ചെറിയ പാട്ടിനു വേണ്ടി അദ്ദേഹത്തെ വിളിക്കുന്നത് എങ്ങനെ? ഒടുവിൽ പേടിയോടെ ഞാനതു ചോദിച്ചു: അഹാന

ahana-govind
SHARE

അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക്കല്‍ വിഡിയോ ‘തോന്നല്’ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണു പ്രേക്ഷകർ. സ്റ്റാർ ഹോട്ടലിന്‍റെ അടുക്കളയും കേക്കും പ്രമേയമാക്കി ഒരുക്കിയ ‘തോന്നലി’ൽ ഷെഫ് ആയാണ് അഹാന എത്തുന്നത്. കുട്ടിക്കാലത്തെ മധുരിക്കുന്ന ചില ഓർമകള്‍ പ്രേക്ഷകര്‍ക്കു സമ്മാനിക്കുകയാണ് ‘തോന്നല്’. ഷർഫുവിന്‍റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ഹനിയ നഫീസ ഗാനം ആലാപിച്ചു. കുട്ടി താരമായ തെന്നല്‍ അഭിലാഷ്, ഷാഹിം സഫര്‍, അമിത് മോഹന്‍, ഫര്‍ഹ തുടങ്ങിയവരും ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ മുരളിയാണ് എഡിറ്റിങ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി.‘തോന്നലി’ന്‍റെ വിശേഷങ്ങളുമായി അഹാന കൃഷ്ണ മനോരമയ്ക്കൊപ്പം.  

‘തോന്നല്’ തുടങ്ങിയത്

തോന്നല് തുടങ്ങുന്നത് ഈ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ്. കുറച്ചു കാലമായി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ഞാനും എന്‍റെ ഫ്രണ്ട് നിമിഷ് രവിയും ആലോചിച്ചു തുടങ്ങിയത്. ധാരാളം പ്രോജക്ടുകള്‍ ചെയ്തവര്‍ക്ക് ഇതുവരെ ചെയ്തതില്‍ നിന്നും പുതിയതായി എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കാം. പക്ഷേ എനിക്ക് അങ്ങനെയായിരുന്നില്ല. ആദ്യമായി ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളെ പറ്റിയായിരിക്കും മിക്കവരും ചിന്തിക്കുക. ഞാന്‍ ഒരു ആഹാരപ്രിയയാണ്. പലരും സീരീസോ സിനിമയോ ഒക്കെ കണ്ട് ആഹാരം കഴിക്കുമ്പോള്‍ ഞാന്‍ പാചക വിഡിയോ കണ്ടുകൊണ്ടാണ് ആഹാരം കഴിക്കുന്നത്. ആഹാരമാണ് എന്‍റെ വീക്നെസ്സ്. അങ്ങനെ നിമിഷും ഞാനും ചേര്‍ന്ന് ഒത്തിരി ചര്‍ച്ചകളിലൂടെ വന്നെത്തിയ ആശയമാണ് ‘തോന്നല്’.

പ്രതികരണങ്ങള്‍

ഇറങ്ങുന്നതിന് മുന്‍പ് തന്നെ വീട്ടില്‍ എല്ലാവരും കുറേ തവണ വിഡിയോ കണ്ടിട്ടുണ്ടായിരുന്നു. എല്ലാവരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ആശയം പങ്കുവച്ചപ്പോൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മുതല്‍ ഫൈനല്‍ ഔട്ട് ഇറക്കുന്നത് വരെ അവര്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടന്നറിയുന്ന‍‍‍‍‍‍‍‍‍‍‍‍‍‍‍തു തന്നെ സന്തോഷം. ഒത്തിരി സമയമെടുത്ത്, ഒത്തിരി പ്രതീക്ഷകളോടെ ചെയ്ത പ്രൊജക്ടാണിത്. വിഡിയോ ഇറങ്ങിയുടന്‍ തന്നെ ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. സിനിമ മേഖലയിലുള്ളവരില്‍ ഞാന്‍ ആദ്യം വിഡിയോ കാണിച്ചത് പൃഥ്വി ചേട്ടനെയും മഞ്ജു ചേച്ചിയെയുമാണ്. ഞാന്‍ ഒത്തിരി ആരാധിക്കുന്ന രണ്ടു പേരാണ് അവര്‍. ഇരുവരും മികച്ച അഭിപ്രായം പറ​ഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. യൂട്യൂബിലാണെങ്കിലും ധാരാളം പേര്‍ സമയമെടുത്ത് അഭിപ്രായം പറയുന്നുണ്ട്.

‘തോന്നല്’ ടീം

ഞാനും നിമിഷും ചേര്‍ന്നപ്പോള്‍ തന്നെ സംവിധായകന്റെയും ഛായാഗ്രാഹകന്റെയും അഭിനേതാവിന്റെയും കാര്യത്തില്‍ തീരുമാനമായി. എഡിറ്റിങ് ചെയ്ത മിഥുന്‍ ചേട്ടന്‍ എന്‍റെ നല്ലൊരു സുഹൃത്താണ്. സംഗീതത്തിന്‍റെ കാര്യമായിരുന്നു ഒരു ചോദ്യചിഹ്നമായി എന്‍റെ മുന്നിലുണ്ടായിരുന്നത്. 'അടി' എന്ന സിനിമയിലെ ഗോവിന്ദ് വസന്തയുടെ സംഗീതം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. 'ഞാന്‍ സ്റ്റീവ് ലോപസി'ലൊക്കെ ഒന്നിച്ച് വര്‍ക്ക് ചെയ്തെങ്കിലും ‘അടി’ സിനിമയുടെ സമയത്താണ് സുഹൃത്തുക്കളാകുന്നത്. ഗോവിന്ദ് സംഗീതം ചെയ്താല്‍ നന്നായിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന സംഗീതസംവിധായകനാണ് ഗോവിന്ദ്. ഗോവിന്ദിനെ പോലെ തിരക്കുള്ള ഒരാള്‍ ഇതുപോലെ ഒരു ചെറിയ മ്യൂസിക് വിഡിയോ ചെയ്യുമോ എന്നു ചോദിക്കാൻ തന്നെ എനിക്കു ടെന്‍ഷനായിരുന്നു. പക്ഷേ, പേടിയോടെയാണെങ്കിലും ഞാന്‍ ചോദിച്ചത് നല്ല തീരുമാനമായിത്തോന്നുന്നു. തോന്നലിനെ പറ്റി പറഞ്ഞപ്പോള്‍ തന്നെ ചെയ്യാം എന്നു ഗോവിന്ദ്  സമ്മതിക്കുകയായിരുന്നു. ലൂക്കയുടെ കലാസംവിധായകനായ അനീസ് നാടോടിയാണ് ആര്‍ട്ട് ചെയ്തത്. അനീസ് ഒരു മജീഷ്യനാണ്. ആര്‍ട്ട് അനീസിനെ ഏല്‍പ്പിച്ചാല്‍ പിന്നെ പേടിക്കേണ്ട. ഒരുപാട് സുഹൃത്തുക്കളും സഹായിച്ചു. തോന്നല്‍ ഒരു ടീംവര്‍ക്കായിരുന്നു.

ഷൂട്ടിങ് അനുഭവങ്ങള്‍

കോവളത്തെ താജ് റിസോര്‍ട്ടിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ഷൂട്ട് നടന്നത്. ഷൂട്ടിനിടയ്ക്ക് നൂറിന്‍ ഷരീഫ് എടുത്ത ഒരു വിഡിയോ പുറത്ത് വന്നിരുന്നു. ചിത്രീകരണത്തിന്‍റെ സമയത്ത് ഒരു മേക്കിങ് വിഡിയോയും എടുത്തു. ഏതാനും ദിവസങ്ങൾക്കകം അതും പുറത്തിറക്കാമെന്നാണു കരുതുന്നത്.

അഭിനയത്തില്‍ നിന്നു സംവിധാനത്തിലേക്ക്

2015ല്‍ അച്ഛനെ മുഖ്യ കഥാപാത്രമാക്കി ഒരു ഷോര്‍ട്ട്ഫിലിം ചെയ്തിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് പഠിക്കുന്ന കാലത്ത് അതുപോലെ ഒരുപാട് ഷോര്‍ട്ട്ഫിലിം ചെയ്തിട്ടുണ്ടെങ്കിലും ബാക്കിയൊന്നും അപ്‌ലോഡ് ചെയ്തിട്ടില്ല. ‘തോന്നല്’ എന്‍റെ ആ‍ദ്യ സംവിധാന സംരംഭമാണെന്നു പറയാം. ഞാനും നിമിഷും ചേര്‍ന്നാണ് പ്രൊഡക്‌ഷന്‍ കൈകാര്യം ചെയ്തത്. മ്യൂസിക് വിഡിയോ ആകുമ്പോള്‍ അതിന്‍റേതായ പരിമിതികളുണ്ട്. അതിനാല്‍ തന്നെ നിർമാണത്തിന്റെയും സംവിധാനത്തിന്റെയും അഭിനയത്തിന്റെയും ചുമതലകള്‍ എനിക്കുണ്ടായിരുന്നു. നല്ലൊരു ടീം കൂടെയുണ്ടായിരുന്നത് ഭാഗ്യമായി. നല്ല ടീമിനെ നയിക്കുന്നതിനും ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും ‘തോന്നല്’ സ്വന്തം വര്‍ക്ക് പോലെ പ്രിയപ്പെട്ടതാക്കാനും ഒരു സംവിധായിക എന്ന നിലയില്‍ ഞാന്‍ വിജയിച്ചു എന്നു കരുതുന്നു. വിഡിയോ ഇറങ്ങുന്നതിന് മുന്‍പ് 50 തവണ കണ്ടതാണെങ്കിലും എവിടെയെങ്കിലും പ്രശ്നമുണ്ടാകുമോ, പ്രേക്ഷകപ്രതികരണങ്ങള്‍ എത്തരത്തിലായിരിക്കും എന്നിങ്ങനെ പല ആശങ്കകളും ഉണ്ടായിരുന്നു. വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങൾ ലഭിച്ചുതുടങ്ങിയപ്പോൾ സമാധാനമായി. 

കഥയിലെ കേക്ക്

കേക്കിനു പിന്നില്‍ തിരുവനന്തപുരത്തെ 'മിയാസ് കപ്പ്കേക്ക്സ്' എന്ന ബേക്കറാണ്. വീട്ടില്‍ വിശേഷ ദിവസങ്ങളില്‍ അവിടെ നിന്നും കേക്ക് വാങ്ങാറുണ്ട്. ഹന്‍സികയുടെ പിറന്നാളിന് ഒരു മത്സ്യകന്യകയുടെ കേക്ക് ചെയ്യിപ്പിച്ചിരുന്നു. മിയ വളരെ അർപ്പണബോധമുള്ളയാളാണെന്ന് എനിക്ക് അന്ന് മനസ്സിലായി. 'തോന്നലി'ല്‍ കേക്കും ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ്. അങ്ങനെയാണ് മിയയോട് അതേക്കുറിച്ചു സംസാരിക്കുന്നത്. പിന്നീട് ഞാന്‍ തന്നെ റിസേര്‍ച്ച് ചെയ്താണ് കേക്ക് പാറ്റേണ്‍ തീരുമാനിച്ചത്. ഒരുപാട് സമയമെടുത്താണ് കേക്ക് നിർമാണം പൂർത്തീകരിച്ചത്. ഞാന്‍ പ്രതീക്ഷിച്ചതു പോലെ തന്നെ മിയ വളരെ ഭംഗിയായി കേക്ക് ഒരുക്കി.

ആറ് മാസത്തെ 'തോന്നല്'

ഞാന്‍ വല്ലപ്പോഴുമാണ് ഇങ്ങനൊക്കെ ചെയ്യുന്നത്. എന്തെങ്കിലും ചെയ്യുമ്പോള്‍ അത് നന്നായി വരണമെന്നുണ്ടായിരുന്നു. ഷൂട്ട് ചെയ്തതും സമയമെടുത്താണ്. എല്ലാവര്‍ക്കും വേണ്ടത്ര സ്വാതന്ത്ര്യം ഞാന്‍ കൊടുത്തു. ഒക്ടോബര്‍ 13ന് എന്‍റെ ജന്മദിനത്തിലാണ് ‘തോന്നലി’ന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. അതിനാല്‍ ഒക്ടോബറില്‍ തന്നെ വിഡിയോ ഇറക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് മാസാവസാനം പാട്ട് പ്രേക്ഷകരിലെത്തിച്ചത്.

സിനിമ സംവിധാനം

സിനിമ സംവിധാനം ചെയ്യുന്നത് ഒരു സ്വപ്നമാണ്. എളുപ്പമല്ലെന്നറിയാം. ഞാന്‍ എഴുതുന്ന കഥ സംവിധാനം ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം. സംവിധായിക ആവുക എന്നതല്ല, എന്‍റെ മനസ്സില്‍ വരുന്ന ഒരു കഥ നല്ല രീതിയില്‍ പറയണം എന്നതാണ് എന്‍റെ മോഹം. നല്ലൊരു കഥ മനസ്സില്‍ വരുമ്പോള്‍ തീര്‍ച്ചയായും ചെയ്യും. കുറച്ചു കാലം മുന്‍പ് വരെ എന്താണ് എന്‍റെ പാഷന്‍ എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നതോടോപ്പം തന്നെ ധാരാളം ബ്രാന്‍ഡുകളുമായി വര്‍ക്ക് ചെയ്യാറുണ്ട്. മാര്‍ക്കറ്റിങ് പഠിച്ചതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഓരോ ബ്രാൻഡിനു വേണ്ടിയും പ്രമോഷന്‍ ചെയ്യുന്നുണ്ട്. കണ്ടന്‍റ്‍ ക്രിയേഷനും അഭിനയവുമാണ് ഇപ്പോള്‍ ഞാന്‍ ആസ്വദിച്ചു ചെയ്യുന്നത്. സംവിധാനവും ആസ്വദിച്ചു തുടങ്ങി. എല്ലാം ഓരോ തരത്തിലുള്ള കഥ പറച്ചിലാണ്.

പ്രതീക്ഷകള്‍

ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ പ്രൊഡക്​ഷന്‍സിന്‍റെ ബാനറില്‍ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത 'അടി'യാണ് വരാനിരിക്കുന്ന ചിത്രം. ഷൈൻ ടോം ചാക്കോ, ധ്രുവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഇഷ്‌കിന്‍റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണു തിരക്കഥ. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് ‘അടി’. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് ‘അടി’യിലേത്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA