ADVERTISEMENT

ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി ഹിറ്റ് പാട്ടുകളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് നിത്യ മാമൻ. ‘നീ ഹിമമഴയായ് വരൂ’ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ മലയാളികൾ ആ വേറിട്ട പെൺസ്വരത്തെ ശ്രദ്ധിച്ചു തുടങ്ങി. പിന്നീട് പലതവണ ഇളംതെന്നൽപോല്‍ നിത്യയുടെ സ്വരഭംഗി മലയാളികളുടെ കാതുകളെ തലോടി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവി’ലൂടെ നിത്യ മാമ്മൻ എന്ന ഗായിക സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു. അതേ പാട്ടിലൂടെയാണ് ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഗായികയെ തേടിയെത്തിയത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്തരത്തിലൊരു വലിയ അംഗീകാരം നേടാനായതിന്റെ സന്തോഷത്തിലാണ് നിത്യ മാമ്മൻ. പുരസ്കാരനേട്ടത്തിന്റെ സന്തോഷങ്ങളും പുതിയ പാട്ടുവിശേഷങ്ങളുമായി നിത്യ മാമ്മൻ മനോരമ ഓൺലൈനിനൊപ്പം. 

 

 

പുരസ്കാര വാർത്ത അറിഞ്ഞപ്പോൾ

 

 

സംസ്ഥാന അവാർഡിനെക്കുറിച്ച് യാതൊരു പ്രതീക്ഷയും എനിക്കില്ലായിരുന്നു. സത്യത്തിൽ ഞാൻ ഇതിനു പരിഗണിക്കപ്പെടുന്നു എന്നതുപോലും വളരെ വൈകിയാണ് അറിഞ്ഞത്. പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ശരിക്കും അദ്ഭുതപ്പെട്ടു പോയി. ഒരുപാട് സന്തോഷം തോന്നുകയാണിപ്പോൾ. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. 

 

 

വാതുക്കല് വെള്ളരിപ്രാവ്...

 

 

എനിക്കും ഏറെ പ്രിയപ്പെട്ട പാട്ടാണത്. വലിയൊരു ടീം വർക്കിന്റെ ഫലമായാണ് പാട്ട് പുറത്തു വന്നത്. പാട്ടിനു സംഗീതം നൽകിയ എം.ജയചന്ദ്രൻ സർ, വരികൾ കുറിച്ച ബി.കെ.ഹരിനാരായണന്‍ ചേട്ടൻ, ഷാഫി കൊല്ലം, കൂടെ പാടിയ അർജുൻ കൃഷ്ണ, സിയാ ഉൽ ഹഖ് ഒപ്പം ഇപ്പോൾ നമ്മളെ വിട്ടുപിരിഞ്ഞ ചിത്രത്തിന്റെ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അങ്ങനെ എല്ലാവരും ചേർന്നുണ്ടാക്കിയ പാട്ടാണിത്.

 

 

പാട്ട് ഇപ്പോഴും ഹിറ്റ്

 

 

പാട്ടിന്റെ സ്വീകാര്യത എനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇപ്പോഴും ഈ പാട്ടിന്റെ ഒരുപാട് കവർ പതിപ്പുകളും നൃത്താവിഷ്കാരങ്ങളും കാണാറുണ്ട്. പുറത്തിറങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ആളുകൾ ഈ പാട്ടിന്റെ പേരിൽ എന്നെ ഓർക്കുന്നതും സന്തോഷം നൽകുന്നുണ്ട്. മാത്രവുമല്ല ഒരുപാട് പേരുടെ ഏറെ പ്രിയപ്പെട്ട ഒരു പാട്ടാണ് വാതുക്കൽ വെള്ളരിപ്രാവ്. അതു നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ദൃശ്യാവിഷ്കാരവും പാട്ടിനെ ഹിറ്റ് ആക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് 

 

 

പാടിയതെല്ലാം ഹിറ്റുകൾ

 

 

അത് അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. അതിലുപരി എനിക്കു പാട്ടുകൾ നൽകിയ വലിയ സംഗീത പ്രതിഭകൾ എനിക്ക് തന്ന ആത്മവിശ്വാസമാണ് ഏറ്റവും വലിയ കാര്യം. ഇപ്പോൾ വാതുക്കല് വെള്ളരിപ്രാവിനു ശേഷം പാടിയ ‘അലരേ’ എന്ന ഗാനവും ട്രെൻഡിങ് ആയിട്ടുണ്ട്. ആ പാട്ടിന്റെ ഭാഗമായതിലും ഒരുപാട് സന്തോഷം തോന്നുന്നു.

 

 

മറ്റു പാട്ടുകൾ

 

 

‘സ്റ്റാർ’ എന്ന ചിത്രത്തിലെ ഗാനമാണ് ഈയടുത്ത് പുറത്തുവന്നത്. വില്യം ഫ്രാൻസിസിന്റെ സംഗീതസംവിധാനത്തിൽ ബി.കെ ഹരിനാരായണൻ വരികൾ എഴുതിയ പാട്ടാണത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ പാട്ട് ശ്രദ്ധിക്കപ്പെട്ടു. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം തോന്നുകയാണിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com