പാട്ട് കേൾപ്പിച്ചപ്പോൾ സിംഹത്തിന്റെ കഥ പറഞ്ഞ പൃഥ്വി, കുരുതിയുടെ മുക്കിലും മൂലയിലും അദ്ദേഹത്തിന്റെ കണ്ണെത്തി: ജേക്സ് ബിജോയ്

prithvi-kuruthy-jakes
SHARE

ഒരു വശത്ത് മതവിശ്വാസം കാരണം ധാർമികത മുറുകെപ്പിടിക്കുന്ന ഇബ്രുവിന്റെയും മറുവശത്ത് മതവെറി കാരണം തമ്മിൽ തല്ലി മരിക്കാൻ വെമ്പുന്ന മനുഷ്യരുടെയും  സംഘർഷങ്ങളുടെ കഥപറയുന്ന പൃഥ്വിരാജ് ചിത്രം ‘കുരുതി’യിൽ കഥാപാത്രങ്ങളുടെ വിഹ്വലതയ്ക്ക് ആക്കം കൂട്ടിയത് ജേക്സ് ബിജോയ് എന്ന സംഗീതസംവിധായകന്റെ മാന്ത്രിക സംഗീതം കൂടിയാണ്. ത്രില്ലർ സിനിമകൾക്കു സംഗീതമൊരുക്കുന്നതിൽ വിജയിച്ച ജേക്സ് ബിജോയ് കുരുതിയിൽ പുറത്തെടുത്തത് പുതിയതരം സംഗീതഭാഷയായിരുന്നു. മനുഷ്യരുടെ സ്വതസിദ്ധമായ വെറുപ്പ് എന്ന വികാരം പറഞ്ഞു ഫലിപ്പിക്കാൻ ജേക്സിന്റെ സംഗീതം മേമ്പൊടിയായി. മികച്ച ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും സംതൃപ്തിയിലുമാണ് ജേക്സ് ബിജോയ്. കുരുതിയുടെ പാട്ടനുഭവം അദ്ദേഹം മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.

കുരുതിയിലെ പാട്ടുകൾക്കും ബി ജി എമ്മിനും മികച്ച പ്രതികരണങ്ങളാണല്ലോ ലഭിക്കുന്നത്? എന്തു തോന്നുന്നു? 

ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെ കുരുതിയിലെ പാട്ടുകൾക്കു നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ‘വേട്ടമൃഗം’ എന്ന പാട്ട് കഥയ്ക്ക് അനുയോജ്യമായിട്ടുണ്ട്. മാത്രമല്ല യുവജനങ്ങൾ അത് ഏറ്റെടുത്തു കഴിഞ്ഞു. ഒരുപാടു പേരാണ് പാട്ട് ഷെയർ ചെയ്യുന്നതും ഇൻസ്റ്റാഗ്രാമിൽ ടാഗ് ചെയ്യുന്നതും. സോങ് വിഡിയോ ഉടനെ ഇറക്കുന്നുണ്ട്. അപ്പോൾ കൂടുതൽ റീച് ഉണ്ടാകുമെന്നു കരുതുന്നു. ബോളിവുഡിൽ നിന്നും തമിഴ് ഇൻഡസ്ട്രിയിൽ നിന്നുമൊക്കെ ഒരുപാട് പേർ വിളിക്കുന്നുണ്ട്. മലയാള സിനിമ ദേശീയതലത്തിൽ ചർച്ച ചെയ്യുന്നു എന്നുള്ളത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഒരു സിനിമ ഇറങ്ങി കുറച്ചു കഴിയുമ്പോൾ ഇൻസ്റ്റാഗ്രാമിലെ പ്രതികരണങ്ങൾ കാണുമ്പൊൾ അറിയാം ആ സിനിമ വിജയിച്ചോ എന്ന്. കുരുതി റിലീസ് ചെയ്ത് അര മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ മെസ്സേജിന്റെ പ്രവാഹമായിരുന്നു.  

സാധാരണ ഒരു ത്രില്ലർ സിനിമയിൽ ഉള്ളതു പോലെയുള്ള പശ്ചാത്തല സംഗീതമല്ല കുരുതിയില്‍. വ്യത്യസ്തത കൊണ്ടുവരാൻ എന്തൊക്കെ ശ്രമങ്ങളാണു നടത്തിയത്? 

സിനിമയിൽ മുഴുവൻ ഉപയോഗിച്ചിരിക്കുന്നത് നോർവീജിയൻ നാടൻ പാട്ടുകളുടെ ശൈലിയാണ്. മതങ്ങളെപ്പറ്റി പറയുന്ന കഥയായതുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ സംഗീതമോ ശൈലിയോ ഉപയോഗിക്കണ്ട എന്ന് തീരുമാനിച്ചിരുന്നു. ആരുടേയും വികാരത്തെ വ്രണപ്പെടുത്താതെ വേണം പാട്ട് ചെയ്യാൻ എന്നു കരുതി. അറബിക്കോ ഹിന്ദുമതവുമായി ബന്ധപ്പെട്ട ശൈലികളോ ഒന്നും ഇല്ല. വീണ, തബല, റുബാബ് തുടങ്ങിയ സംഗീത ഉപകരണങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അത് ബോധപൂർവം ചെയ്തതാണ്. സാധാരണ ത്രില്ലർ സിനിമയിലേതു പോലുള്ള മ്യൂസിക് അല്ല ഉപയോഗിച്ചിരിക്കുന്നത്. കാട്ടിൽ നടക്കുന്ന കഥയായതുകൊണ്ട് കാടിനെ പ്രതിനിധീകരിക്കുന്ന തരം സംഗീത ഉപകരണങ്ങൾ ആണ് ഉപയോഗിച്ചത്. മെയിൻ തീമിനു വേണ്ടി കുറച്ച് പരമ്പരാഗത വാദ്യോപകരണങ്ങളും ഉപയോഗിച്ചു. ത്രില്ലർ ചെയ്ത് എനിക്കും മടുത്തു തുടങ്ങിയിരുന്നു. എന്തെങ്കിലും പുതിയ ശൈലികൾ പരീക്ഷിക്കാനാണ് താല്പര്യം അപ്പോഴാണല്ലോ കൂടുതൽ പഠിക്കാൻ കഴിയുക.

സിനിമയിലെ നിർണായക രംഗത്തിലാണ് പടപ്പുറപ്പാട് എന്ന പാട്ട് വരുന്നത്? അതിനെക്കുറിച്ച്?

ആ പാട്ടു ചെയ്യുന്നതിന് മുൻപ് മനു വാരിയർ എനിക്ക് സിറ്റുവേഷനെക്കുറിച്ച് ഒരു വിവരണം തന്നിരുന്നു. ഞാൻ ഒരു ചെറിയ സ്ക്രാച്ച് ഉണ്ടാക്കി കേൾപ്പിച്ചു.  അതിനു ശേഷം പൃഥ്വിരാജിന്റെ അഭിപ്രായം അറിയാനായി അദ്ദേഹത്തിനയച്ചു. രാജു തിരിച്ച് എനിക്ക് മെസ്സേജ് അയച്ചു. ഒരു സിംഹം ഇരയെപ്പേടിക്കാനായി പോകുന്നു, പിടിക്കും എന്ന് ഇരയ്ക്കും സിംഹത്തിനുമറിയാം. രക്ഷയില്ല എന്നുള്ളത് ഇരയ്ക്ക് അറിയാം പക്ഷെ പിന്നെയും ഇര ചിന്തിക്കുന്നത് ഒരുപക്ഷേ സിംഹത്തിന് ഒന്ന് അടിപതറിയാലോ. അങ്ങനെ ഒരു പ്രതീക്ഷ ഇരയ്ക്കുണ്ട്. ഈ ഒരു അവസ്ഥ മനസ്സിൽ വച്ച് ഒരു സംഗീതം ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് വേട്ടമൃഗം എന്ന പേരുപോലും വരുന്നത്. സിനിമയുടെ കഥയിൽ മനുഷ്യൻ മനുഷ്യനോടുതന്നെയാണ് പൊരുതുന്നത്. എന്തിനുവേണ്ടി എന്നുള്ളതാണു ചോദ്യം. ആത്യന്തികമായി എല്ലാവരും ഒരേപോലെ മജ്ജയും മാംസവും ഉള്ളവരാണ്. ഒരു കാര്യവുമില്ലാതെ തമ്മിൽ പോരടിക്കുന്നവർ. റഫീഖ് ജി (റഫീഖ് അഹമ്മദ്) വരികൾ അതിമനോഹരമായി എഴുതി. ഞാനോ നീയോ എന്നതാണു ചോദ്യം. മനുഷ്യൻ ആദിമകാലം മുതൽ കൊണ്ടുനടക്കുന്ന വികാരമാണ് അപരനോടുള്ള വെറുപ്പ്, അതാണ് ആ പാട്ടിലും സിനിമയിലും പറയുന്നത്.

മൺകൂടിൽ എന്ന പാട്ടിൽ നായകൻ മരണപ്പെട്ട ഭാര്യയുടെയും കുട്ടിയുടെയും അടുത്തുപോകാൻ കാത്തിരിക്കുന്ന ഒരാളായാണ് കാണിക്കുന്നത്. അതുകൊണ്ട് അയാൾക്ക് ഒരു തെറ്റും ചെയ്യാൻ കഴിയില്ല. ആത്മഹത്യ ചെയ്യാനും കഴിയില്ല, അതും പാപമാണ്. ശോകമല്ല ആ പാട്ടിന്റെ ഭാവം. മെലഡിയോടൊപ്പം സമകാലികത കൂടി ചേർത്താണ് ആ പാട്ട് ചെയ്തത്. നായകന്റെ ഭാവത്തിനു ചേരുന്ന പാട്ടാണതെന്നു ചിത്രം കണ്ടപ്പോൾ തോന്നി. സമയമെടുത്ത് ചെയ്ത വർക്കാണ് കുരുതി. അതുകൊണ്ടു തന്നെ വളരെ നന്നായി ചെയ്യാൻ സാധിച്ചു.  

സംഗീതം ചെയ്യാനാണോ പശ്ചാത്തല സംഗീതമൊരുക്കാനാണോ കൂടുതൽ സമയമെടുത്തത്? 

പശ്ചാത്തല സംഗീതത്തിനാണു കൂടുതൽ സമയമെടുത്തത്. സുമ എന്ന കഥാപാത്രം നിലനിൽക്കുന്നത് മ്യൂസിക്കിലാണ്. അവർക്ക് ആക്‌ഷൻ ഒന്നുമില്ല ഡയലോഗ് മാത്രമേ ഉള്ളൂ. സുമയുടെ അസഹിഷ്ണുതയും ലായിക്കിന്റെ തീവ്രഭാവവും ബാലൻസ് ചെയ്തു പോകത്തക്കവിധത്തിലുള്ള സ്കോർ വേണം. ഒന്നു കൂടിയോ കുറഞ്ഞോ ഇരിക്കാൻ പാടില്ല. ആ സ്കോറിനു വേണ്ടി രണ്ടാഴ്ച വർക്ക് ചെയ്തു. ക്ലൈമാക്സിൽ അരമണിക്കൂറോളം മുഴുവൻ സമയവും മ്യൂസിക് ഉണ്ട്. അത് മുഴച്ചുനിൽക്കാനോ, കേട്ടിട്ടുള്ളതാകാനോ പാടില്ല. ഞാൻ ചെയ്യും പിന്നെയും തിരുത്തും, പിന്നെ രാജു വന്നിട്ട് ഒന്നുകൂടി എഡിറ്റ് ചെയ്യും അങ്ങനെ ഒരുപാട് പണിപ്പെട്ടാണ് ക്ലൈമാക്സ് സംഗീതം ചെയ്തത്. സിനിമയ്ക്കുവേണ്ടി അത്രയധികം ഡെഡിക്കേറ്റഡായ ഒരാളാണ് രാജു. അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ കൂടി ആയതുകൊണ്ട് എല്ലാ മുക്കിലും മൂലയിലും അദ്ദേഹത്തിന്റെ കണ്ണെത്തിയിരുന്നു. മനു വാരിയർ ഒരുപാട് നിർദ്ദേശങ്ങൾ നൽകി.  അതുപോലെ തിരക്കഥാകൃത്ത് അനീഷും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. 

സിനിമക്കായ് പാട്ടൊരുക്കുമ്പോൾ സംഗീതസംവിധായകന് സ്വന്തം ഇഷ്ടങ്ങൾക്കു പ്രാധാന്യം കൊടുക്കാൻ പറ്റുമോ? അതോ സംവിധായകന്റെ നിർദ്ദേശങ്ങൾക്കു മാത്രമാണോ വില?

സാധാരണ ഞാൻ സിറ്റുവേഷന് അനുസരിച്ച് സംഗീതം ചെയ്തു കൊടുക്കുകയാണു പതിവ്. പിന്നീട് സംവിധായകൻ തിരുത്തലുകൾ ചൂണ്ടിക്കാണിച്ചാൽ അതു ചെയ്യും. ഒരു ഫ്രഷ് കാൻവാസിൽ ചെയ്തു കാണിക്കുന്നതാണ് എനിക്കിഷ്ടം. എല്ലാത്തിലും കയറി അഭിപ്രായം പറഞ്ഞാൽ ഒരു ക്രിയേറ്റിവ് വർക്ക് നടക്കില്ല.  കുരുതിക്കും അവർ തന്ന ഇൻപുട്ട് വച്ച് ഞാൻ മ്യൂസിക് ചെയ്തു കൊടുത്തു. പിന്നെ എല്ലാവരും കേട്ടതിനു ശേഷം ചില തിരുത്തലുകൾ നടത്തി. വളരെ ആസ്വദിച്ചു ചെയ്ത വർക്കാണ് കുരുതി. പക്ഷേ തെലുങ്ക് സിനിമയൊക്കെ ചെയ്യുമ്പോൾ നമ്മുടെ ഇഷ്ടത്തിന് പറ്റില്ല. അവർക്ക് എങ്ങനെ വേണമെന്ന് വ്യക്തമായ ധാരണയുണ്ട്. അതിനനുസരിച്ച് ചെയ്തു കൊടുക്കാനേ കഴിയൂ. ഞാന്‍ സന്തോഷ് ശിവൻ സാറിനോടൊപ്പം വർക്ക് ചെയ്തിരുന്നു. അദ്ദഹം വ്യക്തമായ സംഗീത അഭിരുചി ഉള്ള ആളാണ്. എല്ലാറ്റിലും പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ മിടുക്കൻ. അദ്ദേഹത്തിന്റെ മ്യൂസിക്കിനോടൊപ്പം ചേർന്നാൽ മതി കൂടുതൽ പണി ഉണ്ടാകില്ല.

പുതിയ ചിത്രങ്ങൾ 

പൃഥ്വിരാജ്, മംമ്ത മോഹൻദാസ് എന്നിവരുടെ ‘ഭ്രമം’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. സല്യൂട്ട്, മമ്മുക്ക നായകനായ പുഴു, സി ബി ഐ അഞ്ചാം ഭാഗം, ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നിവയാണ് ഇപ്പോൾ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ. കൊറോണക്കാലം ആയതുകൊണ്ട്  സിനിമകളുടെ റിലീസ് നീണ്ടുപോവുകയാണല്ലോ. കുരുതിയുടെ വൈബ് കുറച്ചുനാൾ കൂടി തുടരും. ആ സിനിമ തന്നെ ഒരു ധീരമായ ശ്രമം ആയിരുന്നല്ലോ. ഇതുവരെ ഇങ്ങനെയൊരു കഥ ആരും പറഞ്ഞിട്ടുണ്ടാകില്ല. പ്രേക്ഷകർ അത് എങ്ങനെ സ്വീകരിക്കുമെന്ന് നല്ല ടെൻഷൻ ഉണ്ടായിരുന്നു.  ഇപ്പോൾ വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. എല്ലാവരും തരുന്ന നല്ല അഭിപ്രായങ്ങളോട് നന്ദിയും സ്നേഹവുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA