ADVERTISEMENT

അലസമായൊരു ചൂളംവിളിയോടെ ഹൃദയത്തിലേക്ക് കയറിക്കൂടിയതാണ് രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത സണ്ണി എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. ജീവിതത്തിൽ നിസഹായനായി നിൽക്കുന്ന സണ്ണി വർക്കിയുടെ മാനസിക വ്യാപാരങ്ങൾ കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിച്ചതിൽ അതിലെ പശ്ചാത്തലസംഗീതത്തിനും പാട്ടുകൾക്കുമുണ്ട് നിഷേധിക്കാനാവാത്ത ഒരു പങ്ക്. 

 

പുതിയ ചിത്രത്തിന് ഒരു 'ഫ്രഷ് ഫീൽ' കൊടുക്കാൻ കഴിയുന്ന ഒരു സംഗീതസംവിധായകനെ അന്വേഷിച്ചു നടന്ന സംവിധായകൻ രഞ്ജിത് ശങ്കറിന് തൃശൂർകാരനായ യുവസംഗീതജ്ഞന്റെ പേര് നിർദേശിച്ചത് നടൻ പൃഥ്വിരാജായിരുന്നു. ഡാർവിന്റെ പരിണാമത്തിനും അവരുടെ രാവുകൾക്കും സംഗീതം ചെയ്ത ശങ്കർ ശർമ അങ്ങനെയാണ് ജയസൂര്യയുടെ സണ്ണിയിലേക്ക് എത്തുന്നത്. ചെന്നൈയിലെ എ.ആർ റഹ്മാന്റെ മ്യൂസിക് സ്കൂളിൽ നിന്ന് പഠിച്ചിറങ്ങി പ്രശാന്ത് പിള്ളയുടെ ടീമിനൊപ്പം കരിയർ ആരംഭിച്ച ശങ്കർ ശർമ ആമേനിൽ രണ്ടു പാട്ടുകൾക്ക് പിന്നണിയിൽ ശബ്ദവുമായി. മലയാളത്തിനു പുറമെ തെലുങ്കിലും സ്വതന്ത്രസംഗീത സംവിധായകനായി പേരെടുത്ത ശങ്കർ ശർ‍‍‍‍‍‍‍‍‍‍‍‍മ, സണ്ണിയുടെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ.

 

പേര് നിർദേശിച്ചത് പൃഥ്വി

 

പൃഥ്വിരാജാണ് എന്നെ സണ്ണിയിലേക്കെത്തിച്ചത്. രഞ്ജിത് സാറിന് പുതിയൊരു സൗണ്ടിങ് ഈ സിനിമയ്ക്കു വേണമെന്നു പൃഥ്വിരാജുമായുള്ള ഒരു സംഭാഷണത്തിൽ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹമാണ് രഞ്ജിത് സാറിനോട് എന്റെ പേരു പറയുന്നത്. സ്വതന്ത്ര സംഗീതസംവിധായകനായി ഞാനാദ്യം ചെയ്ത സിനിമ പൃഥ്വിയുടെ ഡാർവിന്റെ പരിണാമം ആയിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായുള്ള പരിചയം. 

 

ഒരു പാട്ടു ചെയ്യുമോ?

 

കഴിഞ്ഞ വർഷം സെപ്റ്റംബർ–ഒക്ടോബർ സമയത്താണ് രഞ്ജിത് സർ എന്നെ വിളിക്കുന്നത്. ഒരു പാട്ടുണ്ട്... ശ്രമിച്ചു നോക്കൂ എന്നു പറഞ്ഞായിരുന്നു ആ വിളി. എനിക്ക് ഗാനരംഗത്തിന്റെ സന്ദർഭം മാത്രമേ അപ്പോൾ പറഞ്ഞു തന്നുള്ളൂ. രണ്ടു ദിവസത്തിനുള്ളിൽ ഞാനൊരു ഈണമൊരുക്കി അയച്ചു കൊടുത്തു. എന്റെ ഭാര്യ സാന്ദ്ര അതിനു ചില ഡമ്മി വരികളും തയ്യാറാക്കിയിരുന്നു. അത് അയച്ചു കൊടുത്ത് ഒരാഴ്ച കഴിഞ്ഞാണ് മറുപടി ലഭിച്ചത്. നന്നായിട്ടുണ്ട്... നമുക്ക് ഇത് ഉപയോഗിക്കാം എന്നു രഞ്ജിത് സർ പറഞ്ഞു. സാന്ദ്രയുടെ വരികളും സാറിന് ഇഷ്ടമായിരുന്നു. ചെറിയ ചില മാറ്റങ്ങൾ വരുത്തി അതു തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ എനിക്കൊപ്പം സാന്ദ്രയും സണ്ണിയുടെ ഭാഗമായി. 

 

വെല്ലുവിളിയായ പശ്ചാത്തലസംഗീതം

 

പാട്ട് ഇഷ്ടമായതിനു ശേഷമാണ് സിനിമയുടെ ടോട്ടൽ മൂഡിനെക്കുറിച്ച് രഞ്ജിത് ശങ്കർ സർ സംസാരിച്ചത്. സിനിമയുടെ തീം മ്യൂസിക് വർക്ക് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. ഒരാഴ്ചയോളമെടുത്ത് ഒന്നു രണ്ടെണ്ണം ഞാൻ ചെയ്ത് അയച്ചു കൊടുത്തു. അതും ഇഷ്ടപ്പെട്ടതോടെയാണ് സണ്ണിയുടെ ടീമിലേക്ക് ഞാൻ ശരിക്കും കയറുന്നത്. സിനിമാ ചിത്രീകരണം പൂർത്തിയാകുന്നതിനു മുമ്പെ സണ്ണിയുടെ ഏതാണ്ട് പ്രധാന ഭാഗങ്ങളിലെ പശ്ചാത്തലസംഗീതം സെറ്റ് ആയിരുന്നു. എങ്കിലും ജയസൂര്യ ആ കഥാപാത്രമായി മാറിയപ്പോഴുള്ള വൈകാരിക നിമിഷങ്ങളുടെ റേഞ്ചിനൊപ്പം സംഗീതം ബാലൻസ് ചെയ്തു കൊണ്ടു പോവുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതിന് ഏറെ സമയമെടുത്തു. 

 

ആ ചൂളമടി എന്റേതു തന്നെ

 

സണ്ണി ആ ഹോട്ടൽ മുറിയിലേക്ക് കയറി വരുമ്പോൾ ആർക്കും അയാളെ കുറിച്ച് ഒന്നും അറിയില്ല. ആ കഥാപാത്രത്തിന്റെ ന്യൂട്രൽ ഇമോഷൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഏറ്റവും മികച്ച ഉപാധി ചൂളംവിളിയാണെന്നു തോന്നി. അതുകൊണ്ടാണ് ആദ്യരംഗങ്ങളിൽ വിസിലിങ് ലീഡ് ആയി തന്നെ കൊടുത്തത്. പശ്ചാത്തലസംഗീതത്തിനായി ചൂളമടിച്ചത് ഞാൻ തന്നെയാണ്. അതങ്ങനെ സംഭവിച്ചു പോയതാണ്. കൂടാതെ സണ്ണിയുടെ ചില ഹാലൂസിനേഷൻ രംഗങ്ങളിൽ ഏതു ടൈപ്പ് മ്യൂസിക് വേണം, ഏതു സംഗീതോപകരണം ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ചൊക്കെ സംവിധായകന് നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ട്, കാര്യങ്ങൾ കുറച്ചു കൂടെ എളുപ്പമായി. സണ്ണിയുടേത് വളരെ പരിചയസമ്പന്നരായ പ്രതിഭകളുടെ ഒരു ടീമായിരുന്നു. അവർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതു തന്നെ വലിയ അനുഗ്രഹവും ഭാഗ്യവുമാണ്. അത് എന്റെ സംഗീതത്തെ വളരെയേറെ സഹായിച്ചു. 

 

ഞാൻ ഈണമിട്ടു, സാന്ദ്ര വരികളെഴുതി

 

ഞാൻ വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളൂ. സണ്ണി പോലെ, ഇത്രയും വെല്ലുവിളികളുള്ള ചിത്രം, ആ മൂഡ് മനസിലാക്കി ചെയ്യാൻ എനിക്ക് സമയമെടുത്തു. ചില സീനുകൾ വരുമ്പോൾ എനിക്കിത് വർക്ക് ആകുന്നില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്നിട്ടുണ്ട്. ഭാഗ്യത്തിന് അതിനുള്ള സമയം എനിക്ക് ലഭിച്ചു. ആ പ്രക്രിയ ഞാനേറെ ആസ്വദിച്ചു. ഒരുപാടു ഇമോഷൻസിലൂടെ ഞാനും കടന്നു പോയി. ഭാര്യ സാന്ദ്ര എനിക്കൊപ്പം നിന്നു. നല്ല വായനയും എഴുത്തുമുള്ള വ്യക്തിയാണ് സാന്ദ്ര. ഞാൻ കംപോസ് ചെയ്യാനിരിക്കുമ്പോൾ സാന്ദ്രയും വന്നിരിക്കും. സാന്ദ്ര നൃത്തം പഠിച്ചിട്ടുണ്ട്. അതുകൊണ്ട് നല്ല താളബോധമുണ്ട്. ഞാൻ ചെയ്യുന്ന മ്യൂസിക് മീറ്ററിനൊപ്പിച്ച് വരികൾ എഴുതാൻ ഇതെല്ലാം അവളെ സഹായിക്കുന്നുണ്ടെന്നു തോന്നുന്നു. ആദ്യം ചെയ്ത പാട്ട് രഞ്ജിത് സാറിന് ഇഷ്ടമായതോടെ രണ്ടാമത്തെ പാട്ടും സാന്ദ്ര തന്നെ എഴുതി. തുടക്കത്തിലുള്ള 'നീ വരും' എന്ന ഗാനവും അവസാനത്തിലുള്ള 'ഇദം വരെ' എന്ന പാട്ടും സ്വാഭാവികമായി ഞങ്ങൾക്കിടയിൽ സംഭവിക്കുകയായിരുന്നു. 

 

ചേച്ചിയുടെ സംഗീതം, എന്റേയും

 

ചാലക്കുടിയാണ് എന്റെ വീട്. ചേച്ചി സൗമ്യ നന്നായി പാടുമായിരുന്നു. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിൽ 'മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ' എന്ന ഗാനം ചേച്ചിയും ഫ്രാങ്കോയും ചേർന്നാണ് ആലപിച്ചത്. ദൗർഭാഗ്യവശാൽ വിവാഹശേഷം ചേച്ചി ആത്മഹത്യ ചെയ്തു. ചെറുപ്പത്തിൽ ചേച്ചിക്കൊപ്പം ഞാൻ റെക്കോർഡിങ്ങുകളിൽ പോകാറുണ്ടായിരുന്നു. സ്റ്റുഡിയോയും റെക്കോർഡിങ്ങും എനിക്ക് വലിയ കമ്പമായി. അങ്ങനെ ആവണമെന്ന ആഗ്രഹം മനസിൽ കയറിക്കൂടി. പിന്നീട് പ്ലസ് വൺ സമയത്ത് മനോരമ സംഘടിപ്പിച്ച സംഗീതസംവിധായകരുടെയും എഴുത്തുകാരുടെയും ഒരു ക്യാംപിൽ വച്ച് ബിജിബാലിനെയൊക്കെ പരിചയപ്പെട്ടു. അതെല്ലാം എന്നെ സ്വാധീനിച്ചു. മ്യൂസിക് അല്ലാതെ എനിക്ക് മറ്റൊരു ഓപ്ഷൻ ഇല്ലെന്ന് വീട്ടുകാരോട് പറഞ്ഞു. പിന്നീട് എ.ആർ റഹ്മാന്റെ കെ.എം മ്യൂസിക് കൺസർവേറ്ററിയിൽ പോയി ഫൗണ്ടേഷൻ ഇൻ വെസ്റ്റേൺ മ്യൂസിക് എന്ന കോഴ്സ് ചെയ്തു. 2011ലായിരുന്നു അത്. 

 

തുടക്കം പ്രശാന്ത് പിള്ളയ്ക്കൊപ്പം

 

ചെന്നൈയിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തു തന്നെ ഞാൻ കുറെ മ്യൂസിക് ഡെമോ ചെയ്യുമായിരുന്നു. ആയിടയ്ക്കാണ് മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടത്. പുതിയ മ്യൂസിക് പ്രോഗ്രാമേഴ്സിനെ അന്വേഷിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു. ഞാനെന്റെ മ്യൂസിക് ഡെമോസ് അയച്ചു. അദ്ദേഹത്തിന് ഇഷ്ടമായി. ഞാൻ അദ്ദേഹത്തിന്റെ ടീമിൽ ജോയിൻ ചെയ്തു. ആമേൻ എന്ന സിനിമയിൽ എനിക്ക് പാടാനും അദ്ദേഹം അവസരം തന്നു. ആ സിനിമയ്ക്കു ശേഷം എനിക്ക് സ്വതന്ത്രമായി വർക്ക് ചെയ്യാനുള്ള കഴിവുണ്ടെന്നും അങ്ങനെ ചെയ്യണമെന്നും പ്രശാന്ത് സർ പറയുകയായിരുന്നു. അദ്ദേഹവും ലിജോ ജോസ് പല്ലിശേരിയുമാണ് എന്നെ ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലേക്ക് നിർദേശിച്ചത്. സ്വതന്ത്രമായി സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ പ്രോഗ്രാമറായി വർക്ക് ചെയ്യാറുണ്ട്. ഔസേപ്പച്ചൻ സർ, ജി.വി പ്രകാശ്, രതീഷ് വേഗ എന്നിവർക്കൊപ്പവും പ്രോഗ്രാമറായി പ്രവർത്തിച്ചിട്ടുണ്ട്. അതിനിടെ തെലുങ്കിൽ എവ്വരിക്കി ചെപ്പതു (Don't tell anyone) എന്ന സിനിമ ചെയ്തു. നല്ല പ്രതികരണമാണ് അതിനു ലഭിച്ചത്. ഒരു പുതിയ സിനിമ കൂടി തെലുങ്കിൽ ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com