വർക്ക് ഷോപ്പ് പണിക്കാരനായി തീരേണ്ട ജിവിതം വഴി തിരിച്ചു വിട്ടത് സിനിമ; പൂമുത്തോളിന്റെ പാട്ടെഴുത്തുകാരൻ പറയുന്നു

ajeesh-dasan
SHARE

ഒറ്റമുണ്ടും തോള്‍സഞ്ചിയും ചുണ്ടിലൊരു പാട്ടുമായി മഹാരാജാസ് കോളജ് വരാന്തയിലൂടെ നടന്നിരുന്ന ഒരു ചെറുപ്പക്കാരന്‍. ആ ചെറുപ്പക്കാരനെ ഇന്നു നാമറിയുന്നത് എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടിന്റെ പേരിലാണ്. ‘ജോസഫ്’ എന്ന സിനിമയിലെ ‘പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ...’ എന്ന പാട്ടെഴുതി പ്രേക്ഷക മനം നിറച്ച അജീഷ് ദാസന്‍. കൗമാരം മുതല്‍  കൂട്ടു നടന്ന കവിതയാണ് തന്നെ പാട്ടെഴുത്തുകാരനക്കാക്കിയതെന്നു പറയുന്നു അജീഷ്. കടവത്തൊരു തോണിയിരിപ്പൂ, പൂമുത്തോളെ, കായലേ... കായലേ തുടങ്ങിയ പാട്ടുകളിലൂടെ മലയാളിക്കു പരിചിതനായ അജീഷ് ദാസന്‍ കോട്ടയം വൈക്കം സ്വദേശിയാണ്. മലയാളത്തിലെ യുവ ഗാനരചയിതാക്കളില്‍ ശ്രദ്ധേയനായ അജീഷ് പാട്ടിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനിനോടു പങ്കുവയ്ക്കുന്നു.

പാട്ടു കേട്ട ബാല്യം

ഞാന്‍ എന്റെ അമ്മൂമ്മയോടൊപ്പമാണ് ബാല്യകൗമാരങ്ങള്‍ ചെലവഴിച്ചത്. ഞാനും അമ്മൂമ്മയും മാത്രമായൊരു ലോകമായിരുന്നു. അമ്മൂമ്മയുടെ ഏകാന്തതയില്‍ അവര്‍ പാടിയിരുന്ന പാട്ടുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കുമാരനാശാന്റെ പദ്യകൃതികളും സ്‌തോത്ര കൃതികളും ഹരിനാമകീര്‍ത്തനങ്ങളും അവരുടെ നിത്യപാരായണത്തില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് പാട്ടിനോടും എഴുത്തിനോടുമൊക്കെ എനിക്കും താത്പര്യം വരുന്നത്. പത്താം ക്ലാസ് മുതലാണ് കുറെ കവിതകളെഴുതി കവിയാവണമെന്നു സ്വപ്‌നം തുടങ്ങിയത്. എന്നാല്‍ കവിയെന്ന നിലയില്‍ നാട്ടിലോ വീട്ടിലോ ഒരു വിലയുമുണ്ടായിരുന്നില്ല.

ചുണ്ടിലൊരു പാട്ടു തന്ന മഹാരാജാസ്

ഒറ്റമുണ്ടും തോള്‍ സഞ്ചിയും ചുണ്ടിലൊരു പാട്ടുമായി നടക്കുന്ന എന്നെ എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നുണ്ട്. മഹാരാജാസില്‍ ബിഎ മലയാളത്തിനു ചേര്‍ന്നപ്പോള്‍ കൂട്ടുകാരൊക്കെ കവിതകളെ ഇഷ്ടപ്പെട്ടു തുടങ്ങി. അവിടുത്തെ ഹോസ്റ്റല്‍, ലൈബ്രറി, അധ്യാപകര്‍, കൂട്ടുകാര്‍, പ്രണയങ്ങള്‍... ജീവിതത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി തന്നത് മഹാരാജാസാണ്.

കൗമാരത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒരു പാട്ടായിരുന്നു ഒഎന്‍വിയുടെ ‘ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു’. മഹാരാജാസില്‍ ഈ പാട്ട് എപ്പോഴും പാടി നടക്കുന്നതിനാൽ അന്നത്തെ കൂട്ടുകാരികള്‍ കളിയാക്കാറുണ്ടായിരുന്നു. ‘വാതില്‍പ്പഴുതീലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും’, തൂവാനത്തുമ്പികളിലെ ‘ഒന്നാം രാഗം പാടി’ ഈ പാട്ടുകളൊക്കെയും വളരെ പ്രിയമായിരുന്നു. അതുപോലെ തരംഗിണിയുടെ കസെറ്റ് ഒക്കെ വളരെ കാര്യമായി കേള്‍ക്കാറുണ്ട്. കസെറ്റുകള്‍ കാണുന്നതു പോലും ഹരമാണ്. വളരെ ഗൃഹാതുരമായ ചില ലഹരികള്‍ അവ എനിക്കായി കാത്തുവയ്ക്കുന്നതു പോലെ തോന്നാറുണ്ട്.

പാതിരാത്രി വന്നു വിളിച്ച സിനിമ

എബ്രിഡ് ഷൈനിന്റെ പൂമരം എന്ന ചിത്രത്തിലൂടെയാണ് പാട്ടെഴുത്തിലേക്കു വരുന്നത്. അതിനു മുമ്പ് എറണാകുളത്ത് ഒരു പുസ്തകക്കടയില്‍ ജോലി ചെയ്തിരുന്നു. അവിടെ വച്ചു പരിചയപ്പെട്ടയാളാണ് സംഗീതസംവിധായകനായ ലീല എല്‍.ഗിരീഷ് കുട്ടന്‍. എന്റെ രണ്ടാമത്തെ കവിതാ സമാഹാരം പ്രകാശനത്തിനൊരുങ്ങി നില്‍ക്കുന്ന സമയം. കവിതകളെ ഇഷ്ടപ്പെട്ടിരുന്ന ഗിരീഷ് ഇടക്കിടെ കടയില്‍ വരുകയും ഞാനെഴുതിയ വരികള്‍ ട്യൂണ്‍ ചെയ്തു പാടുകയും ചെയ്തിരുന്നു. ഗിരീഷ് തരുന്ന ട്യൂണിനനുസരിച്ചു ഞാനും എഴുതും. ക്രമേണ കട കേന്ദ്രീകരിച്ച് സിനിമക്കാര്‍, എഴുത്തുകാര്‍, നാടകക്കാര്‍ എന്നിവരുടെ ഒരു ഗ്രൂപ്പുണ്ടായി. എല്ലാവരും ചേര്‍ന്നു ‘കടവ്’ എന്നൊരു കൂട്ടായ്മയുണ്ടാക്കി. ആഴ്ചയിലൊരിക്കല്‍ ഒത്തുചേരുന്ന കൂട്ടായ്മയില്‍ ഞാനും ഗിരീഷുമുണ്ടാക്കുന്ന പാട്ടും സ്ഥിരമായി അവതരിപ്പിച്ചിരുന്നു.  

ചെറിയ ആത്മവിശ്വാസമായിത്തുടങ്ങിയപ്പോള്‍ പല സംവിധായകരെയും കണ്ട് പാട്ടെഴുതാൻ അവസരം ചോദിച്ചു. ഒന്നും ഫലം കണ്ടില്ല. ഈ സമയം കട വളരെ നഷ്ടത്തിലായി പൂട്ടി. തിരിച്ചു നാട്ടിലേക്കു മടങ്ങി. പാട്ടും കവിതയുമൊന്നും വേണ്ട എന്നു തീരുമാനിച്ചു. ജീവിതത്തെക്കുറിച്ചു മാത്രമായി ആലോചന.

ആ വിഷമനാളുകളിലൊന്നിലാണ് സിനിമ, ഒരു പാതി രാവില്‍ വീട്ടു പടിക്കലെത്തി എന്റെ പേരു വിളിക്കുന്നത്. എബ്രിഡ് ഷൈനും  അദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് വര്‍മ്മയുമാണ് ആ പാതിരാത്രി പാട്ടെഴുതാനുള്ള അവസരവുമായി വീട്ടിലെത്തിയത്. മറക്കാനാവാത്ത ഒരു മുഹൂര്‍ത്തമായിരുന്നു അത്. തീവ്രമായി ആഗ്രഹിച്ചു നടന്ന സമയത്ത് ഒന്നും കിട്ടിയില്ല. ആ മോഹമെല്ലാം മതിയാക്കിയെന്നുറപ്പിച്ച ഘട്ടത്തിലാവട്ടെ സിനിമ തേടിയെത്തി. അങ്ങനെയാണ് ‘പൂമരം’ എന്ന സിനിമയിലൂടെ ഞാന്‍ പാട്ടെഴുത്തുകാരനാവുന്നത്.

പൂമരത്തിലെ പാട്ടെഴുതാന്‍ തുടക്കക്കാരനെന്ന നിലയില്‍ വളരെ ഭയപ്പെട്ടാണ് ഞാനിരുന്നത്. നാലു പാട്ടിലും ഷൈന്‍ ചേട്ടന്റെ കൃത്യമായ നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നു. ആ കാലം എനിക്കൊരു പഠനകാലം  കൂടിയായിരുന്നു. എങ്ങനെയാണ് ഒരു പാട്ടെഴുതി തീര്‍ക്കേണ്ടത്, പാട്ടിനു വരികളിലൂടെ എന്തെല്ലാം പരിണാമങ്ങള്‍ സംഭവിക്കാം, പല്ലവിയെങ്ങനെ ചരണമെങ്ങനെ എന്നെല്ലാം പഠിച്ചത് ഷൈന്‍ ചേട്ടനില്‍ നിന്നുമാണ്.

കരഞ്ഞു കേട്ട ആദ്യ ഗാനം

ആദ്യ പാട്ടിന്റെ റെക്കോര്‍ഡിങ് മറക്കാനാവില്ലല്ലോ. ‘ഇനിയൊരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍’ എന്ന ആദ്യ പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞ് എല്ലാവരും പാട്ട് കേള്‍ക്കുകയാണ്. എബ്രിഡ് ഷൈനുണ്ട്, നായിക നീത പിള്ളയുണ്ട്, സംഗീതസംവിധായകന്‍ ലീല ഗീരീഷ് കുട്ടന്‍, ഗായകന്‍ കാര്‍ത്തിക്ക് എന്നിവരല്ലൊമുണ്ട് സ്റ്റുഡിയോയില്‍. ഞാന്‍ വല്ലാത്തൊരവസ്ഥയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.  നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവര്‍ കാണാതെ സ്റ്റുഡിയോയുടെ ചുവരിനോടു ചേര്‍ന്നു നിന്നു തുടയ്ക്കാനായി പിന്നെ ശ്രമം. പല വിചാരങ്ങള്‍ മനസ്സിലൂടെ പോയി. ജീവിതത്തില്‍ ഒരുപാട് ആഗ്രഹിച്ചു കടന്നു വന്ന മുഹൂര്‍ത്തം, കഷ്ടപ്പാടിന്റെ നാളുകള്‍ അവസാനിക്കുന്നു എന്ന തോന്നല്‍, കാര്‍ത്തിക്കിന്റെ ആ ശബ്ദത്തില്‍ എന്റെ പാട്ടിനു ജീവന്‍ വച്ചത്, എല്ലാം കൂടെ ഓര്‍ത്തപ്പോള്‍ കരച്ചില്‍ നിയന്ത്രിക്കാനായില്ല.  ഒടുവിലത് അലറിക്കരച്ചിലായി. ഷൈന്‍ ചേട്ടന് എന്റെ അവസ്ഥ മനസ്സിലാവും. അദ്ദേഹം ഓടി വന്ന് എന്നെ ചേര്‍ത്തു പിടിച്ചു പറഞ്ഞു. എല്ലാം ശരിയാവും, ഈ പാട്ട് കേരളം ഏറ്റെടുക്കുന്ന സമയമുണ്ടാവും.അങ്ങനെയൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. ഗായകന്‍ കാര്‍ത്തിക്കും വന്നെന്നെ കെട്ടിപ്പിടിച്ചു.

അടുത്ത പടം ഷാഫി സാറിന്റെ കൂടെയായിരുന്നു. 'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രത്തില്‍. പാട്ടിനു വളരെ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് അദ്ദേഹം. പുതിയ സംഗീത സംവിധായകനായ അരുണ്‍ രാജാണ് സംഗീത ൃസംവിധാനം ചെയ്തത്. ഹാല് ഹാല് എന്നു തുടങ്ങുന്ന പാട്ട് ജീവിതത്തില്‍ വലിയ ആനന്ദമായി തോന്നി. എനിക്കു പാട്ടെഴുതാന്‍ പറ്റുമെന്നു മനസ്സിലായത് അപ്പോഴാണ്.

പൂമുത്തോളെ നല്‍കിയ സ്‌നേഹം.

‘ജോസഫ്’ എന്റെ മൂന്നാമത്തെ സിനിമയാണ്. തൊട്ടപ്പന്‍ എന്ന ചിത്രത്തിലേക്ക് അവസരം കിട്ടിയ സമയത്തു തന്നെയാണ് ജോസഫിലേക്കും പാട്ടെഴുതാന്‍ ക്ഷണം കിട്ടുന്നത്. ഒരു രാത്രി ജോജു ജോർജ്ജ് വിളിച്ചിട്ടു കാണാന്‍ പറ്റുമോ എന്നു ചോദിച്ചു. അങ്ങനെ എറണാകുളത്തു ചെന്നു. കടവന്ത്രയിലെ രാജീവ് രവി സാറിന്റെ സ്റ്റുഡിയോയില്‍ വച്ചാണ് ജോജു ചേട്ടനെ കാണുന്നത്. അദ്ദേഹം പാട്ടിന്റെ സന്ദര്‍ഭം പറഞ്ഞു,  ട്യൂണും തന്നിരുന്നു. അങ്ങനെ വീട്ടിലേക്കു വന്നു ആ രാത്രി തന്നെ പാട്ടെഴുതി തീര്‍ത്തു. പിറ്റേദിവസം സ്റ്റുഡിയോയില്‍ ചെന്നു. ഒന്നു രണ്ടു ചെറിയ തിരുത്തു വരുത്താം എന്നു പറഞ്ഞു പിരിഞ്ഞു. പിന്നീട് പാട്ട് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ഏറ്റെടുത്ത് പാട്ടിനെ ഹിറ്റാക്കി. എവിടെ പോയാലും ആ പാട്ടിന്റെ പേരില്‍ തിരിച്ചറിയാറുണ്ട്. പൂമുത്തോളെ എഴുതിയ ആളാണ് എന്നു പറയുമ്പോള്‍ എന്റെയടുത്തേക്ക് അമ്മമാരും ചെറുപ്പക്കാരുമെല്ലാം നിറഞ്ഞ സ്‌നേഹത്തോടെ സംസാരിക്കാന്‍ വരും. ഈ പാട്ട് എനിക്കു തന്ന ജോജുച്ചേട്ടനോടു വലിയ നന്ദിയും സ്‌നേഹവുമുണ്ട്.

പാട്ടു മാത്രമല്ല കവിതയും പ്രണയവും ജീവിതവുമെല്ലാം ആനന്ദങ്ങള്‍ തന്നെയാണ്. കവിയാകാനുള്ള ശ്രമത്തിനിടയില്‍ ജീവിതത്തില്‍ കിട്ടിയ വലിയ വരദാനമാണ് പാട്ടെഴുത്ത്. ഒരു വര്‍ക്ക് ഷോപ്പു പണിക്കാരന്റെ മകനായ, വര്‍ക്കുഷോപ്പു പണിക്കാരനായിത്തീരേണ്ടിയിരുന്ന എന്റെ ജീവിതം, സര്‍ഗാത്മകതയുടെ വലിയ ആകാശങ്ങളിലേക്ക് എത്തിപ്പെട്ടതിലും ജനങ്ങള്‍ അത് ഇഷ്ടപ്പെടുന്നതിലും വലിയ സന്തോഷമുണ്ട്.

സിനിമയക്കു പുറമെ ചെയ്തതില്‍ പ്രധാനപ്പെട്ട പാട്ടുകളാണ് കഴിഞ്ഞ പെരുന്നാളിന് ഇറക്കിയ ‘പണ്ടത്തെ ആമിന’ എന്ന സംഗീത ആല്‍ബവും പിന്നെ കൈലാസ്, ബിജിബാല്‍, സ്റ്റീഫന്‍ ദേവസ്സി എന്നിവരെല്ലാവരുമായി ചേര്‍ന്നു ചെയ്ത ‘അവനി വാഴ്‌വ്  കിനാവ്’ എന്ന കോവിഡ് ഗാനവും. വിനീത് ശ്രീനിവാസനു വേണ്ടിയും ഒരു ആൽബത്തിന്റെ പാട്ടെഴുതി. 

പുതിയ പാട്ടുകള്‍

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ്’ എന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു പാട്ടുണ്ട്. പൂമുത്തോളെ എന്ന പാട്ടിന്റെ സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അഭിനയിച്ച ‘മേപ്പടിയാന്‍’ എന്ന ചിത്രത്തില്‍ രാഹുല്‍ സുബ്രഹ്മണ്യത്തിന്റെ സംഗീതത്തില്‍ എഴുതിയിട്ടുണ്ട്. സൂരജ് സന്തോഷാണ് പാട്ട് പാടിയത്. മറ്റൊരു പ്രധാനപ്പെട്ട സിനിമയാണ് ഷെയിന്‍ നിഗം നായകനായ ‘കുര്‍ബാനി’. ഈ ചിത്രത്തില്‍ രണ്ട് പാട്ടുകളുണ്ട്. ഒരു പാട്ട് അഫ്‌സല്‍ യൂസഫിന്റെ സംഗീതത്തില്‍ ശ്രേയ ഘോഷാല്‍ പാടിയത്. പിന്നെയൊന്ന് മുജീബ് മജീദ് എന്ന പുതിയ സംഗീതസംവിധായകന്റെ കൂടെയാണ് ചെയ്തിരിയ്ക്കുന്നത്. 

പ്രശാന്ത് മുരളിയുടെ സംവിധാനത്തില്‍ ലാല്‍ ബാഗ് എന്ന സിനിമക്കായി രണ്ടു പാട്ടുകളെഴുതിയിട്ടുണ്ട്. ഈ സിനിമയില്‍ നായികയായ മംമ്ത മോഹന്‍ദാസും സിയാ ഉൽ ഹഖും ചേര്‍ന്നു പാടിയ ‘റുമാല്‍ അമ്പിളീ’ എന്ന പാട്ട് റിലീസായി. രാഹുല്‍ രാജാണ് സംഗീതം നൽകിയത്.

നിന്റെ വരികള്‍ മനസ്സില്‍ തൊട്ടു എന്നു സാധാരണ മനുഷ്യര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. എഴുത്തില്‍ വലിയ സ്വപ്‌നങ്ങളൊന്നും നെയ്തു കൂട്ടുന്നില്ല. ഒരു കവിതാ സമാഹാരമെങ്കിലും ഇറക്കണമെന്ന് ആഗ്രഹിച്ചിരുന്നു, ഇപ്പോള്‍ മൂന്നാമത്തെ പുസ്തകം ഇറങ്ങാനിരിക്കുകയാണ്. ഒരു സിനിമയിലെങ്കിലും പാട്ടെഴുതണമെന്നു കരുതി, ഇപ്പോള്‍ പന്ത്രണ്ടാമത്തെയോ പതിമൂന്നാമത്തെയോ പടത്തിലാണ് എഴുതുന്നത്. ജീവിതത്തില്‍ ആഗ്രഹിച്ചതു പോലെയൊന്നും നടന്നിട്ടില്ല. എഴുത്തിലും അങ്ങനെ തന്നെയാണ്. ഇതൊരു യാത്രയാണ്. ആരോ നയിക്കുന്നതു പോലെ ഞാന്‍ പോവുകയാണ്.ഇവിടെ വച്ചു കണ്ടു മുട്ടുന്നവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഇവിടെ നിന്നു കിട്ടുന്നതെല്ലാം എന്റെ ഭാണ്ഡത്തില്‍ രത്‌നങ്ങള്‍ പോലെ സൂക്ഷിക്കുകയാണ്. എനിക്കു നിങ്ങളുടെ ഹൃദയത്തിലൊരിടം മാത്രം മതി, ഞാനത്രയും സന്തുഷ്ടനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA