‘ആ പാട്ട് എന്തിനു ചെയ്തെന്ന് ചിലർക്ക് സംശയം തോന്നി, ഉത്തരം സിനിമയിലുണ്ട്’; ഷാൻ റഹ്മാൻ അഭിമുഖം

Saaras-shan
SHARE

ഷാൻ റഹ്മാൻ– വിനീത് ശ്രീനിവാസൻ, മലയാള സിനിമയിൽ പ്രത്യേകിച്ച് ആമുഖങ്ങൾ ആവശ്യമില്ലാത്ത ‘ഹിറ്റ്’ കൂട്ടുകെട്ടാണിത്. പോയ കാലത്ത് മലയാളി ഏറെ ഇഷ്ടത്തോടെ കണ്ടും കേട്ടുമിരുന്ന ചിത്രങ്ങളും പാട്ടുകളും പരിശോധിച്ചാൽ അതിൽ ഈ രണ്ടു പേരുകളും തെളിഞ്ഞുകാണാം. ‌സംഗീതസംവിധായകൻ ഷാൻ ആണെന്നു കേട്ടാൽ പാടാൻ വിനീത് ഉണ്ടാകുമെന്ന് ആരാധകർക്ക് ഉറപ്പാണ്. വിനീതിന്റെ പുതിയ പാട്ട് കേട്ടാൽ ഈണം നൽകിയതു ഷാൻ അല്ലേ എന്നാകും ആസ്വാദകരുടെ അടുത്ത ചോദ്യം. അങ്ങനെ പരസ്പരം പാടിയും പറഞ്ഞും ഇവർ രണ്ടു പേരും നടക്കാൻ തുടങ്ങിയിട്ട് വർഷം പന്ത്രണ്ട് പിന്നിടുന്നു. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഇപ്പോൾ പുറത്തിറങ്ങിയ ‘സാറാസി’ലും പതിവ് തെറ്റിയിട്ടില്ല.  ഇപ്പോൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വിശേഷങ്ങൾ ചോദിക്കുമ്പോൾ വിനീതിനെക്കുറിച്ചു മാത്രമല്ല, വിനീതിന്റെ ഭാര്യ ദിവ്യയെക്കുറിച്ചും പറയാനുണ്ട് ഷാൻ റഹ്മാന്. കാരണം, ഇത്തവണ ഷാനിന്റെ സംഗീതത്തിൽ‌ വിനീത് പാടിയപ്പോൾ കൂട്ടായി ദിവ്യയുമുണ്ടായിരുന്നു. പിന്നണിഗാനരംഗത്തേയ്ക്കുള്ള ദിവ്യയുടെ അരങ്ങേറ്റ ചിത്രമാണ് ‘സാറാസ്’. പുതിയ പാട്ട് വിശേഷങ്ങളുമായി ഷാൻ റഹ്മാൻ മനോരമ ഓൺലൈനിനൊപ്പം. 

പാട്ടുകൾക്കു മികച്ച സ്വീകര്യത

സാറാസിലെ പാട്ടുകൾക്ക് ഇതുവരെ വളരെ മികച്ച പ്രതികരണങ്ങളാണു കിട്ടിക്കൊണ്ടിരിക്കുന്നത്. മൂന്ന് പാട്ടുകളാണ് റിലീസ് ചെയ്തത്. അതിൽ എനിക്കു വ്യക്തിപരമായി ഇഷ്ടപ്പെട്ടത് വിനീതും ദിവ്യയും ചേർന്നു പാടിയ ‘വരവായ് നീ’ എന്ന ഗാനമാണ്. ദിവ്യയുടെ ആദ്യ പിന്നണി ഗാനമാണിത്. അതില്‍ എനിക്ക് ഒരുപാടൊരുപാട് സന്തോഷവുമുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം പാടിയത് സൂരജ് സന്തോഷാണ്. രണ്ടാമത്തേതാണ് വിനീതും ദിവ്യയും പാടിയത്. മൂന്നാമതൊരെണ്ണം ഞാൻ പാടി. പക്ഷേ അതിനു വരികൾ ഇല്ലെന്നു തന്നെ പറയാം. പാട്ടിറങ്ങിയപ്പോൾ എന്തുകൊണ്ടാണ് അത്തരത്തിലൊരു പാട്ട് ചെയ്തതെന്ന കാര്യത്തിൽ ആളുകൾക്കു ആശയക്കുഴപ്പം ഉണ്ടായിക്കാണും. പക്ഷേ, ചിത്രം റിലീസ് ചെയ്തപ്പോൾ അതിന്റെ ആവശ്യകത എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കാണും. പാട്ടുകൾക്കെല്ലാം മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം. 

 

ഞാനും അവനും

വിനീതും ഞാനും പാട്ടും സൗഹൃവുമൊക്കെ എല്ലാവർക്കും പൊതുവേ അറിയാവുന്ന കാര്യമാണ്. പലയിടത്തും ഞാൻ ഇക്കാര്യത്തെക്കുറിച്ചു സംസാരിച്ചിട്ടുമുണ്ട്. പത്തുപന്ത്രണ്ടു വർഷങ്ങൾക്കു മുൻപാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഞങ്ങളുടെ സൗഹൃദത്തെ വളർത്തിയത് സംഗീതം തന്നെയാണ്. വിനീതിന്റെ ചിത്രങ്ങള്‍ക്കു വേണ്ടി ഞാൻ പാട്ടുകളൊരുക്കി. എന്റെ പാട്ടുകൾ വിനീത് പാടി. ഞങ്ങൾ ജോലി സംബന്ധമായും വ്യക്തിപരമായും  പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണ്. പന്ത്രണ്ടു വർഷത്തെ സൗഹൃദം എന്നു പറയുമ്പോൾ ഊഹിക്കാമല്ലോ. അവിടുന്നിങ്ങോട്ട് വലിയൊരു യാത്രയായിരുന്നു. അന്ന് അവിവാഹിതരായിരുന്ന ഞങ്ങൾ പിന്നീടു വിവാഹിതരായി. ര‌ണ്ടുപേർക്കും കുട്ടികളുണ്ടായി. ഇതുവരെയുള്ള ഈ യാത്രയിൽ എപ്പോഴും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അത് വളരെ രസകരമായ അനുഭവങ്ങളും ഓർമകളുമൊക്കെയാണ്. ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ട്. വിനീതിന്റെ ‘ഹൃദയം’ എന്ന ചിത്രത്തിന്റെ ചില് രംഗങ്ങൾ എന്റെ ഫ്ലാറ്റിൽ വച്ചാണ് ഷൂട്ട് ചെയ്തത്. ചിത്രത്തിൽ കല്യാണിയുടേതായി കാണിച്ചിരിക്കുന്ന ഫ്ലാറ്റ് എന്റേതാണ്. അടുത്തിടെയും ഞങ്ങൾ പല  തവണ കണ്ടു. 

പാട്ടുകാരിയായെത്തിയ ദിവ്യ

ദിവ്യ എന്ന ഗായികയെക്കുറിച്ച് എനിക്കു വളരെ മികച്ച അഭിപ്രായമാണുള്ളത്. യഥാർഥത്തിൽ ദിവ്യ പരിശീലനം നേടിയിട്ടുള്ള ഒരു ഗായിക അല്ല. മറിച്ച്, പാട്ടുകൾ കേട്ട് കേട്ടു പഠിച്ച ആളാണ്. ഞാനും അങ്ങനെ തന്നെയാണ്. പാട്ടുകൾ കേട്ടാണ് ഞാൻ കമ്പോസിങ് തുടങ്ങിയത്. വർഷങ്ങൾക്കു മുന്‍പ് സംഗീതം ചെയ്യണമെന്ന ആഗ്രം തോന്നിയത് പാട്ട് പഠിച്ചതുകൊണ്ടല്ല. ഞാൻ പാട്ട് പഠിക്കാത്ത ആളാണ്. ദി‌വ്യ വളരെ ഭാവിയുള്ള ഒരു ഗായിക തന്നെയാണ്. ഇനിയും പാട്ടുകൾ പാടാൻ ദിവ്യ മുന്നോട്ടു വന്നാൽ തീർച്ചയായും നല്ലൊരു സംഗീതഭാവി ദിവ്യയെ കാത്തിരിക്കുന്നുണ്ട്. ദിവ്യയെക്കൊണ്ടു പാട്ട് പാടിപ്പിച്ചാലോ എന്ന കാര്യം വിനീതിനോട് അവതരിപ്പിച്ചത് സാറാസിന്റെ സംവിധായകൻ ജൂഡ് ആന്റണി ആണ്. മുൻപ് ഒരു സംഗീത വിഡിയോയിൽ വിനീത് ദിവ്യയെക്കൊണ്ടൊരു പാട്ട് പാടിപ്പിച്ചിരുന്നു. അത് കേട്ടിട്ടാണ് ജൂഡ് വിനീതിനെയും ദിവ്യയെയും കൊണ്ടു പാടിപ്പിക്കുന്ന ആശയം മുന്നോട്ടു വച്ചത്. കേട്ടപ്പോൾ വിനീത് വളരെ ആകാംക്ഷയോടെയാണു പ്രതികരിച്ചത്. വിനീതും ദിവ്യയും ചേർന്ന് വളരെ സന്തോഷത്തോടെ പാട്ട് പാടി. അത് മികച്ച രീതിയിൽ തന്നെ പൂർത്തിയാവുകയും ചെയ്തു. 

പാട്ടും കൂട്ടും

കൂട്ടുകെട്ടുകളിലൂടെ ഹിറ്റുകൾ സൃഷ്ടിക്കപ്പെടുന്നത് കാലാകാലങ്ങളായി മലയാളം സിനിമയിൽ നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ലാൽജോസ്–വിദ്യാസാഗർ, സത്യൻ അന്തിക്കാട്–ജോൺസൺ മാഷ്, ഔസേപ്പച്ചൻ സർ–ഫാസിൽ എന്നിങ്ങനെയുള്ള കൂട്ടുകെട്ടുകളില്‍ എത്രയോ മനോഹരങ്ങളായ ഗാനങ്ങൾ പിറന്നിട്ടുണ്ട്. അങ്ങനെ ഒരുപാടൊരുപാട് മികച്ച കൂട്ടുകെട്ടുകളുണ്ട്. അതുപോലെ തന്നെയായിരിക്കാം ചിലപ്പോൾ ഞാനും വിനീതും. അല്ലെങ്കില്‍ ഞാനും ജൂഡും. സുഹൃത്തുക്കളാകുമ്പോൾ പരസ്പരമുള്ള ആശയവിനിമയങ്ങൾ കുറേക്കൂടി എളുപ്പമാകുമല്ലോ. പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അതേപടി തുറന്നു പറയാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇത്തരം കൂട്ടുകെട്ടുകളിലുണ്ടാകും. 

 

സ്ക്രീനിൽ ഞാനും

സാറാസിൽ ഒരു രംഗത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ സംഗീതസംവിധായകന്റെ വേഷത്തിൽ തന്നെയാണു ഞാൻ എത്തുന്നത്. അതേ രംഗത്തു തന്നെ വീനീതും പ്രത്യക്ഷപ്പെടുന്നു. അന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതസംവിധായകനായ ഞാൻ വിനീതിനെക്കൊണ്ടു പാടിപ്പിക്കുന്നു. അതാണു രംഗം. 

 

സാഹചര്യങ്ങൾ പലത്, പാട്ടുകളും

സിനിമാ, സംഗീത മേഖലയിൽ കയ്യൊപ്പു ചാർത്തുക എന്നതു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ആ സിഗ്നേച്ചർ നിലനിർത്തിക്കൊണ്ടു തന്നെ പല പല സാഹചര്യങ്ങൾക്കനുസരിച്ചു പാട്ടുകളുണ്ടാക്കുക എന്നത് അതിലും വലിയ വെല്ലുവിളിയാണ്. പക്ഷേ ഒരു സംഗീതജ്ഞൻ എന്ന നിലയിൽ അതിനെയൊക്കെ നേരിട്ടേ മതിയാകൂ. സിനിമയിൽ പ്രണയം, കോമഡി, സ്പോര്‍ട്സ് ഡ്രാമ തുടങ്ങി വ്യത്യസ്തങ്ങളായ സാഹചര്യങ്ങൾക്കനുസരിച്ച് പല തരത്തിലുള്ള പാട്ടുകൾ ചെയ്തിട്ടുണ്ട്. അത്തരം പാട്ടുകളൊക്കെ ചെയ്യുമ്പോൾ സംവിധായകരുടെ വലിയൊരു സഹകരണം കൂടിയുണ്ട്. സംഗീതസംവിധായകർ പലതരത്തിലുള്ള പാട്ടുകൾ ചെയ്യുന്നുണ്ടെങ്കിൽ അതിൽ സംവിധായകർ വഹിക്കുന്ന പങ്ക് വലുതാണ്. 

 

ഇനിയുമുണ്ട് പാട്ടുകൾ

മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങള്‍ക്കു വേണ്ടിയും പാട്ടൊരുക്കുന്ന തിരക്കിലാണിപ്പോൾ. ഒരു മറാഠി ചിത്വും രണ്ടു തമിഴ് ചിത്രങ്ങളും ഏറ്റെടുത്തിട്ടുണ്ട്. അവയുടെയെല്ലാം വർക്കുകൾ പുരോഗമിക്കുന്നു. കുഞ്ഞെൽദോ, ഉല്ലാസം, മിന്നൽ മുരളി തുടങ്ങി ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. പിന്നെ ‘ഒരു താത്വികക അവലോകനം’ എന്ന ഒരു ചിത്രം കൂടിയുണ്ട്. തികച്ചും ഹാസ്യാത്മകമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതുപോലെ മികച്ച ചിത്രങ്ങൾക്കു വേണ്ടി പാട്ടൊരുക്കാൻ സാധിച്ചതിൽ സന്തോഷം.  

എന്റെ കോവിഡ്കാലം

ഒരിക്കൽ പോലും സങ്കൽപ്പിക്കാത്ത കാര്യങ്ങളാണല്ലോ ലോകത്തിൽ സംഭവിച്ചത്. തുടക്കത്തിൽ വലിയ ഷോക്ക് ആയിരുന്നു. പിന്നെ അതുമായി പതിയെ പൊരുത്തപ്പെട്ടു തുടങ്ങി. എല്ലാ മേഖലയിലുമെന്ന പോലെ കോവിഡ് എന്റെ ജോലിയെയും ബാധിച്ചു. തിയറ്ററുകൾ അടച്ചതും റിലീസുകൾ മാറ്റിയതുമെല്ലാം വളരെ അപ്രതീക്ഷിതമായിരുന്നല്ലോ. ആ സമയത്തൊക്കെ വലിയ മാനസിക സംഘർഷങ്ങളാണ് നേരിട്ടത്. പിന്നെ ‘ഈ കാലവും കടന്നു പോകും’ എന്നതിലാണല്ലോ എല്ലാവരുടെയും പ്രതീക്ഷ. ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ ആയിത്തുടങ്ങിക്കൊണ്ടിരിക്കുന്നു. അതില്‍ ഒരുപാട് ആശ്വാസം. പിന്നെ കോവിഡ് കാലത്ത് കുടുംബത്തോടൊപ്പം ഒരുപാട് സമയം ചിലവഴിക്കാൻ സാധിച്ചു എന്നതു വലിയ കാര്യമാണ്. സ്റ്റുഡിയോയിൽ നിന്ന് റെക്കോർഡിങ് ഉപകരണങ്ങളൊക്കെ ഞാൻ വീട്ടിലേയ്ക്കു കൊണ്ടുവന്നിരുന്നു. തുടർന്ന് വീട്ടിൽ വച്ചാണ് കമ്പോസിങ്ങെല്ലാം നടത്തിയത്. വീട്ടിൽ തന്നെ ചിലവഴിച്ച ദിവസങ്ങൾ വളരെ മനോഹരങ്ങളായിരുന്നു. ഇപ്പോ‌ൾ വീണ്ടും പാട്ടൊരുക്കങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. ഈ ദിവസങ്ങളും അതിമനോഹരങ്ങൾ തന്നെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA