സുഷിൻ നൽകിയ ഇശലിലേക്ക് ദൈവനാമങ്ങൾ ചേർത്തുവച്ച ചെറുപ്പക്കാരൻ; മാലിക്കിലെ ആ കാവ്യശകലങ്ങളെഴുതിയ സമീർ ബിൻസി അഭിമുഖം

sameer-binsi-malik
SHARE

ആത്മാന്വേഷണത്തിന്റെ വഴിയിലൂടെ, ഏകമായ പൊരുളിനെ കണ്ടെത്തുന്ന യാത്രയാണു സൂഫിസം. അവസാനിക്കാത്ത ആ യാത്രയുടെ ജ്ഞാനതാളമെന്ന് സൂഫി സംഗീതത്തെ വിളിക്കാം. നൂറ്റാണ്ടുകൾ പിന്നിലേക്കു നീളുന്ന ആ സംഗീതവഴിക്ക് പുതിയ കാലത്ത് മലയാളത്തിലൊരു പിൻതലമുറയുണ്ട്. അവരിൽ പ്രധാനിയാണ് സമീർ ബിൻസി. 

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ എന്ന ചിത്രത്തിൽ സുലൈമാൻ (ഫഹദ് ഫാസിൽ) ജയിലിൽ കൊല്ലപ്പെടുന്ന വികാരവിക്ഷുബ്ധമായ രംഗത്തോടു ചേർന്ന്, ആത്മസംഘർഷമോ സങ്കടമോ ശാന്തതയോ എന്നു വേർത്തിരിച്ചെടുക്കാൻ കഴിയാത്തൊരു പശ്ചാത്തല സംഗീതമുണ്ട്. മരണത്തിന്റെ തണുപ്പിനെ തഴുകി കടന്നുപോകുന്ന കാറ്റു പോലെ. ചിലരുടെ കണ്ണു നനയിച്ചും ചിലരെ നിശ്ചലമാക്കിയും ഒഴുകിയുയരുന്ന ആ കാവ്യശകലം രചിച്ചത് സമീർ ബിൻസിയാണ്. സംഗീതസംവിധായകൻ സുഷിൻ ശ്യാം നൽകിയ നോട്ടിലേക്ക് ദൈവനാമങ്ങൾ ചേർത്തുവച്ച, നിസ്സാരമായ ജീവിതത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന വരികൾ. 

വേറിട്ട സംഗീതവഴി 

ലോകത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ച് പരമമായ സത്യത്തെ കണ്ടുമുട്ടാനുള്ള യാത്രയാണ് സൂഫിസമെങ്കിൽ ആത്മീയമായ ആനന്ദത്തിന്റെയും ആഴമേറിയ ദാർശനികതയുടേയും സംഗീതമാണ് സൂഫി കാവ്യാലാപനം അഥവാ സൂഫിയാനാ കലാം. ഇന്ത്യയിൽ ഉർദു, പേർഷ്യൻ സൂഫി കാവ്യങ്ങൾ തലമുറകൾ പിന്നിട്ട് അനായാസം യാത്ര ചെയ്തപ്പോൾ മലയാളത്തിൽ അവയുടെ ആലാപനം ഏറെയും മാപ്പിളപ്പാട്ടിന്റെയോ ഹിന്ദി സിനിമാഗാനങ്ങൾ പോലുള്ള മുഖ്യധാരയുടെയോ വർണം സ്വീകരിച്ചെന്ന് സമീർ ബിൻസി പറയുന്നു. ദർഗകളിലും പർണശാലകളിലുമാണ് മലയാള സൂഫീ ഗാന സദസ്സുകൾ നടന്നു വന്നിരുന്നത്. പക്ഷേ, ഇന്ന് സൂഫി സംഗീതശാഖയുടെ വീണ്ടെടുപ്പും അവതരണവും ചിലപ്പോഴെങ്കിലും പുതിയ രചനകളും നടക്കുന്ന കാലം മലയാളത്തിലും വന്നിരിക്കുന്നു. അലിഗഢിലെ പഠനം കഴിഞ്ഞ് മനസ്സുനിറയെ സൂഫി സംഗീതവുമായി വന്ന സമീർ ബിൻസിയും മലയാളത്തിലെ ആത്മീയസംഗീതധാര അന്വേഷിച്ചുപോയി. മിസ്റ്റിസിസവും ഇസോട്ടെറിസിസവും (ഗൂഢാർഥപ്രധാനം) ഇഴ ചേർന്ന സംഗീതവഴിയിലാണ് സമീർ ബിൻസി ഇപ്പോൾ. 

Sameer5
സമീർ ബിൻസി

ഇരട്ടസംഗീതം 

സമീർ ബിൻസിയുടെ സംഗീതയാത്രയിൽ ഒരു വശത്ത് എപ്പോഴും ഇമാം മജ്ബൂറുണ്ട്. രണ്ടു പേരും മലപ്പുറത്തുകാർ. ബിൻസിയുടെ സംഗീതാതാന്വേഷണങ്ങൾ സദസ്സിനു മുൻപിൽ അവതരിപ്പിക്കണമെന്ന് 18 വർഷം മുൻപ് സുഹൃത്തും സൂഫീ അന്വേഷകനുമായ സലാഹുദ്ദീൻ അയ്യൂബി നിർബന്ധിച്ചപ്പോൾ ബിൻസിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. കസെറ്റുകളിലും ഗാനമേളകളിലും പാടിയുള്ള നേരിയ പരിചയം മാത്രമേ അന്ന് ബിൻസിക്കുള്ളൂ. അതുകൊണ്ടാണ് തബല വാദകനും പിന്നീട് ഈ യാത്രയിൽ സംഗീതകാര്യദർശിയുമായ അക്ബറിനോട് മജ്ബൂറും കൂടെ കൂടെ വേണം എന്ന് ബിൻസി നിർദേശിച്ചത്. 

കുട്ടിയാണെങ്കിലും അക്ബറിന്റെ അനുജനായ മജ്ബൂറിന് സഹോദരങ്ങളോടൊപ്പം ഗസൽ സന്ധ്യകളൊക്കെ നടത്തി പരിചയമുണ്ടായിരുന്നു. 18 വർഷം മുൻപ് കോട്ടയ്ക്കലിൽ ആദ്യ പരിപാടി അവതരിപ്പിച്ചതു മുതൽ രണ്ടുപേരുകളും ഒന്നായി; ‘സമീർ ബിൻസി – ഇമാം മജ്ബൂർ’. ഹിന്ദുസ്ഥാനി സംഗീതപഠിതാവായ മിഥുലേഷ് പിന്നീട് സംഘത്തോടൊപ്പം ചേർന്നു. ചെറുതും വലുതുമായ വേദികൾ ഒരുപാട് പിന്നിട്ടു. ‘സൂഫി സംഗീതജ്ഞർക്കു പലർക്കും സദസ്സിന്റെ വലുപ്പമോ ചമയങ്ങളോ പോലും അപ്രധാനമാണ്. അറിയുന്നതും ഹൃദയത്തിൽ നിറയുന്നതും പാടുക എന്നതു മാത്രമാണ് അവർക്കു ചെയ്യാനുള്ളത്.’ 

ജനകീയം ആലാപനം 

സൂഫി കാവ്യാലാപനത്തെ പൊതുവേദികളിലേക്കു കൊണ്ടുവന്നതിൽ നിർണായക സ്ഥാനമുണ്ട് ഈ ഇരുവർ സംഘത്തിന്. ഇബ്നു അറബി, മൻസൂർ ഹല്ലാജ്, റാബിയ അൽ ബസരിയ്യ തുടങ്ങിയവരുടെ അറബിക് കാവ്യങ്ങളും ജലാലുദ്ദീൻ റൂമി, ഹാഫിസ്, അമീർ ഖുസ്റു, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങളും ഖാജാ മീർ ദർദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകളും ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ.വി.അബൂബക്കർ തുടങ്ങിയവരുടെ മലയാളം കാവ്യങ്ങളും സമീർ ബിൻസിയും സംഘവും പാടുന്നു. ആത്മീയസഭകളില്‍, വിശുദ്ധകേന്ദ്രങ്ങളില്‍ ആഴത്തിലുള്ള പൊരുൾ പറഞ്ഞ് കൊണ്ടാണെങ്കിൽ, ബിൻസിയുടെ പൊതുപരിപാടികളിൽ ആദ്യവും ഇടയ്ക്കും അവസാനവുമൊക്കെ പാട്ടിന്റെ ലളിതമായ സാരങ്ങളും സാഹചര്യവുമെല്ലാം വിശദീകരിക്കും. 

sameer-imam2
സമീർ ബിൻസി, ഇമാം മജ്ബൂർ

ഒരു കാവ്യത്തോട് ചേർന്ന് മറ്റു ഭാഷയിൽ രചിക്കപ്പെട്ട കാവ്യങ്ങൾ ഒഴുകി വരും. അങ്ങനെ റൂമിയുടെയും ഇച്ച മസ്താന്റെയും വരികൾക്കു പിന്നാലെ ശ്രീനാരായണഗുരുവിന്റെയും ഗുരു നിത്യചൈതന്യ യതിയുടെയും വരികൾ ആലപിച്ചേക്കും. ബുല്ലേ ഷായുടെ വരികൾക്കു പിറകെ ഉമർ ഖയ്യാം വന്നെന്നിരിക്കും. ‘വിശാലവും വൈവിധ്യപൂർണവുമായ ലോകത്തിന്റെ സത്ത ഒന്നുതന്നെയെന്ന ലളിതമായ സത്യമാണ് ലോകമെമ്പാടുമുള്ള ആത്മജ്ഞാനികൾ നൽകുന്ന പാഠം.’ 

മാലിക്കിലേക്കുള്ള വഴി 

സുഡാനി ഫ്രം നൈജീരിയയിൽ പാടിയ ഇമാം മജ്ബൂറിന്റെ സിനിമാ സൗഹൃദം വഴിയാണ് ‘മാലിക്’ സിനിമ വരുന്നത്. ചിത്രയും സൂരജ് സന്തോഷും ചേർന്നു പാടിയ ‘തീരമേ തീരമേ’ എന്ന പാട്ടിൽ ‘ശന്തിരപ്പുതുനാരിയിൻ മനം’ എന്നു തുടങ്ങുന്ന ഏതാനും ഡോലിപ്പാട്ട് വരികളുണ്ട്. അതു പാടാനാണ് മജ്ബൂറിനെ സുഷിൻ ശ്യാം വിളിക്കുന്നത്. മജ്ബൂറും ബിൻസിയും മിഥുലേഷും കൂടി അതു പാടി റെക്കോർഡ് ചെയ്ത് അയച്ചുകൊടുത്തു. അപ്പോഴാണ് സുഷിൻ ശ്യാം ഒരു പണികൂടിയുണ്ട് എന്നറിയിച്ചത്. അങ്ങനെയാണ് വൻഹിറ്റായി മാറിയ പശ്ചാത്തല സംഗീത (ബിജിഎം) ശകലത്തിന്റെ പിറവി. 

തീരദേശത്ത് ജീവിക്കുന്ന മനുഷ്യസ്നേഹിയായ, തീക്ഷ്ണാനുഭവങ്ങളുള്ള ഒരാൾ നമസ്കരിക്കുന്ന സമയത്ത് പിന്നിൽനിന്നുള്ള ആക്രമണമേൽക്കുകയും മരിക്കുകയുമാണ് – ഇത്രയുമാണ് കഥാസന്ദർഭമായി സുഷിൻ ശ്യാം പറഞ്ഞത്. ട്യൂണിന്റെ അടിസ്ഥാനരൂപം മജ്ബൂറിനെ കേൾപ്പിക്കുകയും ചെയ്തു. ആ ട്യൂണിൽ തന്നെ സൂഫി പാരമ്പര്യത്തിന്റെ ചാരുതയുണ്ടായിരുന്നെന്ന് ബിൻസി. വരികൾ അറബിയിൽ ആയാൽ നന്നാകുമെന്ന് ഇരുവർക്കും തോന്നി. ബിൻസി വരികൾ എഴുതി. ആദ്യത്തെ മൂന്നു പേർക്കു പുറമേ, മലപ്പുറം ചോക്കാട് സ്വദേശിയായ നാലാം ക്ലാസുകാരി ഹിദയും പാലേമാട് സ്വദേശിയായ പ്ലസ്ടു വിദ്യാർഥി സിനാനും ചേർന്നാണ് വരികൾ പാടിയത്. കുട്ടിത്തത്തിന്റെ ഭംഗി ഉയർന്നു നിൽക്കാനായി ഹിദയുടെ ശബ്ദത്തിനു പ്രാമുഖ്യം നൽകി. 

‘റഹീമുൻ അലീമുൻ...’ 

മുസ്‌ലിം പശ്ചാത്തലമുള്ള കഥകളിൽ പതിവായി ഉപയോഗിക്കുന്ന ശബ്ദ സംഗീത വിന്യാസം വിട്ടൊരു ശ്രമമായിരുന്നു മാലിക്കിലേത്. ‘ഇനിയുള്ള കാലം ജയിലിൽ കഴിയുന്നതിനെക്കാൾ നല്ലത് റമദാപ്പള്ളിയിൽ ഒരു കബർ കുഴിക്കുകയാണ്’ എന്നു പറയുന്ന കേന്ദ്രകഥാപാത്രം ജയിലിൽ കൊല്ലപ്പെടുന്നു. അധ്വാനത്തിന്റെയും അനിശ്ചിതത്വതിന്റെയും നാളുകൾ പിന്നിട്ട് സംഘർഷഭരിതമായ മനസ്സുമായി ജീവിക്കുകയായിരുന്നു അയാൾ. നിർഭയം മരണത്തെ പുൽകിയ അയാളുടെ മൃതദേഹം റമദാപ്പള്ളിയുടെ തെരുവിലൂടെ നീങ്ങുന്ന അടുത്ത സീനിലാണ് പശ്ചാത്തലസംഗീതമായി ഉപയോഗിച്ച ആ വരികൾ. അതിങ്ങനെ, 

റഹീമുൻ അലീമുൻ ഗഫാറുൻ സത്താറുൻ 

ഹകീമുൻ ശകൂറുൻ ഖുദ്ദൂസുൻ സുബ്ബൂഹുൻ... 

അൽ മൗതു ഫീ അംനിസ്സ്വദ്‌രി ഹലാവഃ 

അസ്സയ്റു ലിൽ ഹഖി ഫീ സയ്‌റിൽ ഹബീബഃ 

ആദ്യത്തെ രണ്ടു വരിയും കരുണ, അറിവ്, പൊറുക്കൽ, ഗൂഢത, ജ്ഞാനം, വിശുദ്ധി, ഐശ്വര്യം എന്നിവയുമായി ബന്ധപ്പെട്ട വിശുദ്ധനാമങ്ങൾ. ശേഷം, 

‘ഹൃത്തടം നിർഭയത്വത്തിലായിരിക്കെ മരണമെന്നത് മധുരമാകുന്നു! 

പൊരുളിലേക്കുള്ള പ്രയാണമെന്നാൽ, പ്രണയിയുടെ യാത്ര തന്നെയാകുന്നു!’ 

സിനിമ വന്ന് ‘തീരമേ’ പാട്ട് ഹിറ്റായതിനൊപ്പം പശ്ചാത്തലസംഗീതവും ശ്രദ്ധിക്കപ്പെട്ടു. ഒഫീഷ്യലായി ഇറക്കാതെ തന്നെ ‘റഹീമുൻ അലീമുൻ’ വൈറൽ ആയി. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ്ചാനലിൽ ‘തീരമേ’ പാട്ട് മാത്രമേ അപ്‌ലോഡ് ചെയ്തിരുന്നുള്ളൂ. വൈകാതെ ‘റഹീമുൻ അലീമുൻ’ ഔദ്യോഗികമായിത്തന്നെ പുറത്തിറക്കി. മൂന്നുദിവസം കൊണ്ട് 15 ലക്ഷത്തിലധികം പേരാണ് ഒഫീഷ്യലായി മാത്രം പാട്ടുകേട്ടത്. ‘തീരമേ’ ഒരാഴ്ച കൊണ്ടു കണ്ടത് 38 ലക്ഷം പേരാണ്. 

അലിഫ് ദി ഇൻഫിനിറ്റ്, നാരായണ ഗുരുവും ഇച്ച മസ്താനും, മൻഖൂസ് മൗലീദ് എന്നിവയും ‌ബാവുൽ ഗായിക ശാന്തിക്കൊപ്പമുള്ള ‘റൂമി ആൻഡ് ഷംസ് – ബ്രിജിങ് ദ് സോൾ’ എന്ന മലയാളം – പേർഷ്യൻ കാവ്യങ്ങൾ, മൻഖൂസ് മൗലിദ് എന്നിവയുമാണ് ബിൻസിയുടെ പുതിയ പ്രോജക്ടുകൾ. 

sameer-imam1
സമീർ ബിൻസി, ഇമാം മജ്ബൂർ

മാലിക്കിന്റെ രാഷ്്ട്രീയം 

ബീമാപ്പള്ളി വെടിവയ്പിനെ അധികരിച്ചാണ് മാലിക് എഴുതിയതെന്നും ചരിത്രം വളച്ചൊടിച്ച സിനിമയാണെന്നും അതിനു വരിയെഴുതാൻ പോയത് ശരിയായില്ലെന്നുമൊക്കെ ചിലർ പറഞ്ഞു. ബിൻസി പറയുന്നത് ഇങ്ങനെ; ‘സിനിമയുടെ സമ്പൂർണ സ്ക്രിപ്റ്റോ മുഴുനീള കഥയോ ആദ്യമായി ബിജിഎമ്മിനു വേണ്ടി ചില വരികൾ എഴുതുന്ന എനിക്കു കിട്ടുക എന്നത് അസാധ്യമായ കാര്യമാണ്. ബീമാപ്പള്ളിക്കു സമാനമായ ഒരു തീരദേശത്ത് നടക്കുന്ന കഥയാണെന്നും അനുഭവതീക്ഷ്ണതയുള്ള, മനുഷ്യസ്നേഹിയായ ഒരാൾ പല സങ്കീർണ ജീവിതഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നും അയാൾ നമസ്കാരത്തിനിടെ കൊല്ലപ്പെടുന്നുവെന്നുമുള്ള കഥാസന്ദർഭം മാത്രമാണു മനസ്സിലായത്. സിനിയെക്കുറിച്ച് പിന്നീടു വന്ന ചർച്ചയകളെയെല്ലാം പോസിറ്റിവ് ആയാണ് കാണുന്നത്. സിനിമ സാങ്കൽപിക കഥയാകട്ടെ, യാഥാർഥ്യമാകട്ടെ. ബീമാപ്പള്ളി വെടിവെയ്പ് എന്ന പ്രധാന സംഭവത്തിലേക്ക് ആളുകളുടെ ശ്രദ്ധ പോവുകയും അതിന്റെ ചരിത്രയാഥാർഥ്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രേകരമാവുകയും ചെയ്തു. 

സിനിമയോട് എനിക്ക് എന്റേതായ വിമർശങ്ങളുണ്ടായിരിക്കെ തന്നെ, ഇതെല്ലാം ചർച്ചയാകാൻ കാരണമായത് സിനിമ ഒരുക്കിയതിന്റെ വൈദഗ്ധ്യവും സൗന്ദര്യവുമാണ്. ഇതിനെക്കാൾ ചർച്ച ചെയ്യപ്പെടണ്ടിയിരുന്ന, വിവാദമാവേണ്ടിയിരുന്ന പല സിനിമകളും അതിന്റെ മെയ്ക്കിങ് അല്ലെങ്കിൽ സംവിധാനം പാളിപ്പോയതുകൊണ്ട് ഒട്ടും ചർച്ച ചെയ്യപ്പെടാതെയും പോയിട്ടുണ്ട് എന്ന് ഓർക്കണം.’ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA