പാടിപ്പാടി ഓസ്ട്രേലിയയുടെ മനം കവർന്ന മലയാളിപ്പെൺകുട്ടി! ലോകത്തെ കയ്യടിപ്പിച്ച 12കാരി ജാനകി, അഭിമുഖം

janaki-easwar
SHARE

പന്ത്രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിക്ക് ലോകത്തിന്റെ മുഴുവൻ കയ്യടി നേടാൻ പറ്റുമോ? ചരിത്രം പരിശോധിച്ചാൽ ചിലപ്പോൾ അത്തരം കയ്യടികളുടെ അലയൊലികൾ തീർത്ത കുട്ടികളെ കാണാനാകുമായിരിക്കും. ഇപ്പോൾ പക്ഷേ മലയാളികൾക്ക് ഇത്തിരി അഹങ്കരിക്കാൻ വകയുള്ള കാര്യത്തെക്കുറിച്ചാണ് പറയുന്നത്. ലോകത്തെ കയ്യടിപ്പിച്ച ആ പെൺകുട്ടിയുടെ പേര് ജാനകി ഈശ്വർ. തനിമലയാളി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോകളിൽ ഒന്നായ ‘ദ് വോയ്സ് ഓസ്ട്രേലിയ’യിൽ സ്വയം മറന്നു പാടിയാണ് ഈ പന്ത്രണ്ടുകാരി കേൾവിക്കാരിൽ ഓരോരുത്തരുടെയും ഹൃദയങ്ങളിലേയ്ക്ക് അതിവേഗം കുതിച്ചു കയറിയത്. ഓസ്ട്രേലിയൻ വേദിയിൽ വച്ച് ഗ്രാമി ജേതാവ് ബില്ലി ഐലിഷിന്റെ ‘ലവ്‌ലി’ പാടിയ ജാനകിയ്ക്കു മുന്നിൽ കണ്ണുമിഴിച്ച്, തലയിൽ കൈവച്ചിരിക്കുകയായിരുന്നു വിധികർത്താക്കൾ. ‘ഒരു ഇന്ത്യന്‍ പാട്ട് പാടാമോ’ എന്ന അവരുടെ തുടർന്നുള്ള ചോദ്യത്തിനു പിന്നാലെ ‘മാതേ മലയധ്വജ’ പാടിയ ജാനകി, തെല്ലൊന്നുമല്ല പ്രേക്ഷകരെ അമ്പരപ്പിച്ചത്. മകളുടെ പ്രകടനത്തിനും മികവിനു മുന്നില്‍ ലോകം അദ്ഭുതത്തോടെ നിൽക്കുന്നതു കണ്ട മാതാപിതാക്കളായ അനൂപിന്റെയും ദിവ്യയുടെയും കണ്ണിൽ അഭിമാനത്തിളക്കത്തിനൊപ്പം ആനന്ദക്കണ്ണീരും നിറഞ്ഞു. റിയാലിറ്റി ഷോ താരം അരുൺ ഗോപന്റെ ജ്യേഷ്ഠനാണ് അനൂപ്. പാട്ടും പാട്ടു വിശേഷവും പറയാൻ ജാനകി ഈശ്വറും അനൂപും ദിവ്യയും മനോരമ ഓൺലൈനിനൊപ്പം ചേർന്നപ്പോൾ. 

janaki8

ജാനകിയുടെ പ്രതികരണങ്ങൾ:

ജാനകിയുടെ പാട്ട് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. എന്തു തോന്നുന്നു ഈയവസരത്തിൽ? 

ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. എന്നെ പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും എനിക്കൊപ്പം നിന്ന എല്ലാവരോടും പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുകയാണ് ഈ നിമിഷത്തിൽ. എന്റെ പാട്ട് ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്നു വിചാരിച്ചതേയില്ല. മികച്ച പ്രതികരണങ്ങളാണു വിവിധയിടങ്ങളിൽ നിന്നും ലഭിക്കുന്നത്. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. 

പാട്ട് പഠിത്തവും പരിശീലനവും? 

ഞാൻ ഗിറ്റാറും കര്‍ണാട്ടിക്കും വെസ്റ്റേണും ആണ് ഇപ്പോൾ പഠിക്കുന്നത്. ശോഭ ശേഖർ ആണ് കർണാട്ടിക് സംഗീതത്തിലെ എന്റെ ഗുരു. സന്തോഷ് ചന്ദ്രൻ ഗിറ്റാർ ഗുരു. ഡേവിഡ് ജാൻ വെസ്റ്റേൺ പഠിപ്പിക്കുന്നു. എല്ലാ ദിവസവും ഇവയെല്ലാം പ്രാക്ടീസ് ചെയ്യാറുണ്ട്. എല്ലാ പ്രോത്സാഹനവും നൽകി അച്ഛനും അമ്മയും എപ്പോഴും കൂടെ നിൽക്കുന്നു. 

 

സംഗീതം പ്രഫഷൻ ആക്കിയെടുക്കാൻ തന്നെയാണോ തീരുമാനം? 

സംഗീതം പ്രഫഷൻ ആക്കണം എന്നാണ് ആഗ്രഹവും ഇതുവരെയുള്ള തീരുമാനവും. അല്ലാതെ പാട്ടിനെ പാഷനായി മാത്രം കാണുകയും മറ്റേതെങ്കിലും ജോലിയിൽ പ്രവേശിച്ച് അതിന്റെ ഒപ്പം മാത്രം സംഗീതത്തെ കൊണ്ടനടക്കാൻ താത്പര്യമില്ല. എപ്പോഴും സംഗീതത്തിനു തന്നെയാണു പ്രാധാന്യം. തീർച്ചയായും സംഗീതം തന്നെയായിരിക്കും മുന്നോട്ടുള്ള വഴി. സംഗീത ആൽബങ്ങൾ റിലീസ് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. 

മലയാളം പാട്ടുകൾ അറിയാമോ? അവ ഇഷ്ടമാണോ? 

ഞാൻ മലയാളം പാട്ടുകൾ കേൾക്കാറുണ്ട്. എനിക്ക് അവ പാടാനും ഒരുപാട് ഇഷ്ടമാണ്. ഏതാനും മലയാളം പാട്ടുകൾ പാടി എന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അമ്മയും അച്ഛനും ആണ് എനിക്ക് എപ്പോഴും മലയാളം പാട്ടുകൾ പരിചയപ്പെടുത്തിത്തരുന്നത്. അതിൽ എനിക്ക് ഇഷ്ടപ്പെടുന്നതും പാടാൻ പറ്റുന്നതുമായ പാട്ടുകൾ ഞാൻ തിരഞ്ഞെടുത്തു പാടാറുണ്ട്. അവയൊക്കെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും പതിവാണ്. 

janaki-3

ജാനകിയുടെ മാതാപിതാക്കളായ അനൂപിന്റെയും ദിവ്യയുടെയും പ്രതികരണങ്ങൾ:

 

ജാനകിയ്ക്ക് ‘ദ് വോയ്സ് ഓസ്ട്രേലിയ’യിൽ പാടാനുള്ള വഴിയൊരുങ്ങിയതെങ്ങനെ?

(ദിവ്യ പറയുന്നു)

ജാൻസ് ഇന്റർനാഷനൽ അക്കാദമിയിലാണ് ജാനകി വെസ്റ്റേൺ മ്യൂസിക് പഠിക്കുന്നത്. അവിടുത്തെ അധ്യാപകനായ ഡേവിഡ് ജാൻസിനു കീഴിലാണു പഠനം. ഒൻപതാം വയസ്സിലാണ് മോളെ അവിടെ ചേർത്തത്. കഴിഞ്ഞ മുപ്പത് വർഷമായി ഡേവിഡ് ഇവിടെ സംഗീത അധ്യാപകനായി ജോലി നോക്കുന്നു. ഓരോ വർഷവും ഈ അക്കാദമിയിൽ നിന്ന് ദ് വോയ്സ് ഓസ്ട്രേലിയയിലേയ്ക്ക് കുട്ടികളെ അയക്കാറുണ്ട്. കഴിഞ്ഞ വർഷം അത്തരത്തിലൊരു അവസരം വന്നപ്പോൾ ഡേവിഡ് ജാനു (ജാനകി)നെ അയക്കുന്ന കാര്യം ഞങ്ങളോടു പറഞ്ഞു. അന്ന് മോൾക്ക് പതിനൊന്നു വയസ്സ് മാത്രമായിരുന്നു പ്രായം. അതുകൊണ്ടു തന്നെ മത്സരത്തിനായി അയക്കണോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. കുറച്ചുകൂടി വലുതായിട്ടു പോയാൽ പോരെ എന്നായിരുന്നു ചിന്ത. ജാനകി പോയി പാടാൻ തയ്യാറാണെന്ന് ഡേവിഡ് ആണ് ഞങ്ങളോടു പറഞ്ഞത്. നമുക്ക് ഒന്നു ശ്രമിച്ചു നോക്കാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പരിപാടിയിൽ പങ്കെടുക്കാം എന്നു തീരുമാനിച്ചത്. അപേക്ഷ സമർപ്പിച്ചെങ്കിലും വിളിക്കുമെന്നൊന്നും പ്രതീക്ഷിച്ചില്ല. ബ്ലൈൻഡ് സ്റ്റേജിൽ എത്തുന്നതിനു മുൻപ് തന്നെ ഒരുപാട് ഇന്റർവ്യൂസും ഓഡീഷൻസും ഒക്കെയുണ്ടായിരുന്നു. ഓരോ കടമ്പ കടക്കുമ്പോഴും ഞങ്ങൾ ഒരുപാട് സന്തോഷിച്ചു. അങ്ങനെ വേദിയിലെത്തി പാടി. അത് ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒത്തിരി സന്തോഷം തോന്നുകയാണിപ്പോൾ.

janaki-2

വീട്ടിൽ എപ്പോഴും സംഗീത അന്തരീക്ഷമാണോ? 

എപ്പോഴും സംഗീതം തന്നെയാണ് വീട്ടിൽ. ഇപ്പോൾ കോവിഡും ലോക്ഡൗണുമൊക്കെ ആയതോടെ വീട്ടിലെ സംഗീത അന്തരീക്ഷത്തിനും കോട്ടം തട്ടിയെന്നു പറയാം. കോവിഡിനു മുൻപ് എല്ലാ ആഴ്ചയിലും ഞങ്ങളുടെ സുഹൃത്തുക്കൾ വീട്ടിൽ വരുന്നതും എല്ലാവരും ഒരുമിച്ചു പാട്ടുകൾ പാടുന്നതൊക്കെ പതിവായിരുന്നു. അനൂപ് സംഗീതപരിപാടികളൊക്കെ ചെയ്യാറുണ്ട്. അപ്പോൾ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും പരിശീലനങ്ങളുമൊക്കെ നടക്കുമായിരുന്നു. ഞങ്ങൾ മൂന്നുപേരും മാത്രമേ വീട്ടിലുള്ളു എങ്കിലും പുതിയ സംഗീത വിഡിയോകൾ പുറത്തിറങ്ങുമ്പോൾ അതൊക്കെയിരുന്ന് കാണാറുണ്ട്. അതുപോലെ മോളുടെ പരിശീലനങ്ങളും തുടർച്ചയായി നടക്കുന്നു. അങ്ങനെ വീട്ടിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നത് സംഗീതമാണ്. 

ത്ര വയസ്സിലാണ് ജാനകിയ്ക്കു പാടാൻ കഴിവുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്? 

വീട്ടിൽ എപ്പോഴും സംഗീത അന്തരീക്ഷമായതുകൊണ്ട്. വളരെ ചെറുപ്പം മുതൽ ജാനകിയ്ക്കു സംഗീതത്തിൽ താത്പര്യമുണ്ടായിരുന്നു. കുഞ്ഞായിരുന്നപ്പോൾ തന്നെ കാറിൽ യാത്ര ചെയ്യവേ ഓരോ പാട്ടും കേട്ടിട്ട് അവൾ ഇത് ആരുടെ പാട്ട് ആണെന്ന് ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ സംഗീതസംവിധായകരുടെ പേരുകൾ ഞങ്ങൾ പറഞ്ഞു കൊടുക്കും. അന്നുമുതൽ അവൾക്ക് സംഗീതത്തിൽ താത്പര്യമുണ്ടെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. കൃത്യമായി പറഞ്ഞാൽ ഏഴെട്ടു വയസ്സ് ഉള്ളപ്പോഴാണ് ജാനകിയ്ക്കു പാടാൻ പ്രത്യേക കഴിവ് ഉണ്ട് എന്ന കാര്യം ഞങ്ങൾ മനസ്സിലാക്കിയത്. അതുപക്ഷേ ഞങ്ങളുടെ തോന്നൽ ആയിരിക്കുമെന്നു കരുതി. ആ സമയത്ത് ഇവിടെ ഒരു സംഗീത മത്സരം നടക്കുന്നുണ്ടായിരുന്നു. അതിൽ പങ്കെടുപ്പിച്ചു നോക്കാം എന്നു തീരുമാനിച്ചു. അതിൽ പാടിക്കഴിഞ്ഞപ്പോൾ വിധികർത്താക്കളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ ഞങ്ങളെ അദ്ഭുതപ്പെടുത്തി. അന്നു മുതലാണ് ജാനകിയുടെ കാര്യത്തിൽ സംഗീതം വളരെ ഗൗരവത്തോടെ എടുക്കണം എന്നു ഞങ്ങൾ തീരുമാനിച്ചത്. 

janaki-1

മകളുടെ സംഗീതജീവിതത്തിൽ അച്ഛൻ/ അമ്മ എന്ന നിലയിൽ എത്രത്തോളം സ്വാധീനം ചെലുത്തിയതായി തോന്നുന്നു? 

യഥാർഥത്തിൽ ഇപ്പോൾ ഞങ്ങള്‍ രണ്ടുപേരും ജാനകിയുടെ പാട്ട് ജീവിതത്തിൽ രണ്ടു വ്യത്യസ്തങ്ങളായ റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്. പാട്ടിൽ അവൾക്കു സംശയങ്ങൾ തോന്നുമ്പോള്‍ അനൂപ് ആണ് പറഞ്ഞു തിരുത്തുക. അതുപോലെ ട്രെൻഡ് അനുസരിച്ച് പാട്ടുകൾ തിരഞ്ഞെടുക്കാനും അവ പഠിക്കാനും പരിശീലിക്കാനും ഞാനാണ് സഹായിക്കുന്നത്. എപ്പോഴും ജാനുവിനു മുൻപിൽ സംഗീത സാഹചര്യങ്ങളാണു ഞങ്ങൾ സൃഷ്ടിക്കുന്നത്. ഇവിടെ മെൽബണിൽ നടക്കുന്ന സംഗീത പരിപാടികളൊക്കെ കാണാൻ ഞങ്ങൾ പോകാറുണ്ട്. നാട്ടിൽ പോയി തിരിച്ചു വരുമ്പോഴും ഒരുപാട് പാട്ടുകളുടെ സിഡികൾ കൊണ്ടുവന്ന് അവ ഓരോന്നായി കേൾക്കുകയും മകളെ കേൾപ്പിക്കുകയും ചെയ്യും. അങ്ങനെ എപ്പോഴും ഇവിടെ സംഗീതം തന്നെയാണ് നിറയുന്നത്. അവൾ പാടുമ്പോൾ അതിനെ വിലയിരുത്താനും ഞങ്ങൾ ശ്രമിക്കാറുണ്ട്. 

 

സംഗീത പഠനത്തിനും മറ്റു കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മുടെ നാട്ടിലും പുറം രാജ്യത്തും സമാന സാഹചര്യങ്ങളാണോ? 

കലാകാരന്മാർക്ക് തങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ കുറേക്കൂടി പുറത്തുകൊണ്ടുവരാനുള്ള സാഹചര്യം നാട്ടിലേതിനേക്കാൾ ഇവിടെയുണ്ടെന്നു തോന്നുന്നു. അതുപോലെ ഈ നാട്ടിൽ ഒരു കുട്ടി പാട്ട് പഠിക്കാൻ ചെല്ലുമ്പോൾ തെറ്റുകൾ പറഞ്ഞു തിരുത്തുകയല്ല അധ്യാപകർ ചെയ്യുന്നത്. മറിച്ച് അവർ എന്താണോ പാടുന്നത് അതിനെ ആ രീതിയിൽ തന്നെ മെച്ചപ്പെടുത്തി അതിന്റെ ഏറ്റവും മികച്ച വശം പുറത്തെടുക്കാനാണ് അധ്യാപകർ ശ്രമിക്കുക. അല്ലാതെ ‘നീ പാടുന്നത് തെറ്റാണ്’ എന്ന തരത്തിൽ ഇതുവരെ ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. പാട്ട് പഠിക്കാൻ ചെല്ലുന്ന കുട്ടി എന്താണോ പാടുന്നത് അതിനെ പരിപോഷിപ്പിക്കുകയാണ് അധ്യാപകർ ചെയ്യുന്നത്. വിദ്യാർഥികളുടെ വ്യക്തിപരമായ ശൈലി നിലനിർത്തിക്കൊണ്ടു തന്നെയാണ് അധ്യാപകർ പഠിപ്പിക്കുന്നത്. 

മറ്റു കുടുംബാംഗങ്ങൾ? കുടുംബ വിശേഷങ്ങള്‍? 

ജാനകിയും ഞങ്ങൾ മാതാപിതാക്കളും മാത്രമാണ് ഇവിടെ ഓസ്ട്രേലിയയിൽ ഉള്ളത്. അനൂപിന്റെ വീട്ടിൽ അച്ഛൻ, അമ്മ, ഏട്ടൻ, അനിയൻ എന്നിവരാണ് ഉള്ളത്. അച്ഛനും അമ്മയും കോഴിക്കോടും സഹോദരങ്ങൾ തിരുവനന്തപുരത്തും എറണാകുളത്തുമാണ്. എന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയുമാണുള്ളത്. അനൂപിന്റെ ചേട്ടന്റെയും അനിയന്റെയും മക്കളുമായി ജാനകിയ്ക്കു വളരെ അടുപ്പമുണ്ട്. നാട്ടിൽ വരാനും അവർക്കൊപ്പം കളിക്കാനും കൂട്ടുകൂടി നടക്കാനുമൊക്കെ മോൾക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ വരാൻ സാധിച്ചിട്ടില്ല. മാത്രവുമല്ല ജാനകി ഏറ്റവും ഇളയ കസിനെ ഇതുവരെ നേരിൽ കണ്ടിട്ടുമില്ല. ഇപ്പോൾ വിഡിയോ കോൾ വഴിയാണ് എല്ലാവരോടും ആശയവിനിമയം നടത്തുന്നത്. 

അനൂപിന്റെയും ദിവ്യയുടെയും സംഗീത പശ്ചാത്തലം?

(അനൂപ് പറയുന്നു) 

എന്റെ ചെറിയച്ഛൻ (കെ.വി.ശിവദാസ്) സംഗീതജ്ഞനാണ്. പിന്നെ എന്റെ അനുജന്‍ അരുൺ ഗോപൻ. സംഗീത റിയാലിറ്റി ഷോ വിജയി ആയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലൊക്കെ ഒരുപാട് പാടിയിട്ടുണ്ട്. ഇപ്പോഴും അവൻ സംഗീതരംഗത്തു സജീവമാണ്. ജ്യേഷ്ഠൻ ശ്രീരാജും സംഗീതം പഠിച്ചിട്ടുണ്ട്. ഞാൻ ഇവിടെ ഓസ്ട്രേലിയയിൽ സ്റ്റേജ് പരിപാടികൾ ചെയ്യാറുണ്ട്. 2007ലാണ് ഇവിടെയെത്തിയത്. ഏകദേശം പത്ത് വർഷത്തിനു മുകളിലായി ഇവിടെ പരിപാടികൾ അവതരിപ്പിക്കുന്നു. ദിവ്യയുടെ കുടുംബാംഗങ്ങളെല്ലാവരും സംഗീതപ്രേമികളാണ്. 

janaki-4

നാട്ടിൽ വരാറില്ലേ? മാറി നിൽക്കുമ്പോഴുള്ള അനുഭവം? 

ഞങ്ങൾ 2007ലാണ് ഞങ്ങൾ ഓസ്ട്രേലിയയിലേയ്ക്കു വന്നത്. ജാനകി ജനിച്ചതും ഇവിടെ തന്നെ. എല്ലാ വർഷവും ഡിസംബറിലാണ് നാട്ടില്‍ വരാറുള്ളത്. ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ ഓസ്ട്രേലിയയിൽ ക്രിസ്മസ് അവധിക്കാലമാണ്. ആ സമയത്താണു നാട്ടില്‍ വരുന്നത്. നാട്ടിൽ വന്നാൽ പിന്നെ ഒരു മാസം പൂർണമായും അവിടെ തന്നെയാണു ചിലവഴിക്കുക. കോവിഡ് കാരണം, കഴിഞ്ഞ രണ്ട് അവധിക്കും നാട്ടിൽ വരാൻ സാധിച്ചില്ല. പിന്നെ ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിൽ ആയതുകൊണ്ടുതന്നെ നാട്ടിലെ കാര്യങ്ങൾ അധികം മിസ് ചെയ്യുന്നതായിട്ടു തോന്നാറില്ല. എല്ലാവരുമായും കണ്ടു സംസാരിക്കാനും മറ്റുമുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും ഉള്ളതുകൊണ്ട് അധികം മിസ്സിങ് അനുഭവപ്പെടാറില്ല എന്നതാണു സത്യം. 

janaki7

English Summary: Interview with the viral singer Janaki Easwar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA