പോസ്റ്ററിൽ പേര് വയ്ക്കില്ല, പ്രതിഫലത്തിലും അവഗണന! നൃത്തസംവിധായകർക്കും ജീവിക്കണ്ടേ?: ബിജു ധ്വനിതരംഗ്

biju-dwanitarang
SHARE

കുറച്ചുകാലം മുമ്പ്, കൊറിയോഗ്രഫർ ബിജു സേവ്യറിന്റെ ഫോണിലേക്ക് നിർമാതാവും നടനുമായ വിജയ് ബാബുവിന്റെ ഒരു വിളിയെത്തി. "ഒരു സിനിമയുണ്ട്. നിങ്ങൾക്കു നഷ്ടപ്പെട്ടുപോയ സ്റ്റേറ്റ് അവാർഡ് ഇത്തവണ എനിക്ക് വാങ്ങിച്ചു തരാൻ പറ്റുമെന്നു തോന്നുന്നു. ബിജു... ഒന്നു ഓഫിസിൽ വരുമോ?!" സൂഫിയും സുജാതയും എന്ന സിനിമയിലേക്ക് ബിജു സേവ്യർ എത്തിപ്പെട്ടത് ഇങ്ങനെയായിരുന്നു. അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ വിജയ് ബാബുവിന്റെ ആ ഫോൺ സംഭാഷണം സത്യമായി. രണ്ടു വർഷം മുമ്പെ സിനിമയുടെ ക്രെഡിറ്റിൽ പേരു വയ്ക്കാതിരുന്നതു മൂലം ബിജുവിന് നഷ്ടപ്പെട്ട ആ സംസ്ഥാന പുരസ്കാരം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ തേടിയെത്തി. ബിജു സേവ്യർ എന്ന പേരിനേക്കാൾ ബിജു ധ്വനിതരംഗ് എന്ന പേരിലാണ് ആരാധകർക്ക് ബിജുവിനെ പരിചയം. ബിജു സേവ്യർ എന്ന കൊച്ചിക്കാരൻ സെലിബ്രിറ്റികൾ തേടിയെത്തുന്ന ബിജു ധ്വനിതരംഗ് എന്ന തിരക്കുള്ള നൃത്തസംവിധായകനായതിനു പിന്നിൽ ഒരുപാടു വർഷങ്ങളുടെ പ്രയത്നമുണ്ട്. 

വീട്ടിലെ നൃത്താന്തരീക്ഷം

പനമ്പിള്ളി നഗറിലെ നൃത്താധ്യാപിക ശ്യാമള സേവ്യറിന്റെയും റയിൽവേയുടെ ഔട്ട് ഏജൻസി സ്റ്റാഫി ആയിരുന്ന സേവ്യറിന്റെയും ഇരട്ടമക്കളിൽ മൂത്തവനായ ബിജുവിന് നൃത്തമെന്നത് ശ്വാസം പോലെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഓർമ വച്ചതു മുതൽ നൃത്തം അറിയാം. ആർഎൽവി കോളജിലെ നൃത്താധ്യാപികയായിരുന്നു അമ്മ ശ്യാമള. അമ്മയുടെ ഡാൻസ് ക്ലാസുകൾ കണ്ടും കേട്ടുമാണ് ബിജു ചുവടു വച്ചു തുടങ്ങിയത്. "ഞാൻ പഠിപ്പിക്കുന്നത് ജനലിലൂടെ അവൻ നോക്കി നിൽക്കും. ഒരിക്കൽ വിജയദശമിയുടെ നൃത്തപരിപാടികൾക്ക് ഒരാഴ്ച മുമ്പ് എന്റെ അടുത്തു വന്നു പറഞ്ഞു, അമ്മാ... എനിക്കും കളിക്കണം എന്ന്. അങ്ങനെ അഞ്ചു ദിവസം കൊണ്ട് 'തോടയം' പഠിപ്പിച്ചെടുത്ത് സ്റ്റേജിൽ കേറ്റി,"– ബിജുവിന്റെ ആദ്യ വേദിയെക്കുറിച്ച് അമ്മ ശ്യാമള ഓർത്തെടുത്തു. 

അമ്മയുടെ വികൃതിക്കുട്ടി

നൃത്തം ചെയ്യാൻ ഇഷ്ടമായിരുന്നെങ്കിലും സ്കൂൾ കാലഘട്ടത്തിൽ അധികം മത്സരങ്ങളിലൊന്നും ബിജു പങ്കെടുത്തില്ല. നാലാം ക്ലാസിൽ പഠിക്കുന്നതു വരെ യുവജനോത്സങ്ങളിൽ സജീവമായിരുന്നു. അതിനു ശേഷം ഞാനും അമ്മയും അടിച്ചു പിരിഞ്ഞെന്നാണ് ബിജു പറയുക. ഇങ്ങോട്ടു വിളിച്ചാൽ അങ്ങോട്ടു പോകുന്ന വികൃതിക്കുട്ടിയെ എങ്ങനെ ഡാൻസ് പഠിപ്പിക്കാൻ സാധിക്കുമെന്ന് അമ്മ ശ്യാമള ചോദിക്കുന്നു. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആ വികൃതിക്കുട്ടി തന്നെ അമ്മയോട് പറഞ്ഞു, 'എനിക്ക് ശരിക്കും ഗുരുക്കന്മാരുടെ അടുത്തു നിന്ന് തട്ടടവു മുതൽ പഠിക്കണം അമ്മാ...' എന്ന്. അങ്ങനെയാണ് ബിജു, കലാമണ്ഡലം ഗോപി മാഷുടെ ശിഷ്യനാകുന്നത്. ഭരതനാട്യത്തിൽ ചുവടുറപ്പിക്കാൻ അദ്ദേഹം ബിജുവിനെ ഏൽപ്പിച്ചത് ടോം ബേബി സാറിനെയായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ നല്ലൊരു നർത്തകനായി ബിജു വളർന്നു. 

നൃത്തം കരിയറായപ്പോൾ

ആ കാലഘട്ടത്തെക്കുറിച്ച് ബിജു സേവ്യർ പറയുന്നതിങ്ങനെ: "ഡിഗ്രി ചെയ്തത് ഭരതനാട്യത്തിലായിരുന്നു. കോളജ് പഠനകാലത്താണ് ഗൗരവമായി ഈ രംഗത്ത് ചുവടുറപ്പിക്കുന്നത്. പൂർണിമ ഇന്ദ്രജിത്തിനുവേണ്ടി സ്റ്റേജ് ഷോകൾ ചെയ്തായിരുന്നു തുടക്കം. 2004ൽ ആശാ ശരത്തിന്റെ ദുബായിലെ ഡാൻസ് സ്കൂളിൽ നൃത്താധ്യാപകനായി ചേർന്നു. പിന്നീട്, ആശേച്ചിയും സിനിമയിലെത്തി. 2014ലാണ് ഞാൻ ഒരു സിനിമയ്ക്കു വേണ്ടി കൊറിയോഗ്രഫി ചെയ്യുന്നത്. സാജൻ മാത്യു സംവിധാനം ചെയ്ത ഒരു മുറൈ വന്തു പാർത്തായ എന്ന ചിത്രമായിരുന്നു അത്. അതിനു മുമ്പ് 'നാളെ' എന്നൊരു സിനിമ ചെയ്തിരുന്നു. സിജു.എസ്.ബാബു സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം. പക്ഷേ, ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് നിരവധി ചിത്രങ്ങൾക്കു വേണ്ടി കൊറിയോഗ്രഫി ചെയ്തു. 2018ലാണ് അരവിന്ദന്റെ അതിഥികൾ ചെയ്യുന്നത്. അതിന് സംസ്ഥാന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടെങ്കിലും നിർഭാഗ്യവശാൽ ക്രെഡിറ്റിൽ എന്റെ പേരില്ലാത്തതുകൊണ്ട് ആ പുരസ്കാരം എന്റെ കൈകളിലേക്കു വന്നില്ല. എന്തായാലും ഈ പ്രാവശ്യം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം ലഭിച്ചു. അതിൽ ഏറെ സന്തോഷം."  

മകൻ മികച്ച നൃത്തസംവിധായകനായി പേരെടുക്കുമ്പോൾ അതിൽ മകനെക്കാളേറെ സന്തോഷിക്കുന്നത് അമ്മ ശ്യാമളയാണ്. "അവൻ ഓരോന്നും ചെയ്യുമ്പോൾ ഞാനാണ് അതു ചെയ്യുന്നതെന്നാണ് എന്റെ ഭാവം. സത്യത്തിൽ അവാർഡ് കിട്ടിയത് എനിക്കാ!", ബിജുവിനെ ഒരു കുസൃതിച്ചിരിയോടെ ചേർത്തു പിടിച്ച് ശ്യാമള സേവ്യർ പറഞ്ഞു.

എന്തിനീ അവഗണന?

പലപ്പോഴും ക്രെഡിറ്റിൽ പേരു വയ്ക്കാൻ മറന്നുപോകുന്ന കൂട്ടത്തിൽ വരുന്നവരാണ് നൃത്തസംവിധായകരെന്ന് ബിജു പറയുന്നു. "നൃത്തപ്രധാനമായ സിനിമകളിൽ പോലും സ്റ്റിൽസ് വരെ ചെയ്യുന്ന ആളുടെ പേരുണ്ടാകും. എന്നാൽ, നൃത്തസംവിധായകരുടെ പേരു കാണില്ല. എന്തുകൊണ്ടാണ് പോസ്റ്ററിൽ അല്ലെങ്കിൽ ക്രെഡിറ്റിൽ പേരു വയ്ക്കാത്തതെന്ന് മനസിലാകുന്നില്ല. എല്ലാവരുടെയും വർക്കിന് അതിന്റേതായ പ്രാധാന്യമുണ്ട്. അതുപോലെ തന്നെയാണ് പുരസ്കാരങ്ങളും. പലപ്പോഴും പുരസ്കാരങ്ങൾ കൊടുക്കുമ്പോൾ നൃത്തസംവിധായകർ എന്ന കാറ്റഗറി തന്നെ ഉണ്ടാകാറില്ല. സംസ്ഥാന പുരസ്കാരം, വനിത അവാർഡ്സ് തുടങ്ങി ചുരുക്കം ചിലയിടത്തു മാത്രമേ അങ്ങനെയൊരു കാറ്റഗറി തന്നെയുള്ളൂ. നൃത്തസംവിധാനം ഒരു പ്രധാനപ്പെട്ട മേഖലയാണെന്ന് തോന്നാത്തതുകൊണ്ടാണോ എന്നറിയില്ല," ബിജു പറഞ്ഞു. 

വേതനത്തിന്റെ കാര്യത്തിലും ഈ അവഗണനയും 'ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ' എന്ന മനോഭാവവും ഉണ്ടെന്ന് ബിജു വെളിപ്പെടുത്തി. "കോവിഡും ലോക്ഡൗണും ആയതോടെ മനഃപൂർവം വേതനം കുറയ്ക്കുന്ന അവസ്ഥയും ഉണ്ട്. നിങ്ങൾ ജോലി ചെയ്തിട്ട് ഒടുവിൽ ശമ്പളമില്ല എന്നു പറഞ്ഞാൽ നിങ്ങൾക്കെന്തു തോന്നും. അത് 'അഡ്ജസ്റ്റ്' ചെയ്യാൻ അൽപം ബുദ്ധിമുട്ടാണ്. ഞങ്ങൾ ഇതിലൂടെ ജീവിക്കുന്നവരാണ് എന്ന് അവർ ചിന്തിക്കുന്നില്ല. ഞാൻ അവസാനം ചെയ്ത ഷോയിൽ എനിക്ക് സ്വന്തം പോക്കറ്റിൽ നിന്നു കാശ് പോയിട്ടുണ്ട്. കുറെ പേർ പ്രതിഫലത്തിന്റെ പ്രശ്നം മൂലം ഡാൻസ് ഗ്രൂപ്പ് തന്നെ നിറുത്തി പോകേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഞാനിതു പറയുന്നത് എനിക്കു വേണ്ടിയല്ല, എന്നെപ്പോലെ നൃത്തത്തിലൂടെ ജീവിതം കണ്ടെത്തുന്ന എല്ലാവർക്കുമാണ്," ബിജു പറഞ്ഞു. 

വൈറൽ മുത്തശ്ശിയുടെ മകനാണല്ലേ?!

ഈ ലോക്ഡൗൺ കാലത്ത് സ്റ്റേജ് ഷോകൾ പൂർണമായും നഷ്ടമായപ്പോൾ സോഷ്യൽ മീഡിയ തന്നെ വേദിയാക്കിയാണ് ബിജു നൃത്തത്തിനൊപ്പം നിന്നത്. ഓൺലൈൻ നൃത്തക്ലാസുകൾ തുടങ്ങി. ധാരാളം ഡാൻസ് റീലുകൾ ചെയ്തു. അമ്മയ്ക്കൊപ്പവും സെലിബ്രിറ്റികൾക്കൊപ്പവും ബിജു ചെയ്ത ഡാൻസ് റീലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ലോക്ഡൗൺ കാലത്ത് മകനൊപ്പം ചുവടു വച്ച് അമ്മ ശ്യാമളയും വൈറലായി. അതിമനോഹരമായി നൃത്തം ചെയ്യുന്ന വൈറൽ മുത്തശ്ശിയെ തേടി പരസ്യങ്ങളും സിനിമകളുമെത്തി. 

മുമ്പ് ബിജുവിന്റെ അമ്മയല്ലേ എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്. ഇപ്പോൾ വൈറൽ മുത്തശ്ശിയുടെ മകനല്ലേ എന്നതിലേക്ക് ആളുകളുടെ കുശലാന്വേഷണം മാറിത്തുടങ്ങിയെന്ന് ബിജുവും സമ്മതിക്കുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന വാലാട്ടിയിൽ അമ്മ നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. കുഞ്ഞെൽദോ എന്ന സിനിമയിലും അമ്മയുണ്ട്. ഞാൻ കൊറിയോഗ്രഫി ചെയ്ത മൂന്നു സിനിമകൾ വരാനുണ്ട്. അതിൽ, ആശാ ശരത്തും മകളും അഭിനയിച്ച ഖെദ്ദ എന്ന സിനിമ എനിക്കേറെ സ്പെഷലാണ്. പിന്നെ, അമ്മയുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന സിനിമകൾ വരണം എന്നാണ് എന്റെ അഗ്രഹം. എന്റെ മാത്രമല്ല, ഞങ്ങൾ‌ മൂന്നുമക്കളുടെയും ആഗ്രഹം അതാണ്. അതു ചെയ്യാനുള്ള ആരോഗ്യം അമ്മയ്ക്കുണ്ടാകണം. ഇത് എന്റെ അമ്മയുടെ സമയമാണ്. അതു ഞങ്ങൾ ഒരുമിച്ച് ആസ്വദിക്കുന്നു," അമ്മയെ ചേർത്തു പിടിച്ച് ബിജു സേവ്യർ പറഞ്ഞു നിറുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA