ADVERTISEMENT

വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുഗിഴ്’. ചിത്രത്തില്‍ ഗോവിന്ദ് വസന്തയും മാൽവിയും ചേർന്നാലപിച്ച ‘മായക്കാരാ’ എന്ന ഗാനം ഇപ്പോൾ ആസ്വാദകശ്രദ്ധ നേടുകയാണ്. മലയാളിയായ സംഗീതജ്ഞ രേവയാണ് ഹൃദ്യമായ ഈണത്തിനു പിന്നിൽ. മാംഗല്യം തന്തുനാനെയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ രേവയുടെ ആദ്യ തമിഴ് ചിത്രമാണിത്. പാട്ടും പരസ്യ ചിത്രങ്ങളുമായി കഴിഞ്ഞ കുറേയേറെ വർഷങ്ങളായി കലാരംഗത്തു സജീവമാണ് രേവ. മുഗിഴിന്റെ ഈണവും മറ്റു പാട്ടു വിശേഷങ്ങളുമായി രേവ മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നപ്പോൾ. 

 

 

മുഗിഴിന്റെ സന്തോഷം

 

 

‌ചെറിയൊരു കുടുംബത്തിന്റെ കഥ പറയുന്ന, ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രമാണ് ‘മുഗിഴ്’. ഈ സിനിമയുടെ കഥയില്‍ ചില കൗതുകങ്ങൾ ഒളിച്ചു വച്ചിട്ടുണ്ട്. ഒരു പൂവ് വിരിയുന്നത് ഒൻപതു ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടാണ്. അതിൽ പൂവിനു സുഗന്ധം വന്നു തുടങ്ങുന്ന ഘട്ടത്തിന് തമിഴിൽ മുഗിഴ് എന്നാണു പറയുക. അതാണ് ചിത്രത്തിന്റെ പേരിനു പിന്നിലെ രഹസ്യം. ബാക്കിയൊക്കെ സിനിമ കാണുമ്പോൾ മനസ്സിലാകും. ‘മായക്കാരാ’ എന്ന പാട്ടാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ഒരു കുടുംബവും അവരുടെ വളർത്തു നായയും ചേർന്നുള്ള സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും നിമിഷങ്ങൾ ആണ് പാട്ടിലുടനീളം. ഗോവിന്ദ് വസന്തയുടെയും മാൽവിയുടെയും മനോഹര ശബ്ദമാണ് പാട്ടിനെ പൂർണമാക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകൻ കൂടിയായ ബാലാജി ധർണീധരൻ എഴുതിയ വരികളുടെ മാജിക്കും എടുത്തു പറയേണ്ടതാണ്.

 

 

 

ഞാനും മുഗിഴും

 

 

പരസ്യ ചിത്രങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഞാൻ കൂടുതലും ചെന്നൈയില്‍ തന്നെയാണ് താമസം. ഒരു ‌പ്രശസ്ത ജ്വല്ലറിക്കു വേണ്ടി ഡോക്യുമെന്ററി ചെയ്യുന്നതിനിടയിലാണ് മുഗിഴിന്റെ സംവിധായകൻ കാർത്തിക്കിനെ പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം സൗഹൃദത്തിലേയ്ക്കെത്തി. അതിനു ശേഷം കാർത്തിക് തമിഴ് സിനിമയിൽ സജീവമായിത്തുടങ്ങി. അങ്ങനെ മുഗിഴിന്റെ വർക്ക് വന്നപ്പോൾ സംഗീതമൊരുക്കാൻ അദ്ദേഹം എന്നെ ക്ഷണിക്കുകയായിരുന്നു. എന്റെ ഈണങ്ങൾ ആത്മാവ് ഉള്ളതായി തോന്നുന്നു എന്നാണ് കാർത്തിക് അഭിപ്രായപ്പെട്ടത്. യഥാർഥത്തിൽ വിജയ് സേതുപതിയുടെ മകൾ ശ്രീജയെയും സ്കൂബി എന്ന പപ്പിയെയും വച്ച് ‘ഹ്രസ്വ ചിത്രം ചെയ്യാൻ ആയിരുന്നു ആദ്യ പദ്ധതി. അതിനു വേണ്ടിയാണ് കാർത്തിക് എന്നെ ക്ഷണിച്ചതും. പിന്നീട് റജീന കസാന്ദ്രയും ഒടുവിൽ വിജയ് സേതുപതിയുമൊക്കെ വന്ന് മുഗിഴ് വലിയൊരു പ്രൊജക്ട് ആയി മാറുകയായിരുന്നു

 

 

സ്കൂബി എന്ന കുസൃതി പപ്പി

 

reva-3

 

പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു‌. ഈ വിജയം എന്റേതു മാത്രമല്ല. പാട്ടിനു വേണ്ടി വരികൾ കുറിച്ച ബാലണ്ണനും (ബാലാജി ധർണീധരൻ) ശബ്ദമായ ഗോവിന്ദ് ചേട്ടനും മാൽവിക്കും ഒക്കെ ഈ പാട്ടിന്റെ വിജയത്തിൽ പങ്കുണ്ട്. പക്ഷേ ഇതിന്റെ ഏറ്റവും വലിയ ക്രെഡിറ്റ്‌ സ്‌കൂബി എന്ന പപ്പിക്കാണ്. ഞങ്ങൾ പ്രധാന താരനിരക്കൊപ്പം സ്‌കൂബിയുടെയും പേരെഴുതുന്നുണ്ട്. ഈ പാട്ടിലെ മായക്കാരനും ‘കോവക്കാര’നും ഒക്കെ സ്‌കൂബിയാണ്. മനുഷ്യരെപ്പോലെ ഒരു സ്ക്രിപ്റ്റ് കൊടുത്ത് പപ്പിയോട് അഭിനയിക്കാൻ പറയാൻ പറ്റില്ലല്ലോ. സ്‌കൂബിക്കു വേണ്ടി സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ഈ പാട്ടിന്റെ വിഡിയോയിലും കമ്പോസിങ്ങിലുമൊക്കെ ആ മാറ്റങ്ങൾ കാണാം. അവയെല്ലാം തീർത്തും വ്യത്യസ്തവും മനോഹരവുമായ അനുഭവമായിരുന്നു.

 

 

വ്യത്യസ്തമായ ‘മുഗിഴ്’

 

 

വളരെ ചെറുതും മനോഹരവുമായ ഒരു സിനിമയാണ് ‘മുഗിഴ്’. സിനിമയുടെ ഇമോഷൻ എന്താണോ അതിനനുസരിച്ച് ഈണങ്ങൾ നൽകാനാണു ശ്രമിച്ചത്. ചിത്രത്തിലെ ഒരു പാട്ട് കൂടി പുറത്തിറങ്ങാനുണ്ട്. അതു തീർത്തും വ്യത്യസ്തമായ ഒന്നാണ്.

 

 

 

സംഗീതസംവിധായകരെ ഗായകരാക്കിയപ്പോൾ

 

 

ഒരേ സിനിമയിൽ തന്നെ പ്രശസ്തരായ സംഗീതസംവിധായകർ ഗായകർ ആകുന്നതു വളരെ അപൂർവമാണ്. ഇപ്പോൾ പുറത്തു വന്ന പാട്ടിനു വേണ്ടി ഗോവിന്ദ് വസന്തയാണ് സ്വരമായത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ഗാനം പ്രദീപ്‌ കുമാർ ആണ് പാടിയത്. ആ രണ്ടു പേരെക്കൊണ്ടും പാടിപ്പിക്കാൻ സാധിച്ചതു വലിയ ഭാഗ്യമായി കരുതുന്നു. 

 

 

മലയാളം, മറാഠി ഇപ്പോൾ തമിഴും

 

 

സംഗീതത്തിനു ഭാഷയില്ലല്ലോ. സാർവലൗകികമായ ഒന്നായി ഞാൻ പാട്ടിനെ കാണുന്നു. ഒരു രംഗം കാണികളിൽ എത്തിക്കാൻ ശ്രമിക്കുന്ന വികാരത്തിന് സംഗീതത്തിന്റെ പിൻബലം നൽകാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്. ഭാഷ ചിലപ്പോഴൊക്കെ ചെറിയ തോതിൽ തടസം ഉണ്ടാക്കിയേക്കാം. മറാഠിയിൽ പാട്ട് ചെയ്യുമ്പോൾ എനിക്ക് അവിടത്തെ ഭാഷയെക്കുറിച്ചോ സംസ്‍കാരത്തെക്കുറിച്ചോ പഠിക്കാൻ മതിയായ സാഹചര്യം കിട്ടിയില്ല. പക്ഷേ ഞാൻ ചെയ്ത ട്രാക്ക് ഹിറ്റ്‌ ആയി. സംഗീതത്തിന് അങ്ങനെയും ഒരു മാജിക്‌ ഉണ്ട്.

 

 

 

പാരമ്പര്യവും പാട്ടുജീവിതവും 

 

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണു ഞാൻ ജനിച്ചത്. അമ്മയുടെ തറവാട്ടില്‍ പ്രശസ്തരായ സംഗീതഞ്‌ജരുണ്ട്. ആ പാരമ്പര്യം എന്നിലേയ്ക്കും പകർന്നു കിട്ടി. സ്കൂൾ കാലങ്ങളിൽ കവിതകൾ എഴുതി ഈണം നൽകി പാടുന്ന വിനോദമുണ്ടായിരുന്നു എനിക്ക്. സംഗീതസംവിധാനം എന്നൊന്നും കരുതിയായിരുന്നില്ല അത്. കോളജിൽ എത്തിയപ്പോഴേയ്ക്കും ഫോണിൽ പാട്ട് ചിട്ടപ്പെടുത്താൻ തുടങ്ങി. പിന്നീട് ജോലി കിട്ടിയപ്പോഴും പാട്ടിനോടുള്ള ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നു. പാട്ടിൽ മുഴുകുമ്പോൾ എല്ലാം മറക്കുന്നതു പോലെ തോന്നും. അങ്ങനെ എസ്പിബിയുടെ (എസ്.പി.ബാലസുബ്രഹ്മണ്യം) പഴയ ഒരു പാട്ടെടുത്ത് അതിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ഞാൻ കവർ പതിപ്പൊരുക്കി. അത് വൈറൽ ആവുകയും ചെയ്തു. പിന്നീട് ജിങ്കിൾസ് ഒക്കെ ചെയ്യാൻ തുടങ്ങി. ഒടുവിൽ മികച്ച വരുമാനം ലഭിച്ചിരുന്ന ഫാഷൻ ഡിസൈനർ ജോലി ഉപേക്ഷിച്ചു പൂർണമായും സംഗീതത്തിലേയ്ക്കു തിരിഞ്ഞു. 

 

 

 

ജിങ്കിൾസ് vs സിനിമപാട്ട്

 

 

മുപ്പത് അല്ലെങ്കിൽ നാൽപ്പത് സെക്കൻഡുകൾ മാത്രം ദൈർഘ്യമഉള്ള ഈണങ്ങൾ കൊണ്ടു ജനശ്രദ്ധയാകർഷിക്കുക എന്ന വലിയ വെല്ലുവിളിയാണ് ജിങ്കിളുകൾക്കുള്ളത്. മുഴുവൻ ആശയവും ആ ഈണത്തിനുള്ളിൽ തന്നെ പറയണം. സിനിമാ പാട്ടുകളിലേക്ക്‌ എത്തുമ്പോൾ ഒരിക്കലും ഒരു പ്രത്യേക രീതിയിൽ ചെയ്തു ഹിറ്റുകൾ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കാറില്ല. ഒരു രംഗം നൽകുന്ന വികാരങ്ങളെ സംഗീതത്തിലൂടെ കാണികളിലേയ്ക്ക് എത്തിക്കാനാണ് എന്റെ ശ്രമം.

 

 

 

സംഗീതസംവിധാനത്തിലെ നാമമാത്രമായ സ്ത്രീസാന്നിധ്യം

 

 

ഞാൻ നേരത്തെ പറഞ്ഞതുപോലെ സംഗീതത്തിന് ഒരു യൂണിവേഴ്സൽ സ്വഭാവമുണ്ട്. അവിടെ സ്ത്രീപുരുഷ വ്യത്യാസങ്ങൾ ഒന്നുമില്ല. പക്ഷേ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിന്തകളിലുള്ള വ്യത്യാസം ചിലപ്പോൾ പാട്ടിലും പ്രതിഫലിച്ചേക്കാം. അങ്ങനെ ഉറപ്പിച്ചു പറയാമോ എന്നറിയില്ല. കാരണം, അത്രയധികം സ്ത്രീ സംഗീതസംവിധായകർ ഇപ്പോഴും മുന്നോട്ടു വന്നിട്ടില്ല. കൂടുതൽ പെൺകുട്ടികൾ ധൈര്യപൂർവം ഈ മേഖലയിലേയ്ക്കു കടന്നു വരണം എന്നാണ് എനിക്കു പറയാനുള്ളത്. സ്ത്രീകളെ അംഗീകരിക്കാനുള്ള മനസ്സ് എല്ലാവർക്കുമുണ്ടാകണം. അതുപോലെ മുൻവിധികൾ ഒഴിവാക്കുകയും വേണം. 

 

 

 

സ്വാധീനിച്ച സംഗീതജ്ഞർ

 

 

എല്ലാ ഭാഷയിലെയും പാട്ടുകളെയും സംഗീത സംവിധായകരെയും ശ്രദ്ധിക്കാറുണ്ട്. എല്ലാ ഈണങ്ങളും പ്രിയപ്പെട്ടതുമാണ്. എ.ആർ റഹ്മാന്റെയും ഇളയരാജ സാറിന്റെയും ഈണങ്ങൾ കേട്ടു വളർന്ന കുട്ടിക്കാലമാണെന്റേത്. റോജയിലെ പാട്ട് കേട്ട കസെറ്റും രാജ സാറിന്റെ പാട്ട് കേട്ട റേഡിയോയും ഒരിക്കലും മറക്കാൻ പറ്റില്ല. അതുകൊണ്ടു തന്നെ അവരാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതെന്നു പറയാം. 

 

 

ഇനിയുമേറെ പാട്ടുകൾ

 

 

മുഗിഴുമായി ബന്ധപ്പെട്ടുള്ള ജോലികളാണ് ഇപ്പോൾ തുടരുന്നത്. ഒപ്പം തമിഴിൽ ചില പരസ്യ ചിത്രങ്ങളും ചെയ്യുന്നുണ്ട്. മറ്റു ചില സിനിമകളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com