ADVERTISEMENT

സ്വതന്ത്ര സംഗീതസംവിധായകനെന്ന നിലയിൽ ജോൺസൺ മാഷ് സംഗീതാസ്വാദകരുടെ മനസ്സിൽ കുടിയേറി പാർക്കുന്നത് ബാലചന്ദ്ര മേനോൻ സംവിധാനം െചയ്ത 'പ്രേമഗീതങ്ങൾ' എന്ന ചിത്രത്തിലെ പാട്ടുകളിലൂടെയായിരുന്നു. ഷാനവാസും അംബികയും ജോഡികളായെത്തിയ ചിത്രത്തിലെ നാലു പാട്ടുകളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ജോൺസൺ മാഷിന്റെ സംഗീതത്തിൽ കെ.ജെ.യേശുദാസും എസ്.ജാനകിയും ചേർന്ന് ആലപിച്ച 'സ്വപ്‌നം വെറുമൊരു സ്വപ്‌നം...' എന്ന ഗാനം പുതുതലമുറ വരെ ആവേശത്തോടെ ഏറ്റുപാടുന്നു. മലയാള സിനിമയിൽ ആദ്യമായി ഒറ്റവാക്കു കൊണ്ട് പല്ലവി ഒരുക്കിയ ഗാനമാണിത്. ഈ ചിത്രം പുറത്തിറങ്ങി ഏറെ വർഷങ്ങൾക്കു ശേഷം വേണു നാഗവള്ളി തന്റെ ചിത്രമായ 'സുഖമോ ദേവി'യിൽ 'സുഖമോ ദേവി'... എന്ന ഗാനം ഇത്തരത്തിൽ ഒരുക്കിയിരുന്നു. കേൾക്കുന്നവരിലേക്ക് സ്‌നേഹം നിറച്ചാണ് ഓരോ ജോൺസൺ ഈണവും പിറവിയെടുത്തിരുന്നത്. ബാലചന്ദ്രമേനോനും ജോൺസൺ മാഷും ഒരുമിച്ചപ്പോഴെല്ലാം സൂപ്പർ ഹിറ്റുകൾ പിറന്നു. ജോൺസൺ മാഷിനൊപ്പമുളള ഓർമ്മകള്‍ ബാലചന്ദ്ര മേനോൻ മനോരമ ഓണ്‍ലൈനിനോടു പങ്കുവച്ചത് ഇങ്ങനെ: 

 

‘ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. സംഗീതസംവിധായകൻ ജി.ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി പ്രവർത്തിക്കുന്ന സമയം  മുതലുളള പരിചയമാണ്. അക്കാലത്ത് ദേവരാജൻ മാസ്റ്ററുടെ ചിത്രങ്ങൾക്കു പശ്ചാത്തല സംഗീതം ഒരുക്കിയത് ജോൺസനായിരുന്നു. എന്റെ ചിത്രങ്ങളായ കലികയിലും, ഇഷ്ടമാണ് പക്ഷെയിലും ദേവരാജൻ മാസ്റ്റർ പാട്ടുകളൊരുക്കിയിരുന്നു. ഈ രണ്ടു ചിത്രങ്ങളിലും ജോൺസനാണ് പശ്ചാത്തല സംഗീതം നിർവഹിച്ചത്. അങ്ങനെയാണ് ഞങ്ങൾ അടുക്കുന്നതും സുഹൃത്തുക്കളാകുന്നതും. നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. സംഗീതപരമായി നമുക്ക് എന്തും അദ്ദേഹത്തോടു നിർദ്ദേശിക്കാൻ പറ്റുമായിരുന്നു. ഒരുപാട് കാര്യങ്ങൾ ജോൺസണിൽ നിന്നും പഠിക്കാൻ സാധിച്ചിട്ടുണ്ട്. എനിക്ക് സംഗീതത്തിൽ താത്പര്യം ഉളളതു കൊണ്ട് തന്നെ സംഗീതസംവിധായകരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ജോൺസനെ പോലുള്ളവരുമായി ഒരുമിച്ച് ജോലി ചെയ്യാൻ സാധിച്ചത് എന്നെ സംബന്ധിച്ച് വലിയ കാര്യം തന്നെ. ശേഷം കാഴ്ചയിൽ, പ്രേമഗീതങ്ങൾ, കിലുകിലുക്കം, കേൾക്കാത്ത ശബ്ദം, നയം വ്യക്തമാക്കുന്നു, ഇത്തിരി നേരം ഒത്തിരി നേരം എന്നീ ചിത്രങ്ങൾക്ക്  ജോൺസൺ സംഗീതസംവിധാനം നിർവഹിച്ചു.  

 

ജോൺസൺ എന്റെ ചിത്രങ്ങൾക്കു വേണ്ടി ചെയ്ത എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു. പ്രേമഗീതങ്ങൾ' എന്ന ചിത്രത്തിലെ ഗാനങ്ങൾ വളരെ ഹിറ്റാവുകയും ജോൺസൺ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പുതുമുഖ ഗാനരചിയിതാവ് ദേവദാസിന്റെ വരികൾക്ക് ജോൺസൺ എത്ര മനോഹരമായാണ് സംഗീതം ഒരുക്കിയത്. പുതുതലമുറ പോലും ആ പാട്ടുകൾ ഏറ്റു പാടുന്നു. 

 

അതുപോലെതന്നെ ആദ്യമായി ഒഎൻവി കുറുപ്പ്-ജോൺസൺ കൂട്ടുക്കെട്ട് പരിചയപ്പെടുത്തിയത് ഞാനാണ്. ഒഎൻവി എന്റെ അധ്യാപകൻ കൂടിയായിരുന്നു. ഒഎൻവി സർ എഴുതി ജോൺസൺ സംഗീതം ചെയ്ത ആദ്യ ചിത്രം ശാസ്താ പ്രൊഡക്‌ഷൻസിന്റെ കിലുകിലുക്കമായിരുന്നു. ആ ചിത്രത്തിലൂടെ ഒഎൻവി- ജോൺസൺ കൂട്ടുകെട്ട് മലയാള സിനിമയിൽ പിറന്നു. പിന്നീട് എത്രയോ ചിത്രങ്ങളിൽ ഇരുവരും ചേർന്ന് ഹിറ്റുകൾ തീർത്തു. അവരുടെ തുടക്കം എന്റെ സിനിമയിൽ നിന്നായിരുന്നുവെന്നത് അഭിമാനപൂർവ്വം എനിക്കു പറയാൻ കഴിയും. 

 

എന്റെ സിനിമകളിലൂടെ രണ്ട് പുതിയ ഗായകരെ ജോൺസൺ മലയാളികൾക്കു പരിചയപ്പെടുത്തിയിരുന്നു. 'കേൾക്കാത്ത ശബ്ദം' എന്ന ചിത്രത്തിലെ 'കന്നിപൂമാനം കണ്ണും നട്ട്'... എന്ന ഗാനത്തിലൂടെയാണ് മാർക്കോസ് എന്ന ഗായകനെ അദ്ദേഹം കൊണ്ടുവരുന്നത്. പ്രേമഗീതങ്ങളിലൂടെ അദ്ദേഹം രാജു എന്ന പാട്ടുകാരനെ അവതരിപ്പിച്ചു. കളകള മൊഴി പ്രഭാതമായി... എന്ന പാട്ടിലൂടെയാണ് രാജു പിന്നണി ഗായകനാകുന്നത്. എന്റെ സംവിധാനത്തിൽ വന്ന 

‘ശേഷം കാഴ്ചയിൽ’ എന്ന ചിത്രത്തിൽ ജോൺസൺ മാഷിന്റെ ഈണത്തിൽ എസ്.ജാനകി ആലപിച്ച 'മോഹം കൊണ്ടു ഞാൻ'.... എന്ന ഗാനം ഇപ്പോഴും മലയാളികൾ പാടി നടക്കുന്നു. അങ്ങനെ ഒരുപാട് പാട്ടുകൾ സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com