ADVERTISEMENT

20 വർഷമായി കർണാട്ടിക് സംഗീത രംഗത്തും പിന്നണിഗാന രംഗത്തും സജീവ സാന്നിധ്യമാണ് രേണുക അരുൺ. സംഗീതസംവിധായിക, അധ്യാപിക, കോളമിസ്റ്റ് എന്നീ നിലകളിൽ മലയാളികൾക്കു പരിചിതയാണ് സോഫ്റ്റ്‌വെർ എൻജിനീയർ കൂടിയായ രേണുക. ഇപ്പോൾ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ‘മറുതായ്’ എന്ന സംഗീത ആൽബത്തിലൂടെ പെണ്ണനുഭവങ്ങളുടെ തീർത്തും വ്യത്യസ്തമായ തലങ്ങളെ അടയാളപ്പെടുത്തുകയാണ് അവർ. മറുതായെക്കുറിച്ചും സംഗീത ജീവിതത്തെക്കുറിച്ചും രേണുക മനോരമ ഓൺലൈനിനോടു മനസസ് തുറന്നപ്പോൾ.

 

 

‘മറുതായ്’ എന്ന പേര്

 

‘മറുതായ്’ എന്ന ആശയം പാട്ടെഴുതി തന്ന മനോജ്‌ കുറൂർ സർ പറഞ്ഞതാണ്. ഗോത്ര കാലം മുതല്‍ നമ്മൾ ആരാധിക്കുന്ന ഒരുപാട് സ്നേഹിക്കുന്ന ഒരു മിത്താണല്ലോ മറുതയുടേത്. മറുതക്ക്‌ മറുതായ് എന്നൊരു വ്യാഖ്യാനം കൂടിയുണ്ട്. മറുതായ് എന്നാൽ മറ്റൊരമ്മ. യക്ഷി പോലുള്ള സങ്കൽപ്പങ്ങൾ പോപ്പുലർ സംഗീതത്തിൽ ഒരുപാട്‌ ഉണ്ടെങ്കിലും മറുതയെ അങ്ങനെ കണ്ടിട്ടില്ല. അങ്ങനെ ഈ സങ്കല്പത്തെ സ്വീകരിക്കുകയായിരുന്നു.

 

 

പാട്ടിലെ ലിംഗ രാഷ്ട്രീയം

 

 

സമകാലിക സംഭവങ്ങളോടു കലയിലൂടെയുള്ള എന്റെ പ്രതികരണമാണ് മറുതായിലൂടെ പുറത്തു കൊണ്ടു വരാൻ ശ്രമിച്ചത്. 2021ലും സ്ത്രീധനവും സ്ത്രീധന മരണവുമെല്ലാം നിത്യ സംഭവമായ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. തലമുറകളായി തുടർന്നു വരുന്ന അനീതികളാണിത്. മറുതായിൽ പ്രതികാരത്തിൽ തുടങ്ങി പ്രതീക്ഷയിൽ അവസാനിക്കുന്ന ലിംഗ നീതിയെപ്പറ്റിയാണു പറയാൻ ശ്രമിച്ചത്. സ്ത്രീകൾ നേരിടുന്ന അനീതിയോടുള്ള മ്യൂസിക്കൽ റെസ്പോൺസ് എന്നു വേണമെങ്കിൽ പറയാം.

 

 

ശക്തമായ വരികൾ

 

ഞാൻ എന്റെ ഗുരുവിനെ പോലെ കാണുന്ന ആളാണ്‌ മനോജ്‌ കുറൂർ. വളരെ സങ്കീർണ്ണമായ താളത്തിലാണ് മറുതയ്ക്ക് ഈണമൊരുക്കിയത്. സാറിന്റെ സംഘകാല സാഹിത്യത്തിലുള്ള അഗാധമായ അറിവും പാട്ടെഴുത്തിലുള്ള തന്മയത്വവും ഇതിൽ ഉപയോഗിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ആദ്യം എന്നോടു തന്നെ എഴുതി നോക്കാൻ പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം തന്നെയെഴുതാമെന്നു സമ്മതിച്ചു. സംഘ കാല സാഹിത്യത്തിൽ നിന്നുള്ള മൂന്നു മിത്തുകളാണ് പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. ഈ പാട്ട് ഇത്രയും ശക്തമായി തോന്നുന്നതിനു കാരണം സാറിന്റെ വരികൾ തന്നെയാണ്

 

 

വ്യത്യസ്തമായ ദൃശ്യങ്ങൾ

 

അബ്സ്ട്രാക്റ്റ് ആയ ദൃശ്യങ്ങൾ ആണ് ഉപയോഗിച്ചിട്ടുള്ളത്. ജീവിച്ചിരിക്കുമ്പോൾ പല തരത്തിലുള്ള ഉപദ്രവങ്ങൾ സഹിച്ചു മരിച്ചു പോയ സ്ത്രീകളൊക്കെ മറുതയായി തിരിച്ചു വരുമെന്നാണു പറയാൻ ശ്രമിച്ചത്. അമ്മയുടെ വാത്സല്യ ഭാവത്തിനൊപ്പം പ്രതികാരവും കൊണ്ടു നടക്കുന്ന സ്ത്രീകളെയാണ് ദൃശ്യങ്ങളിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. അതൊട്ടും ഭീകരമായ അനുഭവമാവാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.

 

 

പാട്ടിലെ പശ്ചാത്യ സംഗീത സാന്നിധ്യം

 

എമ്മ അവാർഡ് ജേതാവ് പാബ്ലോ ബോർഗി ആണ് പാട്ടിന്റെ അറേഞ്ച്മെന്റ് ചെയ്തത്. മാസിഡോണിയൻ സിംഫണിയാണ് ഓർക്കസ്ട്ര ചെയ്തത്. മുഴുവനായും വെസ്റ്റേൺ ഓർക്കസ്‌ട്രേഷൻ ചെയ്ത പാട്ടാണിത്. ഇത്തരം താളം മലയാളം പാട്ടിനു പറ്റില്ല എന്ന ബോധ്യം ഇവിടെയുണ്ട്. തീർത്തും തെറ്റായ ഒന്നാണ് അതെന്നു തോന്നി. അങ്ങനെയാണ് ഇത്തരം പരീക്ഷണം നടത്തിയത്.

 

 

പ്രതികരണങ്ങൾ

 

മറുതായുടെ ഓഡിയോ തയ്യാറായപ്പോൾ ഒരുപാട് സംഗീത പ്രതിഭകൾക്ക് അയച്ചു കൊടുത്തിരുന്നു. ബോംബെ ജയശ്രീയും കീരവാണി സാറുമെല്ലാം അത് കേട്ട് നല്ല അഭിപ്രായം പറഞ്ഞു. ആ പ്രതികരണങ്ങൾ നൽകിയ ആത്മവിശ്വാസം വലുതാണ്. വിഡിയോ പുറത്തിറങ്ങിയപ്പോൾ അതേ അഭിപ്രായം ഒരുപാട് പേർ നേരിട്ടും അല്ലാതെയും പറഞ്ഞപ്പോഴും ഒരുപാട് സന്തോഷം തോന്നി. മമ്മൂട്ടിയെയും മഞ്ജു വാരിയറിനെയും പോലെയുള്ള വലിയ താരങ്ങൾ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും വലിയ കാര്യമായി കാണുന്നു. ഒപ്പം ക്രിയാത്മക വിമർശനങ്ങളെയും സന്തോഷത്തോടെ സ്വീകരിച്ചു തിരുത്താൻ ശ്രമിക്കുന്നു. 

 

 

കോവിഡ് എന്ന വില്ലൻ

 

ഈ പാട്ടിനെക്കുറിച്ചു രണ്ട് വർഷം മുൻപ് ആലോചിച്ചതാണ്. ചർച്ചകളും നടന്നു. അപ്പോഴാണ് കോവിഡ് പടർന്നു പിടിച്ചത്. പല രാജ്യങ്ങളിൽ നിന്നായി നിരവധി പേർ ആ പ്രൊജക്ടിൽ പങ്കാളികളായതിനാൽ എല്ലാവരെയും സംഘടിപ്പിച്ചുകൊണ്ടുള്ള പാട്ടൊരുക്കൽ സങ്കീർണമായിരുന്നു. അങ്ങനെ കോവിഡ് മറുതയെ ഒരുപാട് നീട്ടി കൊണ്ടു പോയി.

 

 

കച്ചേരി vs സ്വതന്ത്ര സംഗീതം

 

ഒരുപാട് മഹാരഥന്മാർ ഒരുക്കിയ ഈണങ്ങൾ പാടുകയാണ് കച്ചേരിയിൽ ചെയ്യുന്നത്. അവിടെ പരീക്ഷണങ്ങൾ ആവശ്യമില്ലാത്ത പൂർണതയുണ്ട്. സ്വതന്ത്ര സംഗീതം ഇപ്പോഴും ഇവിടെ വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. പോപ്പുലർ സംഗീതം എന്നാൽ സിനിമാ പാട്ടുകൾക്കപ്പുറം സ്വതന്ത്ര സംഗീതം കൂടി ആവണം എന്നൊരു ആഗ്രഹം തോന്നാറുണ്ട്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെ ആണല്ലോ. അതിലെ സ്ത്രീകളുടെ പ്രതിനിധിയായി നിലനിൽക്കാൻ എന്നും ആഗ്രഹമുണ്ട്. ഒപ്പം കർണാടക സംഗീതവും ഒപ്പം കൊണ്ടു പോകണം, കാരണം അതാണ്‌ എന്റെ ആത്മാവ്.

 

 

ഹിറ്റ് സിനിമാ പാട്ടുകളുടെ ഭാഗമായപ്പോൾ

 

ഏത് ഭാഷയിൽ പാടിയാലും സംഗീതസംവിധായകരെ പൂർണമായും ആശ്രയിക്കാനാണ് ശ്രമിക്കാറുള്ളത്. അവർക്കു വേണ്ടത് കൊടുക്കും. അവിടെ പരീക്ഷണങ്ങൾക്കു നിൽക്കാറില്ല

 

 

സിനിമാ സംഗീത സംവിധാത്തിലേക്ക്

 

സിനിമാ സംഗീത സംവിധാത്തിലേക്ക് എന്തായാലും ഉടൻ ഇല്ല. സ്വതന്ത്ര സംഗീതം പോലെയല്ല സിനിമ. ഞാൻ ഇപ്പോഴും അതിന്റെ സാങ്കേതിക വശങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നതേയുള്ളു. പിന്നെ കുറച്ചധികം പെർഫെക്‌ഷനിസ്റ്റ് ആയതുകൊണ്ടു തന്നെ കൃത്യ സമയത്തു പാട്ട് ഉണ്ടാക്കാൻ ആവുമോ എന്നൊക്കെയുള്ള സംശയങ്ങളുണ്ട്. ഭാവിയിൽ ചിലപ്പോൾ ചെയ്തേക്കാം. ഇപ്പോൾ കണ്ണകിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ആൽബം തയ്യാറാക്കുന്നതിന്റെ ഗവേഷണങ്ങളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com