50ാം തവണയും ഗായകനായി മോഹൻലാൽ! പുതിയ പാട്ട് ബർമുഡയ്ക്കു വേണ്ടി; ആ കഥ പറഞ്ഞ് രമേശ് നാരായണനും രാജീവ് കുമാറും

mohanlal-ramesh-narayanan-rajeev-kumar
SHARE

പിന്നണിഗാന രംഗത്ത് അർധസെഞ്ച്വറി തികയ്ക്കാനൊരുങ്ങി മോഹൻലാൽ. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘ബർമുഡ’ എന്ന ചിത്രത്തിനു വേണ്ടിയാണ് താരം അൻപതാം തവണയും സ്റ്റുഡിയോയിലെ മൈക്കിനു മുന്നിലെത്തുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് രമേശ് നാരായണൻ സംഗീതം പകരുന്ന ഗാനമാണിത്. ‘ബർമുഡ’യിലെ ഈ ഗാനം ഏറെ പ്രത്യേകതൾ നിറഞ്ഞതാണെന്നും ബുദ്ധിപരമായി അഭിനയിക്കുന്ന ഒരു നടൻ തന്നെ അത് പാടണം എന്ന തീരുമാനമാണ് മോഹൻലാലിലേയ്ക്ക് എത്തിച്ചതെന്നും രമേശ് നാരായണൻ പറയുന്നു. മുൻപ് താൻ ഈണം പകർന്ന ഒരു ഓണപ്പാട്ട് പാടിയപ്പോൾ തന്നെ, മോഹൻലാലിന്റെ ജന്മസിദ്ധമായ താളബോധം മനസ്സിലായി എന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ രമേശ് നാരായണൻ പറയുന്നു. 

സംഗീതസംവിധായകൻ എന്ന നിലയിൽ മോഹന്‍ലാലിലെ ഗായകനെ വിലയിരുത്തുമ്പോൾ? 

പാട്ടിനെ ഏറെ ഇഷ്ടപ്പെടുന്ന കലാകാരനാണ് മോഹൻലാൽ. സംഗീതം അദ്ദേഹത്തിന്റെ രക്തത്തിലുണ്ട്. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം വളരെ വലുതാണ്. അദ്ദേഹത്തിനു കലയോടുള്ള ആത്മസമർപ്പണത്തെക്കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ലല്ലോ. അത് അഭിനയമായാലും നൃത്തമായാലും സംഗീതമായാലും നൂറു ശതമാനം ആത്മാർഥതയാണ്. ഒരു കലാകാരന് ആദ്യം വേണ്ടത് സംഗീത ജ്ഞാനമാണ്. അത് ലാൽ സാർനു വേണ്ടുവോളമുണ്ട്. അത് അദ്ദേഹത്തിന്റെ അഭിനയത്തേയും വളരെ സഹായിച്ചിരിക്കും എന്നു ഞാൻ കരുതുന്നു. 

മറ്റ് ഗായകർ ഉള്ളപ്പോൾ എന്തുകൊണ്ട് ഈ പാട്ടിനു മോഹൻലാൽ? 

കുറച്ചു വ്യത്യസ്തമായിട്ടുള്ള സിനിമയാണ് ‘ബർമുഡ’. ചിത്രത്തിലെ ഈ പാട്ടിന്റെ ചർച്ചകൾ വന്നപ്പോൾ അത് ഏതെങ്കിലും ഒരു നടൻ തന്നെ പാടണം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അമിതാഭ് ബച്ചൻ മുതൽ ഇന്ത്യയിൽ ഉള്ള മികച്ച താരങ്ങളെക്കുറിച്ചൊക്കെ ഞങ്ങൾ ആലോചിച്ചു. പിന്നീടു ചിന്തിച്ചപ്പോൾ മോഹൻലാൽ സർ പാടിയാൽ വളരെ നന്നായിരിക്കും എന്നും മലയാളം ഉച്ചാരണം കൃത്യമായിരിക്കും എന്നും തോന്നി. അങ്ങനെയാണ് അദ്ദേഹത്തെ കൊണ്ട് ഈ പാട്ട് പാടിപ്പിക്കാം എന്ന തീരുമാനത്തിലേയ്ക്ക് എത്തുന്നത്. വളരെ വ്യത്യസ്തമായ ഈ ഗാനത്തിന് ഒരു നടന്റെ വൈകാരികമായ ഭാവാഭിനയമുള്ള ആലാപനം  കൂടി വേണം. അത് ലാൽ സർ ആകുമ്പോൾ നമുക്ക് പൂർണ്ണ വിശ്വാസത്തോടെ ഏൽപ്പിക്കാം. ലാൽ സാറിനോട് ഈ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെയാണു പ്രതികരിച്ചത്. പാട്ട് അയച്ചുകൊടുത്തപ്പോൾ അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമാവുകയും ചെയ്തു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യമായതിനാൽ നേരിൽ പോയി കാണാനോ പാട്ട് പറഞ്ഞു കൊടുക്കാനോ സാധിച്ചില്ല. അതുകൊണ്ടാണ് അയച്ചുകൊടുത്തത്. 

അഭിനയം എന്ന പോലെ മോഹൻലാലിന്റെ ആലാപനവും അനായാസമാണോ? 

കഴിഞ്ഞ വർഷത്തെ ഓണത്തിന് ഞങ്ങൾ ‘ലാലോണം’ എന്ന ഒരു പരിപാടി ചെയ്‌തിരുന്നു. അതിൽ ഒരു വള്ളംകളി പാട്ടുണ്ട്. അത് ഒരു വെല്ലുവിളി നിറഞ്ഞ പാട്ട് ആയിരുന്നു. ആ പാട്ട് ലാൽ സർ വളരെ മനോഹരമായി പാടി. അതിൽ ആർപ്പോ വിളിക്കുന്ന ഭാഗമൊക്കെ അതിഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ പാട്ട് കേട്ട്‌ എനിക്ക് അതിശയമാണു തോന്നിയത്. അദ്ദേഹം മികച്ച അഭിനയേതാവാകാനുള്ള ഒരു കാരണം അദ്ദേഹം ഒരു നല്ല സംഗീതജ്ഞൻ കൂടിയാണ് എന്നതു തന്നെയാണ്. ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒന്നാം നിരയിൽ നിൽക്കുന്ന ആളാണ് ലാൽ സർ. ജന്മനാ കിട്ടിയ സംഗീത വാസനയും ജ്ഞാനവും താളബോധവും അദ്ദേഹത്തിൽ വേണ്ടുവോളമുണ്ട്. ഒരു ജോലി ഏൽപ്പിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ അതിൽ മാത്രമായിരിക്കും. ഒരു പാട്ട് പാടാൻ ഏൽപ്പിച്ചാൽ അദ്ദേഹം പെട്ടെന്നു വന്നു പാടുകയല്ല ചെയ്യുന്നത്, അതു പഠിച്ച് മനസ്സ് മുഴുവൻ അതിൽ അർപ്പിച്ചാണു പാടുക. എല്ലാ ദിവസവും അത് കേട്ട് പഠിച്ചുകൊണ്ടിരിക്കും.

മോഹൻലാലിന്റെ 50ാം പിന്നണി ഗാനം!

അടുത്തിടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പാട്ടിനെക്കുറിച്ചു പറഞ്ഞപ്പോൾ ലാൽ സർ തന്നെയാണ് ഇത് തന്റെ അൻപതാമത്തെ പാട്ടായിരിക്കും എന്നു പറഞ്ഞത്. തിരക്കുപിടിച്ച അഭിനയജീവിതത്തിൽ അൻപത്‌ പാട്ടുകൾ പാടാൻ സമയം കണ്ടെത്തിയത് അദ്ദേഹത്തിനു സംഗീതത്തോടുള്ള താല്പര്യം കൊണ്ടു തന്നെയാണ്. ലാൽ സർ പാടിയ പാട്ടുകളിൽ രണ്ടെണ്ണം എന്റേതാണ് എന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ആദ്യം അദ്ദേഹം ലാലോണം എന്ന പരിപാടിയിലെ ഓണപ്പാട്ടാണ് എനിക്ക് വേണ്ടി പാടിയത്, ഇപ്പോൾ ബർമുഡയിലെ ഈ പാട്ടും. എനിക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന് എന്നോടും പ്രത്യേക അടുപ്പം ഉണ്ട്. 

ബർമുഡയിലെ പാട്ടിന്റെ പ്രത്യേകതകൾ? 

ഈ പാട്ട് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന രംഗത്തിലുള്ളതാണ്. വളരെ മനോഹരമായ ഓർക്കസ്‌ട്രേഷൻ ആണ് പാട്ടിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. ഹംഗറിയിൽ വച്ചാണ് ഓർക്കസ്ട്രേഷൻ ചെയ്തത്. ഈ പാട്ടിനു വേണ്ടി ലൈവായി യഥാർഥ സംഗീത ഉപകാരണങ്ങൾ തന്നെ വേണമെന്ന് എനിക്കും രാജീവ് കുമാർ സാറിനും നിർബന്ധമുണ്ടായിരുന്നു. ഈ പാട്ട് ചെയ്തിട്ടുള്ളത് മുഴുവൻ വിൻഡ് ഓർക്കസ്ട്രയിൽ ആണ്. കീബോർഡ് ഒന്നും ഉപയോഗിച്ചിട്ടില്ല. ട്രംപെറ്റ്, ട്രോംപോൺ, സ്ട്രിങ്സ് തുടങ്ങി ഭൂരിഭാഗവും വെസ്റ്റേൺ സംഗീത ഉപകരണങ്ങൾ ആണ് ഉപയോഗിച്ചിട്ടുള്ളത്. എല്ലാം അവിടെയുള്ള കലാകാരന്മാരെക്കൊണ്ട് ഓൺലൈനായി റെക്കോർഡ് ചെയ്തെടുക്കുകയായിരുന്നു. ഈ സിനിമയിലെ എല്ലാ പാട്ടുകളും അങ്ങനെയാണു ചെയ്തിട്ടുള്ളത്. മോഹൻ ലാൽ സർ ഈ പാട്ട് വളരെ സന്തോഷത്തോടെയാണു സ്വീകരിച്ചത്. അദ്ദേഹത്തിന്റെ തിരക്കൊഴിയുന്ന സമയത്തിനനുസരിച്ച്  റെക്കോർഡിങ് പൂർത്തിയാക്കാൻ ആണ് ശ്രമം. എല്ലാം ഞങ്ങൾ ആഗ്രഹിച്ചതു പോലെ തന്നെ നടക്കുമെന്നാണു പ്രതീക്ഷ.

‘ബർമുഡ’ സിനിമയ്ക്കു വേണ്ടി പാട്ടുപാടാൻ ക്ഷണിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ് മോഹൻലാൽ പ്രതികരിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകൻ ടി.കെ.രാജീവ് കുമാർ പറയുന്നു. പാട്ട് പാടാൻ പ്രഗത്ഭനായ ഒരു അഭിനേതാവ് തന്നെ വേണം എന്ന ചിന്തയിൽ നിന്നാണ് ഗായകനായി മോഹൻലാലിനെ തിരഞ്ഞടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. രാജീവ് കുമാറിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിനു വേണ്ടി മോഹൻലാൽ പാട്ട് പാടിയിട്ടുണ്ട്. ബർമുഡയിലെ മോഹൻലാലിന്റെ പിന്നണിഗാനത്തെക്കുറിച്ച് രാജിവ് കുമാർ പറയുന്നത് ഇങ്ങനെ:

‘ഷെയ്ൻ നിഗവും വിനയ് ഫോർട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബർമുഡ’. ഈ രണ്ടു കഥാപാത്രങ്ങളും ഒരുമിച്ച വരുന്ന രംഗത്തിലുള്ള പാട്ടാണ് ലാൽ പാടുന്നത്. ഒരു പിന്നണി ഗായകൻ പാടുന്നതിനേക്കാൾ പ്രഗത്ഭനായ നടന്റെ അഭിന മികവ് കൂടി ആ പാട്ടിന് ആവശ്യമുണ്ട്.  വളരെയധികം ഭാവങ്ങളോടെ പാടേണ്ട പാട്ടാണത്. സാഹചര്യത്തിനു യോജിച്ച അവതരണം അത്യാവശ്യമാണ്. പാട്ടും അഭിനയവും ഒരുപോലെ ചെയ്യാൻ കഴിയുന്ന ഒരു കലാകാരൻ പാടിയാൽ നന്നായിരിക്കും. ചിലപ്പോൾ പാട്ടിനോടൊപ്പമുള്ള ഒരു ചിരി അല്ലെങ്കിൽ ഒരു മൂളൽ, ബുദ്ധിമാനായ ഒരു അഭിനേതാവിനു മാത്രമേ അതിനു കഴിയൂ. 

മോഹൻ ലാൽ സർ ഒരു മികച്ച നടൻ ആണെന്നു ഞാൻ പറയേണ്ട കാര്യമില്ലല്ലോ. അദ്ദേഹം നല്ല ഒരു ഗായകൻ കൂടിയാണ്. സിനിമയിലെ സാഹചര്യത്തിനു വേണ്ടി പാടുന്നത് അദ്ദേഹമായാൽ വളരെ നന്നാകും എന്നു ഞങ്ങൾക്കു തോന്നി. ആ ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം ക്ഷണം സ്വീകരിക്കുകയും ചെയ്തു. സാധാരണമായ ഒരു പാട്ടല്ല ഇത്. വിൻഡ് ഇൻസ്ട്രമെന്റസ് ആണ്  അതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. വിദേശ കലാകാരന്മാരാണ് അവയെല്ലാം വായിച്ചിരിക്കുന്നത്. വിനായക് ശശികുമാർ പാട്ടിനു വരികൾ എഴുതിയിരിക്കുന്നു. ഭാവങ്ങൾ കൊടുക്കാൻ യോജിച്ച പദങ്ങളാണ് പാട്ടിലുള്ളത്. രമേശ് നാരായണൻ തന്നെയാണ് പാട്ടിന്റെ ആദ്യത്തെ ട്രാക്ക് പാടിയത്. അതു വച്ച് ഷൂട്ട് പൂർത്തിയാക്കിക്കഴിഞ്ഞു’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA