പിന്റെ കഥ പറഞ്ഞ് ഔസേപ്പച്ചൻ

aniyathipravu-ouseppachan
SHARE

യുവത്വം ആഘോഷമാക്കിയ, ക്യാംപസുകളിലെ പ്രണയികൾ നെഞ്ചേറ്റിയ ഒരു സിനിമാ ഗാനം. ആ ഗാനത്തിനായി വഴിയൊഴിഞ്ഞു കൊടുക്കേണ്ടി വന്നതോടെ ചിത്രത്തിന്റെ പടിക്കുപുറത്തായിപ്പോയ മറ്റൊരു ഗാനം. ഓഡിയോ കസെറ്റിൽപ്പോലും ഇടം പിടിക്കാതെ പോയ, വിസ്മൃതിയുടെ ഇരുണ്ട മൂലയിലെവിടെയോ ആരുമറിയാതെ കിടന്ന, സ്രഷ്ടാക്കളും ഗായകരുമല്ലാതെ മറ്റാരും കേൾക്കാതെ പോയ ആ ഗാനത്തിന് ഒരു പുനർജനി. 23 വർഷങ്ങൾക്കു ശേഷം.. ചിത്രമിറങ്ങി രണ്ടു പതിറ്റാണ്ടിനു ശേഷം അതിലെ പാട്ടു റിലീസ് ചെയ്യുക എന്ന അത്യപൂർവത മലയാളത്തിനു സമ്മാനിച്ചതാകട്ടെ 1997ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം, ‘അനിയത്തിപ്രാവ്’. സൂപ്പർഹിറ്റായ ‘ഓ പ്രിയേ...പ്രിയേ നിനക്കൊരു ഗാനം’ എന്ന ഗാനത്തിനായി വഴിമാറേണ്ടി വന്ന ‘തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം’ എന്ന ശോകഗാനത്തിന്റെ പുനർജൻമത്തിനു വഴിയൊരുക്കിയതു രചയിതാവിന്റെ വേർപാടെന്നതു മറ്റൊരു ആകസ്മികത. ചിത്രത്തിന്റെ ഗാനരചയിതാവായ എസ്.രമേശൻ നായർക്കു മരണാനന്തരമുള്ള ആദരമായി ആ ഗാനം പങ്കുവച്ച സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഓർത്തെടുക്കുന്നു, രണ്ടു ഗാനങ്ങളുടെയും പിറവിക്കു പിന്നിലെ കഥ. 

വേണം, അഞ്ച് പാട്ടുകൾ

അനിയത്തിപ്രാവിലെ ഗാനങ്ങളുടെ റിക്കോർഡിങ് ചെന്നൈയിൽ പൂർത്തിയായിരുന്നു, ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു മാസം മുൻപേ തന്നെ. 5 പാട്ടുകളാണു ചിത്രത്തിനു വേണ്ടതെന്നു ഫാസിൽ  മുൻകൂട്ടി പറഞ്ഞു. ആ അഞ്ചിൽ, അവസാനം ചെയ്ത പാട്ടാണു ‘തേങ്ങുമീ വീണയിൽ’. ഫാസിൽ ചിത്രങ്ങളിൽ പാട്ടുകൾക്കുള്ള പ്രാധാന്യം അറിയാവുന്നതിനാൽ വളരെ നേരമെടുത്തും ഏറെ കഠിനാധ്വാനം ചെയ്തുമാണു  ഗാനങ്ങളെല്ലാം കംപോസ് ചെയ്തത്. ചിത്രത്തിലെ നിർണായക വഴിത്തിരിവിലുള്ള ആ ഗാനമാകട്ടെ ഒട്ടേറെപ്പേരെക്കൊണ്ടു ട്രാക്ക് പാടിച്ചു നോക്കുകയും ചെയ്തു. പുതിയ ഒരു ശബ്ദം കിട്ടിയാലോ എന്നായിരുന്നു ചിന്ത. ഒടുവിൽ യേശുദാസും ചിത്രയും തന്നെ ആ ഗാനം പാടി. എല്ലാവർക്കും നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. പാട്ടെല്ലാം പൂർത്തിയാക്കി മടങ്ങിയ ശേഷം, ഷൂട്ടിങ് തുടങ്ങാൻ കേവലം ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഫാസിലിന്റെ കോൾ. ചിത്രത്തിനായി ആറാമത് ഒരു പാട്ടു കൂടി ചെയ്യണം! ആദ്യം ഒന്നമ്പരന്നെങ്കിലും വലിയ സന്തോഷമായി. കാരണം ചിത്രത്തിൽ പാട്ടുകൾക്ക് അത്രയേറെ പ്രാധാന്യം ഉണ്ടെന്നുറപ്പായല്ലോ. പിറ്റേന്നു തന്നെ ചെന്നൈയ്ക്കു വണ്ടി കയറി.

ഒരു മിനിറ്റിൽ പ്രണയഗീതം

ചെന്നൈയിൽ ഫാസിലിന്റെ ഓഫിസിലേക്കാണു ചെന്നത്. രാവിലെ അവിടെയെത്തിയപ്പോൾ എസ്.രമേശൻ നായർ ഒരു തുണ്ടു കടലാസിൽ കുറിച്ചിട്ട രണ്ടു വരി ഫാസിൽ കയ്യിൽത്തന്നു. ‘ഓ.. പ്രിയേ.. പ്രിയേ നിനക്കൊരു ഗാനം’. പതിവില്ലാത്ത രീതിയിലുള്ള തുടക്കം കണ്ടു കൗതുകം തോന്നി. ‘കൊള്ളാമല്ലോ ആറാമത്തെ പാട്ട്’ എന്നു ചിന്തിച്ചിരുന്നപ്പോൾ ഫാസിലിന്റെ ആവശ്യം, ‘ഇപ്പോത്തന്നെ ഇതൊന്നു മൂളിയേ..കേൾക്കട്ടെ’. അൽപം പോലും ആലോചിക്കാതെയാണു മൂളിയത്. അതു തന്നെ ഫാസിലിനിഷ്ടപ്പെട്ടു. ‘ഇതാണ്, ഇതാണു നമ്മുടെ പാട്ട്’ എന്നായി കക്ഷി. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ബാക്കിയുള്ള രണ്ടു വരികൾ ഞൊടിയിടയിൽ രമേശൻ നായർ എഴുതിത്തരുന്നു. അപ്പോൾത്തന്നെ അതും ട്യൂൺ ചെയ്തു കൈമാറുന്നു. പല്ലവിയുടെ ബാക്കി ഭാഗം മൂളിക്കൊടുക്കുന്നു. ഈണത്തിനു ചേരുന്ന വാക്കുകളും വരികളും രമേശൻ നായർ അപ്പപ്പോൾത്തന്നെ കുറിച്ചു തരുന്നു. അങ്ങനെ കഷണം കഷണമായി ആ ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും പൂർത്തിയായി. ചരണമാകട്ടെ  ഒറ്റയിരുപ്പിന് ഈണമിട്ടു നൽകിയ ശേഷം ഒന്നിച്ചെഴുതുകയായിരുന്നു. ഏതായാലും ആ ദിവസം അവസാനിക്കും മുൻപുതന്നെ തിരുത്തുകളെല്ലാം വരുത്തി ഗാനം പൂർണമായി.

yesudas-chithra
കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര

യാത്ര മുടങ്ങി, ദാസേട്ടനെത്തി 

പ്രോഗ്രാമിങ്ങും ഓർക്കസ്ട്രേഷനും കഴിഞ്ഞപ്പോൾത്തന്നെ എല്ലാവർക്കും പാട്ടിഷ്ടപ്പെട്ടു. തെലുങ്കിലെ പ്രശസ്തനായ മണി ശർമ എന്ന സംഗീത സംവിധായകനാണു പാട്ടിനു കീ ബോർ‍ഡ് വായിച്ചത്. ട്രാക്ക് പാടി റെക്കോഡ് ചെയ്തു കഴിഞ്ഞയുടൻ യേശുദാസിനെ വിവരം അറിയിച്ചു. എന്നാൽ, റിക്കോർഡിങ്ങിനു നിശ്ചയിച്ച ദിവസം യുഎസിലേക്കു പോവാൻ ടിക്കറ്റെടുത്തിരിക്കയാണെന്നായി ദാസേട്ടന്‍. ‘ഒരു കാര്യം ചെയ്യാം, ഫാസിൽ ട്രാക്കെന്റെ കയ്യിൽ തന്നേക്കൂ, കയ്യോടെ ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം, അവിടെ പാടി ഉടൻ തിരിച്ചയയ്ക്കാം’ എന്നു കൂടി പറഞ്ഞു. ഇതു കേട്ടതും ഫാസിൽ ആകെ നിരാശയിലായി. ഈ പാട്ടു പാടി റിക്കോർഡ് ചെയ്യുന്നതു നേരിട്ടു കേൾക്കണമെന്ന ആശയിൽ കാത്തിരുന്നതാണ്. പാട്ട് അത്രയ്ക്കിഷ്ടപ്പെട്ടെന്നതു തന്നെ കാരണം. ദാസേട്ടനൊപ്പം ഇരുന്ന്, പാടുന്നതു കേട്ടു റിക്കോർഡു ചെയ്യുമ്പോഴുള്ള സുഖം അദ്ദേഹം അവിടെ നിന്നു പാടി അയച്ചാൽ കിട്ടുമോ എന്ന ആശങ്ക മറ്റുള്ളവരുടെയും മുഖത്ത്. ഇന്നത്തെപ്പോലുള്ള ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തിരുത്തുകളെന്തെങ്കിലും വേണ്ടി വന്നാൽ വൻ പണിയാകും എന്നതും നിരാശ വർധിപ്പിച്ചു. എന്നാൽ, മറ്റു വഴിയില്ലാത്തതിനാൽ മനസ്സില്ലാ മനസ്സോടെ ഫാസിൽ സമ്മതം മൂളി. 

പക്ഷേ, ഒരു ദിവസം രാവിലെ ട്രാക്കുമായി പോയ ദാസേട്ടൻ ഉച്ചയോടെ വിളിച്ചു. ‘അതേ, ആ റിക്കോർഡിങ് നമുക്കിവിടെ ചെയ്യാം കേട്ടോ, ഞാൻ രണ്ടു ദിവസത്തേക്കു യാത്ര മാറ്റിവച്ചു. അതിവിടെത്തന്നെ പാടീട്ടു ഞാനങ്ങു പോയേക്കാം’, ഇതായിരുന്നു ആ ഫോൺ വിളിയുടെ ചുരുക്കം. എവിഎമ്മിലായിരുന്നു റിക്കോർഡിങ്. ദാസേട്ടൻ പാടുന്നതു പുറത്തിരുന്നു കേൾക്കുന്ന സംവിധായകനുൾപ്പെടെയെല്ലാവരും ആ ലയത്തിലങ്ങനെ അലിഞ്ഞിരിക്കയാണ്. രണ്ടു ടേക്കിൽ പാട്ട് ഒാകെ. പാടിത്തീർത്തു വോയ്സ് ബൂത്തിനു പുറത്തിറങ്ങിയ ഉടൻ അതൊന്നു കേൾക്കട്ടെ എന്നായി ഗായകൻ. തിരക്കിട്ടു പോകാനെത്തിയ ആളാണ്. പാട്ടു മൊത്തം കേട്ട ശേഷം കമന്റ് ഇങ്ങനെ, ‘ഏതായാലും അമേരിക്കയ്ക്കു പോകാഞ്ഞതു നന്നായി. ഇത്ര നല്ലൊരു പാട്ട് ഇവിടെ പാടാനായില്ലേ’. അതോടെ എല്ലാവരുടെയും മനസ്സുനിറഞ്ഞു. 

ഞെട്ടിച്ച നിരാസം

ദാസേട്ടൻ സ്ഥലം വിട്ടതും ഫാസിൽ നയം വെളിപ്പെടുത്തി. ‘ഔസേപ്പച്ചാ തന്റെ തേങ്ങുമീ വീണയിലിനു പകരമാണു കേട്ടോ ഓ, പ്രിയേ’. രമേശൻ നായരും ഞാനും ഇരുന്നയിരുപ്പിൽ ഞെട്ടി. പൊന്നു പോലെ കണ്ടു ചെയ്ത പാട്ടാണ് ഒറ്റയടിക്കു പുറത്തായിരിക്കുന്നത്. ആ പാട്ടു ചെയ്തപ്പോൾ വേണ്ടി വന്ന ആത്മാർപ്പണവും കഷ്ടപ്പാടും കണക്കിലെടുക്കുമ്പോൾ ‘ഓ പ്രിയേ’ യാതൊരു പ്രയാസവുമില്ലാതെ സൃഷ്ടിച്ചത്. അങ്ങനെ ആകെ തകർന്നിരിക്കുമ്പോൾ ഫാസിൽ കാര്യങ്ങൾ വിശദീകരിച്ചു. ‘നമ്മുടെ ചിത്രത്തിന്റെ കഥാതന്തുവിൽ ഒരു മാറ്റം വേണ്ടി വന്നു. പാട്ടിന്റെ പ്ലേസ്മെന്റ് മാറി. അതാണ് ആ സന്ദർഭത്തിനു ചേരുന്ന പുതിയൊരു പാട്ടു ചെയ്തതിനു പിന്നിൽ. പിന്നെ ഇക്കാര്യം ആദ്യമേ പറയാഞ്ഞത്...അങ്ങനെ പറഞ്ഞാൽ നിങ്ങൾക്കിപ്പോൾ തോന്നിയ വിഷമം അപ്പോഴുമുണ്ടാകില്ലേ? അപ്പോപ്പിന്നെ ടെൻഷനായി, മെന്റൽ ബ്ലോക്ക് ആയി. പഴയതിനേക്കാൾ മികച്ച പാട്ടു ചെയ്യേണ്ടതിനെപ്പറ്റിയുള്ള ആകുലതകളായി, ആ കൺഫ്യൂഷൻ നമ്മുടെ പാട്ടിനെ ബാധിക്കും.’ ഫാസിലിന്റെ വിശദീകരണം തൃപ്തികരമായിരുന്നു. 

fazil-new
ഫാസിൽ

അങ്ങനെ ‘തേങ്ങുമീ വീണയിൽ’ ഇല്ലാതെ ചിത്രത്തിന്റെ ഓഡിയോ കസെറ്റിറങ്ങി. ‘ഓ പ്രിയേ’ ആരാധകർ ഏറ്റെടുത്തു.  പിന്നാലെ ചിത്രവും സൂപ്പർഹിറ്റ്. പടത്തിന്റെ വിജയത്തിന് ഏറ്റവും പിന്തുണ നൽകിയത് ആ ഗാനമായിരുന്നു എന്നു ചിത്രത്തിന്റെ നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ ഉൾപ്പെടെ എന്നോടു പറഞ്ഞു. എന്നാൽ, ‘തേങ്ങുമീ വീണയിൽ’ ആ വിജയാഹ്ലാദത്തിന്റെ അലകളിൽ മറഞ്ഞു. ഈണമിട്ട ഞാൻ പോലും അങ്ങനെയൊരു പാട്ടിനെ ഓർക്കാതായി എന്നതാണു സത്യം.

അമ്പരപ്പിച്ച കണ്ടെത്തൽ    

  

ആ ഗാനത്തിന്റെ ഒരു കോപ്പി പോലും ആരുമെടുത്തു വച്ചിരുന്നില്ല. അതിനു ശേഷം ഏറെ ചിത്രങ്ങൾ ചെയ്തപ്പോഴും, ‘ആ ഗാനം ഇതിൽ ഉപയോഗിക്കാമല്ലോ’ എന്ന ചിന്ത പോലും ഉണ്ടായില്ല. എന്നാൽ വർഷങ്ങൾക്കു ശേഷം ആ ഗാനം മറവിയുടെ അടിത്തട്ടിൽനിന്ന് ഓർമപ്പരപ്പിനു മുകളിലേക്കു പൊന്തി വന്നു. അമ്പരപ്പിക്കുന്ന ആ കണ്ടെത്തലിനു വഴിയൊരുക്കിയത് ആരാധകനും എന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നയാളുമായ സന്ദീപാണ്. ‘സാറിന്റെ പഴയ പാട്ടുകളുടെ റെക്കോഡിങ് ഉണ്ടെങ്കിൽ അതു തന്നാൽ എല്ലാം ഒന്നു വൃത്തിയാക്കി വയ്ക്കാമായിരുന്നു’ എന്ന നിർദേശവുമായാണ് ഒരിക്കൽ സന്ദീപ് എത്തിയത്. 

പഴയ കസെറ്റുകളിൽ ഭൂരിഭാഗവും ദ്രവിച്ചു പോയിരുന്നു. ചെന്നൈയിലെ വെള്ളപ്പൊക്കത്തിലും കുറെയേറെയെണ്ണം നശിച്ചു പോയി. തേഞ്ഞും ദ്രവിച്ചും പോയവയുടെ ഇടയിൽ നിന്നു തപ്പിയെടുത്ത 75 കസെറ്റുകൾ സന്ദീപിനു കൈമാറുമ്പോൾ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ദിവസങ്ങൾക്കു ശേഷം സന്ദീപ് വിളിച്ചതു വലിയ അതിശയത്തിലാണ്, ‘ സാർ, ഈ തേങ്ങുമീ വീണയിൽ കൊള്ളാമല്ലോ, ഇതെപ്പോ ചെയ്തതാ’. ആ പാട്ടിന്റെ വഴി പറഞ്ഞപ്പോൾ ‘ഇതു നമുക്കു വീണ്ടും റിലീസ് ചെയ്തൂടെ’ എന്നായി കക്ഷി. എന്നാൽ ഫാസിലിന്റെ പടത്തിൽ ഉപയോഗിക്കാത്ത പാട്ടു വീണ്ടും റിലീസ് ചെയ്യുന്നതിനോടു വിയോജിപ്പായിരുന്നു. അതു തുറന്നു പറയുകയും ചെയ്തു. അവിടെ തീരേണ്ടതാണ് ആ പാട്ട്. എന്നാൽ, വിധി മറിച്ചായിരുന്നു. 

s-rameshan-nair-2.jpg.image.845.440 (1)
എസ്.രമേശൻ നായർ

കവിയുടെ മരണം, പാട്ടിന്റെ പുനർജൻമം

 

എസ്.രമേശൻ നായരുടെ മരണം വലിയ വിഷമമായി. ആദരാഞ്ജലി അർപ്പിച്ചു സമൂഹമാധ്യമത്തിലിടാൻ രമേശൻ നായരെപ്പറ്റി രണ്ടു വരി എഴുതിത്തരാൻ സന്ദീപ് ആവശ്യപ്പെട്ടത് ആ സമയത്താണ്. അതു സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഒരു നിമിഷത്തിനു ശേഷം അവൻ വീണ്ടും പറഞ്ഞു. ‘സാർ, ഞാനൊരു സംഗതി അയച്ചു തരാം..സാറൊന്നു കേട്ടു നോക്ക്’. വൃത്തിയാക്കിയെടുത്ത കസെറ്റിൽ നിന്നു പകർത്തിയ ‘തേങ്ങുമീ വീണയിൽ’ ആയിരുന്നു അത്. കവിയുടെ മരണത്തിന്റെ സന്ദർഭത്തിൽ ആ പാട്ടു വീണ്ടും കേട്ടപ്പോൾ സത്യത്തിൽ ഹൃദയം പിടഞ്ഞു. വരികളിലെ വേദന മുഴുവൻ മനസ്സിൽ ഉറഞ്ഞു കൂടി കണ്ണു നിറഞ്ഞു. കവിക്ക് ഉചിതമായ ആദരാഞ്ജലി എന്ന രീതിയിൽ അത് അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്. പാട്ടു കേട്ട ഏറെപ്പേർ വിളിച്ചു. ചാക്കോച്ചന്റെ(കുഞ്ചാക്കോ ബോബൻ) ഫെയ്സ്ബുക് പേജിൽ അതു വന്നതോടെ പാട്ടിന് ആരാധകരേറി. അനിയത്തി പ്രാവിന്റെ ഗാനങ്ങള്‍ പുറത്തിറക്കിയ സർഗം ഓഡിയോസിൽ നിന്നു ഗാനങ്ങളുടെ അവകാശം പിന്നീടു സ്വന്തമാക്കിയ സത്യം ഓഡിയോസ് ഉടമകളും ഇതറിഞ്ഞു വിളിച്ചു. ആ ഗാനം അവരിലൂടെ പുറത്തിറക്കാൻ താൽപര്യമുണ്ടെന്നറിയിച്ചു. നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ കൂടി ഇതിനു സമ്മതം മൂളിയതോടെ പുതിയൊരു ചരിത്രമായി ആ പുനർജൻമം. രണ്ടു പതിറ്റാണ്ടു മുൻപു ‘തേങ്ങിയ വീണയിൽ വീണുറങ്ങിപ്പോയ’ ആ പാട്ടു വീണ്ടും ഉണരുകയാണ്, അനുവാചക ഹൃദയങ്ങളിലേക്ക്... അൽപം നേരം തെറ്റിയാണെങ്കിലും! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA