‘അന്ന് ഉഴപ്പി നടന്നതിൽ ഇപ്പോൾ കുറ്റബോധം, അതു വേണ്ടിയിരുന്നില്ല’; പാട്ടും പറച്ചിലുമായി മനോജ്.കെ.ജയൻ

manoj-k-jayan
SHARE

സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും അഭിനയമാണ് മനോജ്‌.കെ.ജയന്റെ വഴിയായത്. എങ്കിലും അഭിനേതാക്കൾ തന്നെ പാട്ടുകാർ ആകുന്ന ട്രെൻഡിനും മുൻപേ ആ നിരയിൽ പേരെടുത്തു അദ്ദേഹം. സഹപ്രവർത്തകർ ഒന്നുചേരുന്നിടത്തും പ്രിയമാകുന്നിടത്തുമൊക്കെ പ്രിയപ്പെട്ട പാട്ടുകൾ പാടി. അതിനിടയിൽ കുറച്ചു സിനിമകളിലും ആൽബങ്ങളിലും സ്വരമായി എങ്കിലും ഒരു ഗായകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത് അടുത്ത കാലത്തു പുറത്തിറങ്ങിയ ‘മക്കത്തെ ചന്ദ്രിക’ എന്ന പാട്ടിലൂടെയാണ്. പാട്ടുവിശേഷങ്ങളും പാട്ടോർമ്മകളുമായി മനോജ് കെ ജയൻ മനോരമ ഓൺലൈനിനൊപ്പം.

എന്റെ സ്വരത്തിനായി കാത്തു നിന്നു

ഏകദേശം ഒന്നര വർഷം മുൻപാണ് തൃശൂരുകാരനായ അൻഷാദ് ഒരു പാട്ട് പാടാൻ വേണ്ടി എന്നെ വിളിക്കുന്നത്. പക്ഷേ ആ സമയത്ത് ലോക്ഡൗൺ കാരണം ഞങ്ങളുടെ റെക്കോർഡിങ് നടന്നില്ല. ഒരു വർഷത്തോളം റെക്കോർഡിങ് സ്റ്റുഡിയോകളും ഷൂട്ടിങ് സൈറ്റുകളുമെല്ലാം നിശ്ചലമായിരുന്നു. ഞാനും പാട്ടിനെ പറ്റി മറന്നു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വീണ്ടും അൻഷാദ് വിളിക്കുന്നത്. ‘നമുക്ക്  റെക്കോർഡിങ് നടത്തിയാലോ’ എന്നു ചോദിച്ചു.  ഉടൻ ഞാൻ തിരിച്ചു ചോദിച്ചു, ഇത്രയും നാളായിട്ടും വേറെ ആരെയും കൊണ്ട് പാടിക്കാത്തതെന്ത്? എന്തിനാണ് ഇത്രയും നാൾ എനിക്കു വേണ്ടി കാത്തിരുന്നതെന്ന്. അപ്പോൾ അൻഷാദ് പറഞ്ഞു, ചേട്ടന്റെ ശബ്ദം അല്ലാതെ മറ്റൊരാളുടെത് മനസ്സിൽ ഇല്ലായിരുന്നു, അതുകൊണ്ടാണ് റെക്കോർഡിങ് നടത്താതിരുന്നതെന്ന്. മനസ്സിൽ തോന്നിയ ആ ശബ്ദം വച്ചു തന്നെ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു എന്ന് അൻഷാദ് പറഞ്ഞത് എനിക്കു വലിയ സർപ്രൈസ് ആയിരുന്നു. 

വൈകാതെ ഞങ്ങൾ പാട്ടിന്റെ റെക്കോർഡിങ് നടത്തി. വചാരിച്ചതിലും കൂടുതൽ പാട്ട് ആസ്വദിച്ചാണ് പാടിയത്. പക്ഷേ ഇത്രയധികം ഹിറ്റ് ആകുമെന്നു കരുതിയില്ല. ഈണം വ്യത്യസ്തമായതിനാൽ ശ്രദ്ധിക്കപ്പെടുമെന്ന് അറിയാമായിരുന്നു. പക്ഷേ പാട്ട് പ്രതീക്ഷിച്ചതിലും കൂടുതൽ ജനപ്രീതി നേടി. പാട്ട് പുറത്തിറങ്ങിയ ശേഷം ഞാൻ ദുബായില്‍ പോയിരുന്നു. പാട്ട് കേട്ടെന്നും നന്നായിട്ടുണ്ടെന്നും ആയിരുന്നു ആദ്യ കാഴ്ചയിൽ തന്നെ എല്ലാവർക്കും പറയാനുണ്ടായിരുന്നത്. മമ്മൂക്ക (മമ്മൂട്ടി), ലാലേട്ടൻ (മോഹൻലാൽ), എം.ജയചന്ദ്രൻ, എം.ജി.ശ്രീകുമാർ, കൃഷ്ണ ചന്ദ്രൻ, കണ്ണൂർ ഷെരീഫ് തുടങ്ങിയവരൊക്കെ വിളിച്ചു പ്രശംസയറിയിച്ചു. പ്രിയപ്പെട്ട സിദ്ദിഖും രമേഷ് പിഷാരടിയും പാട്ട് അവരുടെ ഔദ്യോഗിക പേജുകളിൽ പങ്കുവച്ചു. അതുപോലെ അബ്ദുസമദ് സമദാനി സാഹിബ് പാട്ട് പങ്കുവയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെ ഒരുപാട് പേര് ഓർമ്മയിൽ തങ്ങിനിൽക്കുന്ന തരത്തിൽ പാട്ടിനെ പ്രശംസിക്കുകയുണ്ടായി. 

‘അമ്മ’ സംഘടനയുടെയും മറ്റും പരിപാടികളിലും ചില സിനിമകളിലും ആല്‍ബങ്ങളിലും പാടിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പ്രശംസ കിട്ടുന്നത് ആദ്യമായിട്ടാണ്. ഒരു പുതിയ ഈണത്തിൽ പ്രഫഷനൽ ഗായകൻ അല്ലാത്ത എനിക്ക് പാടാൻ സാധിച്ചതും അത് ശ്രദ്ധിക്കപ്പെട്ടതും ഒരുപാട് സന്തോഷം പകരുന്ന കാര്യം തന്നെ. സാധാരണ പാട്ടിന്റെ റെക്കോർഡിങ് സമയത്ത് സംഗീതസംവിധായകരും എഴുത്തുകാരും ഒപ്പം ഉണ്ടാകാറുണ്ട്. പക്ഷേ ലോക്ഡൗൺ ആയതുകൊണ്ട് ആർക്കും വരാൻ സാധിച്ചില്ല. ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ഒരു ഫോൺ കോളിനപ്പുറം അൻഷാദിന്റെ സാന്നിധ്യമുണ്ടായിരുന്നത് ആത്മവിശ്വാസമായി.

അന്ന് പഠിച്ചില്ല എന്ന കുറ്റബോധം

സംഗീതം ജീവനും ജീവിതവുമായി കണ്ടാണ് വളർന്നത്. അച്ഛനും കൊച്ചച്ചനും പ്രഗത്ഭരായ കർണാടക സംഗീജ്ഞരാണ്. ഒരുപാട് ഭക്തിഗാനങ്ങൾക്ക് അവർ ഈണമിട്ടിട്ടുണ്ട്. അവയെല്ലാം ഹിറ്റുകളുമാണ്. പക്ഷേ ഞാൻ സംഗീതം പഠിച്ചിട്ടില്ല. ചേട്ടൻ പഠിക്കുന്നത് കണ്ടിട്ട് പോലും എനിക്കന്ന് പഠിക്കണം എന്നൊരു താൽപര്യവും തോന്നിയിരുന്നില്ല. അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. കാരണം അച്ഛനും കൊച്ചച്ചനും മിക്കപ്പോഴും സംഗീതപരിപാടികളുമായി ബന്ധപ്പെട്ടു പുറത്തായിരിക്കും. അല്ലെങ്കിൽ പുലർച്ചെ ആയിരിക്കും അവർ പരിപാടി കഴിഞ്ഞ് എത്തുക. അതുമല്ലെങ്കില്‍ കച്ചേരികളുമായി ബന്ധപ്പെട്ടു തിരക്കിലായിരിക്കും. ആ സമയത്തു പഠിക്കാനും പഠിപ്പിക്കാനുമുള്ള ഒരു സാഹചര്യം ഇല്ലാതെ പോയി. ഞാൻ അന്ന് ഒരു ഉഴപ്പൻ ആയിരുന്നുതുകൊണ്ടു തന്നെ ചേട്ടൻ പഠിക്കുന്നത് കണ്ടിട്ടും പഠിക്കണം എന്ന് എനിക്ക് തോന്നിയതുമില്ല. പക്ഷേ ഇന്ന് ചില പാട്ടുകളൊക്കെ പാടാൻ എടുക്കുന്ന സമയത്ത്, അല്ലെങ്കിൽ ശ്രമിക്കുന്ന സമയത്ത് ഞാൻ ചിന്തിക്കാറുണ്ട് അന്ന് പാട്ട് പഠിച്ചിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഈ സംഗതികൾ കുറച്ചുകൂടി നന്നായി പാടാൻ സാധിക്കുമായിരുന്നു എന്ന്. 

