ADVERTISEMENT

ഹൃദ്യമായ ഗാനങ്ങളിലൂടെ സംഗീത ആസ്വാദകരുടെ മനം കവർന്ന ഗായകനാണ് സൂരജ് സന്തോഷ്. പ്രണയവും, വിരഹവും, വേദനയും അങ്ങനെ എത്രയെത്ര ഭാവങ്ങൾ ആ ശബ്ദത്തിലൂടെ മലയാളികൾ കേട്ടു കൊണ്ടേയിരിക്കുന്നു. പിന്നണിഗാനത്തിനെക്കാളുപരി സ്വതന്ത്ര സംഗീതത്തിലാണ് സൂരജ് സജീവമായിരിക്കുന്നത്. സ്വന്തം സംഗീതത്തിലൂടെ പല പരീക്ഷണങ്ങളും നടത്തുന്നു. പലപ്പോഴും അതൊക്കെ ചർച്ചകൾക്കു വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.  അന്യഭാഷക്കാരും സൂരജിന്റെ പാട്ടുകളെ ഏറെ ഇഷ്ടപ്പെടുന്നു. സൂരജിന്റെ ശബ്ദത്തിൽ ഏറ്റവുമൊടുവിൽ പുറത്തു വന്ന സാറാസിലെയും മാലിക്കിലെയും പാട്ടുകൾ ട്രെൻഡിങ്ങിൽ തന്നെ തുടരുകയാണിപ്പോഴും. മാലിക്കിലെ ‘തീരമേ’ എന്നു തുടങ്ങുന്ന പാട്ടിൽ കെ.എസ്.ചിത്രയാണ് പെൺസ്വരമായത്. പാട്ടുകൾക്കു ലഭിക്കുന്ന മികച്ച പ്രതികരണങ്ങളോടു നന്ദി അറിയിക്കുകയാണ് സൂരജ്. പാട്ടു വിശേഷങ്ങളുമായി ഗായകൻ മനോരമ ഓൺലൈനിനൊപ്പം.  

 

 

പുതിയ പാട്ട് 

 

 

സുഷിൻ ശ്യാമാണ് മാലിക്കിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. എന്നെ ഈ പ്രൊജക്ടിലേക്കു വിളിച്ചതും സുഷിൻ തന്നെ. അങ്ങനെയാണ് ഞാന്‍ ‘തീരമേ...’ എന്ന ഗാനത്തിന്റെ  ഭാഗമായത്. കൊച്ചിയിലെ സുഷിന്റെ സ്റ്റുഡിയോയിൽ വച്ചാണ് പാട്ട് റെക്കോർഡ് ചെയ്തത്. സുഷിന്‍ തന്ന ആത്മവിശ്വാസത്തിലാണ് ഞാൻ ഈ ഗാനം പാടിയത്. അദ്ദേഹത്തെ പോലുളള പുതിയ തലമുറക്കാരോടൊപ്പം ജോലി ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമാണ്. അങ്ങനൊരു അവസരം ലഭിച്ചതിൽ ഏറെ സന്തോഷിക്കുന്നു. 

 

 

വാനമ്പാടിക്കൊപ്പം

 

 

ഇതിനും മുൻപും ചിത്രചേച്ചിയ്‌ക്കൊപ്പം (കെ.എസ്.ചിത്ര) പാടിയിട്ടുണ്ട്. മലയാളത്തിൽ മല്ലനും മാതേവനും, തമിഴിൽ കാഞ്ചന 2 എന്നീ രണ്ടു ചിത്രങ്ങളിലാണ് ഞങ്ങൾ ഒരുമിച്ചത്. ഇത് ഞങ്ങളുടെ മൂന്നാമത്തെ പാട്ടാണ്. പാട്ട് പാടുമ്പോൾ പരസ്പരം കണ്ടിരുന്നില്ല. എങ്കിലും ചിത്രചേച്ചിക്കൊപ്പമുളള ഗാനത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഒരുപാടൊരുപാട് സന്തോഷമുണ്ട് ഇങ്ങനൊരു പാട്ടിന്റെ ഭാഗമായതില്‍. 

 

 

പ്രതികരണം ഗംഭീരം

 

 

സംഗീതം കേട്ടപ്പോൾ തന്നെ മികച്ച ഒന്നായി തോന്നിയിരുന്നു. പാട്ടിന്റെ  വരികൾക്കു സുഷിൻ വളരെ മനോഹരമായാണ് ഈണം പകർന്നത്. നല്ലൊരു സൃഷ്ടിയുടെ ഭാഗമാകാൻ സാധിച്ചതിൽ പാടുമ്പോൾ തന്നെ  സംതൃപ്തി തോന്നിയിരുന്നു. പാട്ട് പുറത്തിറങ്ങിയ ശേഷം വന്ന പ്രതികരണങ്ങളും മികച്ചതാണ്.  പാട്ട് കൂടുതൽ ആളുകളിലേക്ക് എത്തിയതിലും ഒരുപാട് സന്തോഷം. ഇത്രയും പ്രേക്ഷകരെ നേടാനാകുമെന്നു വിചാരിച്ചല്ല പാട്ടുകൾ സൃഷ്ടിക്കുന്നത്. സംഗീതത്തിൽ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നു. 

 

 

വരികൾക്കു പിന്നിലെ അൻവർ അലി

 

 

അൻവർ അലിയുടെ പാട്ടിന്റെ വരികളിൽ ഒരു സ്വാഭാവികത അനുഭവപ്പെടാറുണ്ട്. കലയുടെ ആശയത്തിന്റെ കാമ്പ് ഉൾക്കൊണ്ടാണ് അദ്ദേഹം എഴുതുന്നത്. അതിന്റെ ഭാവം ആ വരികളിൽ ഉണ്ടാകും. ഇത്തരത്തിൽ സിനിമ പാട്ടുകളിലൂടെ അൻവർ അലിയുടെ കവിത  ആസ്വദിക്കാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. 

 

 

ചർച്ച ചെയ്യപ്പെട്ട ‘ആലായാൽ തറവേണോ’

 

 

ആലായാൽ തറവേണോ... എന്ന പാട്ട് ഒരു സുപ്രഭാത്തതിൽ സംഭവിച്ചതല്ല. ഒരുപാട് നാൾ ആ പാട്ടിനെക്കുറിച്ച് ആലോചിച്ച് തിരുത്തലുകൾ വരുത്തിയതിനു  ശേഷം വന്നതാണ്. എനിക്കുണ്ടായ പല തിരിച്ചറിവുകളാണ് ആ പാട്ടിലൂടെ അവതരിപ്പിച്ചത്. ഒരു സ്വതന്ത്ര സംഗീതജ്ഞനെന്ന നിലയിൽ പല വിഷയങ്ങളിലുമുളള എന്റെ ചിന്തകളാണ് സംഗീതത്തിലൂടെ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത്. മുന്നോട്ടുള്ള യാത്രയും അതു പോലെ തന്നെ ആയിരിക്കും. ആലായാൽ തറവേണോ.. എന്ന കാലാകാലങ്ങളായുളള പാട്ടിൽ നിലനിന്നിരുന്ന കുറച്ചു കുഴപ്പങ്ങൾ പുറത്ത് കാണിക്കുകയും ചർച്ച ചെയ്യാൻ ഒരിടം കൊടുക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ തുടർന്നും സ്വതന്ത്ര സംഗീത സംരംഭങ്ങൾ പ്രതീക്ഷിക്കാം. 

 

 

സംഗീതസംവിധാനം

 

 

മസാല കോഫി ബാൻഡിന്റെ ഭാഗമായി നിന്ന് കുറച്ച് സിനിമകൾക്കു വേണ്ടി പാട്ടൊരുക്കിയിരുന്നു. ഇതു കൂടാതെ മസാല കോഫി ബാൻഡിന് വേണ്ടിയും ഒരുപാട് പാട്ടുകൾ ചെയ്തു. സ്വതന്ത്ര സംഗീതസംവിധായകനായി സിനിമയിൽ പ്രതീക്ഷിക്കാം. എന്നാൽ ഉടൻ ഉണ്ടാകുമോ എന്നു പറയാനാകില്ല. 

 

 

ഗ്രാമിയെന്ന സ്വപ്നം

 

 

സ്വതന്ത്ര സംഗീതത്തിൽ കൂടുതൽ പാട്ടുകൾ കൊണ്ടുവരാനാണ് ശ്രമം. ഗ്രാമി പുരസ്‌കാരം കിട്ടാൻ വേണ്ടി പാട്ടുകൾ ചെയ്യുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഗ്രാമി എന്നത് പരമമായ ലക്ഷ്യമല്ല. അത് ജീവിതത്തിൽ സംഭവിക്കുന്നതാണ്. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. എന്റെ ആശയങ്ങളെയും ഞാൻ വിശ്വസിക്കുന്ന കാര്യങ്ങളെയും എന്റെ സ്വതന്ത്ര സംഗീതത്തിലൂടെ ഒറ്റയ്ക്കും മ്യൂസിക്ക് ആൽബമായും പുറത്തു കൊണ്ടുവരും.

 

 

വരാനിരിക്കുന്ന പ്രൊജക്ടുകൾ

 

മലയാളത്തിലും തമിഴിലും തെലുങ്കിലും പുതിയ പാട്ടുകൾ റിലീസ് ചെയ്യാനുണ്ട്. എന്റെ ആദ്യത്തെ സ്വതന്ത്ര സംഗീതസംവിധാനത്തിൽ ഒരുങ്ങുന്ന ആൽബം ദ് ജിപ്‌സി സണിന്റെ ആദ്യ മൂന്ന് പാട്ടുകൾ റിലീസ് ചെയ്തിരുന്നു. ഈ സംഗീത ആൽബത്തിലെ രണ്ട് പാട്ടുകൾ കൂടി പുറത്ത‌ിറങ്ങാനുണ്ട്. അത് ഉടൻ റിലീസ് ചെയ്യും. സ്വതന്ത്ര സംഗീതത്തിലാണ് ഇപ്പോൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com