ADVERTISEMENT

മലയാളികളെ ഒന്നാകെ സ്വന്തം വീട്ടിലേക്കു മടക്കിയയച്ച സിനിമയാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ റോജിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘#ഹോം’. സോഷ്യൽ മീഡിയയും ടെക്നോളജിയും അരങ്ങുവാഴുന്ന പുതിയ കാലഘട്ടത്തിൽ കുടുംബന്ധങ്ങളിലെ ഇഴയടുപ്പവും അന്യമായിക്കൊണ്ടിരിക്കുകയാണ്. മക്കൾക്കൊപ്പം അപ്ഡേറ്റ് ചെയ്യാൻ പാടുപെടുന്ന ഒരച്ഛന്റെ കഥപറയുന്ന ഈ സിനിമയിൽ മനസ്സിൽ തൊടുന്ന പാട്ടുകളാണ് പ്രശസ്ത സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യത്തിന്റെ സംഭാവന. കൊച്ചിൻ മീഡിയ സ്കൂളിൽ തുടങ്ങിയ അവരുടെ സൗഹൃദം ഹോമിൽ എത്തി നിൽക്കുമ്പോൾ തന്നിലെ സംഗീതസംവിധായകനെ പുറത്തുകൊണ്ടുവന്നതിൽ റോജിൻ തോമസ് എന്ന സുഹൃത്തിന്റെ സ്വാധീനം വളരെ വലുതാണെന്ന് രാഹുൽ പറയുന്നു. ഏഴെട്ട് വർഷത്തിനു ശേഷം ഈ കൂട്ടുകെട്ടിൽ നിന്നുണ്ടായ സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംഗീത വഴികളെക്കുറിച്ച് രാഹുൽ സുബ്രഹ്മണ്യൻ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

 

 

ആത്മസുഹൃത്തുക്കളുടെ സിനിമയായ ‘ഹോം’ ഹിറ്റോടു ഹിറ്റ് എന്തു തോന്നുന്നു? 

 

 

സിനിമ ഹിറ്റായത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ‘മങ്കി പെൻ’ എന്ന സിനിമ കഴിഞ്ഞിട്ട് വിജയം ആഘോഷിക്കാൻ കഴിഞ്ഞത് ഇപ്പോഴാണെന്നു പറയാം. മങ്കി പെൻ കഴിഞ്ഞെടുത്ത ‘ജോ & ദ് ബോയ്’ എന്ന സിനിമ വളരെ നല്ല മികച്ചതായിരുന്നെങ്കിലും വാണിജ്യപരമായി അത്ര വിജയിച്ചിരുന്നില്ല. എട്ടു വർഷം കഴിഞ്ഞൊരു ചിത്രം വരുമ്പോൾ പ്രേക്ഷകർക്കു റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു സിനിമ ചെയ്യണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതിനു നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ നിരീക്ഷിച്ചാൽ മതിയായിരുന്നു. അതിനിടക്ക് ഒരുപാട് പ്രമേയങ്ങൾ ഞങ്ങൾക്കിടയിൽ വന്നെങ്കിലും ഈ ഒരു കഥയോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയാണ് ‘ഹോം’ ഉണ്ടായത്. ഒരു സംഗീതസംവിധായകൻ ആകണം എന്നൊരു ചിന്ത എന്റെ മനസ്സിലിട്ടു തന്ന ആളാണ് റോജിൻ. മനോരമയുടെ യുവ എന്നൊരു ഹ്രസ്വചിത്രത്തിനു വേണ്ടിയായിരുന്നു ഞങ്ങൾ ആദ്യം ഒരുമിച്ചത്. അതിനു അവാർഡും കിട്ടിയിരുന്നു. സംഗീത സംവിധാനത്തിൽ എനിക്കൊരു കൈ നോക്കാൻ കഴിയും എന്നു കണ്ടെത്തിയത് റോജിൻ ആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചരിത്രമാകാൻ പോകുന്ന ഒരു കാര്യമാണ് ഹോമിന്റെ റിലീസ്. മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ ഓണക്കാലത്ത് ഒരേ ഒരു ചിത്രം റിലീസ് ചെയ്തു അത് ‘ഹോം’ ആയിരുന്നു എന്നത് സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തും. 

 

 

 

ദൈർഘ്യമേറിയ ചിത്രമാണ് ഹോം. അതിൽ ഇഴച്ചിൽ അനുഭവപ്പെടാത്ത തരത്തിൽ എങ്ങനെയാണ് പാട്ടുകൾ ഉൾപ്പെടുത്താനായത്? 

 

 

ഹോം സിനിമയുടെ ഷൂട്ടിങ് സമയത്ത് മുഴുവൻ ഞാനുമുണ്ടായിരുന്നു. സിനിമയുടെ നീളം വെറുതെ കൂട്ടിയിട്ടില്ല, കഥയ്ക്കാവശ്യമായതു മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ചില ഭാഗങ്ങൾ മുറിച്ചു മാറ്റുകയും ചെയ്‌തു. ചില കാര്യങ്ങൾ പറയുമ്പോൾ ആളുകൾക്ക് അത് മനസിലാക്കാൻ ഒരു സമയം വേണമല്ലോ.  അതിനു ആവശ്യമുള്ളതേ സിനിമയിലുള്ളു. പണ്ടൊക്കെ തിയറ്ററിൽ പാട്ടുകൾ വരുമ്പോൾ ആളുകൾ എഴുന്നേറ്റു പോകുമായിരുന്നു. ചിലർ ബാത്‌റൂമിൽ പോകുന്നത് ആ സമയത്താണ്. അങ്ങനെ ആവശ്യമില്ലാതെ പാട്ടു കുത്തിക്കയറ്റേണ്ട കാര്യമില്ല. ഞങ്ങൾ ആ പാട്ടുകൾ കൊണ്ട് ഉദ്ദേശിച്ചത് ചില കാര്യങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാനാണ്. ഒരു പാട്ടുപോലും വെറുതെ ഉൾപ്പെടുത്തിയിട്ടില്ല. "ഇതാ വഴിമാറിയോടുന്നു കഥ" എന്ന പാട്ടുകേട്ടാൽ അറിയാം ഒലിവർ എന്ന കഥാപാത്രം മാറ്റങ്ങൾ ഉൾക്കൊണ്ട് അടുത്ത ലെവലിലേക്ക് ചിന്തിച്ചു തുടങ്ങി എന്ന്. കഥയിലെ പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് പാട്ടുകൾ ഉപയോഗിച്ചത്.

 

 

 

ഗായകരെ കണ്ടെത്തിയത് എങ്ങനെ? 

 

 

ഈ സിനിമയിലേക്ക് ഗായകരെ തെരഞ്ഞെടുക്കുമ്പോൾ ആളുകൾ അധികം കേൾക്കാത്ത ഒരു ഫ്രഷ് ശബ്ദം വേണമെന്നുണ്ടായിരുന്നു. കാർത്തിക്കിന്റെ ശബ്ദം അത്തരത്തിലുള്ള ഒന്നാണ്. മധുച്ചേട്ടനെ തെരഞ്ഞെടുക്കാൻ കുറച്ച് സമയമെടുത്തു. ഒലിവർ എന്ന കഥാപാത്രം കുറച്ചു പ്രായമായതാണല്ലോ. ആ ശബ്ദത്തിന് ഒരു പ്രത്യേകത വേണമെന്നുണ്ടയിരുന്നു. കോട്ടക്കൽ മധുച്ചേട്ടൻ, ബിജിയേട്ടൻ എന്നിവരെയൊക്കെ ട്രൈ ചെയ്‌തിരുന്നു. ദാസ് സാറിനെ (കെ.ജെ.യേശുദാസ്) കിട്ടാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. മധുച്ചേട്ടൻ പാടിയപ്പോൾ ആ സാഹചര്യത്തിനു പറ്റിയ ശബ്ദമായി തോന്നി. "ഇതാ വഴിമാറിയോടുന്നു കഥ" എന്ന പാട്ടിന് ഏറ്റവും യോജിച്ചത് വിനീത് ചേട്ടന്റെ സ്വരം തന്നെയായിരുന്നു. വിനീതും അരുണും ചേർന്നാണ് അത് പാടിയത്. അവരുടെ രണ്ടുപേരുടെയും സ്വരം ഒരുമിച്ചു കേട്ടപ്പോൾ നല്ല എനർജി ആയിരുന്നു. വിജയ് യേശുദാസും എന്റെ ചേച്ചി രമ്യ നമ്പീശനും ചേർന്ന് പാടിയ പാട്ടാണ് ഒന്ന്. അതുവരെ കൊണ്ടുവന്ന പുരുഷ ശബ്ദങ്ങൾക്കു ശേഷം ഒരു സ്ത്രീ സ്വരം വരുമ്പോൾ ഒരു ബേസ് ഉള്ള സ്വരം വേണമെന്ന് തോന്നി അതുകൊണ്ടാണ് ചേച്ചിയെക്കൊണ്ട് പാടിച്ചത്.  

 

 

 

ഹോമിലെ പാട്ടുകൾ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നു തോന്നുന്നുണ്ടോ?

 

 

അയ്യോ അങ്ങനെ തോന്നിയിട്ടില്ല. പാട്ട് പ്രത്യേകിച്ച് എടുത്തൊരു ചർച്ചയും വേണ്ട. ബാക്ഗ്രൗണ്ട് സ്കോർ വളരെ നന്നായി എന്ന് ഒരുപാടു പേർ പറഞ്ഞു.   ഹോമിലെ പാട്ട് ശ്രദ്ധിക്കപ്പെടണം എന്ന് എനിക്ക് ആഗ്രഹമില്ല. വരികൾ ശ്രദ്ധിച്ച് ആ മൂഡിനനുസരിച്ച് സിനിമ ആസ്വദിച്ചാൽ മതി. നമ്മുടെ ടീമിന്റെ വിജയമാണ് ഈ സിനിമയുടെ വിജയം. ഈ പാട്ട് ഹിറ്റാകണം എന്നു കരുതി ഒന്നും ചെയ്തിട്ടില്ല. പാട്ട് സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്ന് മാത്രമേ നോക്കിയിട്ടുള്ളൂ. ആഗ്രഹിച്ച ഫലം കിട്ടി എന്നാണ് ഞങ്ങൾക്കു തോന്നുന്നത്. ഈ സിനിമയിൽ ആരും സ്വന്തം പ്രതിഭ കാണിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പരിശ്രമം സിനിമയ്ക്കു ഗുണം ചെയ്യണം എന്നതായിരുന്നു ആഗ്രഹം. ക്യാമറ കൈകാര്യം ചെയ്ത നീലും അങ്ങനെ തന്നെയാണ് ജോലി ചെയ്തത്.

 

 

 

ഹോമിനു വേണ്ടിയുള്ള ഒരുക്കങ്ങൾ? 

 

 

ഈ സിനിമയോടുള്ള ഇഷ്ടം കാരണം ഞങ്ങൾ ഏഴ് വർഷം കാത്തിരുന്നാണ് ഇത് ചെയ്തത്. സിനിമയുടെ റിവ്യൂ വായിക്കുമ്പോൾ നല്ല സിനിമ എന്ന കമന്റിലുപരി എല്ലാവരും നന്ദി പറയുകയാണ്. അത് എല്ലാവരും മനസ്സുകൊണ്ട് പറയുന്നതാണ്. ഞങ്ങൾക്കെല്ലാവർക്കും വളരെയേറെ സന്തോഷം തന്ന കാര്യമാണത്. കോവിഡും ഇപ്പോഴത്തെ ജീവിത സാഹചര്യവും കൊണ്ട് ആളുകൾ അത്രത്തോളം മനസ്സു മടുത്തിരിക്കുകയാണ്. പലർക്കും ഈ സിനിമ കണ്ടപ്പോൾ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനമായാണ് തോന്നിയത്. ഞങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്ന റഹ്മാൻ മുഹമ്മദലി എന്ന എഡിറ്റർ ഇതിനിടെ മരിച്ചുപോയി. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ ആകെ തളർത്തി. ഇപ്പോഴും അദ്ദേഹത്തിന്റെ വേർപാട് ഞങ്ങളെ അലട്ടുന്നുണ്ട്. കുടുംബത്തിൽ നിന്ന് ഒരാൾ പിരിഞ്ഞുപോയതായാണ് തോന്നുന്നത്. മഞ്ഞ ടീഷർട്ടിന്റെ സീൻ നിർദേശിച്ചത് അദ്ദേഹമായിരുന്നു. ഈ സിനിമ ചെയ്തതിൽ എല്ലാവർക്കും പങ്കുണ്ട്. അത്രയ്ക്ക് വൈകാരിക ബന്ധം ഈ കഥയ്ക്കുണ്ട്. ഏഴുവർഷം കാത്തിരുന്നത് അനുയോജ്യരായ താരങ്ങളെ കിട്ടാനാണ്. അതുപോലെ തന്നെ കാലഘട്ടത്തിനനുസരിച്ച് തിരക്കഥയിൽ മാറ്റം വരുത്തണം എന്നുള്ളത് റോജിന്റെ വലിയ ജോലി ആയിരുന്നു. ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ഇത് നമ്മുടെ സിനിമയുടെപോലെയുള്ള കഥയാണോ എന്ന് ഞങ്ങൾക്കു പേടി തോന്നിയിരുന്നു. എന്നെങ്കിലും ഞങ്ങൾ ഈ സിനിമ ചെയ്യും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് കാത്തിരുന്നത്. എല്ലാവര്‍ക്കും സ്വന്തം വീട്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ ഈ സിനിമ കാരണമായി എന്നു തോന്നുന്നു. 

  

 

 

രമ്യ നമ്പീശൻ എന്ന ഗായികയെ സംഗീതസംവിധായകനായ അനുജൻ വിലയിരുത്തുന്നത് എങ്ങനെ?

 

 

ചേച്ചി ഒരു അസാധ്യ ഗായിക എന്നതിലുപരി പാട്ടിനെ ഒരുപാട് പ്രണയിക്കുന്ന ആളാണ്. എന്ത് കാര്യവും വളരെപ്പെട്ടെന്നു മനസ്സിലാക്കിയെടുക്കും. അച്ഛനും അമ്മയും ഞങ്ങളെ വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാടു പ്രോത്സാഹിപ്പിച്ചിരുന്നു. ഞങ്ങൾ പാട്ടു പാടണം എന്ന് അവർക്കു വലിയ ആഗ്രഹമായിരുന്നു.  ചേച്ചിയുടെ കരിയർ എടുത്തു നോക്കിയാൽ അഭിനയം പോലെ തന്നെ പാട്ടും ഒരുപോലെ കൊണ്ടുപോയിട്ടുണ്ട്. ഒരു അനുജൻ എന്ന നിലയിൽ നോക്കിയാൽ ചിലപ്പോൾ ഞാൻ കുറെ തെറ്റുകുറ്റങ്ങൾ ഒക്കെ പറയാറുണ്ട്. പക്ഷേ ആ അപൂർണ്ണതകളാണ് ചേച്ചിയുടെ പാട്ടിന്റെ സൗന്ദര്യം.

 

 

 

രമ്യ നമ്പീശന്റെ അനുജൻ എന്നതിലുപരി രാഹുൽ സുബ്രഹ്മണ്യൻ എന്ന സംഗീത സംവിധായകനെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയോ?

 

 

അങ്ങനെ തിരിച്ചറിഞ്ഞു തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. പേര് തന്നെ ഒരുപോലെ ഇടാത്തത് അതുകൊണ്ടാണ്. ചേച്ചിക്കും അതുതന്നെയാണ് താല്പര്യം. ചേച്ചിയുടെ അനുജൻ ആയതുകൊണ്ട് വർക്ക് കിട്ടുന്നു എന്നതിലുപരി എന്റെ കഴിവുകൊണ്ട് വർക്ക് കിട്ടണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അങ്ങനെ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി എന്നുതന്നെയാണ് ഞാൻ കരുതുന്നത്.  

 

 

 

ചേച്ചിയുടെ വിശേഷങ്ങൾ?

 

ചേച്ചി സിനിമകൾ ചെയ്യുന്നു, പാട്ടുകൾ പാടുന്നു അതൊക്കെ തന്നെയാണ് വിശേഷങ്ങൾ.

 

 

പാട്ടിനോടുള്ള പാഷൻ കൊണ്ടാണോ ജോലി ഉപേക്ഷിച്ചത്?

 

 

വീട്ടിൽ നിന്നുള്ള പ്രോത്സാഹനം കലാപരമായി ആയിരുന്നു. അച്ഛന്റെ മനസ്സിൽ ഞങ്ങൾ കലയിലൂടെ ഉയരണം എന്നായിരുന്നു ആഗ്രഹം. അച്ഛന് അതാണിഷ്ടമെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഒരു പിന്നണി ഗായകൻ ആകണം എന്ന ചിന്തയിലാണ് ഇൻഡസ്ട്രിയിലേക്കു വന്നത്. നമ്മളിൽ എന്ത് കാര്യമാണ് ഒളിഞ്ഞിരിക്കുന്നത് എന്നുള്ളത് ഒരു ആത്മാർത്ഥ സുഹൃത്തിനു കണ്ടുപിടിക്കാൻ കഴിയും. സംഗീതം ചെയ്യാൻ കഴിയും എന്നു കണ്ടുപിടിച്ചത് സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് ജോലിയൊക്കെ ഉപേക്ഷിച്ച് മുഴുവന്‍ സമയവും സംഗീതത്തിലേക്കു തിരിഞ്ഞത്. കൊച്ചിൻ മീഡിയ സ്കൂളിൽ പഠിക്കാൻ വന്നപ്പോഴാണ് റോജിനെ പരിചയപ്പെടുന്നത്. അതൊരു നിമിത്തമാണെന്നു കരുതുന്നു.   

 

 

പുതിയ ചിത്രങ്ങൾ?

 

 

‘മേപ്പടിയാൻ’ എന്ന സിനിമയുടെ പാട്ടുകൾ ചെയ്യുന്നുണ്ട്. അടുത്തത് ‘കത്തനാർ’ ആണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട പ്രൊജക്ട് ആണ് ‘കത്തനാർ’. വലിയ ക്യാൻവാസിൽ ചെയ്യുന്ന സിനിമയാണത്. വലിയ ഹോംവർക്കും സമർപ്പണവും വേണ്ട ഒരു പ്രൊജക്ട് ആണ്. അതിന്റെ സൗണ്ട് കേൾക്കുമ്പോൾ നമ്മൾ പറയാതെ തന്നെ വ്യത്യസ്തമായ സൗണ്ടിങ് ആണെന്ന് ആസ്വാദകർ പറയണം. ഒരു ഇതിഹാസ കഥാപാത്രത്തെയാണ് പുനഃസൃഷ്ടിക്കുന്നത്. നമ്മൾ അറിഞ്ഞ കഥാപാത്രത്തിനു മറ്റൊരു മാനം കൊടുത്ത് ചിത്രീകരിക്കുന്ന സിനിമയാണിത്. ആ പ്രോജക്ട് ഒരു വെല്ലുവിളി തന്നെയാണ്. നല്ല രീതിയിൽ ഹോംവർക്കു ചെയ്യണം. സിനിമയുടെ സർപ്രൈസുകൾ വരും ദിവസങ്ങളിൽ ഓരോന്നായി പുറത്തുവരാനിരിക്കുന്നതേയുള്ളു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com