മമ്മൂക്ക എന്ന അനുഗ്രഹം

മമ്മൂക്ക (മമ്മൂട്ടി)യുടെ ഔദ്യോഗിക പേജ് വഴി പാട്ട് പുറത്തിറക്കണം എന്നുള്ളത് അൻഷാദിന്റെ ആഗ്രഹമായിരുന്നു. ഇക്കാര്യം അൻഷാദ് എന്നോടു പറഞ്ഞപ്പോൾ എനിക്കും വലിയ സന്തോഷമായി. കാരണം എനിക്ക് സഹോദരതുല്യനാണ് മമ്മൂക്ക. എന്റെ ജീവിതത്തിലെ നല്ല തീരുമാനങ്ങൾക്കും പ്രധാനപ്പെട്ട കാര്യങ്ങൾക്കുമൊക്കെ കൂടെ നിന്നിട്ടുണ്ട് അദ്ദേഹം. എങ്കിലും എപ്പോഴും ഓരോ കാര്യങ്ങൾ പറഞ്ഞു ശല്യപ്പെടുത്താൻ കഴിയില്ലല്ലോ. പക്ഷേ അൻഷാദ് പറഞ്ഞപ്പോൾ എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. പാട്ട് അയച്ചു കൊടുത്ത ഉടനെ തിരിച്ചു വിളിച്ചിട്ട് ഗംഭീരമായിട്ടുണ്ടെന്നും തീർച്ചയായും പേജിലൂടെ നമുക്കത് പുറത്തിറക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ആയിട്ടാണ് ഞാൻ മമ്മൂക്കയെ കാണുന്നത്. അദ്ദേഹത്തിന്റെ നന്മയും കരുതലും എന്നും എനിക്ക്  ജീവിതത്തിൽ വെളിച്ചം പകർന്നിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ.

കാല് തളർത്തിയ അന്തിക്കടപ്പുറത്ത്

മറക്കാനാകാത്ത പാട്ട് ചിത്രീകരണം ‘ചമയം’ എന്ന ചിത്രത്തിലെ ‘അന്തിക്കടപ്പുറത്ത്’ ആണ്. ഭരതേട്ടന്റെ (സംവിധായകൻ ഭരതൻ) സിനിമയാണത്. ഭരതേട്ടനാണെങ്കിൽ പാട്ടിലും ഡാൻസിലും അഭിനയത്തിലും എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട്. പക്ഷേ എനിക്കാണെങ്കിൽ ആകെ ടെൻഷൻ ആയിരുന്നു. കാരണം ‘സർഗ്ഗം’ പുറത്തിറങ്ങിയ സമയമായിരുന്നു അത്. കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം നൽകിയ ഇമേജ് നിൽക്കുമ്പോഴാണ് തട്ടുപൊളിപ്പൻ പാട്ടുമായി ഞാൻ വരുന്നത്. അത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതുപോലെ ചമ്മലും. കാരണം, അന്തിക്കടപ്പുറത്ത് പാട്ടിന്റെ ചിത്രീകരണം നടക്കുന്നത് കടപ്പുറത്ത് ആയതുകൊണ്ട് ഒരുപാട് ആളുകൾ പാട്ട് കാണാൻ വന്നിട്ടുണ്ടായിരുന്നു. പ്രദേശവാസികളുടെ മുന്നിൽ നിന്നു വേണം ചുവടുവയ്ക്കാൻ. 

രണ്ടുദിവസം കഴിഞ്ഞ് ചിത്രീകരിക്കേണ്ട ‘അന്തിക്കടപ്പുറത്ത്’ പാട്ട് കേട്ടതോടെ എനിക്കും മുരളി ചേട്ടനും ആകെ ടെൻഷനായി. പാട്ട്  പാടിയാണ് കളിക്കേണ്ടത്. ചടുലമായ ചുവടുകൾ എങ്ങനെ കളിക്കും, അതിനൊത്തു ചുണ്ടിന്റെ ചലനം ശരിയായി വരുമോ എന്നൊക്കെയുള്ള ആശങ്ക ആയിരുന്നു ഞങ്ങൾക്ക്. ഒടുവിൽ ‘നമുക്ക് ചെയ്യടാ നീ ധൈര്യമായിട്ടിരിക്ക്’ എന്നു പറഞ്ഞു മുരളി ചേട്ടൻ. ഡാൻസ് മാസ്റ്റർ കുറേ ചുവടുകൾ പഠിപ്പിച്ചു. ചിത്രീകരണ സമയത്ത് ഞാൻ ഇതൊക്കെ ചെയ്യാമെന്ന് അദ്ദേഹത്തിന് ഉറപ്പും കൊടുത്തു. പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോൾ മാസ്റ്റർ പഠിപ്പിച്ചതിൽ പകുതി ഞാൻ മറന്നു പോയി. എന്റെ മനസ്സിൽ വന്ന ചുവടുകളൊക്കെയാണ് അന്ന് ചെയ്തത്. എങ്കിലും ഭരതേട്ടൻ ഉൾപ്പെടെ എല്ലാവർക്കും അത് ഇഷ്ടമായി. 

പ്രശ്നമുണ്ടായത് എനിക്കാണ്. രണ്ടു ദിവസത്തെ പരിശീലനവും രണ്ട് തവണത്തെ പാട്ട് ചിത്രീകരണവും കഴിഞ്ഞതോടെ ഞാൻ ആകെ അവശനായി, കാല് കുഴഞ്ഞ് ആ കടപ്പുറത്ത് വീണു. എല്ലാവരും പേടിച്ചു പോയി. ഉടൻ അവിടെയുള്ളവര്‍ വന്ന് എന്നെയെടുത്ത് ഷൂട്ടിങ്ങിനു വേണ്ടി നിർമ്മിച്ച ചെറിയ കുടിലിൽ കൊണ്ടു കിടത്തി. കുറെ നേരം കഴിഞ്ഞാണ് കാല് ശരിയായത്. ഞാൻ വല്ലാതെ ക്ഷീണിച്ചിരുന്നു. അതുകൊണ്ട് ‘അന്തിക്കടപ്പുറത്ത്’ എന്ന പാട്ടും അതിന്റെ ഷൂട്ടിങ്ങും ഒരിക്കലും മറക്കാൻ കഴിയില്ല. മികച്ച സംഘത്തിനൊപ്പം ജോലി ചെയ്യാൻ സാധിച്ചതും നല്ല അനുഭവമായി. 

പ്രിയം ഈ ഗാനങ്ങളോട്

പാട്ടുകളുടെ വലിയൊരു ആരാധകനാണ് ഞാൻ. കുറേ നല്ല ഗാനരംഗങ്ങളിൽ അഭിനയിക്കാനും ഭാഗ്യമുണ്ടായി. അന്തിക്കടപ്പുറത്ത്, രാജഹംസമേ, തിരനുരയും, കടലറിയില്ല, നീലരാവിലിന്നു നിന്റെ‌ അങ്ങനെ ഒട്ടേറെ ഹിറ്റുകളിൽ അഭിനയിക്കാനായി. എങ്കിലും എനിക്ക് എന്നും പ്രിയപ്പെട്ടത് ‘കാതിൽ തേൻ മഴയായ് പാടു കാറ്റേ കടലേ’എന്ന ഗാനമാണ്. ആ പാട്ടാണ് എന്റെ കോളർ ട്യൂൺ. സലിൽ ചൗധരിയുടെ മനോഹരമായ ഈണം. അദ്ദേഹത്തിന്റെ ഗാനങ്ങളോട് എക്കാലവും എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. മുഹമ്മദ്‌ റഫി, ദാസേട്ടൻ (കെ.ജെ.യേശുദാസ്), ജയേട്ടൻ (പി.ജയചന്ദ്രൻ), എസ്പിബി (എസ്.പി.ബാലസുബ്രഹ്മണ്യം), കെ.എസ്.ചിത്ര അങ്ങനെ പോകുന്നു ഇഷ്ടമുള്ള ഗായകർ. ദേവരാജൻ മാസ്റ്റർ, ബാബുരാജ്, ഇളയരാജ, ജോൺസേട്ടൻ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവരൊക്കയാണ് പ്രിയപ്പെട്ട സംഗീതസംവിധായകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA