യേശുദാസ് മൂത്ത മകനാണെന്ന് എന്റെ അമ്മ എപ്പോഴും പറയും, എന്നെ ചൂണ്ടി ഇളയവനെന്നും: ഓർമകൾ പങ്കിട്ട് രമേഷ് നാരായണൻ

ramesh-narayan-yesudas
SHARE

ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന

മിഴിമുനയാരുടേതാവാം..

ഒരു മഞ്ജു ഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന

നിനവുകളാരെയോര്‍ത്താവാം...

നഷ്ടപ്പെട്ടു പോയെന്നു കരുതിയ കളിച്ചങ്ങാതിയെ തിരിച്ചറിഞ്ഞ ആ നിമിഷത്തിന് എത്ര മധുരമായിരുന്നു. മല്‍ഹാര്‍ രാഗത്തില്‍ അയാള്‍ പാടിയതത്രയും പെയ്തു നിറഞ്ഞത് അവള്‍ക്കുള്ളിലാണല്ലോ. അന്ന് കല്‍മണ്ഡപത്തിനരികില്‍ നിന്നു കാഴ്ചയില്‍ നിന്നും മറയുവോളം കൈവീശിയ പെണ്‍കുട്ടി... മിണ്ടിയാല്‍ പിണങ്ങുന്നവള്‍... അവളെ  ഒന്നു കാണാന്‍ എത്രയോ കൊതിച്ചിരുന്നുവല്ലോ രാജീവും. ഒടുവില്‍ നന്ദിതാ മേനോൻ എന്ന ഏറെ പ്രിയപ്പെട്ട കഥാകാരിയുടെ രൂപത്തില്‍ അവള്‍ മുന്നില്‍ നില്‍ക്കേ തിരയടിക്കുന്ന മനസ്സുമായി അയാള്‍ പറഞ്ഞു പോവുന്നു. ''എന്താണെന്നറിയാത്ത എന്തിനാണെന്നറിയാത്ത ഒരിഷ്ടം.. വേണ്ടെന്നു വയ്ക്കാന്‍ ശ്രമിച്ചിട്ടും വേണമെന്നു തന്നെ തോന്നുന്ന ഒരിഷ്ടം..''

മനസ്സില്‍ കൊണ്ടു നടന്ന മയില്‍പ്പീലി കളഞ്ഞു പോയി എന്നു സ്വയം വിശ്വസിപ്പിച്ച് അയാളില്‍ നിന്നകലാൻ ശ്രമിച്ചെങ്കിലും കളിച്ചങ്ങാതിയെ മറക്കാനവള്‍ക്കുമാവുന്നില്ല. എന്നെങ്കിലും അവന്‍ വരുമ്പോള്‍ കാണട്ടെ എന്നു കരുതി പേരെഴുതിയിട്ട ആ മുത്ത്യമ്മ പാറക്കരികില്‍, കല്‍മണ്ഡപത്തിനരികില്‍ ഒരിക്കല്‍ കൂടി അവനോടൊപ്പം നടക്കണമെന്ന് ഉള്ളു തുടിക്കുമ്പോള്‍ മനസ്സിലെത്ര രാഗങ്ങളാണു പെയ്യാന്‍ വിതുമ്പി നിന്നത്.

മറക്കാനാവുമോ കമലിന്റെ  മേഘമൽഹാറിലെ നന്ദിതയെയും രാജീവിനെയും. കാണാതിരിക്കാന്‍ ശ്രമിക്കാം, കണ്ടാലും പരിചയം ഭാവിക്കാതിരിക്കാന്‍ ശ്രമിക്കാം എന്നു പറഞ്ഞു നടന്നകലുന്ന സംയുക്ത–ബിജു മേനോൻ കഥാപാത്രങ്ങളെ ...സ്‌നേഹത്തെക്കുറിച്ചു ഇതില്‍ കൂടുതലെന്തെഴുതാന്‍ എന്നു തോന്നിപ്പിച്ച ഒഎൻവിയുടെ പാട്ടുകളെ... മഴ രാഗങ്ങളെ പാടിയുണര്‍ത്തിയ രമേഷ് നാരായണന്റെ സംഗീതത്തെ. സംഗീതാർദ്രമായ ചിത്രത്തിലെ പ്രണയം മഴയുടെ നനുത്ത സ്പർശമായി ഓർമ്മകളെ തലോടും. അപ്പോഴൊക്കെയും മഴയുടെ തന്ത്രികൾ മീട്ടിയാകാശം പാടും.

മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം

മധുരമായ് ആര്‍ദ്രമായ് പാടി

അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും ഗന്ധര്‍വ്വ

പ്രണയത്തിന്‍ സംഗീതം പോലെ...

ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്നും വന്നു തൊടുന്ന ഒരു ബന്ധത്തെക്കുറിച്ച് ഒഎന്‍വി എഴുതുമ്പോള്‍ വരികളിൽ തന്നെയുണ്ട് ഒരു പ്രണയ സമുദ്രം. പ്രണയത്തെക്കുറിച്ച് ഇതിൽ കൂടുതൽ എന്തെഴുതാനെന്ന് ഈ പാട്ടിലും കവി വിസ്മയിപ്പിക്കുന്നു. മഴയുടെ രാഗത്തില്‍ പാട്ടിനെ ആവാഹിച്ച രമേഷ് നാരായണൻ ആ വർഷമേഘങ്ങളെ പെയ്തു തീരാത്ത സ്നേഹ പ്രവാഹമാക്കുന്നു.

ramesh-narayanan-mother
അമ്മ നാരായണിയ്ക്കൊപ്പം രമേഷ് നാരായണൻ

20 വര്‍ഷം മുമ്പുള്ള മനോഹരമായ ആ മുഹൂർത്തങ്ങൾ ഇന്നും മിഴിവാർന്നു മനസ്സില്‍ കാത്തുവയ്ക്കുന്നുണ്ട് സംഗീതഞ്ജനായ രമേഷ് നാരായണന്‍.  ഈണത്തിനായി ഹാര്‍മ്മോണിയത്തില്‍ വിരലോടിച്ചിരിക്കവേ മനസിലുരുണ്ടുകൂടിയ ആശങ്കയുടെ മേഘങ്ങളൊക്കെയും പത്തു നിമിഷങ്ങള്‍ക്കകം പാട്ടായി പൊഴിഞ്ഞ നിമിഷം. ഒരു നറു പുഷ്പമായ് എന്ന പാട്ടിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു രമേഷ് നാരായണൻ.

''അന്ന് തിരുവനന്തപുരത്ത് ഒഎന്‍വിയുടെ വീടിനു സമീപം തന്നെയാണ് ഞാനും താമസിച്ചിരുന്നത്. വീട്ടില്‍ മേഘമല്‍ഹാറിലെ പാട്ടുകളുടെ കമ്പോസിങ് നടക്കുന്നു. ഒഎന്‍വി മനോഹരമായൊരു ഗാനവുമായെത്തിയിട്ടുണ്ട്. സര്‍ ഇതിന്റെ താളമെങ്ങനെയെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം അതു എന്നെ ചൊല്ലി കേള്‍പ്പിച്ചു. പരിപാടി കവര്‍ ചെയ്യാനെത്തിയ ചാനല്‍ ക്യാമറകള്‍ക്കു മുമ്പിലാണ് പാട്ടൊരുക്കം. മനസില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു. ഈണം തീരുമാനിച്ചാല്‍ പിന്നെ മാറ്റാനാവില്ല.ചാനലുകാരോട് ഒന്നും പറയാനും വയ്യ..  

പേര് കേട്ടപ്പോള്‍ തന്നെ വളരെ മനോഹരമായി തോന്നിയിരുന്നു. മേഘമല്‍ഹാര്‍ എന്നാണ് കമല്‍ ചിത്രത്തിനു പേരിട്ടിരിക്കുന്നത്. മഴയുടെ രാഗങ്ങളാണ്, പുതുമഴയുടെ രാഗമായ ധുലിയ മല്‍ഹാര്‍ മനസ്സിലേക്ക് ഒന്നു ചാറി.

പിന്നെ ആ മഴരാഗങ്ങള്‍ക്കൊപ്പമായി മനസ്സ്. ധുലിയ മല്‍ഹാര്‍, ഗൗഡ് മല്‍ഹാര്‍, മേഘ് മല്‍ഹാര്‍... പ്രണയം തോന്നിപ്പിക്കുന്ന രാഗങ്ങളാണ്. ഓരോ വരിയിലേക്കും ഈണം പെയ്തു നിറയുമ്പോള്‍ കവി അഭിനന്ദിക്കും. വാഹ്..വാഹ്... ഹിന്ദുസ്ഥാനി ഖയാലിലെ രണ്ടു വരികള്‍ ചേര്‍ത്തു... ഒരു 10- 15 മിനിറ്റില്‍ തീര്‍ന്നു കമ്പോസിങ്.  

പാട്ടിന്റെ ഭാവം ചോരാതെ ശുദ്ധ സംഗീതം പകരാന്‍ സാരംഗി, ഓടക്കുഴല്‍, തബല എന്നിങ്ങനെ എല്ലാ ഉപകരണങ്ങളും ലൈവായി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കണ്ണന്‍, ബെന്നി എന്നീ പ്രശസ്തരായ സംഗീതജ്ഞരായിരുന്നു പാട്ടിന്റെ പ്രോഗ്രാമിങ് നടത്തിയത്. ദാസേട്ടന്‍ അതിമനോഹരമായി പാടി. ചിത്രത്തിന്റെ റീ റെക്കോർഡിങ് കഴിഞ്ഞപ്പോൾ സംവിധായകൻ കമൽ കെട്ടിപ്പിടിച്ചു 'രമേഷ് ജീ വളരെ സംഗീതാത്മകമായി ചിത്രം' എന്നു സന്തോഷത്തോടെ പറഞ്ഞു.

അന്നുതൊട്ടിന്നോളം എത്രയോ പേർ ഈ പാട്ടിനെക്കുറിച്ചുള്ള ഇഷ്ടങ്ങൾ പറയുന്നു. ഈ പാട്ടിനോട് എനിക്കുമുണ്ടേറെയിഷ്ടം. എന്റെ ഇഷ്ടം പക്ഷേ മറ്റൊന്നാണ്. അമ്മക്ക് ദാസേട്ടനെ വലിയ പ്രിയമായിരുന്നു. എന്റെ മൂത്ത മോനാണ് ദാസെന്ന് എപ്പോഴും പറയും. തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിലായിരുന്നു പാട്ടിന്റെ റെക്കോര്‍ഡിങ്. റെക്കോര്‍ഡിങ് കാണാന്‍ അമ്മ കണ്ണൂരില്‍ നിന്നും വന്നു. അന്ന് അമ്മ ദാസേട്ടനോടു പറഞ്ഞു ''മോനെ, നീയെന്റെ മകനാണ്. എന്റെ മൂത്തമകന്‍ നഷ്ടപ്പെട്ടു. ആ മകന്റെ സ്ഥാനത്താണ് ഞാന്‍ മോനെ കാണുന്നത്.. ഇതു നിന്റെ അനുജനാണ് കേട്ടോ.''    

തലശ്ശേരിയില്‍ കച്ചേരിക്കു വന്നപ്പോള്‍ 70കളിലാണ് അമ്മ ദാസേട്ടനെ കണ്ടിട്ടുള്ളത്. ദാസേട്ടന്‍ ഇപ്പോഴും എന്നോടു പറയാറുണ്ട്. ''അമ്മ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് നാരായണാ'' എന്ന്. ദാസേട്ടന്‍ എന്നെ നാരായണാ എന്നാണ് വിളിക്കുന്നത്. അവസാന കാലം വരെയും അമ്മ കൂടെതന്നെയുണ്ടായിരുന്നു. സംഗീതം പഠിച്ചിട്ടുണ്ട് അമ്മ. നന്നായി ഹാര്‍മ്മോണിയം വായിക്കും. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു അമ്മ. ഇളയ മകന്റെ സംഗീതത്തില്‍ മൂത്തമകന്‍ പാടുന്നതു കണ്‍ നിറയെ കണ്ടു നിന്ന എന്റെ അമ്മ. ഈ പാട്ടുകേൾക്കുമ്പോഴൊക്കെ അമ്മയാണു മനസ്സ് നിറയെ.

പാട്ടിന്റെ ആരാധകരെ എപ്പോഴും കാണാറുണ്ട്. കഴിഞ്ഞ ദിവസം പോലും ഒരു സൂം മീറ്റിങ്ങില്‍ ഈ പാട്ടില്‍ ഞാന്‍ പാടിയ ഭാഗം ഒന്നു പാടി കേള്‍പ്പിക്കാമോ എന്ന ആവശ്യം ഉണ്ടായി. രണ്ടു വര്‍ഷം മുമ്പ് അമേരിക്കയില്‍ ഒരു ആദരണച്ചടങ്ങിനു ചെന്നപ്പോള്‍ മലയാളികളായ ദമ്പതികള്‍ അവരുടെ അനുഭവം പറഞ്ഞു. ഈ പാട്ട് അവരുടെ ജീവിതം തന്നെയാണെന്ന്. പരിപാടിയുടെ അവതാരകരായിരുന്നു അവര്‍. സാറിനെ ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ട്  വളരെ ദൂരം യാത്ര ചെയ്ത് എത്തിയതാണെന്ന് അവര്‍ പറഞ്ഞു. അവർക്കിടയിൽ പ്രണയം മൊട്ടിട്ടതും വിവാഹത്തിലെത്തിയതും ഈ പാട്ടു കേട്ടാണത്രേ. ഈ വിധം പലരും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തന്നെ. എന്റെ പാട്ടെന്നു ഞാന്‍ പറയില്ല. പാട്ടെഴുത്തുകാരനാണ് പ്രധാനം. അതു കഴിഞ്ഞേ സംഗീതസംവിധായകന്‍ വരുന്നുള്ളൂ. പിന്നെ കഥ, സംവിധാനം എല്ലാം നന്നായി. സിനിമ ഒരു കൂട്ടായ ജോലിയാണല്ലോ. രമേഷ് നാരായണന്‍ പറഞ്ഞു നിര്‍ത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA