ADVERTISEMENT

ഹൃദയങ്ങൾ കീഴടക്കി ‘ദർശന’ മുന്നേറുമ്പോൾ ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയാണ് സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബ്. പ്രണവ് മോഹൻലാലും ദർശന രാജേന്ദ്രനും മത്സരിച്ചഭിനയിച്ച ഈ ഗാനരംഗം യൂട്യൂബിൽ റിലീസ് ചെയ്തതു മുതൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. യുവാക്കളുടെ ഹരമായി മാറിയ ഈ പാട്ടിന് റീൽസും കവർ പതിപ്പുകളുമായി നിരവധി ആരാധകരാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ‌ഒരിക്കൽ ആരാധിച്ചിരുന്ന സംഗീതസംവിധായകനായ വിനീത് ശ്രീനിവാസൻ തന്റെ ഒരു സംഗീത ആൽബം കണ്ട് ഇഷ്ടമായതു മുതൽ ഹൃദയത്തിലെ ‘ദർശന’ വരെയെത്തി നിൽക്കുന്ന സൗഹൃദം ജീവിതത്തിലെ വഴിത്തിരിവാണെന്നു ഹിഷാം പറയുന്നു. ഹൃദയത്തിലെ പതിനഞ്ചു പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിനിടെ പ്രശസ്തരും തുടക്കക്കാരുമായ ഗായകരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷവും മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുകയാണ് ഹിഷാം അബ്ദുൽ വഹാബ്. 

 

 

സ്വന്തം പാട്ട് പാടി വൈറൽ ആക്കുക 

 

 

പാട്ട് വൈറൽ ആകുമെന്നൊരു തോന്നൽ ഉണ്ടായിരുന്നു. ചില പാട്ടുകൾ വൈറൽ ആകുന്നത് നമ്മൾ കണ്ടിട്ടുണ്ടല്ലോ. ചിലത് ആളുകൾ നെഞ്ചേറ്റുന്ന സാഹചര്യവും ഉണ്ടാകുന്നു. വൈറൽ ആകാനുതകുന്ന ചില ഘടകങ്ങൾ ‘ദർശന’ എന്ന പാട്ടിലുണ്ട്. ഹൃദയത്തിലെ ഈ പാട്ടിന്റെ സംഗീതസംവിധായകനും ഗായകനുമാണ് ഞാൻ. പാട്ടിൽ എന്റെ മുഖം കാണിക്കുന്നതുപോലുമില്ല എന്നിട്ടുപോലും എവിടെ പോയാലും ആളുകൾ തിരിച്ചറിയുന്നു. ഓട്ടോഗ്രാഫ് വാങ്ങുന്നു, ചിത്രങ്ങൾ എടുക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുകയാണ്. പാട്ട് അത്രത്തോളം ആളുകൾക്കരികിൽ എത്തിയല്ലോ. പാട്ട് വളരെ പോസിറ്റീവ് ആണെന്നാണു ലഭിക്കുന്ന പ്രതികരണങ്ങളിലേറെയും. ‘ദർശന’യ്ക്ക് ഇത്രയേറെ റീച്ച് കിട്ടുമെന്നു കരുതിയില്ല. ഖത്തർ, കാനഡ, യുകെ തുടങ്ങി പല രാജ്യങ്ങളിൽ ഉള്ളവരും വിളിച്ചു പ്രശംസയറിയിച്ചു. ഒരുപാട് സന്തോഷം തോന്നുകയാണിപ്പോൾ. 

 

hesham-arun
അരുൺ ഏളാട്ട്, മിക്സിങ് എൻജിനീയർ ഹരിശങ്കർ എന്നിവർക്കൊപ്പം ഹിഷാം അബ്ദുൽ വഹാബ്.

 

പതിനഞ്ചു പാട്ടുകൾ 

 

 

സിനിമയുടെ ചർച്ച നടക്കുമ്പോൾ ഒൻപത് പാട്ടുകള്‍ ചെയ്യാനാണു പദ്ധതിയിട്ടിരുന്നത്. അതിനുള്ള സാഹചര്യങ്ങളാണു സിനിമയിൽ ഉൾക്കൊള്ളിച്ചത്. പക്ഷേ ചില സമയങ്ങളിൽ സംഗീതം എന്ന ടൂൾ ഉപയോഗിച്ച് സന്ദർഭത്തെ ബൂസ്റ്റ് ചെയ്യേണ്ട ആവശ്യം വന്നു. അത്തരത്തിലൊരു ശൈലിയാണ് വിനീതേട്ടൻ (വിനീത് ശ്രീനിവാസൻ) ഈ സിനിമയ്ക്കു വേണ്ടി ചെയ്തിട്ടുള്ളത്. ‘ദർശന’ എന്ന പാട്ടിന്റെ ഇടയിൽ സംഭാഷണശകലങ്ങൾ വരുന്നുണ്ട്. തുടക്കത്തിൽ ഒരു ഫൈറ്റ് കഴിഞ്ഞാണ് പാട്ട് തുടങ്ങുന്നത്. അങ്ങനെയുള്ള ചില പരീക്ഷണങ്ങൾ സിനിമയിലുടനീളം ഉണ്ട്. ഒരു സംവിധായകന് സംഗീതത്തോടുള്ള അടുപ്പം അദ്ദേഹത്തിന്റെ സിനിമയിലും പ്രതിഫലിക്കും. ക്രിസ്റ്റഫർ നോളൻ, മാർട്ടിൻ സ്‌കോർസ്‌കി, ഇംതിയാസ്‌ അലി, സഞ്ജയ് ലീലാ ബൻസാലി തുടങ്ങിയവരുടെയൊക്കെ സിനിമകൾ നോക്കിയാൽ സംഗീതത്തിന് ഒരുപാട് പ്രാധാന്യമുള്ളതായി കാണാം. അടിസ്ഥാനപരമായി സംഗീതം ഒരു ടൂൾ ആക്കി സിനിമയെ സപ്പോർട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ‘ഹൃദയ’ത്തിന്റെ കാര്യമാണെങ്കിൽ സിനിമയെ പ്രൊജക്ട് ചെയ്യാൻ സംഗീതത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് വിനീതേട്ടൻ നോക്കിയത്. വിനീതേട്ടന്റെ എല്ലാ സിനിമകളും എടുത്തു നോക്കിയാൽ സംഗീതത്തിന് ഒരുപാട് പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കാം.  ഈ സിനിമയിൽ കുറച്ചുകൂടി ശക്തമായി സംഗീതം ഉപയോഗിച്ചിട്ടുണ്ട്.

 

 

വിനീതിന്റെ സ്വാധീനം

‌‌

 

hesham-vineeth
വിനീത് ശ്രീനിവാസൻ, മിക്സിങ് എൻജിനീയർ ഹരിശങ്കർ എന്നിവർക്കൊപ്പം ഹിഷാം അബ്ദുൽ വഹാബ്.

‘ഹൃദയത്തി’ലെ പാട്ടുകളിൽ വിനീതേട്ടന്റെ സ്വാധീനമുണ്ട്. ഓരോ പാട്ടും എങ്ങനെ വേണം എന്ന് കൃത്യമായ ഒരു ധാരണ അദ്ദേഹം നൽകിയിരുന്നു. ഓരോ ട്രാക്കും എങ്ങനെ സഞ്ചരിക്കണം, എന്താണ് അതിന്റെ സീൻ, അത് ദൃശ്യവൽക്കരിക്കുന്നതെങ്ങനെ എന്നൊക്കെ ചർച്ച ചെയ്തിട്ടാണ് പാട്ടൊരുക്കുന്നത്. ഈ പാട്ട് ചെയ്തപ്പോൾ ‘ദർശന’ എന്ന പേര് അതിൽ വരണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. അത് ഉൾപ്പെടുത്തിയിട്ടാണ് ബാക്കി ഭാഗം ചിട്ടപ്പെടുത്തിയത്.

 

 

പാട്ടിനെ പ്രണയാർദ്രമാക്കിയ വരികൾ

 

 

‘ദർശന’ എന്ന പാട്ടിനു വരികൾ എഴുതിയത് അരുൺ ഏളാട്ട് ആണ്. അരുൺ ഒരു സംഗീതസംവിധായകൻ കൂടിയായതുകൊണ്ട് ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം വളരെ എളുപ്പമായിരുന്നു. പാടിക്കൊടുക്കുന്ന സമയത്ത് മീറ്ററും താളവുമൊക്കെ നോക്കിയിട്ടാണ് അവൻ ഓരോ വാക്കും തിരഞ്ഞെടുത്തത്.  ദർശന രാജേന്ദ്രൻ പാടിയ ഫീമെയിൽ പോർഷൻ മനോഹരമായ ഒന്നാണ്. അവിടെ എന്ത് തരത്തിലുള്ള വാക്കുകൾ ആയിരിക്കും വരിക എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അരുൺ വളരെ മനോഹരമായ വരികൾ തന്നു. അരുണിന് ഒരുപാട് നന്ദി പറയുകയാണിപ്പോൾ.

 

 

ഹൃദയത്തിലെ മറ്റു പാട്ടുകൾ 

 

 

‘ഹൃദയ’ത്തിലെ ഓരോ പാട്ടും ഓരോ അനുഭവം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക. ‘ദർശന’ എന്ന പാട്ടിന് ഇത്രത്തോളം അംഗീകാരം കിട്ടിയതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്. പുതിയ ഒരു സംഗീതാനുഭവം തന്നെ ഓരോ പാട്ടിലൂടെയും ലഭിക്കും.  ബാക്കിയൊക്കെ പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടത്. ആത്മാർഥമായി ജോലി ചെയ്തതുകൊണ്ട് നല്ല ആത്മവിശ്വാസമുണ്ട്.

 

 

ഗായകരുടെ നീണ്ട നിര

 

 

‘ഹൃദയ’ത്തിൽ ഒരുപാട് പ്രശസ്തരായ ഗായകരും പുതുതായി പാടി തുടങ്ങുന്നവരും ഉണ്ട്. ചിത്ര ച്ചേച്ചി (കെ.എസ്.ചിത്ര), ഉണ്ണി മേനോൻ സർ, ശ്രീനിവാസൻ സർ തുടങ്ങി ഇതിഹാസ ഗായകർ മുതൽ പുതിയ തലമുറയിലെ അരവിന്ദ് വേണുഗോപാൽ, വിമൽ, ഭദ്ര എന്നിവര്‍ വരെയുണ്ട്. സച്ചിൻ വാരിയർ, ജോബ് കുര്യൻ, വിനീതേട്ടൻ, അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ, ‌‌‌നടൻ പൃഥ്വിരാജ് എന്നിങ്ങനെ നിരവധി പേരാണു ‘ഹൃദയ’ത്തിനു വേണ്ടി പാടിയത്. പാട്ടിന്റെ ഫീമെയിൽ പതിപ്പ് ദർശന തന്നെ പാടട്ടെ എന്ന് വിനീത് ഏട്ടനാണ് നിർദ്ദേശിച്ചത്. ‘ഹൃദയത്തി’നു വേണ്ടി വളരെ കഴിവുള്ള ഒരുപാട് ഗായകർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. എല്ലാം വളരെ മികച്ച അനുഭവം ആയിരുന്നു.  

 

 

ദിവ്യയുടെ പാട്ട് 

 

 

‘ഹൃദയ’ത്തിനു മുൻപ് ‘ഉയർന്നു പറന്ന്’ എന്നൊരു പാട്ട് വിനീതേട്ടന്റെ ഈണത്തിൽ ദിവ്യ ചേച്ചി പാടിയിട്ടുണ്ട്. ആ പാട്ടിനു പ്രോഗ്രാം ചെയ്തത് ഞാൻ ആയിരുന്നു. അന്ന് പാടി കേട്ടപ്പോൾ തന്നെ ചേച്ചിയുടെ പാട്ടിനോട് എനിക്ക് ഒരിഷ്ടം തോന്നി. വ്യത്യസ്തമായ ശബ്ദമാണ് ചേച്ചിയുടേത്. ഹൃദയത്തിനു വേണ്ടി പാട്ട് ചെയ്തപ്പോൾ ഞാൻ ആണ് പറഞ്ഞത് നമുക്കിത് ദിവ്യ ചേച്ചിയെക്കൊണ്ടു പാടിക്കാമെന്ന്. ഞാൻ പറഞ്ഞപ്പോൾ വിനീതേട്ടൻ സമ്മതിച്ചു. ചിത്രത്തിനു വേണ്ടി ദിവ്യ ചേച്ചി വളരെ മനോഹരമായാണു പാടിയത്. 

 

 

ട്രോളുകൾ 

 

 

പാട്ടിനെക്കുറിച്ച് പല അഭിപ്രായങ്ങളും ട്രോളുകളും റീൽസും ഒക്കെ ഞാനും കണ്ടിരുന്നു. ശരിക്കും പറഞ്ഞാൽ വളരെ സന്തോഷമുണ്ട്. നമ്മൾ ഒരിക്കലും ആലോചിക്കുക പോലും ചെയ്യാത്ത തലങ്ങളിലേക്കാണ് ആളുകൾ ഈ പാട്ടിനെ എത്തിച്ചിരിക്കുന്നത്. പാട്ടിന്റെ ഇൻസ്ട്രമെന്റേഷനെക്കുറിച്ചൊക്കെ പലരും ചർച്ച ചെയ്യുന്നത് ഞാൻ കുറെ സ്ഥലങ്ങളിൽ കണ്ടു. ‘ദർശന’യിൽ ഔദ്, ബഗ്‌ലാമ, ഖാനൂൻ, ദൂദുക് തുടങ്ങിയ വാദ്യോപരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വിമർശനങ്ങളെ ഞാൻ നല്ലരീതിയിൽ ആണ് എടുക്കുന്നത്. അത് കാണുമ്പോൾ ‘ഓ ഇങ്ങനെയൊക്കെ ചെയ്യാമായിരുന്നു’ എന്നു നമുക്ക് ആലോചിക്കാൻ പറ്റും.  മലയാളികൾ പെട്ടെന്ന് അല്ല, കുറച്ച് ആലോചിച്ച ശേഷമേ എല്ലാം അംഗീകരിക്കൂ. അംഗീകരിച്ചു കഴിഞ്ഞാൽ മനസ്സിൽ ഇടം നൽകും. ‘ദർശന’യുടെ റീമിക്സുകളും വയലിൻ, പിയാനോ പതിപ്പുകളും ഡാൻസ് പതിപ്പുകളുമെല്ലാം കണ്ടു. പാട്ടിനെക്കുറിച്ചു ചർച്ചകൾ നടക്കുന്നതിലും ഒരുപാട് പേർ ഹൃദയത്തോടു ചേർത്ത് സ്വീകരിച്ചതിലുമെല്ലാം സന്തോഷം തോന്നുന്നു. പലരും നിരാശയിൽ കഴിയുന്ന സമയമാണല്ലോ ഇത്. ആഘോഷത്തിനു വേണ്ടി കാത്തിരുന്ന സമയത്താണ് ‘ദർശന’ എത്തുന്നത്. ഈ സമയത്ത് പുറത്തു വന്നതുകൊണ്ടാകാം പാട്ടിന് ഇത്രയേറെ സ്വീകാര്യത കിട്ടിയത്. സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം കൂടി എന്നാണ് ഞാൻ കരുതുന്നത്. പാട്ട് ശ്രദ്ധേയമായതിനു ശേഷം കൗമാരക്കാരും യുവാക്കളുമാണ് എനിക്ക് കൂടുതലായും മെസേജുകൾ അയക്കുന്നത്. ഞാൻ ആ പ്രായത്തിലായിരുന്നപ്പോൾ എന്നെയും സംഗീതം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അന്നുണ്ടായ പ്രചോദനം കൊണ്ടാണ് ഞാൻ ഇപ്പോൾ ഇവിടെയെത്തി നിൽക്കുന്നത്. എന്റെ സംഗീതത്തിലൂടെ മറ്റുള്ളവർക്കു പ്രചോദനം പകരാൻ കഴിയുമെങ്കിൽ അതിൽപ്പരം സന്തോഷം വേറെയില്ല.

 

 

വിനീത് എന്ന സുഹൃത്ത് 

 

 

വിനീതേട്ടൻ ഈ പാട്ട് എന്നെ ഏൽപ്പിച്ചത് എങ്ങനെയെന്നു ഞാൻ അദ്ഭുതപ്പെടാറുണ്ട്. പണ്ട് ഞാൻ ഏറെ ആരാധിച്ചിരുന്ന ആളാണ് വിനീതേട്ടൻ. ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയും അതിലെ പാട്ടുകളും എല്ലാവരും ഒരുപാട് ആഘോഷിച്ചതാണ്. പിന്നീട് ‘തിര’യിൽ ഞാൻ പാടി. ഞാൻ സംഗീതം ചെയ്ത ‘ക്യാപ്പുച്ചിനോ’, ‘ഓളെക്കണ്ട നാൾ’ എന്നീ ചിത്രങ്ങളിലൊക്കെ വിനീതേട്ടനെക്കൊണ്ടു പാടിക്കുന്നുണ്ട്. 2015ൽ ഞാനൊരുക്കിയ സൂഫി ആൽബം ‘ഖദം ബദാ’ വിനീതേട്ടൻ കേൾക്കുകയും അദ്ദേഹത്തിന് സിനിമ എഴുതാൻ പ്രചോദനമാവുകയും ചെയ്തു. ഇതെല്ലാം ഒരു നിമിത്തമായാണു കരുതുന്നത്. അദ്ദേഹവുമായുള്ള ആ അടുപ്പത്തിലൂടെയാണ് ഞാൻ ‘ഹൃദയ’ത്തിന്റെ സംഗീതസംവിധായകനായത്. 

 

 

ഉത്തരവാദിത്തങ്ങൾ കൂടുന്നു

 

 

‘ദർശന’ എന്ന ആദ്യ ഗാനത്തിന് കിട്ടുന്ന ഈ സ്വീകരണം എന്നെ കൂടുതൽ പ്രതിബദ്ധതയുള്ളവനാക്കുന്നു. എനിക്ക് വലിയ ആത്മവിശ്വാസം തോന്നുകയാണിപ്പോൾ. അതിരുകൾ ഭേദിച്ച് സംഗീതത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള ആത്മവിശ്വാസം ‘ദർശന’ എനിക്കു സമ്മാനിച്ചു. ഇന്നത്തെ കാലത്ത് യുവാക്കൾക്കു മാതൃകയാക്കാൻ കഴിയുന്ന സംഗീത സംവിധായകർ വളരെ ചുരുക്കമാണ്. ജീവിതത്തിലെ മൂല്യങ്ങളും സംഗീതത്തോടുള്ള പ്രതിബദ്ധതയും സൗന്ദര്യാത്മകതയും ഗൗരവവും കാത്തു സൂക്ഷിക്കുന്ന വളരെ ചുരുക്കം പേരെയുള്ളൂ. അങ്ങനെ ഒരാളാകണം എന്നാണ് എന്റെ ആഗ്രഹം.  ‘ദർശന’ എന്ന പാട്ടിൽ എന്റെ ജീവിതത്തിൽ ഞാൻ പിന്തുടരുന്ന അച്ചടക്കവും സംഗീതത്തോടുള്ള ആത്മാർത്ഥതയും പ്രതിഫലിക്കുന്നുണ്ട്. ഞാൻ മാത്രമല്ല വിനീത് ശ്രീനിവാസൻ എന്ന സംവിധായകനും അങ്ങനെയൊരു വ്യക്തിയാണ്. ഈ പാട്ടിനുവേണ്ടി ജോലി ചെയ്ത എല്ലാവരും വളരെ സത്യസന്ധതയും ആത്മാർഥതയും കാണിച്ചതുകൊണ്ടാണ് ‘ദർശന’ ശ്രദ്ധേയമായത്. ഞങ്ങളുടെ പാട്ട് ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി. ഇനിയും ഇതുപോലെ മികച്ച പാട്ടുകൾ നിങ്ങളിലെത്തിക്കുമെന്ന് ഉറപ്പു തരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com