ADVERTISEMENT

സംഗീതത്തിലെ വ്യത്യസ്തമായ പരീക്ഷണങ്ങളെ മലയാളികൾ എന്നും കയ്യടിയോടെ ആണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഇടയ്ക്ക മാത്രം ഉപയോഗിച്ച് ഒരു മ്യൂസിക് വിഡിയോ ചെയ്ത് ശ്രദ്ധ നേടുകയാണ് അരുൺദാസ് ശ്രുതിലയ എന്ന കലാകാരൻ. വ്യത്യസ്തമായ ഈ പരീക്ഷണത്തെക്കുറിച്ചും സംഗീതയാത്രയെക്കുറിച്ചും അരുൺദാസ് മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.

 

 

ഇടയ്ക്കയിലെ പരീക്ഷണം

 

 

കലാമണ്ഡലത്തിൽ ഞാൻ ശാസ്ത്രീയമായി പഠിച്ചത് ചെണ്ടയായിരുന്നു. അതിന്റെ കൂടെമാത്രമായിരുന്നു ഇടയ്ക്ക കൊട്ടാൻ പഠിച്ചത്. പണ്ട് മുതൽ സംഗീതത്തിലും താളത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങൾ ചെയ്യാൻ ഏറെ താത്പര്യമായിരുന്നു എനിക്ക്. അടുക്കളയിൽ വേണ്ട കടുക് വാങ്ങി ഓടി വരുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഷേക്കറിന്റെ ശബ്ദം പോലെ തോന്നിച്ചു. അത് ഒരു വർക്കിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തു. വീട്ടിലെ പാത്രങ്ങളും ബോക്സുകളും ഉപയോഗിക്കുമ്പോൾ കിട്ടുന്ന ശബ്ദം ഗിറ്റാറിൽ വായിച്ചത് മൈക്ക് ഒക്കെ വച്ച് റെക്കോർഡ് ചെയ്തിരുന്നു. പക്ഷേ ആ വിഡിയോകൾ നഷ്ടപ്പെട്ടു. അത്ര ശാസ്ത്രീയമായല്ല അവ റെക്കോർഡ് ചെയ്തത്. പിന്നെയാണ് സൗണ്ട് എൻജിനീയറിങ്ങിന്റെ വിവിധ വശങ്ങള്‍ പഠിച്ചത്. പിന്നീട് അറിയാവുന്ന വാദ്യത്തിൽ ഇത്തരമൊരു പരീക്ഷണം നടത്തിയാൽ നന്നാവും എന്ന തോന്നലുണ്ടാവുകയും പരീക്ഷണങ്ങൾക്കു മുതിരുകയുമായിരുന്നു.

 

 

വെല്ലുവിളികൾ

 

 

ശബ്ദ സാധ്യതകളുള്ള ഒരു വാദ്യോപകരണമാണ് ഇടയ്ക്ക. മുൻകൂട്ടി പദ്ധതിയിട്ടു നടത്തിയ പരീക്ഷണമായിരുന്നില്ല ഇടയ്ക്കയിലേത്. ആദ്യം ഒരു ഭാഗം, പിന്നീട് വേറെ ഒരു ഈണം എന്ന രീതിയിൽ പരീക്ഷണം നടത്തി. അതിനു ശേഷം സാങ്കേതികമായ പൂർണത വരുത്തി. സൗണ്ട് എൻജിനീയറിങ്ങോ റെക്കോർഡിങ്ങോ ഒന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പലയിടത്തു നിന്നു കണ്ടു പഠിച്ചതാണ് അവയെല്ലാം.

 

 

എന്റെ സംഗീതവഴി

 

 

അച്ഛനും ചില അടുത്ത ബന്ധുക്കളും ചെണ്ട കലാകാരന്മാരാണ്. അവർ തബലയും ഹാർമോണിയവും വായിക്കും. അച്ഛൻ പൊതുവേദികളിൽ തബല വായിക്കുമ്പോൾ കുട്ടിക്കാലം മുതൽ ഞാന്‍ അത് അനുകരിക്കാൻ ശ്രമിക്കുമായിരുന്നു. പാട്ട് കേൾക്കുമ്പോഴൊക്കെ താളം പിടിക്കുകയും ചെയ്തിരുന്നു. തുടർന്ന് അച്ഛന്റെ ശിക്ഷണത്തിൽ ഹാർമോണിയം പഠിക്കാൻ തുടങ്ങി. കീബോർഡും വായിക്കും. അതൊന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പരിചയമുള്ള ചിലരിൽ നിന്നു ഓൺലൈനിൽ നിന്നുമാണ് അവയെല്ലാം സ്വായത്തമാക്കിയത്.

 

 

വിജയമധുരങ്ങൾ

 

 

ശാസ്ത്രീയമായി പഠിച്ചത് ചെണ്ടയാണെങ്കിലും ഇടയ്ക്കയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. യുവജനോത്സവവേദികളിൽ ഇടയ്ക്ക വായിക്കാറുണ്ട്. ഡ്രംസ് ശിവമണിക്കൊപ്പം ഫ്യൂഷൻ ചെയ്യാനും സാധിച്ചു. കലാമണ്ഡലത്തിലെ ഉണ്ണികൃഷ്ണൻ ആശാനൊപ്പം മുംബൈയിൽ വച്ച് നടന്ന പ്രോഗ്രാമിലാണ് ആ അവസരം ലഭിച്ചത്. വലിയ പരിപാടിയായിരുന്നു. പിന്നെ സക്കീർ ഹുസൈൻ, പനമണ്ണ ശശി എന്നീ പ്രമുഖർക്കൊപ്പവും ഇടയ്ക്ക വായിച്ചിട്ടുണ്ട്. ഒപ്പം ഹാർമോണിയം, കീബോർഡ്, ഗിറ്റാർ എന്നിവയും ഉപയോഗിക്കുന്നു. പുറത്തിറക്കിയ സംഗീത ആൽബങ്ങൾ മോശമല്ലാത്ത വിധം ശ്രദ്ധിക്കപ്പെട്ടവയാണ്. ഷൊർണുരിൽ ചെറിയൊരു റെക്കോർഡിങ് സ്റ്റുഡിയോ നടത്തിവരികയാണിപ്പോൾ.

 

 

ദുരിതം നിറഞ്ഞ കാലം

 

 

കോവിഡ് കാലത്ത് ഒരുപാട് പ്രയാസങ്ങൾ നേടിരേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓൺലൈൻ ഡെലിവെറികൾ നടത്തിയാണ് പിടിച്ചു നിൽക്കാനായത്. കലാകാരന്മാരെ സംബന്ധിച്ച് എല്ലാ തരത്തിലും വെല്ലുവിളികൾ നേടിരേണ്ടി വന്നു. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോയത്. 

 

 

ഭാവി പദ്ധതികൾ, സ്വപ്നങ്ങൾ

 

ചില സ്വപ്ന പദ്ധതിയുടെ ചർച്ചകൾ നടക്കുകയാണിപ്പോൾ. ഒരു വലിയ സ്ക്രീനിൽ ‘സംഗീതസംവിധാനം അരുൺ ശ്രുതിലയ’ എന്ന് എഴുതി കാണിക്കുന്ന ദിവസത്തെക്കുറിച്ചാണ് ഇപ്പോൾ സ്വപ്നം കാണുന്നത്. അതിന് വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com