ADVERTISEMENT

എസ്.പി.ബാലസുബ്രഹ്മണ്യം എന്ന മാന്ത്രികഗായകൻ സംഗീതപ്രേമികളെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞിട്ട് ഇന്ന് വർഷം ഒന്ന് തികയുന്നു. ആരാധകർ ആത്മാവിനോടു ചേർത്തുവയ്ക്കുന്ന ആയിരക്കണക്കിനു ഗാനങ്ങൾ പാടി അനശ്വരമാക്കിയിട്ടാണ് അദ്ദേഹം മൺമറഞ്ഞത്. എസ്പിബിയുടെ കേരളത്തിലെ അവസാന വേദി തൃശൂർ ആയിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട ഗായിക മനീഷ കെ.എസ് അടക്കാനാകാത്ത സന്തോഷത്തിൽ വിതുമ്പിയതും അദ്ദേഹം മാറോടണച്ച് ആശ്വസിപ്പിച്ചതും വൈറലായിരുന്നു. മുപ്പത് വർഷക്കാലം ഗായികയായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടും താൻ ഒരു ഗായികയാണെന്നു പൊതുസമൂഹം അറിഞ്ഞത് അദ്ദേഹത്തോടൊപ്പം പാടിയതിനു ശേഷമായിരുന്നു എന്നു മനീഷ പറയുന്നു. തന്റെ ദൈവസങ്കൽപ്പത്തിന് ഇപ്പോൾ ആ അനശ്വരഗായകന്റെ മുഖമാണെന്നും ഗായിക വെളിപ്പെടുത്തുന്നു. എസ്പിബി എന്ന അനശ്വര ഗായകന്റെ ഓർമ്മദിനത്തിൽ മനീഷ മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നപ്പോൾ.

 

 

 

കെട്ടിപ്പിടിച്ചു കണ്ണീരൊപ്പിയ സ്നേഹം

 

 

spb-maneesha-2
മനീഷ കെ.എസ്, എസ്പിബി

നമ്മൾ ആരും ദൈവത്തെ നേരിട്ടു കണ്ടിട്ടില്ല. പക്ഷേ പല സമയത്തും നമുക്ക് ദൈവസാന്നിധ്യം അനുഭവപ്പെടാറുണ്ട്. നമ്മുടെ ജീവിതത്തിൽ ഓരോ ദുരനുഭവം ഉണ്ടാകുമ്പോഴും അവിടെനിന്ന് നമ്മെ രക്ഷിക്കാൻ മനുഷ്യരൂപത്തിൽ എത്തുന്ന ഓരോരുത്തരിലും നാം ദൈവത്തെ കാണും എന്നു പറഞ്ഞതുപോലെ എന്റെ മനസ്സിലുള്ള ദൈവത്തിന്റെ രൂപം എസ്.പി.ബാലസുബ്രഹ്മണ്യം സാറിന്റെ മുഖമാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ എന്നറിയില്ല. അദ്ദേഹം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകൻ ആയിരുന്നു. പക്ഷേ അദ്ദേഹത്തോടു കൂടുതൽ അടുപ്പം തോന്നിയത് തൃശൂരിലെ ആ വേദിക്കു ശേഷമാണ്. എസ്പിബി സർ പ്രേക്ഷകലക്ഷങ്ങളുടെ മുന്നിൽ വച്ച് എന്നെ കെട്ടിപ്പിടിക്കുകയും എന്റെ കണ്ണീരൊപ്പുകയും ചെയ്തു. അതെനിക്കു മറക്കാൻ കഴിയാത്ത അനുഭവമാണ്. യഥാർഥത്തിൽ ദൈവം എന്നെ മാറോടു ചേർത്തതു പോലെയാണു തോന്നിയത്. നമ്മൾ തളർന്നുപോകുമ്പോൾ താങ്ങുന്ന, പിന്നിൽ നിന്ന് എപ്പോഴും മുന്നിലേക്കു പോകാൻ പ്രചോദനം നൽകുന്ന, നമ്മൾ ആരും കണ്ടിട്ടില്ലാത്ത ഒരു അദൃശ്യ ശക്തിയുണ്ടല്ലോ. ആ ശക്തിക്ക് എന്റെ മനസ്സിലിപ്പോൾ എസ്പിബി സാറിന്റെ മുഖമാണ്. മുപ്പത് വർഷത്തോളമായി സംഗീതരംഗത്തുള്ള ആളാണു ഞാൻ. പക്ഷേ എല്ലാ കലകളിലും വച്ച് സംഗീതമാണ് അത്യുന്നത കല എന്ന് എനിക്കു തോന്നിയത് അന്നാണ്. കേരളത്തിലെ എസ്പ്ബി സാറിന്റെ അവസാനത്തെ വേദി ആയിരുന്നു അത്. അദ്ദേഹം പോകുന്നതിനു മുൻപ് എന്നെ വന്ന് അനുഗ്രഹിച്ചിട്ട് പോയി എന്നാണു എനിക്ക് തോന്നിയത്.

 

 

 

ഞാൻ ഗായികയാണെന്ന് അപ്പോള്‍ അവർ അറിഞ്ഞു

spb-maneesha-1
എസ്പിബിയും മനീഷയും തൃശൂരിലെ വേദിയിൽ

 

 

 

കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഒരുപാടു പ്രേക്ഷകരുള്ള പരിപാടി ആണ് മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’. അതിലെ വാസവദത്ത എന്നെ എന്റെ കഥാപാത്രം എനിക്ക് ഒരുപാട് ആരാധകരെ നേടിത്തന്നു. പക്ഷേ 30 വർഷമായി സംഗീതരംഗത്തുള്ള മനീഷ കെ.എസ് എന്ന ഗായികയാണ് അതെന്ന് അധികമാരും അറിഞ്ഞില്ല. വാസവദത്ത എന്ന കഥാപാത്രമായി അഭിനയിക്കുന്നത് ഗായിക മനീഷ ആണെന്ന് എല്ലാവർക്കും മനസ്സിലായത് തൃശൂരിലെ ആ ഒരു വേദിക്കു ശേഷമാണ്. അതുവരെ ഞാനൊരു പാട്ടുകാരി ആണെന്നു പലർക്കും അറിയില്ലായിരുന്നു. ആ വേദി ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയും. ഞാൻ എന്ന ഗായികയെ മറ്റുള്ളവർ അറിഞ്ഞതു മഹാനായ ആ ഗായകന്‍ കാരണമാണ്. ആ വേദിയിൽ വച്ച് ഒരുമിച്ചു പാടി എന്നല്ലാതെ എന്നെക്കുറിച്ച് അദ്ദേഹത്തിനു കൂടുതലൊന്നും അറിയില്ലായിരുന്നു. ഈ വാർത്തകൾ വൈറൽ ആയതിനുശേഷം അദ്ദേഹം ഞാൻ ആരാണെന്നൊക്കെ അന്വേഷിച്ചു, അദ്ദേഹത്തെ വിളിക്കാൻ പറഞ്ഞു. ഞാൻ വിളിച്ചു വിശേഷങ്ങൾ പങ്കുവച്ചിരുന്നു.

 

 

 

മടങ്ങി വരുമെന്നു കരുതി, പക്ഷേ...

 

 

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നെങ്കിലും എസ്പിബി സർ മടങ്ങി വരുമെന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. കാരണം നമുക്ക് ജീവിക്കാൻ ഉള്ള പ്രതീക്ഷ ആയിരുന്നു അത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുമ്പോൾ അദ്ദേഹം ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ അദ്ദേഹം വളരെ ദുർബലനായാണു കാണപ്പെട്ടത്. എങ്കിലും അദ്ദേഹം തിരിച്ചുവരും എന്നൊരു ഉറപ്പ് നമുക്ക് തന്നിരുന്നു. ദൈവം അങ്ങനെയൊന്നും വിഷമിപ്പിക്കില്ല എന്നൊരു വിശ്വാസം തോന്നി. താൻ തിരിച്ചുവരുമെന്ന് അദ്ദേഹം ആ വിഡിയോയിൽ പറഞ്ഞിരുന്നു. മരണം സ്ഥിരീകരിച്ച ആ നിമിഷം വരെ അദ്ദേഹം തിരികെ വരണേ എന്നുള്ള പ്രാർത്ഥന ആയിരുന്നു മനസ്സിൽ.  

 

 

 

ചേതനയറ്റ ആ ശരീരം!

 

 

മരിച്ചുകിടക്കുന്ന എസ്പിബി സാറിനെ കാണാൻ എനിക്ക് തെല്ലും ആഗ്രഹം തോന്നിയില്ല. കാരണം, ദൈവത്തിന്റെ ചൈതന്യം പോലെ അദൃശ്യവലയമുള്ള അദ്ദേഹത്തിന്റെ രൂപം എന്റെ മനസ്സിലുണ്ട്. ആ മനുഷ്യൻ ചേതനയറ്റു കിടക്കുന്നതു കാണാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള ചടങ്ങുകൾ ടിവിയിൽ കാണിച്ചപ്പോൾ കാണാൻ ശക്തിയില്ലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വിഡിയോ പോലും ഞാൻ തുറന്നു നോക്കിയില്ല. ജീവിച്ചിരുന്ന എസ്പിബി സാറിനെക്കുറിച്ചു ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. മരണം മാത്രമേ സത്യമായിട്ടുള്ളൂ പക്ഷേ ഇത്ര പെട്ടെന്ന് അദ്ദേഹം മരണപ്പെടേണ്ടിയിരുന്നില്ല എന്നു തോന്നാറുണ്ട്. ഇപ്പോഴും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ അദ്ദേഹം എവിടെയോ ഉണ്ട് എന്ന് ഓർക്കാനാണ് എനിക്കിഷ്ടം. "മലരേ മൗനമാ" എന്നുള്ള പാട്ടു കേൾക്കുമ്പോൾ എനിക്ക് ഇപ്പോഴും കരച്ചിൽ വരും.

 

   

മുപ്പത് വർഷമായി സംഗീതരംഗത്ത്

 

 

ഞാൻ പാടിത്തുടങ്ങിയിട്ട് 30 വർഷമായി. ഈ മുപ്പതു വർഷത്തിനിടെ പുള്ളിമാൻ, ഇരുവട്ടം മണവാട്ടി, കാണാക്കണ്മണി എന്നീ ചിത്രങ്ങളിൽ ഉൾപ്പടെ മുപ്പത് പാട്ടുകളും പിന്നണി പാടിയിട്ടുണ്ട്. "ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ" എന്ന ഹിറ്റ് ഭക്തി ഗാനം ഞാൻ പാടിയതാണ്. നാം കുറേ പാട്ടുകൾ പാടിയിട്ടു കാര്യമില്ല, ഒരു ഹിറ്റ് പാട്ടു മതി തലവര മാറാൻ. ഇതിനിടെ പല ജോലികളും ചെയ്തിട്ടുണ്ട്. പതിമൂന്നു വർഷം ദുബായിൽ റേഡിയോയിൽ ജോലി ചെയ്തു. നാട്ടിൽ വരുമ്പോഴെല്ലാം ഗാനമേള ഒക്കെ ചെയ്യുമായിരുന്നു. നമ്മുടെ പിന്നണി രംഗത്തുള്ള ഒരുപാടു ഗായകരുമായി ഇന്ത്യയ്ക്കകത്തും പുറത്തുമൊക്കെ ഒരുപാടു വേദികൾ പങ്കിട്ടിട്ടുണ്ട്. എന്നിട്ടും ഗായിക എന്ന നിലയിൽ അധികമാരും എന്നെ അറിഞ്ഞില്ല. ദൃശ്യമാധ്യമത്തിന്റെ ഒരു വലിയ സ്വാധീനം മനസിലായത് ‘തട്ടീം മുട്ടീം’ എന്ന പരിപാടിയിൽ അഭിനയിച്ചതിനു ശേഷമാണ്. പക്ഷേ ഗായികയാണു ഞാൻ എന്ന് എല്ലാവർക്കും മനസ്സിലായത് എസ്പിബി സാറിനൊപ്പം വേദി പങ്കിട്ടതും മനോരമ പത്രത്തിന്റെ എല്ലാ എഡിഷനിലും ആദ്യ പേജിൽ തന്നെ അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ അച്ചടിച്ചു വരികയും ചെയ്തപ്പോഴാണ്. ലോകമെമ്പാടുമുള്ള മലയാളികൾ അതു വായിച്ചു. ഏതു പരിപാടിയുടെ ഭാഗമായി എന്നുള്ളതല്ലായിരുന്നു ആ വാർത്തയുടെ ഹൈലൈറ്റ്. ഞാൻ എസ്പിബിയോടൊപ്പം പാടി എന്നുള്ളതായിരുന്നു. പാട്ടുപാടിയിട്ട് ഞാൻ അന്നുതന്നെ ബെംഗലുരുവിൽ പോയി. പിറ്റേന്നു പുലർച്ചെ എഴുന്നേൽക്കുമ്പോൾ എന്റെ ഫോൺ മെസേജുകൾ കൊണ്ടു നിറഞ്ഞിരുന്നു. നിലയ്ക്കാതെ ഫോൺ വിളികൾ വരികയായിരുന്നു. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ വന്നതെന്നു പോലും ഓർത്തു സംശയിച്ചു, പേടിച്ചു. ബെംഗലുരുവിൽ ആയതുകൊണ്ട് പത്രം കണ്ടിരുന്നില്ല, പിന്നെ വാട്സാപ്പിൽ സുഹൃത്തുക്കൾ വാർത്തയും ചിത്രവും അയച്ചുതന്നപ്പോഴാണു കാര്യം മനസ്സിലായത്. ഇപ്പോഴും ഞാനാ സ്വപ്നത്തിൽ നിന്ന് ഉണർന്നിട്ടില്ല. ഒരു നിമിഷം കൊണ്ട് കുചേലൻ കുബേരൻ ആയ അവസ്ഥയായിരുന്നു അന്ന്. ‘തട്ടീം മുട്ടീം’ സീരിയലിന്റെ ചില എപ്പിസോഡുകളിൽ ഞാൻ പാടിയിട്ടുണ്ട്. പക്ഷേ അത് മറ്റാരോ ഡബ്ബ് ചെയ്തതാണ് എന്നാണു എല്ലാവരും കരുതിയിരുന്നത്. ഈ ഒരു സ്റ്റേജ് കഴിഞ്ഞപ്പോഴാണ് ഞാൻ യഥാർഥത്തിൽ പാട്ടുകാരി ആണെന്നു പ്രേക്ഷകർക്കു മനസ്സിലായത്. ഒരുപാട് പേർ എസ്പിബി സാറിന്റെ പേരിൽ ക്ലബ്ബുകളും ഗായകസംഘങ്ങളുമെല്ലാം രൂപീകരിച്ചിട്ടുണ്ട്. പലരും അദ്ദേഹത്തിന്റെ സ്മരണാർഥം ഉള്ള പരിപാടികളിൽ എന്നെ അതിഥിയായി ക്ഷണിക്കാറുമുണ്ട്.  

 

 

 

ആ കുറവ് നികത്താനാകില്ല

 

 

ആർക്കും ആരുടേയും പകരക്കാരനാകാൻ കഴിയില്ല. ഓരോരുത്തരും അതുല്യരാണ്‌. ഈ ഭൂമിയിലുള്ള കോടാനുകോടി മനുഷ്യരും ഓരോ തരമാണ്. പിന്നെ എസ്പിബിയെയും ദാസ് അങ്കിളിനെയും (യേശുദാസ്) പോലെയുള്ള മനുഷ്യർ ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഇതിഹാസങ്ങളാണ്.  അതുപോലെയുള്ളവർ ജനിക്കാൻ ഇനിയും യുഗങ്ങൾ കാത്തിരിക്കേണ്ടിവരും.  അവരോടൊപ്പമുള്ളവരും പുതിയ തലമുറയും വരും തലമുറകളും അവരെത്തന്നെ ആഘോഷിക്കേണ്ടി വരും. ഇപ്പോഴും കുട്ടികൾ പാടാൻ എടുക്കുന്നത് അവരുടെ പാട്ടുകളാണ്. അവരൊക്കെ മണ്മറഞ്ഞു പോയാലും പാടിത്തന്ന പാട്ടുകളിലൂടെ അവർ എന്നും ജീവിക്കും. അദ്ദേഹം എനിക്ക് തന്ന ഒരു ഉപദേശമുണ്ട് നമ്മുടെ ശരീരത്തിന്റെ ഭാരം കൂടിയാലും കുഴപ്പമില്ല പക്ഷെ ഒരിക്കലും തലക്കനം ഉണ്ടാകരുത് എന്ന്. ഞാനെന്നും അത് ഓർക്കാറുണ്ട്. അദ്ദേഹം കുറേ കാലം കൂടി നമ്മോടൊപ്പം ഉണ്ടാകേണ്ടതായിരുന്നു. കോവിഡ് എന്ന മഹാമാരി വന്നപ്പോൾ ഉണ്ടായ ഏറ്റവും വലിയ നഷ്ടം അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാടാണ്.  അത് ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com