ADVERTISEMENT

രാഹുൽ നമ്പ്യാർ. ഈ പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ല. എന്നാൽ ഈ ഗായകൻ പാടിയ പാട്ടുകള്‍ എന്നും ഏറെ പ്രിയപ്പെട്ടതാണ്. ഭാഗ്യദേവതയിലെ ‘സ്വപ്നങ്ങൾ കണ്ണെഴുതിയ’, ‘മുല്ല’യിലെ ‘ഈ രാവിൽ’, സ്നേഹവീടിലെ ‘അമൃതമായ് അഭയമായ്’ എന്നിങ്ങനെ ചുരുക്കം ചില ഗാനങ്ങൾ മാത്രമേ രാഹുൽ മലയാളത്തിൽ ആലപിച്ചിട്ടുള്ളു. അടുത്തിടെ, അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്പ’യിലെ ‘ഓട് ഓട് ആടെ’ എന്ന ഗാനം പാടിയതോടെയാണ് രാഹുൽ നമ്പ്യാർ എന്ന ഗായകനെ മലയാളികൾ കൂടുതലായി തിരഞ്ഞു തുടങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ മലയാളം പതിപ്പിലാണ് രാഹുലിന്റെ ശബ്ദം. മലയാളത്തിൽ അത്രകണ്ട് സജീവമല്ലെങ്കിലും തെലുങ്ക്, തമിഴ് പ്രേക്ഷകർക്കൊക്കെ രാഹുൽ എന്ന ഗായകനും ആ ശബ്ദവും ഏറെ പരിചിതമാണ്. ചെന്നൈയിൽ സ്ഥിരതാമസക്കാരനായ രാഹുലിനു പക്ഷേ എന്നും പ്രിയം മാതൃഭാഷയോടു തന്നെ. അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തിൽ സജീവമാകാത്തതെന്നു പറയുമ്പോഴും പരാതിയോ പരിഭവോ ഇല്ല രാഹുലിന്റെ വാക്കുകളിൽ. പാട്ടു വിശേഷങ്ങളുമായി രാഹുൽ നമ്പ്യാർ മനോരമ ഓണ്‍ലൈനിനൊപ്പം. 

 

 

ബഹുഭാഷാ ഗാനമാണല്ലോ പുഷ്പയിലേത്? എന്താണ് അനുഭവം? ആദ്യ പ്രതികരണങ്ങൾ എങ്ങനെ?

 

 

‘അല വൈകുണ്ഠപുരംലോ’ എന്ന ചിത്രത്തിൽ ഞാൻ അല്ലു അര്‍ജുനു വ‌േണ്ടി പാടിയിരുന്നു. അതിൽ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായ അനുഭവമാണ് പുഷ്പയിലെ പാട്ട് പാടിയപ്പോൾ കിട്ടിയത്. ശരിക്കും പറഞ്ഞാൽ ഒരു പാട്ട് പാടുന്നതുപോലെയല്ല, മറിച്ച് ഒരു ഡയലോഗ് പറഞ്ഞു പോകുന്നതു പോലെയാണ് അനുഭവപ്പെട്ടത്. അതേ ഒഴുക്കിലാണ് പാട്ട് പാടി പൂർത്തിയാക്കിയതും. ചുരുങ്ങിയ സമയത്തിനകം തന്നെ പാട്ട് ശ്രദ്ധേയമായതിൽ ഒരുപാട് സന്തോഷം തോന്നുന്നു. പ്രതീക്ഷച്ചതിലും കൂടുതൽ മികച്ച പ്രതികരണങ്ങളാണു ലഭിച്ചത്. ഈ പ്രതിസന്ധി കാലത്ത് എല്ലാ കലാകാരന്മാരും അവസരത്തിനു വേണ്ടി നെട്ടോട്ടമോടുകയാണ്. അപ്പോൾ ഇങ്ങനെ പാടാൻ ഒരു അവസരം കിട്ടിയതു തന്നെ മഹാഭാഗ്യമായി ഞാൻ കാണുന്നു. 

 

 

മലയാളത്തിൽ സജീവമാകാത്തതെന്ത്?

 

 

മലയാളത്തിൽ ഞാൻ വളരെ കുറച്ചു പാട്ടുകളേ പാടിയിട്ടുള്ളു. ബാക്കിയൊക്കെ തെലുങ്കിലും തമിഴിലുമാണ്. എനിക്ക് മലയാളത്തിൽ വളരെ കുറച്ച് അവസരങ്ങളേ ലഭിച്ചുള്ളു എന്നു പറയുന്നതാകും ശരി. പക്ഷേ അക്കാര്യത്തിൽ എനിക്കു പരാതിയോ പരിഭവമോ ഇല്ല. കിട്ടിയ അവസരങ്ങളിൽ ഞാൻ സംതൃപ്തനാണ്. മലയാള‌ത്തിലേതിനേക്കാളേറെ എന്റെ പാട്ടുകൾ ഹിറ്റായിട്ടുള്ളതും അന്യഭാഷകളിൽ തന്നെയാണ്. മാതൃഭാഷയില്‍‌ നിന്നുള്ള മാറി നിൽക്കൽ അല്ല ഇത്. മലയാളത്തിൽ അവസരം കിട്ടിയാൽ തീർച്ചയായും പാടും. ഞാൻ ചെന്നൈയിലാണ് സ്ഥിരതാമസമെങ്കിലും എന്റെ ബന്ധുക്കൾ കേരളത്തിൽ തന്നെയാണ്. ഞാൻ മലയാളം പാട്ടുകൾ പാടിയാൽ അവർക്കെല്ലാം ഒരുപാട് സന്തോഷമാകും. ഇനിയും അവസരം ലഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. 

 

 

പാടിയിട്ടും പാട്ടുകാരനെ മലയാളി തിരിച്ചറിയാത്തത്തിൽ സങ്കടമുണ്ടോ? 

 

 

സങ്കടം എന്നു പറയാൻ പറ്റില്ല. കിട്ടാതെ പോയ അവസരങ്ങളെക്കുറിച്ചു ദുഃഖം തോന്നാറില്ല. കാരണം, എനിക്കു കിട്ടിയതൊക്കെയും മികച്ചവ ആയിരുന്നു. പിന്നെ ഞാൻ എന്ന ഗായകനെ മലയാളികൾ തിരിച്ചറിഞ്ഞോ ഇല്ലയോ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. പാട്ട് പാടിക്കഴിഞ്ഞാൽ, അല്ലെങ്കിൽ അത് ഹിറ്റായിക്കഴിഞ്ഞാൽ അതിലെ ഗായകൻ ശ്രദ്ധിക്കപ്പെട്ടോ എന്നു നോക്കാറില്ല. പാട്ട് ഹിറ്റായാൽ അതിൽ സന്തോഷം. ഗായകനെ തിരിച്ചറിയണം എന്നൊന്നും നിർബന്ധമില്ല. 

 

 

മലയാളത്തിൽ പ്രതിഫലം കുറവാണെന്നു ഗായകർക്കു പരാതിയുണ്ട്. അതുകൊണ്ടാണോ അന്യഭാഷയിലേക്കു ചേക്കേറിയത്? 

 

 

അങ്ങനെ രണ്ടു ഭാഷാ മേഖലയുമായി താരതമ്യം ചെയ്യാൻ പാടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഓരോ സിനിമാ മേഖലയും നിശ്ചയിച്ചിരിക്കുന്നത് ഓരോ പ്രതിഫലം ആയിരിക്കുമല്ലോ. തമിഴിൽ നന്നായി പാടിയ ശേഷം മലയാളത്തിൽ പാടിയാൽ തമിഴിൽ കിട്ടുന്ന അതേ പ്രതിഫലം കിട്ടും. പണ്ടൊക്കെ പലരും പ്രതിഫലം വാങ്ങാതെ തന്നെ പാടുമായിരുന്നു. ഞാൻ ഒരു പാട്ട് പാടുന്നതിനു മുന്‍പേ ആദ്യം പ്രതിഫലം തീരുമാനിക്കും. ആ പറഞ്ഞ തുകയ്ക്കു സമ്മതമാണെങ്കിൽ ഞാൻ പോയി പാടും. അങ്ങനെയുള്ള അവസരങ്ങൾ മാത്രമേ ഞാൻ സ്വീകരിക്കാറുള്ളു. പക്ഷേ അതിന്റെ പേരിൽ അവസരങ്ങൾ കുറഞ്ഞതിൽ എനിക്കു പരാതിയില്ല. കിട്ടിയ അവസരങ്ങളിൽ ഞാൻ സന്തോഷവാനാണ്.

 

 

അന്യനാട്ടിലും അന്യഭാഷയിലും ചുവടുറപ്പിച്ചിതിന്റെ ആദ്യ ഘട്ടങ്ങൾ? 

 

 

പുതിയ ഭാഷകൾ പഠിക്കാനും അനുകരിക്കാനും എനിക്കേറെ ഇഷ്ടമാണ്. ഞാൻ എത്ര ഭാഷയിൽ പാടിയാലും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടത് മലയാളത്തിൽ പാടിയപ്പോഴാണ്. കാരണം, മലയാള വാക്കുകളുടെ ഉച്ചാരണം വളരെ പ്രയാസമേറിയതാണ്. അത് വ്യക്തമായും കൃത്യമായും തന്നെ പറയണം.  മലയാളത്തിൽ പാടുമ്പോഴൊക്കെ എനിക്കു പേടിയാണ്. പക്ഷേ മറ്റ് ഏത് ഭാഷയിൽ പാടിയാലും കിട്ടാത്ത അത്ര വലിയ സന്തോഷം മലയാളം പാടുമ്പോൾ എനിക്കു കിട്ടാറുണ്ട്. ഞാൻ ചെന്നൈയിലാണെങ്കിലും എന്റെ സുഹൃത്തുക്കളെല്ലാം മലയാളികളാണ്. വിജയ് യേശുദാസും ശ്വേത മോഹനുമെല്ലാം ഇവിടെ തന്നെയാണല്ലോ. അവരൊക്കയായി സൗഹൃദം ഉള്ളതുകൊണ്ടു തന്നെ ഞാൻ അന്യ നാട്ടിലാണെന്നോ അന്യ ഭാഷയിലാണു പാടുന്നതെന്നോ ഉള്ള ബുദ്ധിമുട്ട് തോന്നാറില്ല.  

 

 

കുടുംബം? 

 

കണ്ണൂരാണ് സ്വദേശം. പക്ഷേ ഇപ്പോൾ ചെന്നൈയിൽ ആണ് സ്ഥിരതാമസം. അച്ഛനും അമ്മയും എനിക്കൊപ്പം ചെന്നൈയിൽ ഉണ്ട്. പന്ത്രണ്ട് വർഷത്തോളം ഞങ്ങൾ ഡൽഹിയിൽ ആയിരുന്നു. അതിനു ശേഷമാണ് ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്. ഇടയ്ക്കൊക്കെ കണ്ണൂരിൽ പോകാറുണ്ട്. വ‍ർഷത്തിൽ ഒന്നോ രണ്ടോ മാസം കണ്ണൂരിലെ വീട്ടിലായിരിക്കും താമസം. അവധി കിട്ടുമ്പോഴൊക്കെ പോകാറുള്ളതുകൊണ്ട് നാടുമായി വളരെയേറെ അടുപ്പമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com