ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നില്ല, അപ്പോൾ പിന്നെ ഇടവേള എന്തിന്?: ഔസേപ്പച്ചൻ

ouseppachan-interview-new
SHARE

നാലര പതിറ്റാണ്ടോടടുക്കുന്നു ഔസേപ്പച്ചന്റെ ഈണങ്ങൾ മലയാളി ഹൃദയങ്ങളിൽ പെയ്തു തുടങ്ങിയിട്ട്! ഇടവേളകളില്ലാതെ തേടിയെത്തിയ ഓരോ പാട്ടും പ്രണയമായും വിരഹമായും നൊമ്പരമായുമൊക്കെ ഇന്നും ആസ്വാദകമനസ്സുകളില്‍ തങ്ങി നിൽക്കുന്നു. അതിൽ ചിലത് നമ്മെ കരയിപ്പിച്ചു, ചിലത് ചിന്തിപ്പിച്ചു, മറ്റുചിലത് ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിച്ചു. ഓരോ പാട്ടും അങ്ങേയറ്റം ആസ്വദിച്ചു പൂർത്തിയാക്കുക എന്നതാണ് ഔസേപ്പച്ചന്റെ രീതി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ‘എല്ലാം ശരിയാകും’ എന്ന ഇരുന്നൂറാം ചിത്രത്തിലെ പാട്ട് പുറത്തുവന്നിരിക്കുകയാണ്. മികച്ച പ്രേക്ഷകസ്വീകാര്യതയോടെ പാട്ട് ട്രെൻഡിങ്ങിലും മുൻനിരയിലെത്തി. പുതിയ പാട്ടു വിശേഷങ്ങളും സംഗീതജീവിതവും‌ പങ്കുവച്ച് ഔസേപ്പച്ചൻ മനോരമ ഓൺലൈനിനൊപ്പം. 

ഈണം പെയ്ത ഇരുന്നൂറാം ചിത്രം!

എന്റെ ഇരുന്നൂറാമത്തെ ചിത്രമായി ‘എല്ലാം ശരിയാകും’ വന്നുഭവിച്ചത് മഹാഭാഗ്യമായി കണക്കാക്കുന്നു. പേര് പോലെ തന്നെ എല്ലാം ശരിയാക്കാൻ വരുന്ന ചിത്രമാണിത്. സിനിമ കാണുന്നവർക്കും എല്ലാം ശരിയാകും, അത്തരത്തിൽ ഒരു സന്ദേശം അതിലുണ്ട്. പാട്ടിനും പശ്ചാത്തലസംഗീതത്തിനും വളരെ പ്രാധാന്യമുള്ള സിനിമയാണ് ‘എല്ലാം ശരിയാകും’. ചിത്രത്തിലെ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധായകൻ ജിബു ജേക്കബിനെ എനിക്ക് വളരെ നാളുകളായി അറിയാം. അദ്ദേഹം ചെയ്യുന്ന ചിത്രങ്ങളിൽ എന്തുകൊണ്ട് എന്നെ സഹകരിപ്പിക്കുന്നില്ല എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അത് ഇത്തരത്തിൽ ഒരു മികച്ച അവസരത്തിനു വേണ്ടി വൈകിപ്പിച്ചതാണെന്ന് ഇപ്പോൾ തോന്നുന്നു. ജിബു വിളിച്ചിട്ട് സാറിന്റെ നാല് പാട്ടും പശ്ചാത്തലസംഗീതവും വേണം എന്നു പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു പോയി. എനിക്ക് അത് വലിയ സർപ്രൈസ് ആയിരുന്നു. പഴയ തരം പാട്ടുകൾ ചെയ്യാൻ ആണോ നിങ്ങൾ എന്നെ വിളിക്കുന്നത് എന്നു ഞാൻ ചോദിച്ചു, പഴയ മെലഡി പോലെയുള്ള പുതിയ പാട്ടാണ് വേണ്ടതെന്നു ജിബു പറഞ്ഞു. 

