‘സംഗീതമൊരു ദുപ്പട്ട പോലെ ഹൃദയത്തെ ചുറ്റുന്നു’; നിത്യ മാമ്മൻ അഭിമുഖം

nithya-mammen-interview
SHARE

പാതിരാവിലുണർന്നിരുന്ന് പാട്ടു സാധകം ചെയ്യുന്ന പെൺകുട്ടി... വെള്ളരിപ്രാവുകൾ പോലും കുറുകൽ നിർത്തി കൂർക്കംവലിച്ചുറങ്ങുന്ന നട്ടപ്പാതിരയ്ക്ക് എന്താ അങ്ങനെയെന്നു ചോദിച്ചാൽ നിത്യ മാമ്മൻ പറയും: ‘‘പാട്ടു വന്ന് ഉള്ളില് മുട്ടണത് അപ്പോഴാണ്.’’

സിനിമയിൽ പാടിയ മൂന്നാമത്തെ പാട്ടിനു മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെടുത്തു നിത്യ മാമ്മൻ. പാതിരയും പ്രാക്കളും നിലാവും അത്തറും ഇഴചേർന്ന ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്നു തുടങ്ങുന്ന പാട്ടിനാണു പുരസ്കാരം. ഹരിനാരായണന്റെ വരികൾക്ക് എം. ജയചന്ദ്രന്റെ സ്വർഗീയ സംഗീതം. നിത്യയുടെ പാട്ടുവർത്തമാനങ്ങൾ.

മണൽക്കാട്ടിലെ പാട്ട്

ജനിച്ചതും പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതും ഖത്തറിലാണ്. കുട്ടിക്കാലം മുതലുണ്ട് സംഗീത പഠനം. വിവിധ ഗുരുക്കന്മാരുടെ കീഴിൽ കർണാടക, ഹിന്ദുസ്ഥാനി സംഗീതം. സ്കൂളിലും മലയാളി അസോസിയേഷനുകളുടെ പരിപാടികളിലും പതിവായി പങ്കെടുത്ത് മുട്ടിടിപ്പും വെള്ളിവീഴ്ചയും മാറ്റി. പള്ളി ക്വയറിലും പാടിയിരുന്നു. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും അമ്മയും ചേച്ചിയും നന്നായി പാടും. അച്ഛനുമുണ്ട് സംഗീതത്തിൽ കമ്പം. 

ബെംഗളൂരുവിലെ തിരക്ക്

ആർക്കിടെക്ചർ ബിരുദത്തിനു ബെംഗളൂരുവിലാണു ചേർന്നത്. അക്കാലത്ത് അവിടെയുമുണ്ടായിരുന്നു ഹിന്ദുസ്ഥാനി പഠനം. പക്ഷേ, പരിപാടികളിൽ അധികം പങ്കെടുക്കാനായില്ല. പ്രോജക്ട്, അസൈൻമെന്റ്, ഹോസ്റ്റൽ നിയന്ത്രണങ്ങൾ... പാട്ടു മെല്ലെ പതുങ്ങി. പഠന ശേഷം സ്വദേശമായ തിരുവനന്തപുരത്ത് എത്തിയപ്പോഴാണു തംബുരു വീണ്ടും മുറുക്കിയത്. കുടുംബവും ഖത്തറിൽ നിന്നു നാട്ടിലെത്തിയിരുന്നു. കുറച്ചുകാലം ബെംഗളൂരുവിലും തിരുവനന്തപുരത്തും പഠിച്ച പണി ചെയ്തെങ്കിലും സംഗീതമൊരു ദുപ്പട്ട പോലെ ഹൃദയത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ടിരുന്നു.

ട്രാക്ക് പാടി ട്രാക്കിലേക്ക്

കൂട്ടുകാർക്കൊപ്പം കവർ സോങ്ങുകൾ പാടുക. അതിനു വിഡിയോ തയാറാക്കുക. സ്വന്തം യു ട്യൂബ് ചാനലിൽ അപ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ലോഡ് ചെയ്യുക. ഇത്യാദി പരീക്ഷണങ്ങളായിരുന്നു ആദ്യം. അപ്‌ലോഡ് ചെയ്ത മിക്ക പാട്ടുകളും ജനം ഇഷ്ടപ്പെട്ടതോടെ ചില സംഗീത സംവിധായകരും എന്റെ ശബ്ദം ശ്രദ്ധിച്ചു. ഭക്തിഗാനങ്ങളാണ് ആദ്യം പാടിയത്. പലതും സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്റ്റേജ് പ്രോഗ്രാമുകൾ കിട്ടിത്തുടങ്ങി. ഗോപി സുന്ദർ അടക്കമുള്ള പല സംഗീത സംവിധായകരും ട്രാക്ക് പാടാൻ ക്ഷണിച്ചു. 

അങ്ങനെയിരിക്കെയാണ് ‘എടക്കാട് ബറ്റാലിയനി’ൽ (2019) ട്രാക്ക് പാടാൻ വിളിച്ചത്. ശരിക്കു പാടേണ്ടയാൾ ശ്രേയ ഘോഷാൽ. പാട്ടൊരുക്കിയ കൈലാസ് മേനോനും കൂട്ടർക്കും ഞാൻ പാടിയതു പിടിച്ചു. അങ്ങനെ ആ ട്രാക്ക് എന്റെ ശബ്ദത്തിൽ തന്നെ മാസ്റ്റർ ചെയ്തു. ആ പാട്ടാണു ‘നീ ഹിമമഴയായ് വരൂ...’

സൂഫിയുടെ സുജാതയിലേക്ക്

പിന്നീടു പാടിയത് ‘കുങ്ഫു മാസ്റ്ററി’ൽ. അതിൽ മലയാളത്തിലും ഹിന്ദിയിലും പാടാനായി. ഗായകൻ ഹരിശങ്കർ പറഞ്ഞാണ് എം. ജയചന്ദ്രൻ സാർ എന്റെ പാട്ട് ശ്രദ്ധിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ ആത്മാവായ ‘വെള്ളരിപ്രാവിനെ’ സാർ ധൈര്യപൂർവം എന്നെ ഏൽപ്പിക്കുകയായിരുന്നു. പാട്ടിലെ ഓരോ തരിമ്പും പാടിപ്പറഞ്ഞു പഠിപ്പിച്ചു. സൂഫിയുടെയും സുജാതയുടെയും ഉൾപ്പെരുക്കങ്ങൾ അനുഭവിച്ചു പാടിഫലിപ്പിക്കാനായതിനു പിന്നിൽ ജയചന്ദ്രൻ സാറിന്റെ പ്രോത്സാഹനവും ഗുരുക്കന്മാരുടെ അനുഗ്രഹവും.

എൻഎം ബാൻഡ്

അച്ഛൻ മാമ്മൻ വർഗീസ്, അമ്മ അന്നമ്മ. വിവേക് ആണു ഭർത്താവ്. ഭർത്താവിന്റെ ജോലി, റിക്കോർഡിങ് സൗകര്യങ്ങൾക്കായി ഇപ്പോൾ കൊച്ചി കാക്കനാടാണു സ്ഥിരവാസം. ഇടച്ചിറ മ്യൂസിക് ഹോപ് അക്കാദമിയിൽ ബേണി– ഇഗ്ന്യേഷസ് സഖ്യത്തിലെ ബേണി സാറിന്റെ കീഴിൽ ഹിന്ദുസ്ഥാനി പഠനം തുടരുന്നു. ചില പുതിയ ചിത്രങ്ങളിൽ പാടി. ചിലതു കരാറായി. NM BAND എന്ന പേരിൽ രൂപീകരിച്ച സംഗീത സംഘത്തിന്റെ പണിപ്പുരയിലുമാണ്. കവർ സോങ്ങുകൾ പാടുന്നതിനൊപ്പം സ്വന്തം പാട്ടുകൾ അവതരിപ്പിക്കുകയുമാണു ലക്ഷ്യം. രണ്ടു മാസത്തിനുള്ളിൽ ഞങ്ങളുടെ ആദ്യ സ്വതന്ത്ര ഗാനം കേൾക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS