ADVERTISEMENT

വയലിൻ കമ്പികളാൽ മാന്ത്രികസംഗീതം തീർത്തിരുന്ന അനുപമ കലാകാരൻ ബാലഭാസ്കർ തേങ്ങുന്ന ഒരോർമ്മയായിട്ട് മൂന്നു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംഗീതസംവിധായകൻ ജാസി ഗിഫ്റ്റ്. പ്രിയപ്പെട്ട ബാലു എവിടെയും പോയിട്ടില്ലെന്നും ഇപ്പോഴും അടുത്ത് എവിടെയോ ഉണ്ടെന്നും ജാസി പറയുന്നു. ‘അണ്ണാ’ എന്നു വിളിച്ച് ഒരുപിടി വിശേഷങ്ങളുമായി സുഹൃത്തുക്കളുടെ ഇടയിലേക്ക് ഓടിക്കയറിവരുന്ന ബാലുവിനെക്കുറിച്ച് ഇത്ര പെട്ടെന്ന് ഒരു ഓർമക്കുറിപ്പ് തയ്യാറാക്കേണ്ടി വരുമെന്നു കരുതിയില്ലെന്നും ജാസി ഗിഫ്റ്റ് നിറമിഴികളോടെ പറയുന്നു. പ്രിയ കൂട്ടുകാരന്റെ ഓർമകൾ ജാസി ഗിഫ്റ്റ് മനോരമ ഓൺലൈനിനോടു പങ്കുവച്ചപ്പോൾ.

 

‘ഞങ്ങൾക്ക് ഇപ്പോഴും ബാലു ഇല്ല എന്ന് തോന്നാറില്ല, അവൻ ഇവിടെയൊക്കെത്തന്നെ ഉണ്ട് എന്നാണു തോന്നൽ. ഞങ്ങൾ എല്ലാ ദിവസവും ബാലുവിന്റെ സംഗീതം കേൾക്കാറുണ്ട്. ഈ മൂന്നുവർഷവും ബാലുവിന്റെ സംഗീത ബാൻഡും ഗോൾഡൻ ടാലന്റ് എന്ന ഞങ്ങളുടെ മ്യൂസിക് ഗ്രൂപ്പും ഓണ്‍ലൈനായും മറ്റും പലവിധ സംഗീത പരിപാടികളിൽ പങ്കെടുത്തുവരികയാണ്. അതുകൊണ്ടുതന്നെ അവൻ ലോകത്തില്‍ നിന്നു പോയി എന്നൊരു ചിന്ത മനസ്സിൽ ഇല്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവന്റെ സാമീപ്യം അനുഭവിക്കാറുണ്ട്. 

 

യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് ഞാൻ ബാലുവിനെ പരിചയപ്പെട്ടത്. അന്ന് ഞാൻ പ്രഫഷനൽ സംഗീതലോകത്തേക്ക് എത്തിയിരുന്നില്ല.  കോളജിലെ സംസ്കാര എന്ന ഗ്രൂപ്പിന്റെ കൺവീനർ ആയിരുന്നു ഞാൻ. എന്റെ ജൂനിയർ ആയിട്ടാണ് അവൻ എത്തിയത്. അതിനു ശേഷമാണ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ പരിപാടികൾ സംഘടിപ്പിക്കാനായി കൺഫ്യൂഷൻ ബാൻഡ് തുടങ്ങിയത്. അന്നു മുതലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. അവൻ റെക്കോർഡിങ്ങുകൾ കഴിഞ്ഞു വരുമ്പോൾ പല അനുഭവങ്ങള്‍ പങ്കുവയ്ക്കും. അതൊക്കെ കേൾക്കാൻ ഞങ്ങളുടെ ഒരു സംഘം തന്നെയുണ്ടാകും. വലിയൊരു ഉണർവും സന്തോഷവുമാണ് ഞങ്ങൾക്കെല്ലാം അവനിൽ നിന്നു കിട്ടിയിരുന്നത്. അന്നത്തെ ഓർമ്മകളൊക്കെ ഇപ്പോഴും മനസ്സിൽ നിന്നു മായാതെ കിടക്കുകയാണ്.

 

ബാലുവിന് അപകടം പറ്റുന്നതിന് ഒരാഴ്ച മുൻപാണ് അവസാനം അവനെ കണ്ടത്. ഞങ്ങളുടെ ‘ടാലന്റഡ്’ ഗ്രൂപ്പ്  ഒരു ഫോറിൻ ട്രിപ്പ് പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബാലു ആയിരുന്നു അതിന്റെ സംഘാടകൻ. അവൻ ഞങ്ങൾക്കിടയിൽ വന്നുകഴിഞ്ഞാൽ വല്ലാത്തൊരു ഉണർവാണ് എല്ലാവർക്കും. ആഘോഷത്തിന്റെയും സൗഹൃദത്തിന്റെയും അങ്ങേയറ്റമാണ് അവൻ. അന്ന് പരിപാടെയക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞു വീട്ടിലെത്തിയ ശേഷം "അണ്ണൻ ഒരു ദിവസം വീട്ടിലേക്ക് വരണം" എന്ന് എനിക്കു മെസേജ് അയച്ചു. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് അപകടം സംഭവിച്ചത്.  

 

ബാലുവിന്റെ ഓർമദിനത്തിൽ യൂണിവേഴ്സിറ്റി കോളജിൽ ഞങ്ങളെല്ലാം പങ്കെടുക്കുന്ന ഒരു അനുസ്മരണ പരിപാടിയുണ്ട്. അതിനു ശേഷം ഗോൾഡൻ ടാലന്റ് ഓൺലൈൻ ആയി ഒരു ട്രിബ്യുട്ട് നടത്തുന്നുണ്ട്. അവന്റെ ബാൻഡ് ഒത്തുചേർന്നു നടത്തുന്ന മറ്റൊരു പരിപാടിയും ഉണ്ട്. ഇനിയിപ്പോൾ അവനുവേണ്ടി ഇതൊക്കെയല്ലേ ചെയ്യാൻ കഴിയൂ. അവനും അവന്റെ സംഗീതവും അനശ്വരമാണ്. അവന്റെ സംഗീതം ഞങ്ങൾക്കിടയിൽ അലയടിച്ചുകൊണ്ടേയിരിക്കുന്നു.അവൻ മരിച്ചെന്നു കരുതാൻ എനിക്ക് വിഷമാണ്. മനസ്സിലിപ്പോഴും നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയത്തിൽ നിന്നു പാടുന്ന ബാലുവിന്റെ രൂപമാണ്. അത് അങ്ങനെ തന്നെ നിലനിൽക്കട്ടെ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com