എനിക്ക് ഒന്നും ആവർത്തിക്കാൻ താല്പര്യമില്ല, ഓരോ പാട്ടും പുതുമയുള്ളതായിരിക്കണം എന്നാണ് ആഗ്രഹം. എന്റെ തുടക്കം മുതലുള്ള പാട്ടുകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. ഇന്ന് പറഞ്ഞതായിരിക്കരുത് നാളെ പറയുന്നത്, പഴയ പാട്ടുകൾ അതേ മാധുര്യത്തോടെ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു, അത് ഒരിക്കലും ആവർത്തിക്കാൻ പാടില്ല. പുതിയ പാട്ടുകൾ ഉണ്ടാക്കുമ്പോൾ അതിൽ ഫ്രഷ്നെസ്സ് അനുഭവപ്പെടണം. അതിനൊരു ഉദാഹരണമാണ് ‘എല്ലാം ശരിയാകും’ ചിത്രത്തിലെ പാട്ട്. ഈ പാട്ടിൽ സംഗീതം അറിയാവുന്നവർക്കു മാത്രം മനസ്സിലാകുന്ന വലിയ ടെക്നിക്കൽ ആപ്ലിക്കേഷൻ ഞാൻ ചെയ്തിട്ടുണ്ട്. അത് മനസിലാക്കിയിട്ട് ഏതാനും സംഗീതകലാകാരന്മാർ എന്നെ വിളിച്ചു പ്രശംസിച്ചു. എന്റെ ആദ്യ പാട്ടു മുതൽ ഈ ഇരുന്നൂറാമത്തെ സിനിമ വരെ കൂടെ നിന്നു ശരി, തെറ്റുകൾ ചൂണ്ടിക്കാണിച്ച് എന്നെ പ്രോത്സാഹിപ്പിച്ച ശ്രോതാക്കളോടു ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ്കാല സംഗീതം

ഈ സിനിമയ്ക്കു വേണ്ടി പാട്ടുകൾ കംപോസ് ചെയ്തത് കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് ഒരു മാസം മുൻപാണ്. കംപോസ് ചെയ്യുന്ന സമയത്ത് സിനിമയുടെ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും ഗാനരചയിതാവും എല്ലാവരും ഉണ്ടായിരുന്നു. അവരുടെ ആവശ്യമനുസരിച്ച് പാട്ട് ചെയ്യണം എന്ന് എനിക്കു നിർബന്ധമായിരുന്നു. വോയ്സ് എടുക്കേണ്ട സമയം ആയപ്പോഴേക്കും കോവിഡ് വ്യാപിച്ചു കഴിഞ്ഞു. മൂന്നു മാസം കൊണ്ട് ഈ വ്യാധിയൊക്കെ മാറും എന്നു കരുതി ഒരു ബ്രേക്ക് എടുക്കാമെന്നു വിചാരിച്ചു. അപ്പോഴാണ് ഞാൻ കുറച്ച് ആശാരിപ്പണിയൊക്കെ ചെയ്തത്. മൂന്നു മാസം കഴിഞ്ഞപ്പോൾ മനസ്സിലായി ഇത് തുടർന്നുകൊണ്ടിരുന്നാൽ ജീവിതകാലം മുഴുവൻ ആശാരിപ്പണി ചെയ്യേണ്ടി വരുമെന്ന്. അങ്ങനെ വീണ്ടും പാട്ടിൽ സജീവമായി. വിവിധയിടങ്ങളിലിരുന്നാണ് പാട്ട് പൂർത്തിയാക്കാനായത്. 

‘എനിക്ക് ഇടവേള വേണ്ട’

ഒരുപാട് പണികൾക്കിടയിലാണ് ഇടവേളയെടുക്കണം എന്നു തോന്നുന്നത്. ഞാൻ ഒരിക്കലും കഷ്ടപ്പെട്ട് ജോലി ചെയ്യാറില്ല. അതുകൊണ്ട് ഇടവേളയുടെ ആവശ്യമില്ല. ഓരോ പാട്ടും ആസ്വദിച്ച് സാവധാനമാണ് ചെയ്യുന്നത്. ഞാൻ എപ്പോഴും ഒരുപോലെയാണ്. ഉന്നതിയിൽ എത്തി എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാൻ എത്തേണ്ട ആ ഉയർച്ചയിലേയ്ക്കുള്ള യാത്ര ഇപ്പോഴും തുടരുന്നു. ഇനിയും ഒരുപാടു ദൂരം പോകാനുണ്ട് എന്ന ധാരണയിലാണ് ഞാൻ ഓരോ വർക്കിനെയും സമീപിക്കുന്നത്. അതുകൊണ്ട് എനിക്കൊരിക്കലും മടുപ്പ് അനുഭവപ്പെടുകയോ ഇടവേള എടുക്കണമെന്ന‌ു തോന്നുകയോ ചെയ്തിട്ടില്ല.

ഒരുപടി മുന്നിൽ

പഴയ തലമുറയേക്കാൾ ഒരുപടി മുന്നിലാണ് ഞാന്‍ യാത്രചെയ്തിട്ടുള്ളത്. അതിന്റേതായ ചില പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എന്റെ ആദ്യകാലത്തെ ചില പാട്ടുകൾ അന്ന് ഒട്ടും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പക്ഷേ പിന്നീടു വന്ന തലമുറ ആ പാട്ടുകൾ സ്വീകരിച്ചു. പുതിയത് എളുപ്പത്തിൽ പഠിക്കണം എന്നാണ് എന്റെ ചിന്ത. പുതിയത് മനസിലാക്കുന്നത് എനിക്കൊരു ആവേശമാണ്. മലയാളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ സോങ് ചെയ്തത് ഞാനാണ്. മമ്മൂട്ടിയുടെ ‘വീണ്ടും’ എന്ന സിനിമയിലെ ‘തേനൂറും മലർ പൂത്ത പൂവാടിയിൽ’, ‘ദൂരെ മാമലയിൽ’ എന്ന പാട്ടുകൾ ആണ് അവ. അന്ന് ആരും അത് നല്ല പാട്ടുകളാണെന്നു പറഞ്ഞില്ല. ജോൺസൺ എന്നെ ഒരിക്കൽ കുറ്റം പറഞ്ഞു ‘നീ എന്താടാ കമ്പ്യൂട്ടറിൽ ചെയ്യുന്നത് നമ്മൾ കൈകൊണ്ട് ഉരച്ചുണ്ടാക്കുന്ന പാട്ടുകൾ പോലെ അത് ശരിയാകുമോ’ എന്ന്. ‘എന്റെ ജോൺസാ നീ കൈകൊണ്ട് ഉരച്ച് ഉണ്ടാക്കുന്നതാണ് ഞാൻ ഈ കമ്പ്യൂട്ടറിൽ ചെയ്യന്നത്’ എന്നായിരുന്നു എന്റെ മറുപടി. കൈകൊണ്ട് ചെയ്യുമ്പോൾ ഒരിക്കൽ തെറ്റും വീണ്ടും ചെയ്യണം പക്ഷേ കമ്പ്യൂട്ടറിൽ ആണെങ്കിൽ അത് സേവ് ചെയ്തു വച്ച് പിന്നീടു തിരുത്താൻ കഴിയും. നാം പുതിയ കാര്യങ്ങളെ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ‌ ലോകത്തിനൊപ്പം ഓടാൻ കഴിയൂ.

മാറുന്ന തലമുറയും മാറ്റത്തിന്റെ പാട്ടും

ഇപ്പോൾ എല്ലാവരും കച്ചവടബുദ്ധിയോടെയാണു പാട്ടൊരുക്കുന്നത്. അതിനനുസരിച്ചുള്ള ചേരുവകൾ ആണ് അതിൽ ചേർക്കുന്നത്. ഒരുപാട് സമയം ചിലവഴിച്ച്, ആലോചിച്ച് ഒരു കാര്യം ചെയ്യുമ്പോൾ അത് വിജയിക്കാൻ സമയമെടുക്കും. ട്രെൻഡ് അനുസരിച്ചാണ് ഇപ്പോൾ കൂടുതലായും പാട്ടുകൾ ചെയ്യുന്നത്. അത് വളരെ പെട്ടെന്ന് ആളുകളിലേക്ക് ഇടിച്ചു കയറും. പക്ഷേ ആ പാട്ടിന് അധികം ആയുസ് ഉണ്ടാക്കില്ല. കുറച്ചു കാലത്തിനു ശേഷം ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ തമാശയായി തോന്നും. ഇപ്പോൾ വൈറൽ ആകുന്ന പാട്ടുകൾ കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ഇന്നത്തെ തലമുറക്ക് ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകൾ ആയി തോന്നില്ല എന്നതാണു സത്യം. പക്ഷേ പഴയ പാട്ടുകൾ ഇപ്പോഴും ആളുകൾ മൂളുന്നുണ്ട്. ചില പാട്ടുകൾ എന്നും തിളങ്ങി നിൽക്കും. ഇന്നത്തെ പാട്ടുകളെയും പാട്ടൊരുക്കുന്നവരെയും ഞാൻ കുറ്റപ്പെടുത്തില്ല. കാരണം സാഹചര്യത്തിനനുസരിച്ചാണ് ഓരോരുത്തരും ജോലി ചെയ്യുന്നത്. വേഗതയേറിയ ഈ ലോകത്ത് ഇങ്ങനെയൊക്കെ ചെയ്താല്‍ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ.

ഗായകനായപ്പോൾ

പോൾ ബാബു സംവിധാനം ചെയ്ത ‘മൃത്യുഞ്ജയം’ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി പാടിയത്. അശോകൻ പാടി അഭിനയിക്കുന്ന രംഗം. ദാസേട്ടൻ (കെ.ജെ.യേശുദാസ്) പാടേണ്ടിയിരുന്ന പാട്ടാണത്. അന്ന് അമേരിക്കയിലായിരുന്ന ദാസേട്ടനു കൊടുത്തയക്കാൻ വേണ്ടി ഞാൻ ട്രാക്ക് പാടി. പൂവച്ചൽ ഖാദർ എഴുതിയ ‘പ്രിയദേ’ എന്നു തുടങ്ങുന്ന വരികൾ ഞാൻ പാടിക്കഴിഞ്ഞപ്പോൾ പോൾ ബാബു എന്നെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു, ‘ഇതിനി കൊടുത്തയക്കണ്ട വളരെ നന്നായിട്ടുണ്ട്’ എന്ന്. അദ്ദേഹം എനിക്കു കന്നിപ്പാട്ടിന്റെ പ്രതിഫലം പോലെ 101 രൂപയും തന്നു. വിദ്യാസാഗറിനു ഞാൻ പാടുന്നത് വലിയ ഇഷ്ടമാണ്. അർജുൻ അഭിനയിക്കുന്ന ‘കർണ്ണൻ’ എന്ന സിനിമയിൽ വിദ്യാസാഗർ സംഗീതം ചെയ്തപ്പോൾ ചിത്രത്തിനു വേണ്ടി ഞാൻ പാടണം എന്ന് അർജുൻ നിർബന്ധം പിടിച്ചു. അങ്ങനെയാണ് ‘ഹലോ ചെല്ലമ്മ’ എന്ന പാട്ട് ഞാനും സ്വർണ്ണലതയും ചേർന്നു പാടിയത്. ഔസേപ്പച്ചൻ എന്ന പേര് തമിഴിൽ ഉള്ളവർക്ക് പറയാൻ ബുദ്ധിമുട്ടാണ്. അർജുൻ ആണ് ചോദിച്ചത് ക്രെഡിറ്റിൽ ‘ചേട്ടൻ’ എന്നു വച്ചോട്ടെ എന്ന്. അങ്ങനെ ആ തമിഴ് പാട്ടിൽ എന്റെ പേരിന്റെ സ്ഥാനത്ത് ‘ചേട്ടൻ’ എന്നു ചേർക്കുകയായിരുന്നു. പിന്നെ ജയറാം നായകനായ ‘മുറൈ മാമൻ’ എന്ന സിനിമയിൽ വിദ്യാസാഗറിനു വേണ്ടി പാടി. അദ്ദേഹത്തിനു വേണ്ടി തെലുങ്കിലും പാടിയിട്ടുണ്ട്. 

എ.ആർ.റഹ്മാന്റെ സ്റ്റുഡിയോയിൽ പോയി ഞാൻ വയലിൻ വായിക്കാറുണ്ടായിരുന്നു. ഒരു ദിവസം റെക്കോർഡിങ് കഴിഞ്ഞ് ഞാൻ റഹ്മാനോട് പറഞ്ഞു (റഹ്മാൻ അന്ന് ദിലീപാണ്) ‘ദിലീപേ ഇതു വലിയ കഷ്ടമാണ് കേട്ടോ, എല്ലാവരും നിന്റേതു പോലെ ഓർക്കസ്ട്രേഷൻ വേണമെന്നു പറഞ്ഞാണു വരുന്നതെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, ‘അതൊന്നുമല്ല സാറേ എന്റെ പാട്ടുകൾ എന്റെ ഭാഗ്യമാണ്. സംവിധായകർ പാട്ടുകളെ മനോഹരമായി ദൃശ്യവത്ക്കരിക്കുന്നുണ്ട്. ദൃശ്യങ്ങൾ നന്നായിരിക്കണമെന്നുള്ളതുകൊണ്ടാണ് അവർ അത്തരത്തിൽ പാട്ടുകൾ ചോദിക്കുന്നത്. അല്ലാതെ ഇതെന്റെ കഴിവ് ഒന്നുമല്ല’ എന്ന്. അവൻ എന്തൊരു കഴിവുള്ള സംഗീതസംവിധായകനാണ്. ഞാൻ പാടിയ ‘ഓ ചാന്ദ്നി’ കേട്ട് ഇഷ്ടപ്പെട്ട് റഹ്മാൻ, അവനു വേണ്ടി ഒരു പാട്ട് പാടാമോ എന്ന് എന്നോടു ചോദിച്ചു. അവന്റെ പാട്ടുകൾ പാടാൻ ഗായകർ നിരനിരയായി നിൽക്കുകയാണ്. അന്ന് ഞാൻ അവനോടു പറഞ്ഞു, ‘നിനക്ക് വേണ്ടി ഞാൻ വയലിൻ വായിക്കുന്നുണ്ടല്ലോ അതു മതി, നിന്റെ പാട്ടുകൾ ജനങ്ങൾ വളരെ ഇഷ്ടപ്പെടുന്നു. അത് ആ വഴിക്ക് പൊയ്ക്കോട്ടെ എന്ന്.

വന്നു പോയവർ

സിനിമാ–സംഗീതരംഗത്ത് ഒരുപാട് പേര്‍ എന്നോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പലരും ഇപ്പോൾ ഇല്ല. എന്റെ ആദ്യകാല പാട്ടുകൾ ചെയ്യാൻ രണ്ടുമൂന്നുകൊല്ലം എന്നോടൊപ്പം ജോൺ ആന്റണി എന്ന മികച്ച ഗിറ്റാറിസ്റ്റ് ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം കന്നടയിലും തെലുങ്കിലും പോയി പിന്നെ ഇന്റർനാഷനൽ വർക്കുകൾ ചെയ്തു, പിന്നീട് സ്വന്തം ബാൻഡ് തുടങ്ങി. വലിയ നഷ്ടം സമ്മാനിച്ച് അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ നമ്മെ വിട്ടുപോയി. എ.ആർ റഹ്മാൻ എന്റെ നിരവധി പാട്ടുകൾക്കു കീബോർഡ് വായിച്ചിട്ടുണ്ട്. എന്റെ ഏറ്റവും നല്ല വർക്കുകൾക്കു ഞാൻ അദ്ദേഹത്തെ വിളിക്കുമായിരുന്നു. അതുപോലെ ഹാരിസ് ജയരാജ് കുറേയെറെ വർഷം എനിക്കൊപ്പം നിന്നു. പിന്നീട് അദ്ദേഹവും സ്വതന്ത്രമായി വർക്ക് ചെയ്തു തുടങ്ങി. പിന്നീട് കുറെ നാൾ ഗോപി സുന്ദർ എന്റെ കൂടെ ഉണ്ടായിരുന്നു. അവനും എന്നിൽ നിന്നും കുറെ കാര്യങ്ങൾ പഠിക്കുകയും എനിക്ക് വേണ്ട രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. അതിനു ശേഷം വില്യം ഫ്രാൻസിസ് വന്നു. കുറച്ചുകഴിഞ്ഞ് അവനും സ്വന്തം വഴി തേടി പോയി. ഒരാൾ വിട്ടുപോകുമ്പോൾ ചിറകറ്റതു പോലെ തോന്നുമെങ്കിലും പെട്ടെന്നു തന്നെ ആ സ്ഥാനത്ത് ദൈവം മറ്റൊരാളെ കൊണ്ടുവന്നു തരും എന്നാണു ഞാൻ വിശ്വസിക്കുന്നത്.

ശ്രദ്ധിക്കപ്പെടാതെ പോയ ഈണങ്ങൾ

ശ്രദ്ധിക്കപ്പെടാതെ പോയതും പുറത്തിറങ്ങാതെ പോയതുമായ ഒരുപാട് പാട്ടുകളുണ്ട്. അടുത്തിടെ സിത്താര കൃഷ്ണകുമാർ ഒരുക്കിയ ‘തരുണി’ കേട്ടപ്പോൾ എനിക്ക് ഞാൻ ചെയ്ത ഏതോ പാട്ടുമായി വളരെ വലിയ സാമ്യം തോന്നി. ആ പാട്ട് ജ്യോതിസ്വരൂപിണി രാഗത്തിൽ ആണ് ചെയ്തിരിക്കുന്നത്. രണ്ടു രാഗങ്ങൾ മിക്സ് ചെയ്യുന്നപോലെ ഒരു പ്രത്യേക രാഗം. ചിന്തിച്ചു നോക്കിയപ്പോൾ വളരെ വർഷങ്ങൾക്കു മുൻപ് ഒരു സുരേഷ്ഗോപി ചിത്രത്തിൽ ഞാൻ ചെയ്ത ക്ലാസിക്കൽ പാട്ട് പോലെ ഉണ്ടെന്നു തോന്നി. ദാസേട്ടൻ വളരെ മൃദുലമായി ക്ലാസിക്കൽ പാടിയ പാട്ടാണത്. പക്ഷേ ആ പാട്ട് ശ്രദ്ധിക്കപ്പെടാതെ പോയി. ‘തരുണി’ പുറത്തിറങ്ങിയപ്പോൾ ഞാൻ സിത്താരയോടു ചോദിച്ചു നീ ഈ പാട്ട് കേട്ടിട്ടുണ്ടോ എന്ന്. അതിശയത്തോടെയാണ് അവൾ പ്രതികരിച്ചത്. ഇത്തരത്തിൽ ചെയ്തുവച്ച പാട്ടുകളിൽ പലതും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. ചിലത് ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നിട്ടുമുണ്ട്. ‘എന്റെ സൂര്യപുത്രൻ’ എന്ന സിനിമയിലെ ‘പഞ്ചവർണക്കുളിരെ പാലാഴി കടവിൽ വരുമോ കൂടെ വരുമോ’ എന്നു തുടങ്ങുന്ന ഗാനം അടുത്തിടെ ഹിറ്റായി. ലക്ഷക്കണക്കിനു പേരാണു പാട്ട് ആസ്വദിച്ചത്. ഇത്തരത്തിൽ ചില പാട്ടുകൾക്ക് പുനർജ്ജന്മം കിട്ടുന്നുണ്ട്.

വയലിൻ മാന്ത്രികതയും ഔസേപ്പച്ചനും 

വയലിനെയും എന്നെയും തമ്മിൽ പിരിക്കാൻ പറ്റില്ല. ഞാൻ ഒരു സംഗീതസംവിധായകൻ ആയതിന്റെ പ്രധാന ക്രെഡിറ്റ് വയലിനു തന്നെയാണ്. അല്ലെങ്കിൽ ഞാൻ ചിലപ്പോൾ ഒരു ശാസ്ത്രജ്ഞനോ കായികതാരമോ ആകുമായിരുന്നു. ഒരുപാട് സയൻസ് എക്സിബിഷൻ ചെയ്യാറുണ്ടായിരുന്നു. ഞാൻ ഒരു ശാസ്ത്രജ്ഞൻ ആകുമെന്നാണു കരുതിയതെന്ന് സഹോദരി എപ്പോഴും പറയും. എന്റെ എല്ലാ പാട്ടിലും വയലിന്‍ സംഗീതത്തിന്റെ ഒരു ടച്ച് ഉണ്ടാകും. എല്ലാ പാട്ടുകളും ഞാൻ മനസ്സ് കൊണ്ട് മൂളുമ്പോൾ അതിൽ വയലിന്റെ സ്വാധീനം ഉണ്ടാകും. ഒരിക്കൽ ദാസേട്ടൻ എന്നോടു തമാശയായി പറഞ്ഞിട്ടുണ്ട് ‘നീ നിന്റെ വയലിൻ എന്റെ വായിൽ കൊണ്ട് വയ്ക്കരുത്. ഞാൻ പാടുന്നത് വോക്കൽ ആണ് നീ വയലിൻ വായിക്കുന്നതു പോലെ നിനക്ക് പാടാൻ പറ്റും, ഞാൻ വയലിനിസ്റ്റ് അല്ല, എനിക്ക് ഗായകനെപ്പോലെയെ പാടാൻ പറ്റൂ’ എന്ന്. 

ഞാനും അവളും ഞങ്ങളുടെ കുടുംബവും

എന്റെ സ്റ്റുഡിയോ വീട്ടിൽ തന്നെയാണ്. ഞാൻ സംഗീതത്തിന്റെ ലോകത്ത് ആണെങ്കിലും എപ്പോഴും വീട്ടിൽ ഉണ്ടാകും. എന്റെ തിരക്കുകൾ മനസ്സിലാക്കി ഒപ്പം നിൽക്കുന്നതിനു ഞാൻ എന്റെ ഭാര്യയോട് കടപ്പെട്ടിരിക്കുന്നു. ഭാര്യയ്ക്ക് ഞാൻ എപ്പോഴും സുഖമായും സൗകര്യപ്രദമായും ഇരിക്കണം എന്നു മാത്രമേ ആഗ്രഹമുള്ളൂ. എന്റെ ഉയർച്ചക്കു വേണ്ടി എന്തും ത്യജിക്കാൻ അവൾ തയ്യാറാണ്. ഞാൻ പാട്ടുകൾ ഒരുക്കുമ്പോൾ ആദ്യം കേൾപ്പിക്കുന്നത് അവളെയാണ്. അവൾ പറയുന്ന അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ആ പാട്ട് എത്രത്തോളം മികച്ചതായി എന്ന് എനിക്കു മനസ്സിലാകും. മക്കളും മറ്റു കുടുംബാംഗങ്ങളുമെല്ലാം എന്നെ മനസ്സിലാക്കുന്നവരാണ്. എന്റെ തിരക്കുകൾ അവർക്ക് അറിയാം. എല്ലാ അത്യാവശ്യ കാര്യങ്ങൾക്കും ഞാൻ അവരുടെ കൂടെ ഉണ്ടാകും.

സംഗീതം എന്റെ ആത്മാവ്

എനിക്ക് ഹോബി ആയും ജോലിയായും പാഷൻ ആയും ഒന്നേ ഉള്ളൂ അത് സംഗീതമാണ്. പാട്ട് കേൾക്കുക, പാട്ട് ചിട്ടപ്പെടുത്തുക, വയലിൻ വായിക്കുക അത് മാത്രമാണ് എന്റെ ജീവിതം. ദൈവീക കാര്യങ്ങൾക്ക് ആയാലും നല്ല പാട്ടുകൾ ആണെങ്കില്‍ മാത്രമേ കേൾക്കാൻ കഴിയൂ. മാസ്സ് കേൾക്കുമ്പോൾ പോലും പാട്ട് നന്നായില്ലെങ്കിൽ ഞാൻ കണ്ണും ചെവിയും കൊട്ടിയടയ്ക്കും. സംഗീതമാണ് എന്നെ നയിക്കുന്നത്. എന്റെ ജീവിതത്തിലെ മുക്കിലും മൂലയിലും സംഗീതമാണ്. ഞാൻ വലിയ സംഗീതജ്ഞനാണെന്നു ഒരിക്കലും പറയില്ല, ഇപ്പോഴും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA