ADVERTISEMENT

മലയാളി കേട്ടു പരിചയിച്ച നാദവിസ്മയങ്ങളുടെ കൂടിച്ചേരലാണ് എസ്പിബി–ചിത്ര ഹിറ്റുകൾ. ആ പാട്ടുകളോട് മലയാളിക്കെന്നും പ്രത്യേക ഇഷ്ടവുമാണ്. വേദിയിലായാലും പിന്നണിയിലായാലും ആ സ്വരഭംഗികളുടെ സമന്വയം പൊഴിക്കുന്ന അഴകും ആസ്വാദനസുഖവും ഒന്നു വേറെ തന്നെ. പക്ഷേ ഇനിയുമേറെ പാടാനുണ്ടായിരുന്നിട്ടും പാതിവഴിയിൽ വച്ച് എല്ലാം അവസാനിപ്പിച്ച് യാത്ര പോലും പറയാതെ സ്നേഹഗായകൻ എസ്പിബി എങ്ങോ പോയ് മറഞ്ഞു. ആ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും എസ്പിബി എവിടെയോ ഉണ്ട് എന്ന തോന്നലിൽ തന്നെയാണു മുന്നോട്ടു പോകുന്നതെന്നും കെ.എസ്.ചിത്ര പറയുന്നു. ഗായകൻ വിട വാങ്ങിയിട്ട് വർഷം ഒന്ന് തികയുമ്പോഴും സംഗീതലോകത്തിനേറ്റ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല, ഇനിയൊരിക്കലും ഉണങ്ങുകയുമില്ല. അതിനു കാരണം, ഒന്നു മാത്രം ആരാധകഹൃദയങ്ങളെ ഇത്രയേറെ വന്നു തൊട്ട മറ്റൊരു ഗായകന്റെ പേര് അത്ര എളുപ്പത്തിൽ ആർക്കും കണ്ടെത്താനാകില്ല എന്നതു തന്നെ. എസ്പിബി ഇല്ലാത്ത ഒരു വർഷം കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ മായാത്ത ഓർമകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കെ.എസ്.ചിത്ര. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:

 

 

പ്രതീക്ഷകൾ തെറ്റിച്ച മടക്കം

 

 

എസ്പിബി സാറിന്റെ അപ്രതീക്ഷിത വേർപാട് ഇപ്പോഴും വിശ്വാസിക്കാനായിട്ടില്ല. ഇത്ര വേഗം ജീവിതം അവസാനിക്കുമെന്ന് സർ പോലും വിചാരിച്ചിരുന്നില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം അക്കാര്യം വിശദീകരിച്ചിട്ടുണ്ട്. സാറിന്റെ മാതാപിതാക്കൾ ദീർഘായുസ്സെത്തിയ ശേഷമാണു മരണപ്പെട്ടത്. ആ പാരമ്പര്യം പിന്തുടർന്ന് താനും കുറഞ്ഞത് തൊണ്ണൂറ് വയസ്സു വരെ ജീവിക്കും എന്നായിരുന്നു സാറിന്റെ വിശ്വാസം. പക്ഷേ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ഇപ്പോൾ സംഗീതപരിപാടികളൊന്നും ഇല്ലാത്തതുകൊണ്ട് സാറിന്റെ അഭാവം തിരിച്ചറിയുന്നില്ല എന്നതാണു യാഥാർഥ്യം. അദ്ദേഹം ഇപ്പോഴും എവിടെയോ ഉണ്ട് എന്ന തോന്നലാണ്. ഇനി കോവിഡ് ഭീതിയൊക്കെ മാറി വീണ്ടും പരിപാടികൾ തുടങ്ങുമ്പോഴാണ് എസ്പിബി സർ അവശേഷിപ്പിച്ച വിടവ് മനസ്സിലാവുക. 2019 ഡിസംബറിലാണ് സാറിനൊപ്പം അവസാനമായി ഞാൻ വേദി പങ്കിട്ടത്. ആ കാലമെല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. 

 

 

കെട്ടിപ്പിടിച്ചുള്ള കുശലാന്വേഷണങ്ങൾ

 

 

ഞാൻ ആദ്യമായി സാറിനെ കാണുന്നത് ‘പുന്നകൈ മന്നൻ’ എന്ന സിനിമയിൽ ‘കാലകാലമാക വാഴും’ എന്ന പാട്ട് റിക്കോർഡിങ് വേളയിൽ ആണ്. സർ ആണ് എന്റെ സഹഗായകൻ എന്ന് എനിക്കറിയില്ലായിരുന്നു. പാട്ട് പഠിച്ചു ഞാൻ വോയ്സ് റൂമിൽ ഇരിക്കവെ പെട്ടെന്നു വാതിൽ തുറന്നു സർ കയറി വന്നു. സത്യത്തിൽ അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ടെൻഷൻ കാരണം എന്റെ കയ്യും കാലും വിറച്ചുപോയി. ഞാൻ ചാടി എണീറ്റു. അദ്ദേഹം അവിടെ വന്ന് എല്ലാവരെയും സ്നേഹപൂർവം ചേർത്തു നിർത്തി കുശലാന്വേഷണം നടത്തി. സുന്ദർ രാജൻ (ഇളയരാജാ സാറിന്റെ അസിസ്റ്റന്റ്) എന്നെ പരി‌ചയപ്പെടുത്തി. ‌സർ എന്നോടു സംസാരിച്ചു. അപ്പോഴേയ്ക്കും റിഹേഴ്സൽ കഴിഞ്ഞ് ഓർക്കസ്ട്രക്കാർ എല്ലാവരും ഓടിയെത്തി. അവരും എസ്പിബി സാറിനോടും സ്നേഹം പ്രകടിപ്പിച്ചാണു മടങ്ങിയത്. എല്ലാവരോടും അദ്ദേഹം വളരെ സ്നേഹത്തോടും കരുതലോടെയുമാണു പെരുമാറിയിരുന്നത്. എവിടെയായാലും സര്‍ വന്നു കഴിയുമ്പോൾ ഒരു ആഘോഷത്തിന്റെ പ്രതീതിയായിരിക്കും. ഉച്ചയൂണ് കഴിയുമ്പോൾ 20 മിനിറ്റ് ഉറങ്ങുന്ന ശീലമുണ്ട് സാറിന്. റിക്കോർഡിങ് ദിവസമാണെങ്കിലും ആ പതിവ് തെറ്റിക്കില്ല. റിക്കോർഡിങ്ങിനു വേണ്ടി സ്റ്റുഡിയോ രാവിലെ മുതൽ രാത്രിവരെ ബുക്ക് ചെയ്തിട്ടിരിക്കുയായിരിക്കും. ചെറിയ മയക്കം കഴിഞ്ഞ് ഒരു ചായയൊക്കെ കുടിച്ച് സർ റിക്കോർഡിങ്ങിനായി എത്തും. പിന്നെ തുടർച്ചയായി രാത്രിവരെ പാടും. ഒരു ദിവസം 17 പാട്ടുകളൊക്കെ അനായാസം പാടിയിട്ടുണ്ട് അദ്ദേഹം.

 

 

 

പാട്ടും പറച്ചിലുമായ എസ്പിബി

 

 

സർ ഒരു വഴികാട്ടി ആണെന്നു പറയാം. എല്ലാവരോടും വളരെ സ്നേഹത്തോടെയാണു പെരുമാറുന്നത്. ദാസേട്ടന്റെ (യേശുദാസ്) പാദപൂജ വരെ നടത്തിയിട്ടുണ്ട് എസ്പിബി സർ. ഒരു മുതിർന്ന പാട്ടുകാരനെ പാദപൂജ ചെയ്യുക എന്നത് മറ്റാരിലും കണ്ടിട്ടില്ല. നമ്മളെപോലെയുള്ള ജൂനിയേഴ്സ് ഇങ്ങനെയൊക്കെ ചെയ്യണം, അതൊക്കെ ഒരു മര്യാദയാണ് ഒരു ട്രഡീഷൻ ആണ് എന്നൊക്കെ കാണിച്ചു തരികയായിരുന്നു അദ്ദേഹം അതിലൂടെ. വേദിയിൽ പാടുമ്പോൾ സദസിലിരിക്കുന്ന പ്രേക്ഷകരോടു സംസാരിച്ച് വളരെ സൗഹൃദപരമായ അവതരണ ശൈലിയാണ് അദ്ദേഹം പുലർത്തിയിരുന്നത്. അത് ഒപ്പം പാടുന്നവർക്കു കൂടി ആത്മവിശ്വാസം പകർന്നിരുന്നു. വേദികളിൽ അദ്ദേഹത്തിന്റെ കൂടെ പാടാൻ ഒട്ടും ഭയം തോന്നിയിരുന്നില്ല. വേദിയിലെത്തിയാൽ സംസാരിക്കാൻ മടികാണിച്ചിരുന്ന എന്നെ  അദ്ദേഹം തമാശയായി കളിയാക്കുമായിരുന്നു. ഒപ്പം പാടുന്നത് ഒരു കൊച്ചു കുട്ടിയാണെങ്കിൽപ്പോലും അവരെ അത്രത്തോളം കംഫർട്ടബിൾ ആക്കുന്നയാളാണു സർ. അദ്ദേഹത്തെ അറിയാവുന്ന, കൂടെ പ്രവർത്തിച്ചിട്ടുള്ള ഓരോ ആൾക്കും ഓരോ കഥ പറയാനുണ്ടെന്നതു തീർച്ചയാണ്.

 

 

 

സങ്കടങ്ങളിൽ കൂട്ടായ് നിൽക്കുന്ന മനസ്സ്

 

 

 

എന്റെ മകൾ എന്നെ വിട്ടു പോയ സമയത്ത് കുറേക്കാലമായി ഞാൻ സംഗീതപരിപാടികളിൽ നിന്നും മാറി നിൽക്കുകയായിരുന്നു. അതു കഴിഞ്ഞ് കുറേ കാലത്തിനു ശേഷം പരിപാടിയിൽ പങ്കെടുക്കാൻ പോയി. മാനസികമായി തളർന്നിരിക്കുന്ന അവസ്ഥയിൽ പാടാൻ പറ്റില്ലെന്നു ഞാൻ പറഞ്ഞപ്പോഴൊക്കെ എല്ലാ പിന്തുണയും നൽകി എസ്പിബി സർ എനിക്കൊപ്പം നിന്നു. അപ്പോഴൊക്കെ സര്‍ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ ഞാൻ പാടി. ഒപ്പം ജോലി ചെയ്തിരുന്നവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിലും അവ പരിഹരിക്കുന്നതിലും അദ്ദേഹം എന്നും മുന്നിട്ടു നിന്നിരുന്നു. കോവിഡ് ബാധിതനായി എസ്പിബി സർ ആശുപത്രിയിലായിരുന്ന സമയം നിരവധി പേർ ഫോണിൽ വിളിച്ച് അദ്ദേഹം ചെയ്ത സഹായങ്ങൾ എണ്ണിപ്പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ പലരുടെയും വീട്ടിൽ നേരിട്ടെത്തി എസ്പിബി സർ സഹായം നൽകിയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയവെ, തന്നെ പരിചരിച്ച ആരോഗ്യ പ്രവർത്തകർക്കായി തെലുങ്കിൽ അദ്ദേഹം ഒരു പാട്ട് ചിട്ടപ്പെടുത്തിയിരുന്നു. ആശുപത്രി കിടക്കയിൽ ആയിരുന്ന സമയത്താണ് തന്റെ കുടുംബ വീട് വേദനിലയമാക്കാൻ എസ്.പി. ബി തീരുമാനിച്ചത്. അങ്ങനെ അവസാന കാലത്തും ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com