‘ആഘോഷിച്ചിരുന്നത് മകളുടെ പിറന്നാളുകൾ, ഇപ്പോൾ ആ ഓർമകളിൽ നിന്നു ഒളിച്ചോടുകയാണ് ഞാൻ’: കെ.എസ്.ചിത്ര അഭിമുഖം

HIGHLIGHTS
  • കെ.എസ്.ചിത്രയ്ക്ക് ഇന്ന് 58ാം പിറന്നാൾ
Exclusive-Interview-chithra-3
SHARE

ഉണരുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ, എപ്പോഴും കൂടെക്കൂട്ടാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില സ്വരവിസ്മയങ്ങളേ സംഗീതപ്രേമികളുടെ മനസ്സിലുണ്ടാകൂ. അതിലൊന്ന് നമ്മുടെ സ്വന്തം കെ.എസ്.ചിത്രയാണ്. ചിത്ര പാടിയ പതിനായിരക്കണക്കിനു പാട്ടുകൾ പതിനായിരം വട്ടം കേട്ടാലും അതെന്നും പുതുമ നിറഞ്ഞ അനുഭവം തന്നെ. അത്രമേൽ ആ സ്വരലാവണ്യം മലയാള മനസ്സിനെ കീഴ്പ്പെടുത്തിക്കളഞ്ഞു. മലയാളികൾ മാത്രമല്ല, അന്യഭാഷക്കാരും ‘നമ്മുടെ ചിത്ര’യുടെ ആരാധകർ ആയതിൽ നമുക്കെന്നും അഭിമാനിക്കാം. പ്രണയത്തിന്റെയും വിരഹത്തിന്റെയും താരാട്ടിന്റെയും ഈണങ്ങൾക്കു ചിത്രയുടെ സ്വരം കൂട്ടായെത്തിയപ്പോൾ സംഗീതപ്രേമികൾക്കത് പാട്ടിന്റെ പൂക്കാലമായി. ചിത്ര പാടിയ പാട്ടുകളിലൊന്നെങ്കിലും കേൾക്കാതെയോ മൂളാതെയോ ആരാധകർക്കൊരു ദിനം കടന്നു പോവുക തികച്ചും പ്രയാസം. പതിറ്റാണ്ടുകളായി പാടിപ്പാടി പാട്ടിലാക്കിയ ആ ചിത്രവര്‍ണത്തിന് ഇന്ന് 58 ാം ജന്മദിനം. പാട്ടും പറച്ചിലുമായി ഈ പിറന്നാൾ ദിനത്തിൽ കെ.എസ്.ചിത്ര മനോരമ ഓൺലൈനിനൊപ്പം. 

ജീവിതത്തിലെ 58 വർഷങ്ങൾ. പിൻതിരിഞ്ഞു നോക്കുമ്പോൾ എത്രത്തോളം സംതൃപ്തയാണ്?

സന്തോഷവും സങ്കടവും തുല്യ അളവിലാണ് എനിക്കു ജീവിതത്തില്‍ ലഭിച്ചിട്ടുള്ളത്. ഒരു സങ്കടം വന്നാൽ അതിനൊപ്പം ഒരു സന്തോഷവും കൂടിയുണ്ടാകും. ആലോചിക്കുമ്പോൾ സങ്കടങ്ങളാണ് മനസ്സിലേക്ക് ആദ്യം ഓടിവരുന്നത്. എങ്കിലും ദൈവം അതിനൊപ്പം തന്നെ എനിക്കു നല്ല കാര്യങ്ങളും നൽകി. സങ്കടമാണ് ജീവിതത്തില്‍ കൂടുതൽ എന്നു പറഞ്ഞാൽ അത് ദൈവദോഷമായിപ്പോകും. സംഗീതത്തിലേക്ക് എന്നെ എത്തിച്ചു, അതു തന്നെ മഹാഅനുഗ്രഹമാണ്. എന്നേക്കാൾ നന്നായി പാടുന്ന ഒരുപാട് പേർ ആരാലും അറിയപ്പെടാതെ ഇപ്പോഴും ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലുണ്ട്. ഇന്ന് ഞാൻ ആരെങ്കിലും ആയിട്ടുണ്ടെങ്കിൽ, ഈ ഉയർച്ചയിൽ എന്നെ എത്തിച്ച ദൈവത്തിനു നന്ദി പറയുന്നു. ജീവിതത്തിൽ ഇത്രയുമേറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടും ഞാൻ എന്റെ ദുഃഖങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കിൽ അത് വലിയ ദൈവനിന്ദയാകും. സങ്കടങ്ങളുണ്ടെങ്കിലും അതിലുപരിയായി എന്റെ സന്തോഷങ്ങളെക്കുറിച്ചു മാത്രം പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

പിറന്നാളുകൾ ആഘോഷിക്കാറുണ്ടോ? മറക്കാനാകാത്ത പിറന്നാളോർമകളെപ്പറ്റി? 

പിറന്നാളുകൾ ആഘോഷിക്കുന്ന പതിവ് കുട്ടിക്കാലം തൊട്ടേ ഇല്ലായിരുന്നു. അച്ഛനും അമ്മയും ജോലിക്കാർ ആയതുകൊണ്ട് അത്തരം ആഘോഷങ്ങൾക്കൊന്നും സമയം കിട്ടിയിരുന്നില്ല. രണ്ടുപേരും ജോലി കഴിഞ്ഞ് ക്ഷീണിതരായിട്ടാവും വരിക. വീട്ടിലെത്താൻ തന്നെ ഒരുപാട് വൈകും. അതുകൊണ്ട് ഇത്തരം ആഘോഷങ്ങൾക്കൊന്നും സമയമോ സാഹചര്യമോ കിട്ടിയിരുന്നില്ല. കേക്ക് മുറിക്കുന്ന പതിവുകളൊന്നും വീട്ടിലില്ലായിരുന്നു. ജന്മനാളിൽ അമ്മ അമ്പലത്തിൽ കൊണ്ടുപോയി വഴിപാട് നടത്തും. പിന്നെ വീട്ടിൽ പായസം വയ്ക്കും. ഇത്രമാത്രമായിരുന്നു അന്നത്തെ ആഘോഷങ്ങൾ. പിന്നീടാണ് വീട്ടിൽ എല്ലാവരുടെയും പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. ഞാൻ എന്റെ മകളുടെ പിറന്നാളുകൾ മാത്രമാണ് ആഘോഷിച്ചിട്ടുള്ളത്. എന്റെ പിറന്നാളിന് ഇതുവരെ ഞാനായിട്ട് ഒരു കേക്ക് വാങ്ങിയിട്ടില്ല. ആരെങ്കിലും സ്നേഹപൂർവം കേക്കുകളൊക്കെ കൊണ്ടുവന്നു തരും. അപ്പോൾ അവരുടെ സന്തോഷത്തിനു വേണ്ടി അത് മുറിക്കും.

chithra-husband
ഭർത്താവ് വിജയ് ശങ്കറിനൊപ്പം കെ.എസ്.ചിത്ര

സംഗീതം തന്നെയാണ് ജീവിതം. എങ്കിലും മറ്റേതെങ്കിലും ജോലിയോട് ഇഷ്ടം തോന്നിയിട്ടുണ്ടോ? 

പിന്നണിഗായിക ആകണമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നതല്ല. അധ്യാപികയാകും എന്നാണ് കരുതിയത്. ആ ലക്ഷ്യത്തോടെയാണ് സംഗീതം പ്രധാന വിഷയമായി തിരഞ്ഞെടുത്ത് പഠിക്കാൻ തുടങ്ങിയത്. ജോലി വേണം എന്ന് എനിക്കു നിർബന്ധമായിരുന്നു. പഠനം കഴിഞ്ഞ് ഏതെങ്കിലും കോളജിലോ സ്കൂളിലോ ടീച്ചറായി ജോലിക്കു കയറാം എന്നായിരുന്നു വിചാരിച്ചത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ജോലി കൂടിയാണ് അധ്യാപനം. എന്റെ കൂടെ പഠിച്ച പലരും വിവിധയിടങ്ങളിലായി അധ്യാപകജോലിയിലാണ് പ്രവേശിച്ചത്. എന്റെ അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നു. ഒരു പ്രത്യേക ചിട്ടയോടെയാണ് ഞങ്ങളെ വളർത്തിക്കൊണ്ടു വന്നത്. അവരുടെ രീതികൾ കണ്ടാണ് ഞങ്ങൾ വളർന്നത്. അതൊക്കെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം അധ്യാപനം തിരഞ്ഞെടുക്കാം എന്നുറപ്പിച്ചത്. പക്ഷേ പല സാഹചര്യങ്ങളിലൂടെ ഞാൻ പിന്നണി ഗാനരംഗത്ത് എത്തി.

chithra-jerry-amaldev
സംഗീതസംവിധായകൻ ജെറി അമൽദേവിനൊപ്പം കെ.എസ്.ചിത്ര

സംഗീതരംഗത്തു ചുവടുറപ്പിക്കാൻ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടോ? അത് മത്സരങ്ങളുടെ കാലഘട്ടം കൂടിയായിരുന്നോ?

മത്സരങ്ങൾ നേരിട്ടിട്ടില്ല എന്നു പറയുന്നതായിരിക്കും വാസ്തവം. ഞാൻ പിന്നണി ഗായികയാകണം എന്നു പ്ലാൻ ചെയ്തു വന്നതല്ലല്ലോ. തലയിലെഴുത്ത് പോലെ സംഭവിച്ചതാണ്. കടങ്കഥപ്പാട്ട് ആണ് ഞാൻ ആദ്യമായി പാടിയത്. അതിന്റെ റെക്കോർഡിങ് തിരുവനന്തപുരത്തെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു. രണ്ടാമത്തെ പാട്ട് എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ സംഗീതത്തിൽ പാടി. ആ പാട്ട് കേട്ടിട്ട് ദാസേട്ടൻ സംഗീതപരിപാടികളിൽ എന്നെ പാടിച്ചു. അങ്ങനെ ഓരോരോ വഴികൾ എനിക്കു മുന്നിൽ തുറന്നു കിട്ടുകയായിരുന്നു. പിന്നെ ദാസേട്ടന്റെ കൂടെ പാടിയ കുട്ടി എന്ന നിലയിൽ രവീന്ദ്രൻ മാസ്റ്റർ എന്നെ പാടാൻ ക്ഷണിച്ചു. അങ്ങനെ പല അവസരങ്ങളും തേടിവന്നു. എന്റെ അച്ഛനും അമ്മയും ജോലിക്കാർ ആയതുകൊണ്ടുതന്നെ എനിക്കു വേണ്ടി അവസരങ്ങൾ‌ അന്വേഷിച്ചു നടക്കാനുള്ള സമയം അവർക്കില്ലായിരുന്നു. പക്ഷേ കിട്ടിയ അവസരങ്ങളൊന്നും പാഴായിപ്പോകാതിരിക്കാൻ എന്റെ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അച്ഛന്റെ ആരോഗ്യം വളരെ മോശമായിരുന്നപ്പോൾ പോലും അച്ഛൻ എനിക്കൊപ്പമുണ്ടായിരുന്നു. വയ്യാതിരുന്ന സമയത്ത‌് പെയിൻ കില്ലറു‌കൾ കഴിച്ച് അച്ഛന്‍ എനിക്കൊപ്പം റെക്കോർഡിങ്ങിനു വന്നിട്ടുണ്ട്.

ചിത്രയുടെ വിനയവും ശാന്തതയും പ്രസിദ്ധമാണ്. ഇത്രയും ഉന്നതിയിൽ നിൽക്കുന്ന ഒരു ഗായികയ്ക്ക് എങ്ങനെയാണ് അത്തരത്തിൽ സ്വഭാവഗുണം നിലനിർത്താൻ സാധിക്കുന്നത്?

അവരവർ സ്വയം ചിന്തിക്കുമ്പോൾ എന്തൊക്കെയോ ആയി എന്ന തോന്നല്‍ വന്നാലാണ് വിനയം നമുക്ക് കൈമോശം വന്നു പോകുന്നത്. അത് ശരിക്കും വിവരമില്ലായ്മയായിത്തീരും. എന്റെ ഒരുപാട് നല്ല ഗുണങ്ങൾ എന്റെ മാതാപിതാക്കളിൽനിന്നു പകർന്നു കിട്ടിയതാണ്. അഹങ്കാരത്തിന്റെ എന്തെങ്കിലും ചെറിയ ഒരു അംശം ഉണ്ടായാൽ, ഞാൻ എന്തൊക്കെയോ ആയി എന്ന ഭാവം തോന്നിയാല്‍ അത് അധഃപതനത്തിന്റെ തുടക്കമായിരിക്കും എന്ന് എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഇപ്പോഴും നമ്മളെല്ലാവരും വിദ്യാർഥികളാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനിയും നമുക്ക് എത്രയോ കാര്യങ്ങൾ പഠിക്കാനുണ്ട്. ദാസേട്ടനൊക്കെ നേരിട്ട് സിനിമയിലേക്കു പാടിയ ഒരു കാലഘട്ടമുണ്ട്. തെറ്റു പറ്റിയാൽ എഡിറ്റ് ചെയ്യാനോ ആവർത്തിച്ചു പാടാനോ ഉള്ള സാഹചര്യങ്ങളോ സാങ്കേതികത്വമോ അന്നില്ല. അതിൽ നിന്നൊക്കെ ഇന്നത്തെ കാലം എത്രയോ മാറി. അപ്പോൾ എന്തിനെക്കുറിച്ചാണ് ഇന്ന് നമ്മൾ അഹങ്കരിക്കേണ്ടത്. പ്രഗത്ഭരായ ഇത്രയും വ്യക്തികൾ വാണിരുന്ന ഒരു സ്ഥലത്ത് ഇന്ന് പല എഡിറ്റിങ്ങും തിരുത്തലുകളും നടത്തിയാണ് പാട്ടുകൾ റെക്കോർഡ് ചെയ്യുന്നത്. അതിൽ അഹങ്കാരത്തിന് യാതൊരു വകയുമില്ല. നമ്മുടെ കുറവുകളും കുറ്റങ്ങളും നാം സ്വയം തിരിച്ചറിയണം. അത‌ിനെക്കുറിച്ച് ബോധ്യം ഉള്ളയാൾക്ക് ഒരിക്കലും അഹങ്കാരം തോന്നില്ല എന്നാണ് ഞാൻ ‌കരുതുന്നത്. നമ്മൾ തന്നെയാണ് നമ്മളെ ആദ്യം വിലയിരുത്തേണ്ടത്. ഇക്കാര്യം ദാസേട്ടനും എപ്പോഴും പറയാറുണ്ട്. ആരും പരിപൂർണരല്ലല്ലോ. പക്ഷേ സ്വയം കുറവുകൾ കണ്ടെത്തി തിരുത്തണം.

chithra-latha-ilyaraja
ലത മങ്കേഷ്കറിനൊപ്പം, ഇളയരാജയ്ക്കൊപ്പം

ഇപ്പോഴും സ്റ്റേജ് ഫിയർ ഉണ്ടെന്ന് പറഞ്ഞതായി ഓർക്കുന്നു. എത്രയോ വേദികൾ കീഴടക്കിയ ഗായികയ്ക്ക് അങ്ങനെയൊരു പേടിയുണ്ടാകാൻ കാരണം?

അയ്യോ അതിൽ യാതൊരു സംശയവുമില്ല. എനിക്ക് ഇപ്പോഴും സ്റ്റേജിൽ കയറി പാടുമ്പോൾ പേടിയാണ്. എല്ലാ ഗായകർക്കും സ്റ്റേജ് ഫിയർ ഉണ്ടാകും. എത്ര വേദികളിൽ പാടിയ അനുഭവസമ്പത്ത് ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. ഓരോ വേദിയും വ്യത്യസ്തമായിരിക്കുമല്ലോ. പാടുന്നതിനിടെ ശബ്ദത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ, പ്രേക്ഷകർ എങ്ങനെ പ്രതികരിക്കും എന്നൊക്കെ പേടിയാണ്. പരിപാടിയുടെ തുടക്കത്തിൽ വേദിയിൽ കുറച്ചു പാട്ടുകൾ കുഴപ്പങ്ങളില്ലാതെ പാടിയാൽ പിന്നെ ചെറിയ ആശ്വാസം തോന്നും. സ്റ്റേജ് ഫിയർ ഇല്ലാത്ത ഗായകർ ഉണ്ടോ എന്നു പോലും സംശയമാണ്. എന്റെ കൂടെ പാടുന്നവർക്കൊക്കെ അറിയാം എന്റെ സ്റ്റേജ് ഫിയറിനെക്കുറിച്ച്. പരിപാടി തുടങ്ങുന്നതിനു മുൻപ് തന്നെ വെള്ളം കുടിച്ചു കുടിച്ചാണ് ഞാൻ ടെൻഷൻ മാറ്റുന്നത്. സ്റ്റേജ് ഫിയറിന്റെ കാര്യം പറഞ്ഞ് ശരത് (സംഗീതസംവിധായകന്‍ ശരത്) എന്നെ ഒരുപാട് കളിയാക്കാറുമുണ്ട്.

ജീവിതത്തിൽ വന്ന ആകസ്മികമായ ദുരന്തത്തെക്കുറിച്ചറിയാം. അതിൽ നിന്നൊക്കെ കരകയറി വന്നത് സംഗീതം എന്ന ശക്തി കൊണ്ടു മാത്രമാണോ?

കരകയറി എന്ന് ഇപ്പോഴും പറയാൻ പറ്റില്ല. യഥാർഥത്തിൽ ഞാൻ അതിൽനിന്ന് ഒളിച്ചോടുകയാണ്. എപ്പോഴും ആ ചിന്തകൾ മനസ്സിൽ വരാറുണ്ട്. പക്ഷേ അതേക്കുറിച്ചു ചിന്തിക്കാനുള്ള അവസരം കൊടുക്കാതിരിക്കാനാണ് ശ്രമിക്കുക. ജോലിയിലേക്കും മറ്റും എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ ചിന്തകൾ തനിയെ മാറിപ്പോവുകയാണ് ചെയ്യുന്നത്. അല്ലാതെ ഒരിക്കലും ആ ദുഃഖത്തിൽ നിന്നൊരു മോചനമില്ല. എന്റെ ശ്വാസം നിലയ്ക്കുന്നതുവരെ അത് എന്നിൽനിന്നു പോകില്ല. പിന്നെ ഒരുപാട് പേരുടെ പ്രാർഥന എനിക്കൊപ്പമുണ്ടെന്നു വിശ്വസിക്കുന്നു. ആ പ്രാർഥനകൾ കൊണ്ടായിരിക്കാം വലിയ ദുരന്തത്തിനു ശേഷവും അവസരങ്ങൾ ലഭിച്ചതും വീണ്ടും പാടിത്തുടങ്ങിയതും. ആ സമയത്ത് പാടാനൊരു പ്രോഗ്രാമോ റെക്കോർഡിങ്ങോ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനേ എന്ന് എപ്പോഴും ആലോചിക്കാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളിലും ദൈവം എന്നെ വല്ലാതെ അനുഗ്രഹിച്ചു. അതിനു ഞാൻ എപ്പോഴും നന്ദി പറയുകയാണ്. എന്നെപ്പോലെ സമാനമായ ദുഃഖം അനുഭവിക്കുന്ന ഒരുപാട് അമ്മമാർ എന്നോട് അവരുടെ കാര്യങ്ങൾ പങ്കുവയ്ക്കാറുണ്ട്. എങ്ങനെയാണ് ഞാൻ ഇതിൽനിന്നു പുറത്തു വന്നത് എന്ന് അവർ ചോദിക്കും. പുറത്തു വന്നതല്ല, ഏതെങ്കിലും ജോലിയിൽ വ്യാപൃതരാകുമ്പോൾ സ്വയം മറക്കും. അങ്ങനെ ചെയ്യുകയല്ലാതെ മാർഗവുമില്ല. ഒരു മിനിറ്റ് മാത്രമാണെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ദുഃഖിക്കുകയും കരച്ചിൽ വരികയും ചെയ്യും. കാരണം, അതൊരിക്കലും മറക്കാൻ പറ്റുന്ന കാര്യമല്ലല്ലോ.

chithra-beena
ചേച്ചി ബീനയ്ക്കൊപ്പം കെ.എസ്.ചിത്ര

കുടുംബത്തോടൊപ്പമുള്ള ഒത്തു ചേരലുകളും യാത്രകളും നടക്കാറുണ്ടോ?

കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അധികസമയം കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. സംഗീതപരിപാടികൾക്കു വേണ്ടി പോകുമ്പോഴാണെങ്കിലും ഞാൻ മറ്റ് ഇടങ്ങളിൽ പോവുകയോ അവിടുത്തെ കാഴ്ചകൾ ആസ്വദിച്ചു മതിമറന്നു നടക്കുകയോ ചെയ്യാറില്ല. താമസിക്കുന്ന ഹോട്ടലും പരിപാടി നടക്കുന്ന ഓഡിറ്റോറിയവും മാത്രമായിരിക്കും എന്റെ ലോകം. ഒരു പരിപാടിക്കായി പോകുമ്പോൾ ഒരുപാട് ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട്. സന്തോഷിച്ചുല്ലസിച്ചു നടക്കാൻ പറ്റില്ല. എനിക്കെന്റെ തൊണ്ട സൂക്ഷിക്കണം. അടുത്ത പരിപാടിക്ക് യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകാൻ പാടില്ല. അതൊക്കെ ശ്രദ്ധിക്കാനുള്ളതുകൊണ്ട് കഴിവതും മറ്റെവിടേക്കും പോകാറില്ല. കുടുംബത്തോടൊപ്പം ഒരിക്കൽ തായ്‌ലൻഡിൽ പോയി. പിന്നെ അമ്പലങ്ങളിലും പോകാറുണ്ട്. അടുത്തിടെ തിരുവനന്തപുരത്തു തന്നെ ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം കൂടി വൺ ഡേ ട്രിപ്പിനു പോയിരുന്നു. എല്ലാവരും ചേർന്ന് വർത്തമാനമൊക്കെ പറഞ്ഞ്, ഭക്ഷണമൊക്കെ കഴിച്ച് അന്ന് ഒരുപാട് ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്തു. അല്ലാതെ കുടുംബത്തോടൊപ്പം ഒരുപാട് ഇടങ്ങളിൽ പോയിട്ടില്ല. ഇപ്പോഴാണെങ്കിൽ മറ്റു രാജ്യങ്ങളിലൊക്കെ പോകണം എന്ന് എന്റെ ഭർത്താവും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വളരെ ചുരുക്കം ട്രിപ്പുകളേ ഉണ്ടായിട്ടുള്ളു. എപ്പോഴും ജോലിക്കു വേണ്ടിത്തന്നെയാണ് സമയം മാറ്റി വയ്ക്കുന്നത്. വെറുതെയിരിക്കാൻ എനിക്ക് ഒട്ടും ഇഷ്ടവുമല്ല.

സംഗീതജീവിതത്തിൽ എന്തെങ്കിലും തിക്താനുഭവങ്ങൾ? 

അങ്ങനെ പറയുകയാണെങ്കിൽ, ഹിന്ദിയില്‍ ഞാൻ പാടിയ പല പാട്ടുകളും പുറത്തു വന്നിട്ടില്ല. അത് പക്ഷേ തിക്താനുഭവങ്ങളല്ല. ഒരുപക്ഷേ ഞാൻ പാടിയപ്പോൾ അതിൽ ഉച്ചാരണപ്പിശകുകൾ വന്നിട്ടുണ്ടാകാം. അതുപോലെ ഓരോ റെക്കോർഡിങ് കമ്പനികളും പ്രാധാന്യം നൽകുന്ന ചില ഗായകർ ഉണ്ട്. അവർ പാടിയെങ്കിൽ മാത്രമേ ആ കമ്പനികൾ പാട്ടുകളെടുക്കൂ. അതൊക്കെ കൊണ്ടുകൂടിയായിരിക്കാം ഞാൻ‍‍ പാടിയ പല പാട്ടുകളും ഒഴിവാക്കിയതും പകരം മറ്റു ഗായകരെക്കൊണ്ടു പാടിപ്പിച്ചതും. അതിലൊന്നും പക്ഷേ പരാതിയില്ല. കാരണം, സാഹചര്യങ്ങൾ കൂടി മനസ്സിലാക്കണമല്ലോ. എനിക്കു വിധിച്ചിട്ടുള്ളത് എനിക്കു വരും എന്നു തന്നെ വിശ്വസിക്കുന്നയാളാണു ഞാൻ. പ്രതീക്ഷിച്ചതിനേക്കാളേറെ പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ദൈവം എനിക്കു തന്നിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഞാൻ പാടിയ പാട്ടുകൾ വേറെ ആരെങ്കിലും പാടിയതിൽ എനിക്കു സങ്കടമില്ല.

മറ്റു ഭാഷകളിൽ പാടുമ്പോൾ മലയാളത്തിൽനിന്ന് അകന്നു നിൽക്കുന്നതായി വിലയിരുത്തപ്പെടാറുണ്ടോ? അതല്ല, സംഗീതത്തിനു ഭാഷയില്ല എന്നതാണോ ശരിയായ നിരീക്ഷണം? 

ഭാഷ പഠിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പണ്ടു മുതലേ എനിക്ക് തമിഴ് കേട്ട് പരിചിതമായിരുന്നു. പക്ഷേ സംസാരിക്കാൻ അറിയില്ലായിരുന്നു. തമിഴിൽ പാടാൻ പോയ സമയത്താണെങ്കിലും ഉച്ചാരണത്തിൽ കുറച്ചു പ്രശ്നങ്ങളും വന്നു. അർഥം അറിയാതെയും ഭാഷ അറിയാതെയും പാടാൻ പാടില്ലെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഭാഷ പഠിക്കുന്നതിനോട് എനിക്കു പ്രത്യേക ഇഷ്ടവും താത്പര്യവുമൊക്കെയുണ്ട്. ഏത് ഭാഷയിലാണു പാടുന്നതെങ്കിലും അതിനെക്കുറിച്ച് കൂടുതലറിയണം എന്നാണ് ആഗ്രഹം. അന്യഭാഷകളിൽ പാടിത്തുടങ്ങിയപ്പോൾ എസ്പിബി സർ ആണ് എനിക്ക് ആദ്യമായി തെലുങ്കിലെ അക്ഷരങ്ങൾ പഠിപ്പിച്ചു തന്നത്. ഗായിക ലതിക തമിഴ് അക്ഷരങ്ങളും പഠിപ്പിച്ചു. തുടർന്ന് റെക്കോർഡിങ്ങിനും മറ്റുമായുള്ള യാത്രയ്ക്കിടെ പൊതുസ്ഥലങ്ങളിൽ കാണുന്ന സിനിമ പോസ്റ്ററുകളും നോട്ടിസുകളുമൊക്കെ നോക്കി ഞാൻ അറിയാവുന്ന രീതിയിൽ തെലുങ്കും തമിഴും വായിച്ചു തുടങ്ങി. തമിഴ് ഭാഷ കുറച്ചുകൂടി സ്വായത്തമാക്കാൻ വേണ്ടി ഒരിക്കൽ വൈരമുത്തു സർ എനിക്ക് ജാനകിയമ്മയുടെ പഴയ പാട്ട് കസെറ്റുകള്‍ തന്നു. അതിലെ പാട്ടുകളെല്ലാം കേട്ട് പാടി റെക്കോര്‍ഡ് ചെയ്ത് തിരിച്ച് അയച്ചു കൊടുക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. അപ്പോഴേക്കും സംഗീതജീവിതത്തിൽ ഞാൻ കുറച്ചു തിരക്കിലായിത്തുടങ്ങിയിരുന്നു. എങ്കിലും അദ്ദേഹം പറഞ്ഞതുപ്രകാരം പാട്ട് പഠിച്ചു പാടി ഞാൻ അയച്ചു കൊടുത്തു. ഒപ്പം തെറ്റുകളുണ്ടെങ്കിൽ തിരുത്തിത്തരണം എന്ന് അഭ്യർഥിച്ചു കൊണ്ട് ഞാൻ തമിഴിൽത്തന്നെ ഒരു കത്തും എഴുതി അയച്ചു. സാറിന് അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായിരുന്നു. അതുപോലെ തെലുങ്കിന്റെ കാര്യത്തിലാണെങ്കിൽ, പാടുന്ന സമയത്ത് എസ്പിബി സർ ഉച്ചാരണങ്ങളെക്കുറിച്ചെല്ലാം വ്യക്തമായി പറഞ്ഞു തന്നു. അങ്ങനെയാണ് മറ്റു ഭാഷകളും ഞാൻ സ്വായത്തമാക്കിയത്. മറ്റു ഭാഷകൾ പഠിച്ചതുകൊണ്ടും പാടിയതുകൊണ്ടും എനിക്ക് ഉച്ചാരണം കുറേക്കൂടി മെച്ചപ്പെടുത്താൻ സാധിച്ചു. അതൊക്കെ വലിയ ഗുണമായെന്നാണ് കരുതുന്നത്.

yesudas-chitra
കെ.ജെ.യേശുദാസിനൊപ്പം കെ.എസ്.ചിത്ര

മറ്റു ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളസംഗീതരംഗത്ത് പ്രതിഫലം വളരെ കുറവാണെന്ന് നമ്മുടെ ഗായകർക്ക് പരാതിയുണ്ടല്ലോ?

മറ്റുള്ള ഭാഷകളിൽ പ്രതിഫലം കൂടുതലുണ്ട് എന്നതു സത്യം തന്നെയാണ്. എന്നു കരുതി മലയാളത്തിൽ കുറവാണ് എന്നു പറയാൻ കഴിയില്ല. മലയാളത്തെ അപേക്ഷിച്ചു നോക്കുമ്പോൾ തെലുങ്കിലും മറ്റു ഭാഷകളിലുമൊക്കെ പലപ്പോഴും ബിഗ്ബജറ്റ് ചിത്രങ്ങളാകും പുറത്തിറക്കുക. മലയാളത്തിൽ ചെറിയ ബജറ്റ് ചിത്രങ്ങളും ചെയ്യാറുണ്ടല്ലോ. അതുകൊണ്ടായിരിക്കാം പ്രതിഫലത്തിന്റെ കാര്യത്തിൽ അങ്ങനെയൊരു വ്യത്യാസം ഉള്ളത്. 

ഗായികയായ ചിത്രയെപ്പോലെ കൃഷ്ണഭക്തയായ ചിത്രയും എല്ലാവർക്കും പരിചിതയാണ്. ആദ്യമായിട്ടാണോ ക്ഷേത്രങ്ങളിൽ പോകാതെ ഇത്രയും കാലം വീട്ടിൽ കഴിയേണ്ടി വന്നത്? 

പണ്ടു മുതൽ തന്നെ ഞാൻ ഒരുപാട് ക്ഷേത്രങ്ങളിൽ പോകുന്നയാളല്ല, കൂടുതലായും വീട്ടിൽ തന്നെയാണ് നാമം ജപിക്കുന്നതും വ്രതമിരിക്കുന്നതുമൊക്കെ. എങ്കിലും സാഹചര്യങ്ങൾ കിട്ടുന്ന മുറയ്ക്ക് അമ്പലങ്ങളിൽ പോകാറുണ്ട്. ചില സമയം അമ്പലത്തിൽ പോകണം എന്നു മനസ്സിൽ വല്ലാത്തൊരു തോന്നലുണ്ടാകും. അപ്പോഴൊക്കെ സമയം കണ്ടെത്തി പോകാൻ ശ്രമിക്കും. വീട്ടിൽ സ്ഥിരമായി ജപങ്ങളും പ്രാർഥനകളും നടത്താറുണ്ട്. അതിന് ഒരിക്കലും മുടക്കം വരുത്താറില്ല. യാത്ര ചെയ്യുമ്പോള്‍ ഒരു കൊച്ചു പൂജാമുറി സജ്ജീകരിച്ച് ഞാൻ ഒപ്പം കൊണ്ടുപോകും. വർഷങ്ങളായി അനുഷ്ഠിക്കുന്ന വ്രതങ്ങളുണ്ട്. എന്തൊക്കെ പരിപാടികൾ ഉണ്ടെങ്കിലും അത് ഇതുവരെ മുടക്കിയിട്ടില‌്ല.

മഹാമാരി എല്ലാം വഴിമുടക്കിയിരിക്കുകയാണല്ലോ? അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുകാലം എങ്ങനെയാണു ചെലവഴിച്ചത്? നിലവിലെ സാഹചര്യത്തിൽ സംഗീതരംഗത്തെ ഭാവിയെക്കുറിച്ച് എന്താണു തോന്നുന്നത്?

കോവിഡ് വ്യാപനം തുടങ്ങുന്നതിനു മുൻപു വരെ ഞാൻ യാത്രകളുമായി തിരക്കിലായിരുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുള്ള യാത്രകൾ തുടരുന്നതിനിടെ പലപ്പോഴും കഷ്ടിച്ച് ഒരു മണിക്കൂർ മാത്രമാണ് ഉറങ്ങാൻ കിട്ടിയിരുന്നത്. അങ്ങനെ തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടയിലാണ് പെട്ടെന്ന് ആദ്യ ലോക്ഡൗൺ വന്നത്. പിന്നെ എല്ലാവരെയും പോലെ ഞാനും വീട്ടിൽ ഒതുങ്ങി. ആദ്യ ദിവസങ്ങളിലൊക്കെ സിനിമ കണ്ടും വിഡിയോ ഗെയിമുകൾ കളിച്ചുമൊക്കെ ഞാൻ കുറേ ആസ്വദിച്ചു. രണ്ടാഴ്ച കഴി‍ഞ്ഞപ്പോൾ ബോറടിച്ചു തുടങ്ങി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്ന സമയത്ത് ഓരോന്നോർത്ത് ചെറിയ നിരാശയൊക്കെ തോന്നിത്തുടങ്ങി. ആ സമയത്ത്, വാട്സാപ് ഗ്രൂപ്പിലെ കുട്ടികളോടു സംവദിക്കുകയും ഞങ്ങൾ എല്ലാവരും ചേർന്ന് പാട്ടുകളൊക്കെ പാടിയിറക്കുകയും ചെയ്തു. കുടുംബാംഗങ്ങളെയെല്ലാം ഓൺലൈനായി സംഘടിപ്പിച്ച് പാട്ടുകൾ പാടി വിഡിയോ തയാറാക്കി. കുടുംബാംഗങ്ങളിൽ എല്ലാവരും പാട്ടുകാർ അല്ലെങ്കിലും അവർക്കൊക്കെ സംഗീതത്തോട് അഭേദ്യമായ ബന്ധമുണ്ട്. അവർക്കൊപ്പമുള്ള വർക്ക് എനിക്ക് ഒരുപാട് സംതൃപ്തി നൽകി.

chithra-janaki-sujatha
എസ്.ജാനകിക്കൊപ്പം, സുജാത മോഹനൊപ്പം

കോവിഡ് വന്നതോടെ എല്ലാവരുടെയും ജീവിതരീതി തന്നെ ഒരുപാട് മാറി. പണ്ടത്തേതിനേക്കാൾ വ്യക്തിശുചിത്വവും കൂടി. ഈ മഹാമാരി മാറുമെന്നും എല്ലാവർക്കും പഴയതു പോലെ ഒരു ജീവിതം കിട്ടുമെന്നും തന്നെയാണ് ഇപ്പോഴത്തെ പ്രതീക്ഷ. ചുരുങ്ങിയത്, ഈ വീട്ടിലിരുപ്പ് അവസാനിപ്പിച്ച് എല്ലാവർക്കും മനസ്സമാധാനത്തോടെ പുറത്തിറങ്ങി നടക്കാവുന്ന ഒരു അവസ്ഥയെങ്കിലും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അന്നന്നത്തെ ആഹാരത്തിനു വേണ്ടി അധ്വാനിച്ചിരുന്നവരാണ് ഇപ്പോൾ ഏറ്റവും ദുരിതത്തിലായിരിക്കുന്നത്. ഈയവസ്ഥയൊക്കെ മാറി എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുകയാണ്. ആ പ്രതീക്ഷയോടെ തന്നെയാണ് ഓരോ നിമിഷവും മുന്നോട്ടു പോകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA