പാട്ട് തീര്‍ന്നതും രമേശ് നാരായണൻ കൈ ഉയർത്തി സംവിധായകന്റെ മുഖത്ത് ആഞ്ഞടിച്ചു, പിന്നാലെ കെട്ടിപ്പിടുത്തവും; അനുഭവം

Rajeev-ramesh-narayan
SHARE

അങ്ങനെയൊരു ചോദ്യം കേള്‍ക്കുന്നത് വിജയലക്ഷ്മിയുടെ ജീവിതത്തില്‍ തന്നെ ആദ്യമായി ആയിരുന്നു. 'പറ്റില്ല' എന്നു പറയും മുന്‍പേ 'ശ്രമിച്ചു നോക്കൂ' എന്നായി സംവിധായകന്‍ കെ. കെ. രാജീവ്. അപ്രതീക്ഷിതമായ വേനല്‍മഴപോലെ മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി അങ്ങനെ ആദ്യമായി പാട്ടെഴുത്തുകാരിയായി. കെ. കെ. രാജീവിനാകട്ടെ അത് മറ്റൊരു നേട്ടവും. 2001ല്‍ പുറത്തിറങ്ങിയ 'വേനല്‍മഴ' എന്ന സീരിയലിലൂടെയാണ് വിജയലക്ഷ്മിയുടെ വരികള്‍ മലയാളികള്‍ കേട്ടത്.

പറയാന്‍ വയ്യാതെ, എഴുതാന്‍ കഴിയാതെ പോയ പ്രണയം. എന്നോ നഷ്ടപ്പെട്ട ആ നല്ല കാലത്തേക്കുള്ള മടങ്ങിപ്പോക്കായിരുന്നു വിധവയായ ആനിക്ക് സഹപ്രവര്‍ത്തകനായ ജോസഫ്. ജീവിതത്തിന്റെ പാതിവഴിയില്‍ വിടര്‍ന്നതുകൊണ്ടാകാം ആ പ്രണയം അവള്‍ക്കൊരു തേങ്ങലായി. കഥയറിയാതെ നീങ്ങുന്ന പ്രണയം പകര്‍ന്ന സംഘര്‍ഷത്തില്‍ കഴിയുന്ന ആനിയിലൂടെ ഒരു പാട്ടു വേണം. ആ പാട്ടിലൂടെ തന്നെ ആനിയിലേക്ക് പ്രേക്ഷകരും എത്തണം. 'വേനല്‍മഴ' എന്ന സീരിയല്‍ ഒരുക്കുമ്പോള്‍ കെ. കെ. രാജീവിന് അങ്ങനെയൊരു നിര്‍ബന്ധവുമുണ്ടായിരുന്നു. സീരിയലുകളുടെയും കെ. കെ. രാജീവിന്റെയും സുവര്‍ണ കാലമാണത്. സീരിയലുകളില്‍ ടൈറ്റില്‍ സോങ്ങുകള്‍ക്ക് വലിയ പ്രാധാന്യമുള്ള കാലം.

ദൂരദര്‍ശന്‍  മുതലുള്ള ബന്ധമാണ്  രമേശ് നാരായണനുമായി. അതുകൊണ്ടുതന്നെ സംഗീത സംവിധായകനെ ആദ്യം തന്നെ ഉറപ്പിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിനയരംഗത്തേക്കുള്ള മടങ്ങിവരവ് കെ. കെ. രാജീവിലൂടെയാണ്. അങ്ങനെയൊരു ബന്ധവും വളര്‍ന്നതുകൊണ്ടാകാം ചുള്ളിക്കാടിനെ കൊണ്ട് പാട്ടെഴുതിക്കാന്‍ ഒരു കൊതി. പക്ഷെ ചുള്ളിക്കാടുണ്ടോ വഴങ്ങുന്നു. 'രാജീവ് വേറെ ആരെയെങ്കിലും നോക്കെ'ന്ന് തീര്‍ത്തു പറഞ്ഞു. 'എന്നാലിത് വിജയലക്ഷ്മിയെകൊണ്ട് എഴുതിച്ചാലോ' എന്നായി കെ. കെ. രാജീവ്. ചുള്ളിക്കാടും ഒരു നിമിഷം സ്തബ്ധനായി. 'എന്നാലത് രാജീവ് തന്നെ ചോദിക്കൂ' എന്നു മാത്രം പറഞ്ഞ് വിഷയം അവസാനിപ്പിച്ചു, 'കോളജ് കാലം മുതല്‍് ആവേശമായിരുന്നു ബാലേട്ടന്റെ കവിതകള്‍. അദ്ദേഹത്തെക്കൊണ്ട് പാട്ടെഴുതിക്കണം എന്നായിരുന്നു എനിക്ക്. പക്ഷെ ബാലേട്ടന്‍ പാട്ടെഴുതാന്‍ തയാറാകുമോ എന്ന കാര്യത്തില്‍  സംശയമുണ്ടായിരുന്നു. എങ്കിലും ചോദിച്ചുവെന്നു മാത്രം. ബാലേട്ടനൊപ്പം സെറ്റില്‍ വന്ന് വിജയലക്ഷ്മിയുമായി വ്യക്തിപരമായും നല്ല അടുപ്പമുണ്ടായിരുന്നു.' കെ. കെ. രാജീവ് പറയുന്നു. ഒടുവില്‍ വിജയലക്ഷ്മിയെ തന്നെ വിളിക്കാന്‍ തീരുമാനിച്ചു. മലയാളത്തിന്റെ പ്രിയ കവയിത്രി പാട്ടെഴുതുമോ എന്ന കാര്യത്തില്‍ പലരും സംശയം പറഞ്ഞെങ്കിലും കെ. കെ. രാജീവ് മടിച്ചു നിന്നില്ല.

Vijayalakshmi
വിജയലക്ഷ്മി

'ആദ്യം പറ്റില്ല എന്നു പറഞ്ഞെങ്കിലും പിന്നെ സമ്മതം മൂളി. ട്യൂണിനനുസരിച്ച് എങ്ങനെ എഴുതും എന്നതായിരുന്നു വിജയലക്ഷ്മിയുടെ ടെന്‍ഷന്‍. ഒടുവില്‍ ഒന്ന് ശ്രമിച്ചു നോക്കാം എന്നു മാത്രം പറഞ്ഞു' കെ. കെ. രാജീവ് ഓര്‍ക്കുന്നു.

തിരുവനന്തപുരത്ത് പുജാദിവസം തന്നെ കമ്പോസിങ്ങും തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് തിരുമലയിലുള്ള ഒരു ഫ്‌ളാറ്റില്‍ കെ. കെ. രാജീവും രമേശ് നാരായണനും അടക്കമുള്ളവര്‍ ഒത്തുകൂടി. എറണാകുളത്തു നിന്നാണ് ചുള്ളിക്കാടും വിജയലക്ഷ്മിയും വരുന്നത്. അതുകൊണ്ട് ഇത്തിരി വൈകും എന്നും അറിയാം. ഇടയ്ക്ക് കെ. കെ. രാജീവ് തന്നെ വിജയലക്ഷ്മിയെ ഫോണ്‍ വിളിച്ചു, 'എവിടെ എത്തി?' ട്രെയിനിലാണെന്ന മറുപടി ഉടനടി വന്നു. 'ബാലേട്ടനോ?'

'ബാലേട്ടന്‍ ബസ്സിലാണ് വരുന്നത്.' ഒരു ചെറുചിരിയോടെ കെ. കെ. രാജീവ് ഫോണ്‍ വച്ചു.

'അവര്‍ അങ്ങനെയൊക്കെയായിരുന്നു. ബാലേട്ടനിഷ്ടം പണ്ടുമുതലേ ബസ് യാത്രയാണ്. പരസ്പരം ഇഷ്ടങ്ങളെ അവര്‍ മാനിച്ചിരുന്നു. അത് എഴുത്തില്‍ പോലും അങ്ങനെ ആയിരുന്നല്ലോ', കെ. കെ. രാജീവ് പറയുന്നു.

'തളിരായ് ചെറുകുളിരായ്...

തനിയെ തേങ്ങലായ്

പറയാന്‍ വയ്യാതെ...

എഴുതാന്‍ കഴിയാതെ...

കഥയറിയാതെ...

കരയാതെ...'

വിജയലക്ഷ്മിയുടെ സൗകര്യം പോലെ പാട്ടൊരുക്കാന്‍ രമേശ് നാരായണനും ഒരുക്കമായി. ട്യൂണിന് അനുസരിച്ച് വിജയലക്ഷ്മി വരികളെഴുതി തുടങ്ങി. ഇടയ്ക്ക് വരികള്‍ക്ക് സംഗീതവും നല്‍കി. കരുതിയതിലും നേരത്തെ പാട്ടു പൂര്‍ത്തിയാക്കി.  'കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷം പെട്ടെന്നാണ് വിജയലക്ഷ്മി പിടിച്ചെടുത്തത്. വേനല്‍മഴയിലെ ആനിയെ കൃത്യമായി വരച്ചിട്ട ഗാനമായിരുന്നു അത്. പാട്ടെഴുതുമ്പോള്‍ ബാലേട്ടനും അവിടെയുണ്ട്. നിശബ്ദനായി മാറിയിരിക്കുകയായിരുന്നു. വരികള്‍ എഴുതി പൂര്‍ത്തിയാക്കിയ ശേഷമാണ് വായിക്കാന്‍ പോലും അദ്ദേഹം തയാറായത്,' കെ. കെ. രാജീവ് പാട്ടുപിറന്ന ആ ദിവസം ഓര്‍ത്തെടുത്തു. ചിത്ര അയ്യരാണ് ഗാനം ആലപിച്ചത്.

അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദൃശ്യാവിഷ്‌കാരം കൂടിയായിരുന്നു 'വേനല്‍മഴ'യുടേത്. എന്നാലതിനു പിന്നിലും കഥകളേറെയുണ്ട്. 'മൂക്കുന്നിമലയിലെ അടഞ്ഞുകിടക്കുന്ന ബംഗ്ലാവിലായിരുന്നു പാട്ടിന്റെ ചിത്രീകരണം. വൈകുന്നേരം ആറുമണിയോടെ ഷൂട്ടിങ്ങ് അവസാനിപ്പിക്കണമെന്ന് ഉടമസ്ഥന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. സാധനങ്ങളൊക്കെയായി നമ്മുടെ ടീം അവിടെ സെറ്റായപ്പോള്‍ തന്നെ 10 മണി കഴിഞ്ഞു. പിന്നെ അതിവേഗത്തിലായിരുന്നു ഷൂട്ടിങ്ങ് നടന്നത്,' കെ. കെ. രാജീവ് പറയുന്നു.

പാട്ടിന്റെ ഫൈനല്‍ എഡിറ്റിങ് നടക്കുന്ന ദിവസം. അതിവേഗത്തില്‍ ചെയ്തതിന്റെ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടോ എന്ന ആശങ്ക കെ. കെ. രാജീവിനുമുണ്ട്. അപ്രതീക്ഷിതമായി സ്റ്റുഡിയോയിലേക്ക് രമേശ് നാരായണന്‍ പാട്ടു കാണാനായി എത്തി. ഓരോ ദൃശ്യം കടന്നു പോകുമ്പോഴും കെ. കെ രാജീവ് രമേശ് നാരായണനെ തന്നെ നോക്കിയിരുന്നു. എന്തായിരിക്കും പറയുക...? പാട്ടു തീര്‍ന്നതും രമേശ് നാരായണന്റെ കൈ ഉയര്‍ന്നതും ഒന്നിച്ചായിരുന്നു. കെ. കെ. രാജീവിന്റെ മുഖത്തേക്ക് രമേശ് നാരായണന്റെ കൈ ആഞ്ഞു പതിഞ്ഞു! സ്റ്റുഡിയോയിലിരുന്നവരൊക്കെ എന്താണു സംഭവിക്കുന്നതെന്നറിയാതെ ഒന്നു പകച്ചു. അടിയുടെ ഞെട്ടല്‍ മാറും മുന്‍പ് രമേശ് നാരായണന്‍ തന്റെ പ്രിയപ്പെട്ട സംവിധായകനെ കെട്ടിപിടിച്ചു. സുഖമുള്ള ആ വേദന കെ. കെ. രാജീവിനുള്ള അംഗീകാരം കൂടിയായിരുന്നു.

ശ്രീവിദ്യയും രതീഷും നിറഞ്ഞാടിയ വേനല്‍മഴ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയല്‍കൂടിയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA