മകൾ പിറന്നതോടെ താരാട്ടു പാട്ടുകൾ പഠിക്കുന്നതും പാടുന്നതും ഹോബിയായി, അവൾക്ക് പ്രിയമുള്ള ഒരു പാട്ടുണ്ട്: മെറിൻ ഗ്രിഗറി

merin-gregory
SHARE

പാട്ടുകളുടെ പൂക്കാലമാണിപ്പോൾ നമ്മുടെ നാട്ടിൽ. പുതിയ സംവിധായകർ, പുതിയ ഈണങ്ങൾ, പുതിയതും വ്യത്യസ്തവുമായ ശബ്ദവും ആലാപനവുമായി ഗായകർ. മത്സരം കൂടുമ്പോൾ പാട്ടിന് കയ്യടി കിട്ടാൻ കുറച്ച് പ്രയാസവും വരും. കാരണം പാട്ടിന്റെ ശ്രുതിയും സംഗതിയും വരെ വിലയിരുത്തിയാണ് ആളുകൾ മാർക്കിടുന്നത്. അപ്പോഴാണ് പുതിയ പാട്ടിനു കാതോർത്തിരിക്കുന്നവരെ ഈ മിടുക്കി മധുര സ്വരം കൊണ്ട് പോക്കറ്റിലാക്കിയത്. ആലാപന മാധുര്യംകൊണ്ട് പ്രേക്ഷകമനസ്സ് കവർന്ന മെറിൻ ഗ്രിഗറി വിശേഷങ്ങൾ പങ്കിടുന്നു.

‘നോക്കി നോക്കി നോക്കി നിന്നു...’ എന്ന ഒറ്റ ഗാനം കൊണ്ടു തന്നെ മെറിൻ മലയാള സിനിമാ സംഗീതാസ്വാദകരുടെ നെഞ്ചിൽ ഇടം നേടിയിരുന്നു. അൾത്താര വിളക്കിന്റെ സൗന്ദര്യവും ആധുനിക സംഗീതത്തിന്റെ വിസ്മയവും ചേരുന്ന ‘നസ്രേത്തിൻ നാട്ടിലെ പാവനേ’ ഗാനവുമായാണ് ഇത്തവണ മെറിൻ ഗ്രിഗറി മനം കവർന്നത്. സ്റ്റാർ സിങ്ങർ സീസൺ സിക്സ് വിജയത്തിലൂടെ കൊച്ചിയിൽ ഫ്ലാറ്റ് ലഭിച്ചതോടെ കോഴിക്കോട്ടുകാരിയായ മെറിൻ, കൊച്ചിക്കാരിയായി. പൈലറ്റ് ആയ ഭർത്താവ് അങ്കിത് ജോസഫിനും ഏഴു മാസം പ്രായമുള്ള മകൾ നതാഷയ്ക്കുമൊപ്പം ഇപ്പോൾ കൊച്ചിയിലാണ്.

സരിഗമപ എന്ന മത്സരത്തിൽ ഗ്രാൻഡ് ജൂറി മെമ്പർ ആയി ഞാനുണ്ടായിരുന്നു. ആ ഷോ ബി. ഉണ്ണിക്കൃഷ്ണൻ സർ കാണുകയും പ്രീസ്റ്റിൽ പാടാൻ എന്നെ നേരിട്ട് വിളിക്കുകയുമായിരുന്നു. മമ്മൂക്കയും മഞ്ജു വാരിയരും അഭിനയിക്കുന്ന ഒരു വലിയ സിനിമയിലെ പാട്ട് പാടുക എന്നതിന്റെ ത്രില്ലിലായിരുന്നു അപ്പോൾ ഞാൻ.

അത് ഞാനായിരിക്കും എന്നോർത്തില്ല

റിയാലിറ്റി ഷോയുടെ സെമി ഫൈനൽ സ്റ്റേജിൽ ജഡ്ജായ എം.ജയചന്ദ്രൻ സർ പറഞ്ഞു, ‘ഇതിലൊരാളെ ഞാൻ എന്റെ അടുത്ത സിനിമയിൽ പാടിക്കും’. അത് ഞാനാകും എന്ന് ഓർത്തതേയില്ല. ഫൈനൽ നടക്കും മുൻപ് തന്നെ ഞാൻ ‘റോമൻസ്’ എന്ന ചിത്രത്തിൽ പാടി.

അടുത്ത വർഷം ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ‘വേഗം’ എന്ന ചിത്രത്തിനു വേണ്ടി പാടി. പിന്നെ, തിലോത്തമ, ഓടും രാജ ആടും റാണി തുടങ്ങിയ ചിത്രങ്ങൾ. അതിൽ ഹിറ്റ് ആയിട്ട് വന്നത് ജോമോന്റെ സുവിശേഷങ്ങളിലെ ‘നോക്കി നോക്കി’ എന്ന ഗാനമാണ്.

ഇംഗ്ലിഷ് ലിറ്ററേച്ചർ ആണ് ഞാൻ പഠിച്ചത്. ഷോയിൽ പാടി തുടങ്ങിയ ശേഷമാണ് പാട്ട് തന്നെയാണ് എന്റെ വഴി എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. പഠനത്തോടൊപ്പം സംഗീതവും പഠിച്ചിരുന്നു. കർണാടക സംഗീതമാണ് പഠിച്ചു തുടങ്ങിയതെങ്കിലും ഇപ്പോൾ ഫയാസ് ഖാൻ എന്ന ഗുരുവിനു കീഴിൽ ഹിന്ദുസ്ഥാനി ആണ് പഠിക്കുന്നത്.

മോൾ വന്നതിനു ശേഷം താരാട്ടു പാട്ടുകൾ പഠിക്കുകയും പാടുകയും ചെയ്യുകയായി മാറി ഹോബി. ‘ഓലത്തുമ്പത്തിരുന്നൂയലാടും’ ആണ് അവൾക്ക് ഇഷ്ടപ്പെട്ട പാട്ട്. 

https://www.vanitha.in/celluloid/celebrity-interview/merin-gregory-musical-journey.html

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA