കലോപാസനയുടെ നവരാത്രി

th-subramaniam
SHARE

കലാകാരന്മാർക്കും സംഗീതജ്ഞർക്കും വ്രതശുദ്ധിയുടേതാണ് നവരാത്രിയുടെ ഒൻപതു ദിനങ്ങളും. വീണ്ടും സംഗീതസാന്ദ്രമായി ഒരു നവരാത്രികാലത്തിലൂടെ  നാടും നഗരവും കടന്നുപോവൂമ്പോൾ കുട്ടിക്കാലത്തെ നവരാത്രി അനുഭവങ്ങൾ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുകയാണ് പ്രശസ്ത വയലിനിസ്റ്റും കേരള സംഗീത നാടക അക്കാദമി ജേതാവുമായ ടി.എച്ച് സുബ്രഹ്മണ്യം

കലാകാരന്മാർക്ക് ഉത്സവത്തിന്റെ നാളുകളാണ് നവരാത്രിയുടെ ഒൻപത് നാളുകൾ. മാർച്ച് – ഏപ്രിൽ മാസത്തോടെ അവസാനിക്കുന്ന ഉത്സവകാലത്തിനു ശേഷം സംഗീതജ്ഞർക്ക് സംഗീതകച്ചേരികളെല്ലാം വന്നുചേരുന്ന കാലമാണ് നവരാത്രി. നവരാത്രിയുടെ ഒൻപത് ദിവസങ്ങളിലും സംഗീതകച്ചേരികളിൽ പക്കം വായിക്കുന്നതിൽ വ്യാപൃതനാവാൻ കുട്ടിക്കാലത്ത് ഞങ്ങൾ മൂവരും ശ്രദ്ധിച്ചിരുന്നു (ജ്യേഷ്ഠത്തിമാരായ ടി.എച്ച് ലളിതയും ടി.എച്ച് വസന്തയും). ഇന്നത്തെപ്പോലെ എല്ലാ ക്ഷേത്രങ്ങളിലും നവരാത്രി കച്ചേരികൾ ഉണ്ടായിരുന്ന കാലമല്ലായിരുന്നു അത്. ഗുരുവായ അച്ഛൻ ഹരിഹര അയ്യർക്കൊപ്പം മൂത്ത ചേച്ചി വയലിൻ വായിച്ചിരുന്നു. അച്ഛന്റെ കച്ചേരിക്ക് രണ്ടാമത്തെ ചേച്ചി ശ്രൂതി മീട്ടിയിരുന്നു. അമ്മയുടെ മടിയിൽ തല ചായ്ച്ച് കച്ചേരി ആസ്വദിച്ച ആ കുട്ടിക്കാലം ഇന്നും എന്റെ മനസ്സിൽ നിറമുള്ള ഓർമയായി നിൽക്കുന്നു.

വീടുകളിൽ ബൊമ്മക്കൊലു ഒരുക്കുന്ന കാലമാണല്ലോ നവരാത്രി കാലം. അമ്മയോടൊപ്പം ബന്ധുവീടുകളിൽ ബൊമ്മക്കൊലു കാണാൻ അന്ന് ഞങ്ങളെല്ലാം പോകുക പതിവായിരുന്നു.സംഗീത കുടുംബമായതിനാൽ വീടുകളിൽ ഞങ്ങളെകൊണ്ട് കീർത്തനങ്ങൾ പാടിപ്പിക്കും. അമ്മയും ശ്രുതിപ്പെട്ടി വായിച്ച് ഞങ്ങളോടൊപ്പം കൂടെ പാടിയിരുന്നു.

വയലിനിസ്റ്റുകൾ വിരളമായിരുന്ന കാലമായിരുന്നു എന്റെ ചെറുപ്പകാലം. അതുകൊണ്ടുതന്നെ ഞങ്ങൾ വയലിനിസ്റ്റുകൾക്ക് ഏറെ ഡിമാന്റുണ്ടായിരുന്നു അന്ന്. ഒരുദിവസം ഒന്നിൽക്കൂടുതൽ കച്ചേരികൾക്കും അരങ്ങേറ്റങ്ങൾക്കുമെല്ലാം പക്കം വായിച്ചിട്ടുണ്ട്. എന്റെ നാടായ തൃപ്പൂണിത്തുറയിൽ തന്നെയായിരുന്നു ഏറെയും കച്ചേരികൾ. തൃപ്പൂണിത്തുറ എമ്പ്രാൻ മഠം (ഇന്നത്തെ വെങ്കിടേശ്വര മന്ദിരം), ബ്രഹ്മണ സമൂഹ മഠം എന്നിവിടങ്ങളിലായി പല സമയങ്ങളിലായി കച്ചേരികൾക്കു പക്കം വായിച്ചിട്ടുണ്ട്. വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ രാത്രിയിൽ കച്ചേരിക്കു ശേഷം ലോറിയിൽ മടങ്ങിയെത്തിയ രസകരമായ അനുഭവങ്ങളും ഓർമയിലുണ്ട്. 

മഹാനവമി ദിവസം ഞങ്ങൾ മൂവരും അച്ഛനൊപ്പമിരുന്ന് പഠിച്ച കീർത്തനങ്ങൾ വായിച്ചിരുന്നു. വിജയദശമിനാളിൽ സരസ്വതീപൂജ കഴിഞ്ഞ് അച്ഛന്റെ ശിഷ്യർ ഗുരുദക്ഷിണവച്ച് പുതിയ ഒരു പാഠം പഠിക്കുക പതിവുണ്ട്. അച്‌ഛനെ നമസ്‌കരിച്ചു കഴിഞ്ഞാലുടൻ ഞങ്ങളും പുതിയ രണ്ടു കീർത്തനങ്ങൾ പഠിക്കും. ഗണപതിയെയും ദേവിയെയും സ്‌തുതിക്കുന്നതായിരിക്കും അവ. അച്‌ഛൻ പകർന്നുതന്ന ആ ശീലം ഇന്നും തുടരുന്നു.

പന്ത്രണ്ടാം വയസ്സിൽ അരങ്ങേറിയ സംഗീതജീവിതം സരസ്വതീദേവിയുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം കൊണ്ട് മൂന്നര പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. പറവൂർ ദക്ഷിണ മൂകാംബികാ സന്നിധിയിൽ പറവൂർ സംഗീതസഭ എല്ലാ വർഷവും സംഘടിപ്പിച്ചുപോരുന്ന നവരാത്രിക്കച്ചേരിയിൽ, കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇക്കൊല്ലവും ദേവിസന്നിധിയിൽ നേരിട്ട് കച്ചേരി അവതരിപ്പിക്കാൻ കഴിയാത്തതിലുള്ള ദു:ഖമുണ്ട്. എങ്കിലും മുൻവർഷത്തേതു പോലെ ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ തുടർച്ചയായ ഇരുപത്തെട്ടുകൊല്ലം തികയ്ക്കാൻ സാധിക്കുന്നു എന്നത് മനസ്സിന് ഏറെ സന്തോഷം നൽകുകയാണ്. നന്ദിയോടെ നമിക്കുന്നു, ദേവിയെ ഗുരുപരമ്പരയെ മഹാന്മാരായ മുൻഗാമികളെ.

പറവൂർ ദക്ഷിണ മൂകാംബികാ സന്നിധിയിൽ ടി എച്ച് സുബ്രമണ്യം വിജയദശമി ദിനം അവതരിപ്പിക്കുന്ന വയലിൻ സോളോ കാണാം:

https://m.facebook.com/story.php?story_fbid=2333313173475765&id=286265004847269&sfnsn=wiwspwa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA