ADVERTISEMENT

റിലീസിന് മുന്‍പും ശേഷവും ഏറെ ചര്‍ച്ചയായ സിനിമയാണ് മഹേഷ് നാരായണന്‍റെ ഫഹദ് ഫാസില്‍ ചിത്രം മാലിക്. ഇതിലെ വളരെ വേഗം വൈറലായ 'തീരമേ....' എന്ന പാട്ടെഴുതിയത് മലയാളത്തിലെ ശ്രദ്ധേയനായ കവി കൂടിയായ അന്‍വര്‍ അലിയാണ്. നായാട്ട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനുശേഷം അന്‍വര്‍ അലി ഗാനരചന നിര്‍വഹിച്ചതില്‍ പുറത്തിറങ്ങിയ ചിത്രമാണ് മാലിക്. പാട്ടെഴുത്തിനെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അന്‍വര്‍ അലി മനോരമയോടു സംസാരിക്കുന്നു.

 

 

മാലിക്കിലെ പാട്ടിനെക്കുറിച്ച്..?

 

 

സന്തോഷമുണ്ട്, ആളുകള്‍ സ്വീകരിച്ചതില്‍. കോവിഡ് കാലമായതുകൊണ്ട് പുറത്തു വരാൻ വൈകിയെങ്കിലും രണ്ടു മൂന്നു വര്‍ഷം മുന്‍പ് തുടങ്ങിയ വര്‍ക്ക് ആണ് മാലിക്കിന്‍റേത്. പാട്ടെഴുതിയത് രണ്ടു വർഷം മുമ്പ്. സുഷിന്‍റെ ഫസ്റ്റ് കോംപസിഷന്‍ കേട്ടപ്പോള്‍ തന്നെ സാമാന്യം നല്ല പാട്ടാവുമെന്ന്  പ്രതീക്ഷ തോന്നിയിരുന്നു. എഴുതുമ്പോഴും വളരെ സൂക്ഷിച്ചും തിരുത്തിയും പതുക്കെയുമാണ്  എഴുതിയത്. കെ. എസ്.  ചിത്രയെക്കൊണ്ട് പാടിക്കാനുള്ള തീരുമാനവും വളരെ നന്നായി. ചിത്രയെപ്പോലെ ഒരു ലെജന്‍ഡറി സിങ്ങർ എന്റെ പാട്ട് ആദ്യമായിട്ടാണ് പാടുന്നത്. അതും ഒരു സന്തോഷം. തിരുവനന്തപുരത്തുകാരനായ ഞാൻ എന്‍റെ കൗമാരകാലത്ത് ചിത്രയും  അവരുടെ സഹോദരി ബീനയും യുവജനോൽസവ വേദികളിൽ  പാടുന്നത് സദസ്സിലിരുന്ന് അത്ഭുതാദരങ്ങളോടെ ശ്രവിച്ചിട്ടുണ്ട്. ആ ഓർമ്മ കൊണ്ടുള്ള സന്തോഷം വേറെ.

 

 

ചിത്രയെ കൊണ്ട് പാടിക്കണം എന്നതും ആദ്യം മുതലുള്ള ചിന്ത ആയിരുന്നോ?

 

 

എന്‍റെ മനസ്സില്‍ അങ്ങനെയൊന്നും ഇല്ലായിരുന്നു. അതൊന്നും ലിറിസിസ്റ്റിന്റെ മേഖല അല്ലല്ലോ. എനിക്ക് തോന്നുന്നത് അത് മഹേഷും സുഷിനും കൂടി എടുത്ത തീരുമാനമായിരിക്കണം. എന്തായാലും അതൊരു നല്ല തീരുമാനമായിരുന്നു. അവരെപ്പോലെ ഒരു മുതിർന്ന ഗായികയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ എന്‍റെ പാട്ടിനൊരു ക്ലാസിക്കല്‍ സ്വഭാവം കൂടി വന്നെന്ന് തോന്നുന്നു, ഇപ്പോള്‍.

 

 

മാലിക്കിലെ 'തീരമേ.'. എന്ന ഈ പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം അനുഭവപ്പെടുക ക്ലീഷേ ഒട്ടും ഇല്ലാത്ത ഒരു രചന എന്നതാണ്. ബിംബങ്ങളിലായാലും പ്രയോഗങ്ങളിലായാലും ഈയൊരു മാറ്റം ബോധപൂര്‍വം തന്നെ കൊണ്ടുവരുന്നതാണോ? 

 

 

മാറ്റം എന്നൊക്കെ നിങ്ങൾ പറയുന്ന സംഗതികളിൽ എഴുതുന്ന സമയത്ത് ഞാന്‍ അത്ര കോണ്‍ഷ്യസ് ഒന്നും അല്ല. എങ്കിലും മലയാളം പോപ്പുലര്‍ മ്യൂസിക്കിന്‍റെ പൊതുസ്വഭാവത്തിലുള്ള ക്ലീഷേകളെക്കുറിച്ച് ബോധവാനാണ്. ഇന്ത്യന്‍ പോപ്പുലര്‍ മ്യൂസിക്കിന്‍റെ പാരമ്പര്യം പൊതുവേ ഒരു സിനിമാ ബൈ പ്രോഡക്ട് എന്ന നിലയിലായതിനാൽ ക്ലീഷേകൾ സ്വാഭാവികമാണ്. മലയാളത്തിലും അതെ. സിനിമ എങ്ങിനെയിരിക്കുമോ അതിനനുസരണമായിരിക്കുമല്ലോ പാട്ടുകള്‍. പ്രണയം ആണ് ഇന്ത്യൻ മ്യൂസിക്കൽസ് എന്നൊക്കെ പേരുകേട്ട പാൻ ഇന്ത്യൻ വിനോദ സിനിമയുടെ മുഖ്യ ഉള്ളടക്കം. പാട്ടുകൾ സ്വാഭാവികമായും ചിലതരം കാൽപ്പനിക സന്ദർഭങ്ങളുടെ ആവർത്തനവുമാവും.

 

 

പൊതുവേ റൊമാന്റിക് ‍ഡ്രാമ, ഫാമിലി ഡ്രാമ, എന്നിവയിലെ ആണ്‍‍–പെണ്‍ബന്ധങ്ങളിൽ കൂടുതല്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ഭാഷയില്‍ മാത്രമല്ല എല്ലാ ഭാഷകളിലും പാട്ടെഴുത്തുകളില്‍ ഏറ്റവും പ്രധാനമായി നില്‍ക്കുന്നത് ഏകതാനമായൊരു കാല്‍പനികത തന്നെയാണ്. അതിലൊക്കെ ചെറിയ വ്യത്യാസങ്ങള്‍ അടുത്തകാലത്തായി വരുന്നുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങളില്‍ പോലും മുന്‍പത്തെ റൊമാന്‍റിക് മൂഡിന് വ്യതിയാനം വന്നിട്ടുണ്ട്. കുറച്ചുകൂടി ഡ്രൈ ആയതോ റിയലിസ്റ്റിക് ആയതോ കരിയറിസ്റ്റിക് ആയതോ ആയ റിലേഷന്‍ഷിപ്പിനെക്കുറിച്ചൊക്കെ മലയാളത്തിലിപ്പോൾ സിനിമകള്‍ വരുന്നുണ്ടല്ലോ. അതിനനുസരിച്ചുള്ള മാറ്റം പാട്ടെഴുത്തിനും ആവശ്യമാണ്. ഞാന്‍ വരുത്തിയില്ലെങ്കില്‍ പിന്നാലെ ചെറുപ്പക്കാര്‍ ആരെങ്കിലും അത് വരുത്തും. മലയാളസിനിമ മൊത്തത്തിൽ തന്നെ സൂപ്പര്‍സ്റ്റാര്‍ ഡം ആധിപത്യത്തിൻ നിന്ന് കുറച്ചൊക്കെ മാറിയല്ലോ. അന്നയും റസൂലും എന്ന സിനിമയൊക്കെ ഇത്തരം മാറ്റങ്ങളുടെ വഴിയിലുള്ള സിനിമയാണ്. മാറ്റങ്ങളുടെ പ്രതിഫലനം എല്ലാ മേഖലകളിലുമെന്ന പോലെ പാട്ടുകളിലും വരുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതില്‍ എനിക്കും പങ്കാളിയാകാന്‍ സാധിച്ചിട്ടുണ്ടാവണം. 

 

 

ദീര്‍ഘകാലം കവിത എന്ന സൂക്ഷ്മമാധ്യമത്തില്‍ പണിതു ശീലിച്ച ഒരാളാണ് ഞാന്‍. ഒരു കാലഘട്ടം കഴിഞ്ഞപ്പോള്‍ മാത്രമാണ് പാട്ടെഴുത്തിലേക്കു വന്നത്. ചെറുപ്പകാലത്ത് കവികള്‍ പാട്ടെഴുതാന്‍ പാടില്ല എന്ന വാശിയൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും യാദൃശ്ചികമായി ഈ വഴിയില്‍ വന്നുപെട്ടപ്പോള്‍ പാട്ടെഴുത്തിൽ ഞാന്‍ പുലര്‍ത്താൻ ശ്രമിക്കുന്ന കാവ്യരചനാ സംബന്ധിയായ ചില നിഷ്ഠകളുണ്ട്. കാല്‍പ്പനികതയുടെ ക്ലീഷേയിലേക്ക് ഒഴുകിപ്പോകാന്‍ എന്‍റെ കവിതകളെ ഞാന്‍ സമ്മതിക്കാറില്ല. ആ രീതി പാട്ടിനെയും സ്വാധീനിച്ചിട്ടുണ്ട്.

 

 

ഭാസ്കരന്‍ മാഷൊക്കെ ഹൈ രജിസ്റ്റർ ഭാഷയും ആലങ്കാരികതയും നിറഞ്ഞ കാല്‍പ്പനികരീതിയെ പൊളിക്കുന്ന നിരവധി പാട്ടുകൾ എഴുതിയിട്ടുണ്ട്. ആധുനിക കവിത പോലും അലങ്കാരജടിലമായിരുന്ന കാലത്താണ് ഭാസ്കരന്‍ മാഷ് 'പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ / പാട്ടുപാടാനറിയാത്ത താമരക്കിളി നീ’ 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ' എന്നീ മട്ടിലുള്ള പാട്ടുകള്‍ എഴുതിയത്. അതുപോലെ തന്നെ നാടകകഗാനങ്ങളിൽ ഒഎന്‍വിയും മറ്റും നാട്ടുമലയാളം കൊണ്ടുവന്നു. നീലക്കുയിലിലെ പാട്ടുകളൊക്കെയും വരേണ്യ കാല്‍പ്പനികതയ്ക്കു ബദലായി ആത്മഹാസവും നർമ്മവുമൊക്കെ ചാലിച്ചെഴുതിയ പാട്ടുകളാണ്.

 

 

സമീപകാലത്ത് ഭാഷയിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നത് താങ്കളുടെയൊക്കെ പാട്ടുകളിലല്ലേ?

 

 

സമീപകാലത്ത് ചില മാറ്റങ്ങൾ ഉണ്ടായെന്നത് ശരിയാണ്. കവിതയെഴുതി തഴക്കം വന്ന ഗാനരചയിതാക്കളുടെ അഭാവം ഉണ്ടായിരുന്ന സമയത്താണ്  നല്ല കവിത്വമുള്ള ഭാഷയുമായി റഫീഖ് അഹമ്മദ് ഈ രംഗത്തേക്കു വരുന്നത്. പിന്നീട്, മലയാളസിനിമയിൽ സജീവമായ യുവതലുറയ്ക്ക് കൂറേക്കൂടി പരീക്ഷണങ്ങൾ ആവശ്യമുണ്ടായിരുന്ന സമയത്താണ് ഞാൻ വരുന്നത്. ഒരു പാരഡൈം ഷിഫ്റ്റ് സൃഷ്ടിച്ച ഗ്യാപ്പിലേക്കാണെന്നു തോന്നുന്നു എന്‍റെ വരവ്. ഭാഷയിൽ ഞാനെടുക്കുന്ന 'ദുഃസ്വാതന്ത്ര്യങ്ങൾ' ചെറുപ്പക്കാർക്ക് ഇഷടമാണെന്നും തോന്നുന്നു.

 

 

മാലിക്കിലെ പാട്ടില്‍ തന്നെ നോക്കുകയാണെങ്കില്‍ ജ്വലല്‍സൂര്യന്‍, അപരിചിതപുരം, സ്വപ്നമധുരിതപുരം, ശോണരൂപന്‍, പെരുങ്കടലനുരാഗം, പവിഴദ്വീപഹ്രദം.... ഇങ്ങനെ സാധാരണ മലയാളം പാട്ടിൽ കേട്ടുശീലമില്ലാത്ത പദപ്രയോഗങ്ങളുണ്ട്. ഘടനാരീതിയിലും വ്യത്യാസമുണ്ട്. ‘മിഴിയില്‍ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയീ നമ്മള്‍' എന്ന പാട്ടില്‍ ആദ്യം പറയേണ്ടത് അവസാനം വരുന്ന ഘടനാരീതി.... ഇതൊക്കെയും പാട്ടില്‍ പുതുമയല്ലേ?

 

 

എന്‍റെ കവിത വായിച്ചിട്ടുള്ളവർക്ക് ആ രുചിയും രീതിയും അറിയാമായിരിക്കും. സ്വാതന്ത്ര്യമാണ് ഇവിടെ പ്രശ്നം. വാക്ക് വലിയൊരു സ്ഥലകാല സഞ്ചയമാണ്. ഏതു വാക്ക് തിരഞ്ഞെടുക്കാനും ഭാഷയില്‍ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിക്കുക എന്നതാണു പ്രധാനം.

 

 

 

പുതിയ സിനിമാക്കാരില്‍ നിന്ന് കൂടുതലായും ആ സ്വാതന്ത്ര്യം കിട്ടുന്നുണ്ടല്ലേ?

 

 

ഞാന്‍ യാദൃശ്ചികമായി സിനിമാ പാട്ടെഴുതാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്‍റെ അടുത്തേക്കു വരുന്നതെല്ലാം തന്നെ ചെറുപ്പക്കാരാണ്. ഒരു പക്ഷേ അന്നയും റസൂലും, കിസ്മത്ത്, കമ്മട്ടിപ്പാടം, മായാനദി തുടങ്ങി പുതിയ രീതികള്‍ പരീക്ഷിച്ച സിനിമകളില്‍ പാട്ടെഴുതിയതു കൊണ്ടായിരിക്കണം എന്‍റെയൊരു വ്യത്യാസം പുതിയ തലമുറയ്ക്കു കൂടുതല്‍ ഇഷ്ടമാകുന്നതെന്നു തോന്നുന്നു. ഏതായാലും മിക്കപ്പോഴും, എന്‍റെ പ്രായത്തിലുള്ളവരോടൊപ്പം ജോലി ചെയ്തതിനേക്കാള്‍ സന്തോഷം പുതുതലമുറയോടൊപ്പം കൂടുമ്പോള്‍ കിട്ടാറുണ്ട്. എത്ര കിട്ടിയാലും മതിവരാത്തതാണ് സ്വാതന്ത്ര്യം. ചെറുപ്പക്കാര്‍ തരുന്ന സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു.

 

 

കവിയായി അറിയപ്പെട്ട ശേഷം പാട്ടെഴുത്തിലേക്കു വൈകി വന്ന ആളാണ്. കവിത വളരെ വ്യക്തിനിഷ്ഠമാണല്ലോ. പാട്ടെഴുത്തിലേക്കു വരുമ്പോള്‍ സ്വാതന്ത്ര്യമാണോ സ്വാതന്ത്ര്യക്കൂടുതലാണോ അനുഭവപ്പടുക  വിഷയവൈവിധ്യം എഴുത്തിനെ കൂടുതല്‍ ക്രിയേറ്റീവ് ആക്കുകയാണോ ചെയ്യുന്നത്?

 

സ്വഭാവികമായും പാട്ടെഴുത്തില്‍ സ്വാതന്ത്ര്യക്കുറവുണ്ടാകും. എന്നാല്‍ എഴുത്ത് എന്ന പ്രക്രിയയിലേക്കു കടക്കുമ്പോള്‍ വലിയ വ്യത്യാസം എനിക്കു ഫീല്‍ ചെയ്യാറില്ല. രണ്ടിലും നമ്മുടെ അനുഭവം മാത്രമല്ല എഴുതേണ്ടി വരിക. എന്നാല്‍ സ്വന്തം അനുഭവങ്ങളുടെ സ്വാധീനം രണ്ടിലും പ്രതിഫലിക്കുകയും ചെയ്യും.

 

 

മാലിക്ക് ഒരു എന്റർടെയിൻമെന്റ് സിനിമയല്ല, വളരെ ഗൗരവതരമായ രാഷ്ട്രീയം പറഞ്ഞ സിനിമയാണ്. അതിലെ പാട്ടുകള്‍ ചെയ്യുമ്പോള്‍ ആ പാട്ട് ഇങ്ങനെ ആയിരിക്കണം ചില പ്രത്യേക കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യണം എന്ന് എന്തെങ്കിലും സംവിധായകന്‍റെ ഭാഗത്തുനിന്ന് ആവശ്യപ്പെട്ടിരുന്നോ?

 

 

ആധികാരികതയുള്ള സംവിധായകനാണ് മഹേഷ് നാരായണന്‍. മഹേഷിന് മഹേഷിന്റേതായ ഡിമാന്റുകളൊക്കെ ഉണ്ടായിരുന്നു. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തില്‍ കഥാസന്ദര്‍ഭത്തിനനുസരിച്ച് ശാന്തതയുള്ള മൂഡ് ഉണ്ടാക്കാനാണ് ആവശ്യപ്പെട്ടത്. പിന്നെ, മാലിക് പോലെയുള്ള ചിത്രങ്ങൾ തീര്‍ച്ചയായും എന്റർടെയിനർ കൂടി ആണ്. അതിന്‍റേതായ ഗുണവും ദോഷവും അത്തരം സിനിമകള്‍ക്ക് ഉണ്ടാകും.

 

 

സിനിമ കണ്ടപ്പോള്‍ എന്താണ് അനുഭവം?

 

തീരമേ എന്ന പാട്ട് ശ്രദ്ധേയമായതിൽ വളരെ സന്തോഷം തോന്നി.

 

 

മാലിക്കില്‍ വേറൊരു പാട്ടു കൂടി ഉണ്ടല്ലോ. അത് എങ്ങനെയുള്ളതാണ്?

 

ഞാനെഴുതിയ ഒരു പാട്ടുകൂടിയുണ്ട്. 80 കളിലെ ക്ലബ്ബ് ഡാൻസ് ശൈലിയിൽ 'ആരാരും കാണാതെ ചീലാന്തി മേലാപ്പിൽ കൂടുമെനയും വിൺപറവകളേ' എന്നാരംഭിക്കുന്ന പാട്ട്. നായകന്റെ കൗമാരം മുതലുള്ള ജീവിതത്തിലെ മാറ്റങ്ങളുടെ മൊണ്ടാഷിനു വേണ്ടിയുള്ള ഒരു പാട്ടാണത്. പിന്നെ, പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി അസ്മാഉൽ ഹുസ്ന, അതായത് ദൈവത്തിന്റെ വിശുദ്ധനാമങ്ങൾ, അറബിയിൽ ആലപിക്കുന്ന ഒരു ഭാഗമുണ്ട്. സമീർ ബിൻസി എഴുതിയ രണ്ടു വരികൾ കൂടി ചേർത്താണ് അത് ആലപിച്ചിട്ടുള്ളത്.

 

 

മാലിക് ആണെങ്കിലും കമ്മട്ടിപ്പാടമാണെങ്കിലും ചില പ്രത്യേക തരം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളിലാണ് കൂടുതലും പാട്ടെഴുതിയിട്ടുള്ളത്. അത്തരം സിനിമകളുടെ ഉള്ളടക്കത്തില്‍ കൂടുതല്‍ സംതൃപ്തി അനുഭവപ്പെട്ടിട്ടുണ്ടോ?

 

തീര്‍ച്ചയായും. അത്തരം പ്രമേയങ്ങൾക്കെഴുതുമ്പോള്‍ കൂടുതല്‍ സംതൃപ്തി തോന്നാറുണ്ട്. ആധിയും കൂടും.

 

 

പുതിയ പ്രൊജക്ടുകള്‍?

 

 

എഴുതിത്തീർത്തവ മാത്രം പറയാം. രാജീവ് രവിയുടെ 'തുറമുഖ'ത്തിലെ പാട്ടുകൾ-അതില്‍ ഫെയറീ ടെയിൽ പോലെ എഴുതിയ ദീര്‍ഘമായ ഒരു കഥാകാവ്യവുമുണ്ട്. കെ യും ഷഹബാസ് അമനുമാണ് സംഗീതസംവിധായകർ. പിന്നെ ഗോവിന്ദ് വസന്തയുടെ ഈണത്തിൽ മൂന്നു സിനിമയ്ക്കെഴുതി - പടവെട്ട്, 19 1 (എ), അടി. വളരെ എക്സ്പിപിരിമെന്റലായ പാട്ടുകളാണ് പലതും. സുഷിനു വേണ്ടി 'കുറുപ്പ്', പ്രദീപ് കുമാറിനു വേണ്ടി 'വെയിൽ' എന്നീ ചിത്രങ്ങൾക്കുമെഴുതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com