ADVERTISEMENT

പിന്നണിയിൽ പാടിത്തെളിഞ്ഞ അമൃത സുരേഷിനെ ഇനി അഭിനേത്രിയായും പ്രതീക്ഷിക്കാം. നടിയായ് തിളങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് ഗായിക ഇപ്പോൾ. അതിനു വേണ്ടി രണ്ടാഴ്ച നീണ്ട പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. ഏത് മേഖലയിലേയ്ക്കും ഇറങ്ങിത്തിരിക്കും മുൻപ് ഒരു തയ്യാറെടുപ്പ് നല്ലതാണല്ലോ എന്നാണ് പരിശീലനത്തെക്കുറിച്ചു ചോദിക്കുമ്പോൾ അമൃതയ്ക്കു പറയാനുള്ളത്. സംഗീതരംഗത്തു സജീവമായിത്തുടങ്ങിയ കാലത്തു തന്നെ സിനിമയിലേയ്ക്ക് അമൃതയ്ക്ക് അവസരങ്ങൾ വന്നിരുന്നു. എന്നാൽ അഭിനയത്തെ പാഷന്‍ ആയി കണാതിരുന്നതിനാൽ അവയെല്ലാം വേണ്ടെന്നു വച്ചു. എന്നാൽ ഇനി നല്ല അവസരങ്ങൾ കിട്ടിയാൽ ഒരിക്കലും പാഴാക്കില്ല എന്നു പറയുമ്പോൾ അമൃതയ്ക്ക് അഭിനയത്തോടുള്ള ഇഷ്ടവും കൗതുകവും വാക്കുകളിൽ തെളിയുന്നു. പുതിയ തയ്യാറെടുപ്പുകളെക്കുറിച്ച് അമൃത സുരേഷ് മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നപ്പോൾ. 

 

 

amrutha-acting1

 

മാറി ചിന്തിച്ചപ്പോൾ

 

 

amrutha-acting-2

അഭിനയിക്കണം എന്നൊരു ആഗ്രഹം ഇപ്പോൾ തോന്നിത്തുടങ്ങുകയാണ്. കുറേ കാലം മുൻപ് അങ്ങനെയൊരു ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മുൻപൊക്കെ അവസരങ്ങള്‍ വന്നപ്പോൾ അവ വേണ്ടെന്നു വയ്ക്കുകയായിരുന്നു. റിയാലിറ്റി ഷോ കഴി‍ഞ്ഞ സമയത്താണ് എന്നെത്തേടി സിനിമാ അവസരങ്ങൾ വന്നത്. അന്ന് പക്ഷേ അതേക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ഇപ്പോൾ ചിന്തിച്ചപ്പോൾ ഒരു പ്രത്യേക ഇഷ്ടം തോന്നുകയാണ്. പാട്ടിനോടു തോന്നുന്നതു പോലെ തന്നെ ഒരു ഇഷ്ടം. ഇപ്പോൾ കുറച്ച് അവസരങ്ങൾ വന്നിട്ടുമുണ്ട്. അങ്ങനെയിരിക്കെ ഞാൻ വിചാരിച്ചു ഒരു തയ്യാറെടുപ്പ് നടത്തിയതിനു ശേഷം അഭിനയത്തിൽ ഹരിശ്രീ കുറിക്കാം എന്ന്. ഒന്നും അറിയാത്ത അവസ്ഥയില്‍ ഒരു മേഖലയിലേയ്ക്കു കടന്നു ചെല്ലുന്നതു ശരിയല്ലല്ലോ. അതുകൊണ്ടാണ് ഒന്നു തയ്യാറെടുക്കാം എന്നു തീരുമാനിച്ചത്. അങ്ങനെയാണ് പരിശീലനത്തിനു വേണ്ടി പോയത്.

 

 

ഞാൻ തയ്യാറാണ്

 

 

ഏത് കലയാണെങ്കിലും അതിലേയ്ക്ക് ഇറങ്ങും മുൻപ് അതേക്കുറിച്ചു പഠിച്ചിരിക്കുന്നതു വളരെ നല്ലതാണ്. എന്തു ചെയ്താലും മോശം ആയിപ്പോയി എന്നൊരു അഭിപ്രായം കേൾക്കരുതല്ലോ. പാട്ടിന്റെ കാര്യമാണെങ്കിൽ, സംഗീതം പഠിച്ചിട്ടുള്ളയാളും അതേക്കുറിച്ച് ഒട്ടും അറിയാത്ത ആളും പാടുമ്പോൾ വലിയ വ്യത്യാസമുണ്ടാകും. പരിശീലനം നേടിയാൽ നമ്മുടെ ഭാഗത്തുണ്ടാകുന്ന പിഴവുകൾ മനസ്സിലാക്കാൻ നമുക്കു സാധിക്കും എന്നതാണ് പ്രധാന കാര്യം. അതിനു വേണ്ടിയാണ് ഞാൻ ആക്റ്റിങ് ട്രെയിനിങ്ങിനു പോയത്. അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അഭിനയിക്കാൻ ഞാൻ ഇപ്പോൾ തയ്യാറാണ് എന്നതു മാത്രമാണ് ആ ചിത്രങ്ങൾ കൊണ്ട് ഉദ്ദേശിച്ചത്. ഇപ്പോൾ ചില അവസരങ്ങൾ വന്നതിനു ശേഷമാണ് ഞാൻ പരിശീലനം നേടിയത്. അൽപം തയ്യാറെടുപ്പിനു ശേഷം അഭിനയിച്ചു തുടങ്ങാം എന്നു മാത്രമാണ് എന്റെ ആഗ്രഹം. ഇനി ഒരു ഓഫർ വന്നാൽ ഒരിക്കലും വിട്ടുകളയില്ല എന്നതു തീർച്ചയാണ്. 

 

 

 

പരിശീലനം വ്യത്യസ്തം

 

 

 

രണ്ടാഴ്ചയായിരുന്നു പരിശീലന കാലയളവ്. തികച്ചും വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു അത്. അഭിനയം എന്ന കലയെക്കുറിച്ച് ഇത്രയും നാൾ ചിന്തിച്ചിരുന്നതു പോലെ അല്ല ഇപ്പോൾ ചിന്തിക്കുന്നത്. കാരണം, ആ ട്രെയിനിങ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. യഥാർഥത്തിൽ അഭിനയം എന്നത് മുഖത്തു മാത്രം വരേണ്ട ഒന്നല്ല. ഏത് ഇമോഷൻ ആണോ നമ്മൾ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്, അത് നമ്മുടെ ശരീരത്തിൽ മുഴുവൻ പ്രതിഫലിക്കണം. നാം കരയുമ്പോൾ കണ്ണുകളിൽ മാത്രമല്ല ദുഃഖം വരേണ്ടത്, മറിച്ച് ആ ദുഃഖഭാവം ശരീരം മുഴുവൻ ഉൾക്കൊള്ളണം. ഭാവങ്ങൾ ഉൾക്കൊണ്ട് അഭിനയിക്കുന്നതിനെക്കുറിച്ച് ഒരു അഭിനേതാവിനു മാത്രമേ പറയാൻ സാധിക്കൂ. ഇത്രയും കാലം  അഭിനയം എന്നാല്‍ മുഖത്തു വരുന്ന ഭാവങ്ങള്‍ എന്നു മാത്രമാണ് വിചാരിച്ചിരുന്നത്. പക്ഷേ അത് അങ്ങനെയല്ല. ഓരോ ഇമോഷനും ശരീരത്തിലെ ഓരോ ഭാഗത്തിനും കൊടുക്കണം എന്ന് എനിക്കു മനസ്സിലായത് ഈ ട്രെയിനിങ് കഴിഞ്ഞതിനു ശേഷമാണ്. നമ്മൾ കരയുമ്പോൾ ശരീരത്തിൽ മുഴുവൻ അതിന്റേതായ വ്യത്യാസം വരുത്തണം. കരയുമ്പോഴും ചിരിക്കുമ്പോഴുമെല്ലാം ശരീരം മുഴുവൻ അത് ഉൾക്കൊള്ളണം. കരയുമ്പോൾ നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ വരുന്നു. ചിരിക്കുമ്പോഴും അങ്ങനെ തന്നെ. യഥാർഥ ജീവിതത്തിൽ അതു തന്നെയാണ് സംഭവിക്കുന്നത്. നമ്മൾ കരയുമ്പോൾ ശരീരം മുഴുവൻ വിഷമിക്കുന്നുണ്ട്. അതിന്റേതായ മാറ്റങ്ങളും ഉണ്ടാകും. അതുപോലെ സന്തോഷിക്കുമ്പോൾ ശരീരും മൊത്തമായാണു ആ സന്തോഷം ഉൾക്കൊള്ളുന്നത്. അഭിനയത്തിൽ അങ്ങനൊരു കാര്യം വരുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ആ പുതിയ അറിവുകൾ ലഭിച്ചത് രണ്ടാഴ്ച നീണ്ട പരിശീലനത്തിനൊടുവിലാണ്. പരിശീലനം പൂർത്തിയാക്കിയെന്നു കരുതി, ഞാൻ നടി ആയി എന്നോ എല്ലാം പഠിച്ചു എന്നോ ഒന്നുമല്ല പറയുന്നത്. മറിച്ച് ഒരു തയ്യാറെടുപ്പ് നടത്തി. അതാണ് സത്യം. കുന്നോളം പഠിക്കുമ്പോൾ കുന്നിക്കുരുവോളം മനസ്സിലാകും എന്ന ചിന്തയിലാണ് അത് ചെയ്തത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു ആ പരിശീലനം. 

 

 

 

സിനിമയും സംഗീതവും

 

 

സംഗീതവും സിനിമയും പരസ്പരം ബന്ധുപ്പെട്ടു കിടക്കുന്നതാണ്. സംഗീതത്തിലുള്ള താളം ആണ് അഭിനയത്തിലും ഉള്ളത്. സംഗീതത്തിലുള്ള ഭാവങ്ങൾ തന്നെയാണ് അഭിനയത്തില്‍ കൊടുക്കുന്നത്. അഭിനയിക്കുമ്പോഴുള്ള അതേ വികാരങ്ങൾ പലപ്പോഴും പാടുമ്പോഴും ഉണ്ട്. ദുഃഖപൂരിതമായ പാട്ടുകളാണ് പാടുന്നതെങ്കിൽ അതിനനുസരിച്ചുള്ള ഭാവം കൊടുത്തു വേണം പാടാൻ. പരിശീലനത്തിനു വേണ്ടി പോയതിനു ശേഷമാണ് പാട്ടും അഭിനയവും അത്രമേൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് എനിക്കു ബോധ്യമായത്. 

 

 

പുതിയ ചിന്തകൾ, പഠനങ്ങള്‍

 

 

സത്യം പറഞ്ഞാൽ അഭിനയത്തോട് ഇപ്പോൾ എനിക്ക് ഒരു കൊതി തോന്നുകയാണ്. സിനിമകളൊക്കെ കാണുമ്പോൾ അതേക്കുറിച്ചു കൂടുതൽ ചിന്തിക്കാനും മനസ്സിലാക്കാനുമൊക്കെ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. അതാണ് പരിശീലനത്തിനു ശേഷമുണ്ടായ വലിയ മാറ്റവും ഗുണവും. മാത്രവുമല്ല, അഭിനേതാക്കളെ മുൻപ് കണ്ടിരുന്ന രീതിയിൽ അല്ല ഇപ്പോൾ കാണുന്നത്. അവരുടെ സമർപ്പണവും ആത്മാർഥതയും കഠിനാധ്വാനവുമൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com