ADVERTISEMENT

മമ്മൂട്ടി എന്ന മഹാനടൻ വല്യേട്ടനായും ചരിത്ര പുരുഷനായും ഭാസ്കരപട്ടേലരായുമൊക്കെ അരങ്ങുവാഴുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഒരു മുഴുനീള കോമഡി സിനിമയായ ‘തുറുപ്പുഗുലാൻ’ എത്തുന്നത്. അതുവരെ കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തനായ അടിമുടി ഹാസ്യം വാരി വിതറി ആടിപ്പാടുന്ന ഒരു നായകനെയാണ് നാം തുറുപ്പുഗുലാനിൽ കണ്ടത്. എന്തുകൊണ്ട് ജോണി ആന്റണി എന്ന സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി അത്തരമൊരു ചിത്രം ചെയ്തു എന്ന ചോദ്യത്തിന് അദ്ദേഹത്തിലെ കുട്ടിത്തം തന്റെ കഥാപാത്രത്തിലൂടെ പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് താൻ നടത്തിയതെന്ന് സി ഐ ഡി മൂസ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പറയുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസ അർപ്പിച്ച് ജോണി ആന്റണി മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നപ്പോൾ. 

 

   

"മമ്മൂക്കയെ നായകനാക്കി നാല് സിനിമകൾ ഞാൻ ചെയ്തു. സിഐഡി മൂസയും കൊച്ചിരാജാവും ചെയ്തു കഴിഞ്ഞതിനു ശേഷമാണ് ഞാൻ മമ്മൂക്കയെ വച്ച് "തുറുപ്പുഗുലാൻ" ചെയ്തത്. മൂസ കുട്ടികളെ ഉദ്ദേശിച്ചു ചെയ്ത സിനിമയായിരുന്നു. നേരറിയാൻ സിബിഐയുടെ സെറ്റിൽ ചെന്നാണ് തുറുപ്പുഗുലാന്റെ കഥപറയുന്നത്. മമ്മൂക്കയിൽ ഞാൻ എപ്പോഴും കുട്ടികളുടെതുപോലെയുള്ള സ്വഭാവം കാണാറുണ്ട്. കുട്ടികളുടെപോലെ വാശിപിടിച്ച് ഇരിപ്പും ശുണ്ഠിയും ഒക്കെ മമ്മൂക്കയ്ക്കുണ്ട്. മമ്മൂക്കയുടെ കുട്ടിത്തം ഉപയോഗിക്കാനുള്ള ശ്രമമാണ് തുറുപ്പുഗുലാനിൽ നടത്തിയത്. മമ്മൂക്ക എന്നിൽനിന്നും ആഗ്രഹിച്ചതും ഞാൻ മമ്മൂക്കയെ വച്ച് ചെയ്യാൻ ആഗ്രഹിച്ചതും തുറുപ്പുഗുലാൻ എന്ന സിനിമ തന്നെ ആയിരിക്കും.

 

 

സിഐഡി മൂസയും കൊച്ചിരാജാവും ചെയ്ത സംവിധായകനിൽ നിന്നും അദ്ദേഹം ഒരു "തനിയാവർത്തനം" ഒന്നും പ്രതീക്ഷിക്കില്ലല്ലോ. തുറുപ്പുഗുലാൻ മമ്മൂക്ക വളരെ ആസ്വദിച്ചു ചെയ്ത സിനിമ ആയിരുന്നു. അതിൽ "മദയാന" എന്ന പാട്ട് രംഗത്തിൽ അദ്ദേഹം പാട്ടുപാടി നൃത്തം ചെയ്യുന്നുണ്ട്. അദ്ദേഹം വളരെ ആസ്വദിച്ചാണ് അതിൽ അഭിനയിച്ചത്. "അലകടലിൽ പിടപിടക്കണ ഞണ്ട്" എന്നൊരു മാർക്കറ്റ് സോങ് ആണ് ആദ്യം ചിത്രീകരിച്ചത്. ആ രംഗത്തിലും അദ്ദേഹം പാടി നൃത്തം ചെയ്താണ് അഭിനയിച്ചത്. "മദയാന" എന്ന പാട്ടുരംഗത്തിലെ സ്റ്റെപ്പുകൾ കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതായിരുന്നു. പക്ഷേ അതും അദ്ദേഹം വളരെ നന്നായി ചെയ്തു. ആ സിനിമയുമായി മമ്മൂക്ക വല്ലാതെ അങ്ങ് പൊരുത്തപ്പെട്ടു പോയിരുന്നു എന്നു തോന്നുന്നു. മമ്മൂക്ക ഇളകിയാടാൻ തീരുമാനിച്ചു തന്നെയാണ് അതിൽ അഭിനയിക്കാൻ വന്നത്. 

 

 

തുറുപ്പുഗുലാന്റെ ഇൻട്രൊഡക്‌ഷൻ എന്നു പറയുന്നത് ഫൈറ്റും കാര്യങ്ങളും ഒക്കെ ആയിരുന്നു. പക്ഷേ ഒരു ചർച്ചയിൽ അറിയാതെ എന്റെ വായിൽ നിന്നും നമുക്ക് മമ്മൂക്കയെ കുട്ടികളോടൊപ്പം ഡാൻസ് പഠിപ്പിക്കാൻ വിട്ടാലോ എന്ന ഒരു ചോദ്യം വന്നു. ആ ഒരു ചർച്ച മമ്മൂക്കയ്ക്ക് നൃത്തം ചെയ്യാൻ ഒരു ലൈസൻസ് കിട്ടിയ പോലെ ആയി. കുട്ടികളോടൊപ്പം ഡാൻസ് ചെയ്യുമ്പോൾ അറിയാതെ കാലിൽ ചവിട്ടുക അങ്ങനെ വളരെ രസകരമായി ചിത്രീകരിച്ച ഒരു സീനായിരുന്നു അത്. ഡാൻസ് ചെയ്യാൻ വേണ്ടി ഉപാസിച്ച് നടക്കുന്ന ഒരാളെ പോലെ ആയിരുന്നു പിന്നീടുള്ള അഭിനയം. ചിലങ്കകെട്ടി ഫൈറ്റ് ഒക്കെയായിട്ട് നൃത്തം ഇഷ്ടപ്പെടുന്ന ഒരാൾ എന്ത് ചെയ്താലും നൃത്തത്തെ കൂട്ടുപിടിക്കുന്ന രീതിയിൽ ആണ് പിന്നീട് സിനിമ മുന്നോട്ടു പോയത്. മമ്മൂക്ക എല്ലാം മറന്നങ്ങു ചെയ്തു.

 

 

ഒരുപാട് ചരിത്ര കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ഉൾപ്പെട്ട ഉള്ള ഒരു വലിയ ലെഗസി ആണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം. മമ്മൂക്ക കുട്ടിത്തം പ്രകടിപ്പിച്ച ഒരുപാട് സിനിമകൾ ഉണ്ട്, മനു അങ്കിൾ, നന്ദി വീണ്ടും വരിക, രാജമാണിക്യം, മറവത്തൂർ കനവ്, കോട്ടയം കുഞ്ഞച്ചൻ ഇതൊക്കെ അത്തരത്തിലുള്ള സിനിമകളാണ്. മമ്മൂക്കയിൽ വളരെയധികം ഹ്യൂമർ സെൻസ് ഉണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. നല്ല കൗണ്ടർ പറയുന്ന ആളാണ് മമ്മൂക്ക.  തുറുപ്പുഗുലാനു ശേഷം അദ്ദേഹത്തെ വച്ച് ചെയ്ത സിനിമകളിലും അദ്ദേഹത്തിന്റെ കുട്ടിത്തം പുറത്തുകൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഇന്ന് മമ്മൂട്ടി എന്ന കുട്ടിയുടെ ജന്മദിനമാണ്. മമ്മൂട്ടി എന്ന കുട്ടിക്ക്, എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com