ADVERTISEMENT

സ്വജീവൻ പണയം വച്ചും അന്യര്‍ക്കു വേണ്ടി ഓടുന്ന, അവർക്കു കരുതലായും കാവലായും നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരമായി ഒരുക്കിയ ‘ഇള’ ശ്രദ്ധേയമാവുകയാണ്. സ്വകാര്യജീവിതത്തിലെ വേദനകൾ തളർത്തുമ്പോഴും ജോലിയിൽ സദാ വ്യാപൃതയാകുന്ന ഒരു യുവ ഡോക്ടറുടെ ജീവിതത്തിലൂടെയാണ് ‘ഇള’ കടന്നു പോകുന്നത്. ഗാനരചയിതാവ് ബി.െക.ഹരിനാരായണൻ രചനയും സംവിധാനവും നിർവഹിച്ച പാട്ടിൽ അപർണ ബാലമുരളിയാണ് ഇളയായി എത്തുന്നത്. ഹരിനാരായണനും പ്രധാന അഭിനേതാവായി എത്തുന്നു. ആരോഗ്യപ്രവര്‍ത്തകർക്കുള്ള സ്നേഹസമർപ്പണമാണ് ‘ഇള’ എന്നു ഹരിനാരായണൻ വ്യക്തമാക്കുകയാണ്. ഡോക്ടർമാർക്കു നേരെയുള്ള  അക്രമങ്ങള്‍ വർധിച്ചു വരുന്ന സാഹചര്യത്തിൽ ‘ഇള’ കണ്ടിട്ട് ഒരാൾക്കെങ്കിലും തിരിച്ചറിവുണ്ടായാൽ, ഒരാളിലെങ്കിലും സഹാനുഭൂതിയുടെ അളവ് അൽപം കൂടിയാൽ ഈ സംഗീതസമർപ്പണം സാർഥകമായി എന്ന് ഹരിനാരായണൻ പറയുന്നു. ‘ഇള’യുടെ പിറവിയെക്കുറിച്ച് ബി.കെ ഹരിനാരായണൻ മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നപ്പോൾ. 

 

ഇളയും പ്രേക്ഷകരും

ila-poster

 

 

‘ഇള’യ്ക്കു വളരെ മികച്ച പ്രതികരണങ്ങളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. പാട്ട് കണ്ട് ഒരുപാട് പേർ വിളിച്ചും മെസേജുകൾ അയച്ചും പ്രശംസ അറിയിക്കുന്നുണ്ട്. അതിൽ എടുത്തു പറയേണ്ടത് ആരോഗ്യപ്രവർത്തകരുടെ പ്രതികരണങ്ങളെക്കുറിച്ചാണ്. ആരോഗ്യ രംഗത്തു സജീവമായ പലരും വിളിച്ചു പറഞ്ഞത് ഈ പാട്ട് അവരുടെ ഇപ്പോഴത്തെ അവസ്ഥയുമായും ജീവിതവുമായും ചേർന്നു നിൽക്കുന്നതായി തോന്നുന്നു എന്നാണ്. അതുകേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ‘ഇള’യിലൂടെ അവർക്കു പ്രചോദനമാകാന്‍ സാധിച്ചല്ലോ. 

 

 

പാട്ടിന്റെ വഴി

 

 

ഞാൻ കുറച്ചു നാളുകൾക്കു മുൻപ് എന്റെ നാട്ടിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പോവുകയുണ്ടായി. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ആശുപത്രിയിൽ പ്രവേശിക്കാൻ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. അവിടെ എനിക്കു മുൻപരിചയമുള്ള ഒരു നഴ്സിനെ കണ്ടു. അവരോട് ഞാൻ കോവിഡ് വാർഡ് എവിടെയാണെന്നു ചോദിച്ചപ്പോൾ തൊട്ടപ്പുറത്താണെന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു. അതു േകട്ടപ്പോൾ ഞാൻ പെട്ടെന്ന് അവിടെ നിന്നും ഒഴിവായിപ്പോകാന്‍ തുടങ്ങി. അപ്പോൾ അവർ എന്നോടു പറഞ്ഞു, നിങ്ങൾക്കൊക്കെ ഇവിടെ നിന്നു മാറാനും വീട്ടിൽ പോയിരിക്കാനും സാധിക്കും. ഞങ്ങളുടെ കാര്യം പക്ഷേ അങ്ങനെയല്ലല്ലോ. പേടിയും ആശങ്കയും ഉണ്ടെങ്കിലും ഞങ്ങൾ ജോലി ചെയ്തല്ലേ പറ്റൂ എന്ന്. ആ വാക്കുകൾ എന്നെ വല്ലാതെ സ്പർശിച്ചു. ആ സംഭവമാണ് യഥാർഥത്തില്‍ ‘ഇള’യുടെ അടിസ്ഥാനം. മാസ്കും പിപിഇ കിറ്റും ഫെയ്സ് ഷീൽഡും ഒക്കെ ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകരുടെ ജോലി. അപ്പോഴൊന്നും അവരുടെ ഉള്ളിലുള്ള കണ്ണുനീരിനെ നമ്മൾ കാണുന്നില്ല. അന്നത്തെ ആ സംഭവത്തിൽ നിന്നാണ് ‘ഇള’യെക്കുറിച്ചുള്ള ആശയം മനസ്സിൽ ഉദിച്ചത്. ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമങ്ങളൊക്കെ നടക്കുന്നതു കാണാനാകും. ഈ വിഡിയോ കണ്ടിട്ട് ഒരാൾക്കെങ്കിലും തിരിച്ചറിവുണ്ടായാൽ, ഒരാളിലെങ്കിലും സഹാനുഭൂതിയുടെ അളവ് അൽപം കൂടിയാൽ ‘ഇള’ വിജയമായി എന്നാണു ഞാൻ വിശ്വസിക്കുന്നത്. 

 

 

‘ഇള’യുടെ ഒരുക്കം

 

 

ആവശ്യമുള്ള ആളുകളെ മാത്രമാണ് ഇളയുടെ ഒരുക്കത്തിനായി കൂടെക്കൂട്ടിയത്. കോവി‍ഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ടാണ് പാട്ടിന്റെ എല്ലാ ജോലികളും പൂർത്തിയാക്കിയത്. യഥാർഥത്തില്‍ വലിയൊരു കൂട്ടായ്മയുടെ ഫലമാണ് ‘ഇള’. ഇതിന്റെ ഭാഗമായ എല്ലാവരും വളരെ നിസ്വാർഥമായിട്ടും നിസീമമായിട്ടുമാണ് പ്രവർത്തിച്ചത്. അപർണയെക്കൂടാതെ വിഡിയോയിൽ ആരോഗ്യപ്രവർത്തകരായി പ്രത്യക്ഷപ്പെടുന്നവരെല്ലാം യഥാർഥത്തിൽ ഡോകടർമാരും നഴ്സുമാരുമൊക്കെത്തന്നെയാണ്. പിപിഇ കിറ്റ് എങ്ങനെ ധരിക്കണം എന്നൊക്കെ അവരാണു ഞങ്ങൾക്കു പറഞ്ഞുതന്നത്. അവർ ഒപ്പം നിന്ന് പരിപൂർണമായി സഹകരിച്ചു. സേവന മനോഭാവത്തോടെയാണ് എല്ലാവരും വിഡിയോയുടെ ഭാഗമായത്. 

 

 

അപർണയിലേക്ക് 

 

 

മനസ്സിൽ പാട്ടിന്റെ ആശയം തോന്നിയപ്പോൾ തന്നെ ഞാൻ അത് അപർണയോടു സംസാരിച്ചു. അവർ വളരെ തിരക്കുള്ള ഒരു അഭിനേത്രി ആണല്ലോ. ഷൂട്ടിങ് ഷെഡ്യൂളുകളൊക്കെയുണ്ട്. ഇളയെക്കുറിച്ചു പറഞ്ഞപ്പോൾ വളരെ താത്പര്യത്തോടെയാണ് അപർണ പ്രതികരിച്ചത്. രണ്ട് ദിവസം കൊണ്ട് ഷൂട്ട് തീർക്കാമെന്ന് ഞാൻ അറിയിക്കുകയും ചെയതു. ആശയം കേട്ടപ്പോൾ തന്നെ ഉറപ്പായും നമുക്കിതു ചെയ്യാം എന്നാണ് അപർണ പറഞ്ഞത്. സത്യത്തിൽ അപർണയുടെ ആ ഉറപ്പാണ് ‘ഇള’ യാഥാർഥ്യമാക്കിയത്. 

 

 

ബിജിയേട്ടനും ഞാനും

 

 

‘ഇള’യിൽ അപർണയുടെ സഹോദരനായാണ് ബിജിയേട്ടൻ (ബിജിബാൽ) വേഷമിടുന്നത്. ‘ഇള’ എന്ന പേരിന്റെ അർഥം അലിവുള്ള, ക്ഷമയുള്ള എന്നൊക്കെയാണ്. അങ്ങനെയുള്ള ഒരു ഡോക്ടറുടെ സഹോദരനും അതുപോലെ തന്നെ അലിവുള്ള ആളായിരിക്കണം എന്നു തോന്നി. ആ കഥാപാത്രത്തിന് അനുയോജ്യമായ ആളായി എനിക്കു മനസ്സിൽ തോന്നിയത് ബിജിയേട്ടനെ ആണ്. അങ്ങനെ ഇളയിൽ വേഷമിടുന്നതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ചെയ്യാമെന്നു സമ്മതിച്ചു. ഞാനും ബിജിയേട്ടനും ഒരുമിച്ച് ഇതിനു മുൻപും ഒരുപാട് പ്രൊജക്ടുകൾ ചെയ്തിട്ടുണ്ട്. ‍ഞങ്ങൾ തമ്മിൽ വലിയ സൗഹൃദമാണുള്ളത്. ഞാൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. 

 

 

മിഥുൻ–സിത്താര കോംബോ

 

 

മിഥുൻ ജയരാജും സിത്താര കൃഷ്ണകുമാറും ചേർന്ന് ഒരുപാട് പാട്ടുകൾ ചെയ്തിട്ടുണ്ട്. ഇളയെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അത് അവരെ രണ്ടു പേരെയും ഏൽപ്പിക്കാം എന്നു കരുതി. ഞാൻ വരികൾ കുറിച്ചു. ഞാനും സിത്താരയും പലതവണ ഒരുമിച്ചു വർക്ക് ചെയ്തിട്ടുണ്ട്. ‘ഇള’യ്ക്കു വേണ്ടി മിഥുൻ വളരെ മികച്ച സംഗീതം നൽകി. സിത്താരയും മിഥുനും ചേർന്ന് ആലപിക്കുകയും ചെയ്തു. 

 

 

പാട്ടല്ലല്ലോ സിനിമ

 

 

മുൻപും ഞാൻ പാട്ടിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമ അഭിനയത്തിലേക്ക് എത്തുന്ന കാര്യം ചിന്തിച്ചിട്ടേയില്ല. പാട്ട് പോലെയല്ലല്ലോ സിനിമ. അതിൽ ഒരുപാട് അഭിനയ മുഹൂർത്തങ്ങളുണ്ടാകും. അതൊന്നും ചെയ്യാന്‍ എനിക്കു സാധിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് സിനിമാ അഭിനയമൊന്നും മനസ്സിലില്ല. 

 

 

കൂട്ടായ്മയുടെ ‘ഇള’

 

 

ഇള’യുടെ ഗാനരംഗങ്ങളുടെ സംവിധാനം ഞാൻ ആണ് നിർവഹിച്ചത്. അത് ആദ്യ അനുഭവമാണ്. പക്ഷേ യഥാർഥത്തിൽ അതിനെ സംവിധാനം എന്നൊന്നും പറയാൻ കഴിയില്ല. ഒരു കൂട്ടായ്മയുടെ ഫലമാണ് ഇത്. ഓരോ മേഖലയിലും പ്രവർത്തിക്കുന്ന, അവരവരുടെ ജോലികൾ കൃത്യമായി അറിയാവുന്ന ഒരു കൂട്ടം ആളുകളുടെ സംഗമത്തിൽ നിന്നാണ് ‘ഇള’ പിറന്നത്. പാട്ടിന്റെ ആശയത്തെക്കുറിച്ച് എല്ലാവരോടും ചർച്ച ചെയ്തിരുന്നു. അവരെല്ലാം അതിനനുസരിച്ച് താന്താങ്ങളുടെ ജോലികൾ കൃത്യമായി ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com