ADVERTISEMENT

കോവിഡ് അടച്ചിരുപ്പിനും ഓണ്‍ലൈന്‍ ക്ലാസുകളുടെ വിരസതയ്ക്കുമിടെ വീണ്ടുമൊരോണമെത്തുമ്പോള്‍ കുട്ടിക്കൂട്ടങ്ങളുടെ ചുണ്ടിലുണ്ട് ഓമനയായൊരോണപ്പാട്ട്. മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്‍ ഹരിനാരായണനെഴുതിയ മുക്കുറ്റിപ്പൂവേ എന്ന പാട്ടു പാടിയാണ് കുട്ടികള്‍ ഇത്തവണ ഓണത്തെ വരവേല്‍ക്കുന്നത്.  

 

മുക്കുറ്റി പൂവേ.. മുക്കുറ്റി പൂവേ മുക്കിലിരിക്കണതെന്താണ്...

മുറ്റത്തൊരോണം വന്നില്ലേ.. മുറ്റത്തൊരോണം വന്നില്ലേ...  

 

കുട്ടികള്‍ മൂളിനടക്കുന്ന ഈ പാട്ടിനെ അധ്യാപകരും രക്ഷിതാക്കളുമേറ്റെടുത്തപ്പോള്‍ ഈ ഓണത്തിന്റെ ഹിറ്റുഗാനമായി മാറിയിരിക്കുകയാണ് മുക്കുറ്റിപ്പൂവ്. കുട്ടികള്‍ക്കുവേണ്ടിയെഴുതിയ പാട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഹിറ്റായതില്‍ സന്തോഷമുണ്ടെന്ന് ഹരിനാരായണന്‍ പറയുന്നു. ഈ ഉത്രാട ദിനത്തില്‍    ഓണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ ഹരിനാരായണന്‍ മനോരമ ഓണ്‍ലൈനിനോടു പങ്കുവയ്ക്കുന്നു.

 

       '

പൂപൊലി പൊലി പൂവേ നല്ലൊരോണമുണ്ടല്ലോ പോന്നുവരുന്നു..

ഓണം വന്നാലോ ആണുങ്ങള്‍ക്കെല്ലാര്‍ക്കും വേണം നല്ലൊരു കമ്പിത്തായം .

 

 

എന്റെ കുട്ടിക്കാലത്തു ഞാന്‍ കേട്ട പാട്ടാണ്. ഓണവുമായി ബന്ധപ്പെട്ട പല കളികളിലും ഇങ്ങനെ മനോഹരമായ നാടന്‍ പാട്ടുകളുണ്ടായിരുന്നു. ഓണക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എത്രയോ പാട്ടുകള്‍ മനസ്സിലേക്കു വരും.

 

തിരുവോണപുലരി തന്‍ തിരുമുല്‍ക്കാഴ്ച കാണാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി... ശ്രീകുമാരന്‍ തമ്പി സാറെഴുതിയ ഈ ഓണപ്പാട്ട് വളരെയിഷ്ടമാണ്.

ഓണപ്പാട്ടിനെക്കുറിച്ചു പറയുമ്പോള്‍ പ്രിയപ്പെട്ടതായി കുറെയുണ്ട്. അതു പോലെ ഒഎന്‍വി സര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത എന്തെന്റെ മാവേലീ എഴുന്നള്ളാത്തൂ എന്ന പാട്ട്. പി. ജയചന്ദ്രന്‍ പാടിയ പാട്ടാണ്. ഞങ്ങളുടെ നാട്ടില്‍ എന്റെ ജ്യേഷ്ഠ സഹോദര തുല്യനായിട്ടുള്ള ജിതേഷ് ഓണം ആല്‍ബങ്ങള്‍ ചെയ്തിരുന്നു, അദ്ദേഹം ഇന്നില്ല. ആലങ്കോട് ലീലാകൃഷ്‌ണേട്ടെപ്പോലുള്ളവരാണ് അതില്‍ പാട്ടുകള്‍ എഴുതിയിരുന്നത്. പുറത്തേക്കേറെ കാസറ്റുകളൊന്നും വിറ്റു പോയിട്ടില്ലെങ്കിലും ആ പാട്ടുകൾ ഞങ്ങള്‍ക്കേറെ പ്രിയമായിരുന്നു.

 

ചിത്രത്തിലെഴുതിയ കവിത പോലെ

ചിത്തിരപ്പൂക്കളില്‍ നീ ചിരിക്കുന്നുവോ..

ചിത്ര പതംഗങ്ങള്‍ തന്‍ കൂട്ടുകാരീ

ചിത്രകാരിയാം സഖീ ശ്രാവണമേ... ഇങ്ങനെ മനോഹരമായ വരികളൊക്കെയായിരുന്നു. അങ്ങനെ കുറെ ഓണപ്പാട്ടുകള്‍ പ്രിയപ്പെട്ടതായുണ്ട്. അതു പറഞ്ഞാല്‍ തീരില്ല.

 

കുന്നംകുളത്തിനടുത്തെ കരിക്കാടെന്ന എന്റെ ഗ്രാമത്തില്‍ പണ്ടത്തെ പോലെ ഇന്നും ഓണാഘോഷങ്ങളും പൂവിടലുമൊക്കെ തകൃതിയായുണ്ട്. പലരും പറയുന്നതു പോലെ ഓണവും ആഘോഷവുമൊക്കെ അറ്റു പോയെന്നൊന്നും എന്റെ നാട്ടില്‍ എനിക്കു തോന്നിയിട്ടില്ല. നാട്ടിലെ ക്ലബിലൊക്കെ കോവിഡിനു മുമ്പുവരെ ഓണാഘോഷം സജീവമായിരുന്നു. വൈകിട്ട് ആളുകൾ പണി മാറ്റിയെത്തി റിഹേഴ്സൽ നടത്തി നാടകവും മറ്റു കലാപരിപാടികളുമൊക്കെ ഉഷാറാക്കാറുണ്ട്.

 

നാടകം, കബഡി, ചീട്ടുകളി അങ്ങനെയുള്ള കളികളൊക്കെ കണ്ടു രസിക്കലായിരുന്നു എനിക്കിഷ്ടം. ചെറുപ്പക്കാലത്തൊക്കെ നാട്ടില്‍ ഓണത്തോടനുബന്ധിച്ച് സ്ത്രീകളുടെ കൈകൊട്ടിക്കളിയും പതിവായിരുന്നു. കൈകൊട്ടിക്കളി ഈയിടെ അങ്ങനെ കാണാറില്ലെങ്കിലും മറ്റു കലാപരിപാടികളൊക്കെ നടക്കുന്നുണ്ട്.

 

 

കുട്ടിക്കാലം ഒരു  വലിയ കൂട്ടുകുടുംബത്തിലായിരുന്നു. രണ്ടു മൂന്നു തലമുറയിലെ മുത്തശ്ശന്‍മാരും അവരുടെ സഹോദരങ്ങളും മക്കളുമുളള കുടുംബം. ഡിഗ്രി പഠനം വരെ കൂട്ടുകുടുംബത്തില്‍ തന്നെയായിരുന്നു. ഇപ്പോഴും ഒരേ കോമ്പൗണ്ടിനുള്ളില്‍ തന്നെയാണു താമസം. ചെറിയച്ഛന്റെ മക്കളും അച്ഛന്റെ സഹോദരന്റെ മക്കളുമെല്ലാവരുമായി കളിക്കാനൊക്കെ കുറെ പേരുണ്ടായിരുന്നു. അവരോടൊപ്പമാണു എല്ലാ കളികളും. കുട്ടിക്കാലത്തെ ഓണത്തെപറ്റി പറയുമ്പോള്‍ മറ്റെന്തിനേക്കാളും കളികളും എല്ലാവരുമായുള്ള കൂടിയിരുപ്പിന്റെ സന്തോഷവും തന്നെയാണ് മനസ്സിലേക്കു വരുന്നത്.

 

മറക്കാനാവാത്ത ഒരോണം എന്റെ സ്‌കൂള്‍ സമയത്താണ്. കൂട്ടുകുടുംബമായതിനാല്‍ വീട്ടിൽ പ്രായമായ മുത്തശ്ശിമാരൊക്കെയുണ്ട്. എല്ലാവര്‍ക്കും പ്രിയപ്പെട്ട  മുത്തശ്ശിയായിരുന്നു കാളി  മുത്തശ്ശി. അവർ മരിച്ചത് ഒരു തിരുവോണ നാളിലാണ്. കുട്ടിക്കാലത്തെ കലാപരിപാടികളൊക്കെ എല്ലാവരും അവതരിപ്പിച്ചിരുന്നത് ആ മുത്തശ്ശിക്കു മുമ്പിലായിരുന്നു. കുട്ടികള്‍ പാട്ടുപാടുകയോ അങ്ങനെ എന്തെങ്കിലും ചെയ്താൽ മുത്തശ്ശി ചെറിയ പൈസയൊക്കെ തരും. മുത്തശ്ശിക്ക് മക്കളൊന്നുമുണ്ടായിരുന്നില്ല. വിവാഹം ചെയ്ത ആള്‍ ചെറുപ്പത്തിലേ മരിച്ചു. ഒരു തിരുവോണ ദിവസം രാവിലെയാണ് മുത്തശ്ശി മരിച്ചത്. മുത്തശ്ശിക്കു മക്കളില്ലെങ്കിലും എല്ലാവരെയും മുത്തശ്ശി മക്കളായി കണ്ടു. എല്ലാവരും മുത്തശ്ശിയെ അമ്മയായും അമ്മൂമ്മയായും കണ്ടു. മറക്കാനാവാത്ത ഒരോണം എന്നു പറയുമ്പോള്‍ ഏറെ പ്രിയപ്പെട്ട ആ മുത്തശ്ശിയെ നഷ്ടമായ ഓണം തന്നെയാണ്..

 

പാട്ടിനെക്കുറിച്ചു പറയുകയാണെങ്കിൽ പാട്ട് എന്നും ഇഷ്ടമായിരുന്നു. സിനിമാ പാട്ടെന്നല്ല ഏതു തരത്തിലുള്ള സംഗീതവും ആസ്വദിക്കാറുണ്ട്. ഞാന്‍ വളര്‍ന്ന സാഹചര്യത്തിന്റെ സ്വാധീനം കൊണ്ടാവാം ധാരാളം കര്‍ണാടക സംഗീത കച്ചേരികള്‍ ആസ്വദിക്കുകയും അത് കേള്‍ക്കാനായുള്ള യാത്രകളൊക്കെയും ഉണ്ടായിട്ടുണ്ട്.

 

അന്നൊക്കെ പഠിക്കാന്‍ കുഴപ്പമുണ്ടായിരുന്നില്ല എന്നേയുള്ളൂ. വലിയ മിടുക്കനൊന്നുമായിരുന്നില്ല. കണക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും കണക്കിനോടിഷ്ടമുണ്ട്. ഭാഷയോടൊക്കെയുള്ള ഇഷ്ടം കണക്കിനോടുമുണ്ടെന്നും. പാട്ടെഴുത്തുകാരനായതിനു ശേഷം ഓണത്തിനു പ്രത്യേകിച്ചു മാറ്റമൊന്നുമില്ല. ഓണപ്പാട്ടെഴുതാന്‍ ചിലര്‍ വരും. ഇങ്ങനെ അപൂര്‍വ്വം ചില അഭിമുഖങ്ങളുമുണ്ടാവും. ഈയിടെ എഴുതിയ മുക്കുറ്റിപ്പൂവെന്ന ഓണപാട്ടിന് നല്ല പ്രതികരണങ്ങള്‍ വരുന്നതില്‍ സന്തോഷം. കുട്ടികള്‍ക്കുവേണ്ടിയൊരു പാട്ട് എന്ന രീതിയില്‍ ചെയ്തതാണ്. പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് എന്റെ സുഹൃത്തായ രാം സുരേന്ദര്‍ ആണ്. കൃഷ്ണദിയ അജിത്താണ് പാടി അഭിനയിച്ചിരിക്കുന്നത്.

 

 

ആരാധകരുടെ സ്‌നേഹപ്രകടനത്തെപറ്റി ചോദിച്ചാല്‍... എനിക്കങ്ങനെ ആരാധകരൊന്നും ഉള്ളതായി തോന്നിയിട്ടില്ല. നമ്മളെ ഇഷ്ടപ്പെടുന്നവരുണ്ടാവും പാട്ടും ഇഷ്ടപ്പെടുന്നുണ്ടാവും. പാട്ടെഴുത്തുകാരനോടല്ലല്ലോ പാട്ടുകളോടല്ലേ ഇഷ്ടം ഉണ്ടാവേണ്ടത്? അങ്ങനെയൊരു സ്‌നേഹം മാത്രമേയുള്ളൂ. പാട്ടുകളില്‍ ആത്മാശം ഉണ്ടോ എന്നു ചോദിച്ചാല്‍ നമ്മള്‍ എഴുതുന്നു എന്നു തന്നെയാണല്ലോ. മുഴുവന്‍ ആത്മാംശത്തിലെഴുതിയ ഒരു പാട്ടിനെക്കുറിച്ചു പറയാന്‍ കിട്ടുന്നില്ല. പ്രണയഗാനങ്ങള്‍ കുറെ എഴുതുന്നുണ്ട്, അതെന്റെ ഒരു തൊഴിലു കൂടിയാണല്ലോ. പ്രണയഗാനമെഴുതിയെന്നു കരുതി പ്രണയ ലേഖനങ്ങള്‍ കിട്ടണമെന്നൊന്നുമില്ല, കിട്ടുന്നില്ല.

 

 

 

വിവാഹം... 

 

 

ആ ചോദ്യത്തിലങ്ങനെ പ്രസക്തിയില്ലെന്നു തോന്നുന്നു. അങ്ങനെ ചിന്തിച്ചിട്ടില്ല. ഓരോരുത്തരുടെ ഓരോ ഇഷ്ടങ്ങളല്ലേ.. ഒറ്റയ്ക്കു ജീവിക്കാനിഷ്ടപ്പെടുന്നു എന്നുള്ളതാണു സത്യം. ''

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com