ഷൂട്ടിങ് പാതിയിൽ മുടങ്ങി, തിരക്കഥ കത്തിച്ചു കളഞ്ഞു; ‘നീലക്കടമ്പ്’ പൂത്തില്ലെങ്കിലും സുഗന്ധം വീശി ഇന്നും ആ ഗാനം!

ss-ambikumar-kollur
SHARE

∙ വീണ്ടുമൊരു നവരാത്രിക്കാലം കടന്നു വരികയാണ്. ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി’ എന്ന ഗാനത്തിന്റെ പിറവി സംവിധായകൻ അംബികുമാർ വിവരിക്കുന്നു.

‘‘ കാതരഹൃദയ സരോവരനിറുകയിൽ

ഉദയാംഗുലിയാകൂ..മംഗളമന്ദസ്മിതം തൂകൂ...

കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി

ഗുണദായിനി സർവശുഭദായിനി’’

വരവീണ മീട്ടി വരദാഭയങ്ങൾ അരുളുന്ന വാഗീശ്വരീദേവിയാണ് ഈ പാട്ടുകേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസിൽ തെളിയുന്നത് . കെ.ജയകുമാറിന്റെ തൂലികത്തുമ്പിൽനിന്ന് അടർന്നുവീണ പുണ്യതീർഥം. രേവതി രാഗത്തിൽ രവീന്ദ്രൻ മാസ്റ്ററൊരുക്കിയ ഈണം. കൊല്ലൂരിലെ മൂകാംബികാക്ഷേത്ര നടയിൽ തൊഴുതിറങ്ങി കുടജാദ്രി മലനിര കയറി ചിത്രമൂല ദർശിച്ചുവരുമ്പോൾ ലഭിക്കുന്ന അനുഭൂതികൾ പൂർണമായും ആവാഹിച്ച് വരികളിൽ ഒളിപ്പിച്ചിരിക്കുന്നു. ഇതൊരു സിനിമാഗാനമാണെന്ന് അറിയാവുന്ന മലയാളികൾ ഇന്നും വിരലിലെണ്ണാവുന്നവർ മാത്രമാണ്. 1985ൽ ചിത്രീകരണം തുടങ്ങിയെങ്കിലും പൂർത്തിയാവാതെപോയ ‘നീലക്കടമ്പ്’ എന്ന ചിത്രത്തിനായാണ് പാട്ട് ഒരുക്കിയത്. വീണ്ടുമൊരു നവരാത്രിക്കാലം കടന്നുവരുന്നു. ‘കുടജാദ്രിയിൽ’ എന്ന ഗാനം പിറവിയെടുത്ത കഥകൾ വിവരിക്കുകയാണ്, നീലക്കടമ്പിന്റെ സംവിധായകനും കോഴിക്കോട്ടെ ആദ്യകാല സ്റ്റിൽ ഫൊട്ടോഗ്രഫറുമായ എസ്.എസ് അംബികുമാർ.

ക്യാമറക്കണ്ണിലൂടെ ജീവിതം

തിരുവനന്തപുരത്തെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു എന്റെ അച്ഛൻ സദാശിവൻ ഭാഗവതർ. തിരുവനന്തപുരം പേട്ടയിൽ കാർത്തിക തിയറ്റർ ഇരിക്കുന്ന സ്ഥലത്തിനുസമീപത്തായിരുന്നു അക്കാലത്ത് താമസിച്ചിരുന്നത്. കലാനിലയം കൃഷ്ണൻനായരുടെ നാടകത്തിൽ അയ്യപ്പനായി വേഷമിട്ടത് അദ്ദേഹമായിരുന്നു. പതിനാലാംവയസിലാണ് സ്റ്റിൽഫോട്ടോഗ്രാഫറായത്. 

1969–70 കാലഘട്ടത്തിൽ ‘കളിയല്ല കല്യാണം’ എന്ന സിനിമയിലൂടെ സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് വന്നത്. അന്നെനിക്ക് 16 വയസാണ് പ്രായം. മിഠായിത്തെരുവിലെ ‘പീതാംബർ സ്റ്റുഡിയോ’ ഉടമ പീതാംബരേട്ടനാണ് എന്നെ കോഴിക്കോട്ടേക്കു കൊണ്ടുവന്നത്. എ.വിൻസെന്റ് സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’ എന്ന ചിത്രത്തിന്റെ ജോലികൾക്കായി വന്നപ്പോഴാണ് പീതാംബരേട്ടനെ പരിചയപ്പെട്ടത്. വിൻസന്റ് മാസ്റ്ററും പീതാംബരേട്ടനും ക്ലാസ്മേറ്റ്സാണ്. 

മാന്യമഹാജനങ്ങളെ, കയ്യുംതലയും പുറത്തിടരുത് എന്നീ ചിത്രങ്ങളിൽ സ്റ്റിൽ ഫൊട്ടോഗ്രഫി ചെയ്തു. ഭരതന്റെ സിനിമകളിൽ കലാസംവിധാനവും സ്റ്റിൽഫൊട്ടോഗ്രഫിയുമൊക്കെ ചെയ്തിട്ടുണ്ട്. ഭരതന്റെ കൂടെ ‘ഒഴിവുകാലം’, ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ എന്നീ സിനിമകളിൽ ജോലി ചെയ്തു. സംവിധായകൻ ഹരിഹരനുമായി നല്ല സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ വിവാഹഫോട്ടോകൾ എടുത്തതു ഞാനാണ്.

നഗരത്തിന്റെ പോർട്രെയിറ്റുകൾ

പീതാംബർ സ്റ്റുഡിയോയിൽനിന്ന് പിന്നീട് നാഷനൽ സ്റ്റുഡിയോയിലേക്കു വന്നു. അക്കാലത്ത് കല്യാണഫോട്ടോ എടുത്താൽ ഒരു ഫോട്ടോയ്ക്ക് എട്ടുരൂപയാണ് കിട്ടുക. പിന്നീട് പല കാലങ്ങളിലായി നാഷനൽ പോർട്രെയിറ്റ്സ്, ഇന്റർനാഷനൽ സ്റ്റുഡിയോ, ആശ സ്റ്റുഡിയോ  എന്നിങ്ങനെ മൂന്ന് സ്റ്റുഡിയോ നടത്തിയിരുന്നു. മൂന്നും നിന്നുപോയി. പിന്നീട് പത്ര ഫൊട്ടോഗ്രഫറായി. കോഴിക്കോട്ട് നടന്ന ആദ്യത്തെ സന്തോഷ്ട്രോഫിയുടെ ഫൊട്ടോയെടുത്തിട്ടുണ്ട്.

കൊല്ലൂർയാത്രകളിൽ പിറന്ന കഥ

സ്റ്റുഡിയോയിലെ ജോലിത്തിരക്കുകൾ ഒതുക്കി  ആഴ്ചയവസാനം കൊല്ലൂരേക്ക് പോവും. മൂകാംബികയിൽ പോയശേഷം കുടജാദ്രിയിൽ കയറാറുണ്ട്. ആദ്യതവണയൊന്നും ചിത്രമൂലയിലേക്ക് പോയിരുന്നില്ല. അക്കാലത്ത് സ്വന്തമായി ക്യാമറയുമില്ല. പത്രപ്രവർത്തകനായിരുന്ന നിയതി ശ്രീകുമാറും ഞാനും സൗപർണികയിൽ കുളിച്ച് ക്ഷേത്രത്തിൽ തൊഴുതശേഷം കുടജാദ്രി കയറുന്നതു പതിവായിരുന്നു. അങ്ങനെയൊരു യാത്രയിലാണ് നീലക്കടമ്പിന്റെ കഥ രൂപപ്പെടുത്തി എടുത്തത്. മോനിഷ, നെടുമുടി വേണു, ദേവൻ, രാഘവൻ, ഗണേഷ്കുമാർ, ശങ്കർ തുടങ്ങിയവരെ കഥാപാത്രങ്ങളായാണ് സിനിമയ്ക്ക് തുടക്കമിട്ടത്. ചിത്രത്തിനായി ഒരു തിടമ്പും നിർമിച്ചിരുന്നു.

പാട്ടിലേക്കുള്ള വഴി

കെ.ജയകുമാർ അന്ന് കോഴിക്കോട് കലക്ടറായിരുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കണമെന്ന് ജയകുമാറുമായി സംസാരിച്ചിരുന്നു. ജയകുമാർ ഇതിനിടെ ട്രാൻസ്ഫറായി കശുവണ്ടികോർപറേഷനിലേക്ക് പോയി. ഇതിനിടെ രവീന്ദ്രനെയാണ് സംഗീതസംവിധായകനായി തീരുമാനിച്ചത്.

രവീന്ദ്രനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽപോയി. ഏതോ ക്ഷേത്രത്തിൽ ദർശനത്തിനുപോയതാണെന്ന് ഭാര്യ പറഞ്ഞു. രവീന്ദ്രനുമായി ഏറെക്കാലം മുൻപേയുള്ള സൗഹൃദമാണ്. രണ്ടുദിവസം കഴിഞ്ഞ് രാവിലെ രവീന്ദ്രന്റെവീട്ടിൽചെന്നു. അദ്ദേഹം ജീവിതത്തിൽ ആദ്യമായി മൂകാംബിക ദർശനം കഴിഞ്ഞ് രാവിലെ തിരികെ വീട്ടിൽവന്നുകയറിയതേയുള്ളൂ. മൂകാംബികാക്ഷേത്രം പശ്ചാത്തലമായുള്ള സിനിമയാണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആശ്ചര്യമായി.

കശുവണ്ടി കോർപറേഷനിലെ ചില ആവശ്യങ്ങൾക്കായി ജയകുമാർ തിരുവനന്തപുരത്തുണ്ട്. രവീന്ദ്രൻ അക്കാലത്ത് തിരുവനന്തപുരത്തെത്തിയാൽ പങ്കജ് ഹോട്ടലിലാണ് താമസിക്കുക. 

ss-ambikumar-2
എസ്.എസ് അംബികുമാർ ചിത്രം: വിധുരാജ്

ആ ഗാനം പിറന്ന നിമിഷം

പങ്കജ് ഹോട്ടലിൽവച്ചാണ് ഗാനരചനയും ഈണമിടലും തീരുമാനിച്ചത്. കൊല്ലത്ത് ജയകുമാറിന്റെ വീട്ടിലെത്തി കഥ പറഞ്ഞെങ്കിലും എവിടെയുമെത്തിയിരുന്നില്ല. തിരുവനന്തപുരത്ത് താമസിക്കെ ഒരു വൈകുന്നേരം ജയകുമാറും രവീന്ദ്രനും ഞാനും നടക്കാനിറങ്ങി. പുളിമൂട് ജംക്‌ഷനിൽ ഒരു ആൽത്തറയുണ്ട്. നമുക്ക് ഇവിടെയിരിക്കാമെന്ന് രവിയേട്ടനാണ് പറഞ്ഞത്. ആ ആൽത്തറയിൽവച്ചാണ് കുടജാദ്രിയെക്കുറിച്ചുള്ള പാട്ടിന്റെ പശ്ചാത്തലം ഞങ്ങൾ ചർച്ച ചെയ്തത്. അങ്ങനെയാണ് ആ പാട്ടുപിറന്നത്

കുടജാദ്രി കാണാത്ത കവി

ജീവിതത്തിൽ അതുവരെ കെ.ജയകുമാർ മൂകാംബികയിൽ പോയിട്ടില്ല. കുടജാദ്രി കണ്ടിട്ടില്ല. ജീവിതത്തിലൊരിക്കലും കുടജാദ്രി കാണാത്ത കവിയാണ് ഞങ്ങളുടെ വിവരണങ്ങൾ കേട്ട് ആ വരികളെഴുതിയത്. പിൽക്കാലത്ത് എന്റെ നിർബന്ധപ്രകാരമാണ് ജയകുമാർ മൂകാംബികയിൽപോയത്.

ചിത്രയെന്ന കുട്ടി

കോട്ടയ്ക്കകത്തുള്ള ചിത്രയെന്ന പെൺകുട്ടിയെകൊണ്ടു പാടിക്കാം എന്ന് രവീന്ദ്രനാണ് നിർദേശിച്ചത്. ആറ്റുകാൽ ഉൽസവത്തിനു ചിത്ര പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ ചിത്രയുടെ ആദ്യകാല ഹിറ്റ് ഗാനങ്ങളിലൊന്നായി കുടജാദ്രി മാറുകയായിരുന്നു. തരംഗിണിയിലാണ് പാട്ടിന്റെ റെക്കോർഡിങ് നടന്നത്. ഇതടക്കം ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിമാറി.

തുടങ്ങിയെങ്കിലും മുടങ്ങി

കുടജാദ്രിയിൽ എന്ന പാട്ട് മോനിഷയെവച്ച് ഷൂട്ട് ചെയ്തു. കൂടെ നിന്നവരൊക്കെ വിട്ടുപോയി. ആരെയും അടുപ്പിക്കാൻ കഴിയില്ലെന്ന് മനസിലായതോടെ ആ സിനിമ നടക്കാതായി. 

ഇതിനിടെ ഞാനൊരു കാറപകടത്തിൽപെട്ടു. ഇടത്തെകൈ പൊക്കാൻ കഴിയാതെ മാസങ്ങളോളം ആശുപത്രിയിൽ കിടന്നു.

പിന്നീടായിരുന്നു മോനിഷയുടെ മരണം. രാജീവ് ഗാന്ധി മരിക്കുന്ന കാലത്ത് ഞാൻ തിരുവനന്തപുരം ആയുർവേദ ആശുപത്രിയിൽ കിടക്കുകയായിരുന്നു. സിനിമയ്ക്കായയി വാങ്ങിയ അഡ്വാൻസ് തുകയും അതിനുപുറമെ കുറച്ചധികം തുകയും അക്കാലത്ത് നെടുമുടി വേണു തിരിച്ചുതന്നത് ഇന്നും ഓർമയുണ്ട്.

വഴി മാറിയ ജീവിതം

അടൂരിന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എഡിറ്റർ രാമൻനായരാണ് നീലക്കടമ്പിന്റെ തിരക്കഥ ഒരുക്കിയത്. 120 സീനുകളും എഴുതി പൂർത്തിയാക്കിയതായിരുന്നു. അനേകകാലം കാത്തിരുന്നിട്ടും നീലക്കടമ്പ് സിനിമ നടക്കാതായപ്പോൾ ഞാൻ കടുത്ത നിരാശയിലായിരുന്നു. ഒരിക്കൽ തിരക്കഥയെടുത്ത് കത്തിച്ചുകളഞ്ഞു. എങ്കിലും മനസിൽ ആ തിരക്കഥ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. 

സാറ്റലൈറ്റ് റൈറ്റ്സ് വാങ്ങിയുള്ള സിനിമാവിതരണവും ചെയ്തു. ദ് ഗ്യാങ്ങ്, രണ്ടാംഭാവം തുടങ്ങിയ അനേകം സിനിമകളുടെ വിതരണമെടുത്തിരുന്നു. തെലുങ്ക് സിനിമകളുടെ സാറ്റലൈറ്റ് വാങ്ങി വിതരണവും നിർവഹിച്ചിരുന്നു.

വഴിമാറിപ്പോയ ദുരന്തം

കടലുണ്ടി ട്രെയിൻ അപകടത്തിൽ ഞാനും ഉൾപ്പെടേണ്ടതായിരുന്നു. ചെന്നൈയിൽനിന്നു വന്ന് അടുത്തദിവസം തിരിച്ചുപോവാനായി ചെന്നൈ മെയിലിലാണ് ടിക്കറ്റെടുത്തത്. എട്ടാംനമ്പർ ബോഗിയിൽ ഇരുപത്തിമൂന്നാം നമ്പർ ബർത്ത് എന്റേതായിരുന്നു. പക്ഷേ ഉച്ചയ്ക്ക് ഊണുകഴിച്ചശേഷം വീട്ടിൽകിടന്നുറങ്ങിയ ഞാൻ എഴുന്നേറ്റപ്പോഴേക്ക് വൈകിപ്പോയി. വൈകിട്ട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേക്ക് ട്രെയിൻ വിട്ടിരുന്നു. തിരികെവന്ന് അളകാപുരി ഹോട്ടലിൽ ഇരിക്കുമ്പോഴാണ് കടലുണ്ടിയിൽ ട്രെയിൻ മറിഞ്ഞ വിവരം അറിഞ്ഞത്. അതൊരു നിയോഗമായിരിക്കാം. 

മാങ്കാവ് തളിക്കുന്നത് ക്ഷേത്രത്തിനു സമീപമാണ് ഞാനും ഭാര്യ ശോഭനയെന്ന ബേബിയും താമസിക്കുന്നത്. മകൻ അജിത്ത് റാഞ്ചിയിലാണ് ഇപ്പോഴുള്ളത്. ബോളിവുഡ് സിനിമയിൽ അസോസിയേറ്റായി ജോലിചെയ്യുകയാണ്. മകൾ ആശാ ജാവേദ് മാധ്യമപ്രവർത്തകയാണ്.

ss-ambi-kumar1
എസ്.എസ് അംബികുമാർ ചിത്രം: വിധുരാജ്

വീണ്ടും പൂക്കുന്ന നീലക്കടമ്പ്

പുതിയ കാലഘട്ടത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് എന്റെയുള്ളിലെ ആ കഥ തിരക്കഥയാക്കി എഴുതുകയാണ് ഇപ്പോൾ. മുപ്പതു വർഷങ്ങൾ കടന്നുപോയി. നീലക്കടമ്പ് സിനിമയാക്കാൻ ഒരു നിർമാതാവിനെ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഞാൻ ജയകുമാറിനെ കാണാൻപോവുകയാണ്. ‘നീലക്കടമ്പ്’ വീണ്ടും ജീവൻവയ്ക്കുകയാണ്. ഈ സിനിമ ചെയ്യാതെ മറ്റൊരു സിനിമയെക്കുറിച്ച് ആലോചിക്കില്ലെന്നത് എന്റെ തീരുമാനമായിരുന്നു. ആ സിനിമ നടന്നില്ലെങ്കിലും ഗാനങ്ങൾ മലയാളികൾ ഏറ്റെടുത്തുവെന്നതാണ് ഏറ്റവുംവലിയ സന്തോഷം. ലക്ഷക്കണക്കിന് ആളുകൾ ആ പാട്ട് ഏറ്റെടുത്തല്ലോ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA