ADVERTISEMENT

നിലാവുള്ള രാത്രിയില്‍ പിറന്ന സുഖമുള്ളൊരു പാട്ട്. അത് അഴകുള്ളൊരു പാട്ടുകാരിയുടെ തുടക്കമായി. കുളിരലയില്‍ നനഞ്ഞലിഞ്ഞ ആ പാട്ട് നമ്മളില്‍ പലര്‍ക്കും സമ്മാനിച്ചതാകട്ടെ ഒരുപാട് പ്രിയപ്പെട്ട നിമിഷങ്ങളുടെ ഓര്‍മകളും. പിന്നെയും പിന്നെയും മലയാളി കേട്ടു സുഖിച്ച 'നമ്മളി'ലെ, "സുഖമാണീ നിലാവ്, എന്തു സുഖമാണീ കാറ്റെ"ന്ന പാട്ട് തലവരമാറ്റിയത് ജ്യോത്സന എന്ന ഗായികയുടേതായിരുന്നു. കൈതപ്രം–മോഹന്‍സിത്താര സഖ്യം ഹിറ്റുകള്‍ ആവര്‍ത്തിച്ചതില്‍ അതിശയോക്തിയൊന്നും മലയാളിക്ക് തോന്നിയില്ലെങ്കിലും ജ്യോത്സനയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒപ്പം പാടിയ വിധു പ്രതാപിന്റെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ഈ ഗാനം മാറി. കോറസ് ഗായകരില്‍ നിന്നും അവിചാരിതമായി കണ്ടെത്തിയ ഗായികയുടെ ഓര്‍മകള്‍കൂടിയാണ് മോഹന്‍ സിത്താരയ്ക്ക് സുഖമാണീ നിലാവ്.

 

'നമ്മള്‍' എന്ന ചിത്രത്തിലൂടെ പുതിയൊരു ട്രെന്‍ഡ് സൃഷ്ടിക്കുക എന്നൊരു ആഗ്രഹം കൂടി സംവിധായകന്‍ കമലിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവതരണത്തിലും പാട്ടിലുമൊക്കെ പുതുമ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തി. എല്ലാത്തരം ഗാനങ്ങള്‍ക്കും 'നമ്മളി'ൽ‍ ഇടം കണ്ടെത്തി. ആല്‍ബം ഗാനങ്ങള്‍ മലയാളിയില്‍ ഇളകി മറിയുന്ന കാലമാണത്. ചിത്രത്തിലെ പ്രണയഗാനത്തിന് അത്തരമൊരു സ്വഭാവം വേണമെന്നു മാത്രം കമല്‍ മോഹന്‍ സിത്താരയെ ഓര്‍മപ്പെടുത്തി. പുതിയ ശബ്ദവും ഭാവവുമൊക്കെ ചേര്‍ന്നാല്‍ അത് കൂടുതല്‍ നന്നാവുമെന്ന് മോഹന്‍ സിത്താരയും പറഞ്ഞതോടെ കമല്‍ അതിന് സമ്മതം മൂളി.

 

തൃശൂരിലെ ... ഹോട്ടലില്‍ രസമുള്ളൊരു സന്ധ്യയില്‍ ട്യൂണ്‍ ചെയ്യാനിരിക്കുമ്പോഴും മോഹന്‍ സിത്താരയുടെ മനസ്സിലുണ്ടായിരുന്നത് ഈ പാട്ടുപാടുന്ന പുതിയ ശബ്ദം ആരുടേതായിരിക്കുമെന്ന ചിന്തയായിരുന്നു. പുതിയ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുന്ന ഗായകരുടെ പേരുകള്‍ ഓരോന്നായി മനസ്സില്‍ കുറിച്ചിട്ടു. 'ഓരോ വാക്കിലും ഫീല്‍ നിറഞ്ഞു നില്‍ക്കണമെന്ന ആഗ്രഹമായിരുന്നു മനസ്സില്‍. ആദ്യ ട്യൂണിനു തന്നെ കമല്‍ ഓക്കെ പറഞ്ഞു. അടുത്ത ദിവസം തന്നെ കൈതപ്രവും എത്തി. ഏറ്റവും ലളിതമായ വാക്കുവേണം എന്നു മാത്രമാണ് കമല്‍ അദ്ദേഹത്തിനോട് പറഞ്ഞത്. ട്യൂണ്‍ കേട്ട് അതിവേഗത്തില്‍ തന്നെ അദ്ദേഹവും പാട്ടെഴുതി.' "സുഖമാണീ നിലാവി"ന്റെ കംപോസിങ്ങ് ഓര്‍മകള്‍ മോഹന്‍ സിത്താര പങ്കുവയ്ക്കുന്നു.

 

മറ്റു ചില ചിത്രങ്ങളുടെ തിരക്കുകളും അന്ന് മോഹന്‍ സിത്താരയ്ക്കുണ്ട്. അതുകൊണ്ടുതന്നെ 'നമ്മളി'ലെ പാട്ടുകളുടെ റെക്കോഡിങ് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. അപ്പോഴും "സുഖമാണീ നിലാവ്" ആരു പാടണം എന്ന ചിന്തയായിരുന്നു മോഹന്‍ സിത്താരയ്ക്ക്. പുതിയ ചെറുപ്പക്കാരുടെ ശബ്ദവും അവര്‍ക്ക് പ്രിയപ്പെട്ട ഗായകനുമാണ് വിധു പ്രതാപ്, അതുകൊണ്ടു തന്നെ വിധുവിനെ ഗായകനായി തീരുമാനിച്ചു. പുതിയൊരു ഗായിക എന്ന ചിന്ത വന്നതോടെ അതിനായുള്ള അന്വേഷണം ആരംഭിച്ചു. ഇത്തരമൊരു അന്വേഷണം സുഹൃത്തായ പത്മകുമാറിനോടും മോഹന്‍ സിത്താര പങ്കുവച്ചു. അടുത്തദിവസം തന്നെ പത്മകുമാറിന്റെ വിളി മോഹന്‍ സിത്താരയ്ക്കെത്തി. 'ചേട്ടാ എന്റെ അടുത്തൊരു ബന്ധുവുണ്ട്. നന്നായി പാടുമെന്നു പറഞ്ഞു.' അതോടെ ആ പാട്ടുകാരിയെ തൃശൂര്‍ ചേതന സ്റ്റുഡിയോയിലേക്കു മോഹന്‍ സിത്താര ക്ഷണിച്ചു.

 

'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിലെ പാട്ടുകളുടെ തിരക്കിലാണ് അന്ന് മോഹന്‍ സിത്താര. "ഓമന ലൈലാ ഓ മൈ ലൈലാ" എന്ന ഗാനത്തിന്റെ റെക്കോഡിങ് ദിവസം. തന്നെ കാണാനെത്തിയ പതിനേഴുകാരി ജ്യോത്സനയെ മോഹന്‍ സിത്താര കോറസ് സംഘത്തിനൊപ്പം നിര്‍ത്തി. ഇതിനിടയിലും ആ പെണ്‍കുട്ടിയുടെ ശബ്ദത്തിലെ പുതുമയും ഭാവവും മോഹന്‍ സിത്താര ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒരു പവര്‍ഫുള്‍ വോയിസ്‌കൂടിയാണ് എന്നു തോന്നിയതോടെ "വളകിലുക്കം കേട്ടടി" എന്ന അടിച്ചുപൊളി ഗാനം സുജാതയ്ക്കൊപ്പം പാടാനും മോഹന്‍ സിത്താര അവസരമൊരുക്കി.

 

ഒരു ദിവസം സ്റ്റുഡിയോയില്‍ നിന്ന് തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ മോഹന്‍ സിത്താര "എന്തു സുഖമാണീ നിലാവെ"ന്ന ഗാനം വെറുതേ മൂളി. ഈ ഗാനം ജ്യോത്സനയെകൊണ്ടൊന്ന് പാടിച്ചാലോ എന്നായി ആ മനസ്സില്‍. അങ്ങനെ അടുത്ത ദിവസം തന്നെ സ്റ്റുഡിയോയിലെത്തിയ ജ്യോത്സനയ്ക്ക് പാട്ടു പറഞ്ഞുകൊടുത്തു. ഇതൊരു ട്രാക്ക് മാത്രമാകാം എന്നൊരു സൂചനയും നല്‍കി. ജ്യോത്സന അതിവേഗത്തില്‍ പാട്ടുപഠിച്ചു പാടിയെങ്കിലും മോഹന്‍ സിത്താരയ്ക്ക് സംതൃപ്തി തോന്നിയില്ല. 'ശബ്ദമൊക്ക കൃത്യമായിരുന്നു. പക്ഷെ കുറച്ചുകൂടി ഭാവം വേണമെന്നായിരുന്നു എനിക്ക്. അതുകൊണ്ട് ഒന്നുകൂടി പാടിച്ചു നോക്കാം എന്ന് എനിക്കു തോന്നി. അതിനു മുന്‍പ് ഞാന്‍ ടൈറ്റാനിക്കിലെ പ്രശസ്തമായ എവരി നൈറ്റ് എന്ന ഗാനം കേള്‍പ്പിച്ചു. അതിന്റെ ഒരു ഫീല്‍ ഉണ്ടാല്ലോ. അതാണ് എനിക്ക് വേണ്ടതെന്ന് ഞാന്‍ ജ്യോത്സനയോട് പറഞ്ഞു.' മോഹന്‍ സിത്താര പറയുന്നു. 

 

അടുത്ത ദിവസം വീണ്ടും റെക്കോഡിങ്ങിനെത്തിയ ജ്യോത്സനയ്ക്ക് അതോടെ കാര്യം മനസ്സിലായി. ജ്യോത്സന നന്നായി പാടിയതോടെ ഈ ശബ്ദം തന്നെയാണ് താന്‍ അന്വേഷിച്ചതെന്ന് മോഹന്‍ സിത്താരയും തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും പാട്ടു പാടി സ്റ്റുഡിയോ വിട്ട ജ്യോത്സന അറിഞ്ഞിരുന്നില്ല തന്നെ കാത്തിരിക്കുന്ന ഹിറ്റ് ഗാനമാണ് ഇതെന്ന്. ഇതൊരു ട്രാക്ക് ഗാനം മാത്രമായിരുന്നു എന്നാണ് ജ്യോത്സന അപ്പോഴും കരുതിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com