ADVERTISEMENT

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ വരുന്ന നല്ല കമന്റുകളോടു പ്രതികരിക്കുകയും മോശമായവയ്ക്കു നേരെ മൗനം പാലിക്കുകയും ചെയ്യുകയാണ് ഗായിക അമൃത സുരേഷ്. താരം എന്തു പോസ്റ്റു ചെയ്താലും അതിന്റെയൊക്കെ താഴെ അനാവശ്യ പരാമർശങ്ങളും വിമർശനങ്ങളും പരിഹാസവുമുയർത്തുകയാണു പലരും. തൊട്ടുപിന്നാലെ മോശം കമന്റുകളോടു പ്രതികരിച്ച് അമൃതയുടെ ആരാധകരും കളം നിറയുന്നു. താരത്തെ പിന്തുണച്ച് ആരാധകർ എഴുതുന്ന കമന്റുകളോടെല്ലാം അമൃത പ്രതികരിക്കാറുണ്ട്. നെഗറ്റീവ് കമന്റുകളെ പരമാവധി ശ്രദ്ധിക്കാതിരിക്കാനാണു ശ്രമിക്കുന്നതെന്നും അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്നും പറയുകയാണ് അമൃത സുരേഷ്. നെഗറ്റീവിനെ പോസിറ്റീവ് കൊണ്ടു നേരിട്ടുകൊണ്ടിരിക്കുന്ന അമൃത സുരേഷ് മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

 

 

ഗൗരവമായി എടുക്കാറില്ല

 

‌‌

കമന്റുകളെക്കുറിച്ചു പറയുകയാണെങ്കിൽ അവ എഴുതുന്ന ആളുകളുടെയും എന്റെയും ഭാഗത്തു നിന്നും ചിന്തിക്കണം. പലപ്പോഴും സംഭവിക്കുന്ന കാര്യം എന്താണെന്നു ചോദിച്ചാൽ, ഒരാൾ വന്ന് വെറുതെ ഒരു കമന്റ് എഴുതിയിട്ട് പോവുകയാണ്. മറ്റു ചിലർ വന്ന് ആ കമന്റിന്റെ മേൽ വീണ്ടും എഴുതുന്നു. അങ്ങനെയാണ് പലതും മോശം ഭാഷയിലേയ്ക്കും ചർച്ചകളിലേയ്ക്കും നീങ്ങുന്നത്. ആരും പ്രത്യേകിച്ച് ഒന്നും മനസ്സിൽ വിചാരിച്ചിട്ടായിരിക്കില്ല ഓരോന്നും പറയുന്നത്. നമുക്ക് ജീവിതത്തിൽ എന്തെങ്കിലും പിരിമുറുക്കങ്ങളോ നിരാശയോ ഉണ്ടാകുമ്പോൾ ആ ദേഷ്യവും വിഷമവും വീട്ടിൽ വന്ന് മാതാപിതാക്കളോടും മറ്റും തീർക്കാറുണ്ടല്ലോ. അവർ അതേക്കുറിച്ച് ഒന്നും അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല. പക്ഷേ അപ്പോഴത്തെ ദേഷ്യം പ്രകടിപ്പിച്ചു കഴിയുമ്പോൾ നമുക്ക് ഒരു ആശ്വാസം തോന്നും. അത്രേയുള്ളു. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എന്റെ പേജിൽ മോശം കമന്റുകളിടുമ്പോൾ അവർക്ക് എന്തെങ്കിലും സന്തോഷം കിട്ടുവാണെങ്കിൽ കിട്ടട്ടെ. ഞാൻ അങ്ങനെ മാത്രമേ വിചാരിക്കുന്നുള്ളു. അതുകൊണ്ട് അവയോടൊന്നും പ്രതികരിക്കാതെ എല്ലാം കൂളായി എടുക്കുകയാണ് ഇപ്പോൾ. ഇത്തരം കമന്റുകളൊന്നും എന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. നമുക്ക് വില്ലന്മാരെ പോലെ തോന്നുന്ന ആളുകളെ ശരിക്കുമൊന്നു നോക്കിയാൽ അവർ വെറും പാവം മനുഷ്യർ ആണെന്നു കാണാൻ സാധിക്കും. എന്തെങ്കിലും നിരാശയുടെ പുറത്ത് വെറുതെ എഴുതുന്നതായിരിക്കും. ഞാൻ അതിനെ ആ തരത്തിൽ മാത്രമേ എടുക്കുന്നുള്ളു. കമന്റുകൾ എഴുതുമ്പോൾ മറുവശത്ത് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നയാൾക്ക് എത്രത്തോളം വിഷമമാകുന്നുണ്ടെന്ന് അവർ വിചാരിക്കുന്നില്ല എന്നതാണു സത്യം. 

 

 

പ്രതികരണം ‘പോസിറ്റീവ്’

 

 

പോസിറ്റീവ് കമന്റുകളോടു ഞാൻ പ്രതികരിക്കാറുണ്ട്. അതിന് ഒരു കാരണവുമുണ്ട്. എന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടാകുമ്പോൾ അവിടെ ഒരു പോസിറ്റീവ് വൈബ് നിറയുകയാണ്. നെഗറ്റീവ് കമന്റുകളോടും ഞാൻ പ്രതികരിച്ചിരുന്ന ഒരു സമയുമുണ്ടായിരുന്നു. പക്ഷേ അപ്പോൾ അതിന്റെ പിന്നാലെ പലരും ചർച്ചകളും തർക്കങ്ങളുമായി വരും. കുറച്ചുപേർ അനുകൂലിക്കുമ്പോൾ കുറച്ചുപേർ പ്രതികൂലിക്കും. പിന്നെ അവർ തമ്മില്‍ വഴക്കുണ്ടാകും. യാതൊരു പരിചയും ഇല്ലാത്ത ആളുകളാണ് ഇത്തരം അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത്. എന്തിനാണ് അങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളിലേയ്ക്കു നീങ്ങുന്നതെന്നു കരുതിയാണ് ‍ഞാൻ പിന്നെ അത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കിയത്. എന്തിനാണു സമൂഹമാധ്യമത്തിൽ വെറുതെ ഒരു നെഗറ്റീവ് ലോകം സൃഷ്ടിക്കുന്നത്. അതേസമയം പോസിറ്റീവ് കാര്യങ്ങളോടു പ്രതികരിച്ചാൽ തുടർ ചർച്ചകളും പോസിറ്റീവ് ആയിരിക്കും. അതല്ലേ നല്ലത്. 

 

 

 

എന്നെപ്പോലെ നിരവധി പേർ

 

 

ഞാൻ ഒരു പബ്ലിക് ഫിഗർ ആയതുകൊണ്ടുമാത്രമാണ് എന്റെ ചെറുത്തുനിൽപ്പിനെക്കുറിച്ചും ധൈര്യത്തെക്കുറിച്ചുമൊക്കെ പലരും ചർച്ച ചെയ്യുന്നത്. എന്നെപ്പോലെ ആയിരക്കണക്കിന്, അല്ലെങ്കിൽ ലക്ഷക്കണക്കിനു സ്ത്രീകളുണ്ടാകും. എന്നേക്കാള്‍ ഒരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടാകും. അവരെയൊക്കെ പ്രതിനിധീകരിക്കുന്ന ഒരാളായായി നിൽക്കാൻ സാധിക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ്. അല്ലാതെ എന്നിൽ അസാധാരണമായി ഒന്നും ഇല്ല. എന്നെക്കാളേറെ പ്രതിസന്ധികൾ അനുഭവിച്ചയാളുകൾ ഉണ്ടാകും. അവർ ആരും പക്ഷേ പ്രശസ്തർ അല്ലാത്തതുകൊണ്ടാണ് ആരാലും അറിയപ്പെടാതെ പോകുന്നത്. എന്റെ സമാന സാഹചര്യങ്ങൾ‌ നേരിടുന്ന ഒരുപാട് സ്ത്രീകൾ അവരുടെ അവസ്ഥ വിവരിച്ചുകൊണ്ട് എനിക്കു മെസേജുകൾ അയക്കാറുണ്ട്. 

 

 

ഞാൻ എന്നും ഞാൻ തന്നെ

 

 

ഞാൻ ഒരുപാട് മാറി എന്നു പലരും പറയുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും പെട്ടെന്നുണ്ടായതല്ല. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ അറിയപ്പെട്ടു തുടങ്ങിയത്. ആ ഷോയില്‍ കണ്ട എന്നെയാണ് ഇപ്പോഴും പലരും മനസ്സിൽ വരച്ചിട്ടിരിക്കുന്നത്. ആ ചിത്രം അവരിൽ നിന്നും മായാത്തതു കൊണ്ടാണ് എന്നിലെ മാറ്റങ്ങളെ പലരും അംഗീകരിക്കാത്തത്. റിയാലിറ്റി ഷോ കഴിഞ്ഞിട്ട് പതിനഞ്ചു വർഷത്തോടടുക്കുകയാണ്. ഇത്രയും വർഷത്തിനിടയിലാണ് എന്നിൽ മാറ്റങ്ങളുണ്ടായത്. അതൊക്കെ മനുഷ്യസഹജമല്ലേ. ഞാന്‍ മനഃപൂർവമായി എന്നിൽ പ്രത്യേകിച്ച് ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. പ്രായം കൂടുന്തോറും നമുക്ക് ഉയരം കൂടുന്നതും മുടി വളരുന്നതുമെല്ലാം സ്വഭാവിക പ്രക്രിയകൾ അല്ലേ. അന്നത്തെ ആ മുഖം മനസ്സിൽ വച്ചിട്ട് ഇപ്പോഴത്തേതുമായി താരതമ്യം ചെയ്ത്, അമൃത ഒരുപാട് മാറിപ്പോയല്ലോ എന്നു പലരും ചോദിക്കുന്നു. ഇതിനൊക്കെ ഞാൻ എന്ത് ഉത്തരമാണു പറയേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com