‘ബാലരമ മൂഡിൽ മിന്നല്‍ മുരളി ഗാനം’; മനു മഞ്ജിത് പറയുന്നു

manu-minnal-murali
SHARE

ടൊവീനോ തോമസിനെ നായകനാക്കി യുവസംവിധായകൻ ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളിക്കു വേണ്ടി സുഷിൻ ശ്യാം ഒരുക്കിയ പാട്ടിന്റെ ഈണം കേട്ടപ്പോൾ ഗാനരചയിതാവ് മനു മഞ്ജിത് ചോദിച്ചു, ‘ബേസീ... പണ്ട് ബാലരമയൊക്കെ വായിക്കും പോലത്തെ ഒരു പാട്ട് പിടിച്ചു നോക്കിയാലോ...?’ അതിനു ബേസിലിന്റെ കയ്യൊപ്പു പതിഞ്ഞ ചിരിയായിരുന്നു മറുപടി. ആ ചിരിയുടെ പച്ചക്കൊടി ബലത്തിൽ മനു മഞ്ജിത് ഇങ്ങനെ എഴുതി– "തീമിന്നൽ തിളങ്ങീ... കാറ്റും കോളും തുടങ്ങീ....''! കുഞ്ഞിരാമായണത്തിലെ സൽസ പാട്ടു പോലെ, ആടിലെ ക്യാരക്ടർ ലോഞ്ചിങ് പാട്ടുകൾ പോലെ മിന്നൽ മുരളിയുടെ പാട്ടും ഡിഷ്യൂം ഡിഷ്യൂം പാട്ടെന്ന വിളിപ്പേരിൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ആ പാട്ടിന്റെ വിശേഷങ്ങളുമായി ഗാനരചയിതാവ് മനു മഞ്ജിത് മനോരമ ഓൺലൈനിൽ. 

എന്റെ ‘ക്രെയ്സി’ സംവിധായകൻ

ഞാനേറ്റവും കൂടുതല്‍ പാട്ടെഴുതി കൊടുത്തിട്ടുള്ള സംവിധായകന്‍ ബേസില്‍ ജോസഫ് ആണെന്നു തോന്നുന്നു. കുഞ്ഞിരാമായണത്തിലുണ്ട് അഞ്ച് പാട്ടുകൾ... ഗോദയില്‍ എട്ടു പാട്ടുകളാണെന്നു തോന്നുന്നു. ഞാനും ബേസിലും ഒരുമിച്ച് ആകെ പടം ചെയ്തത് മൂന്നേ ഉള്ളൂവെങ്കിലും ഒരുപാട് പാട്ടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡിഷ്യൂം ഡിഷ്യൂം പാട്ടിനെക്കുറിച്ച് പറയുകയാണെങ്കില്‍, ബേസില്‍ അല്ല സംവിധായകനെങ്കില്‍, ഇത്തരമൊരു പാറ്റേണ്‍ ചിന്തിക്കുക പോലുമില്ല. ‘ക്രെയ്സി’ എന്ന വാക്കാണ് ഏറ്റവും അനുയോജ്യം. ബേസിലിന്റെ ചിന്തകള്‍ എങ്ങനെയാകും പോവുക എന്ന് ഏകദേശം നല്ല ധാരണയുണ്ട്. അതിലല്‍പം ഹ്യൂമറുണ്ടാകും... കോമിക്കല്‍ മൂഡ് ഉണ്ടാകും. അവന്‍ ആഗ്രഹിക്കുന്ന തമാശകള്‍ എങ്ങനെയൊക്കെയാകുമെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. 

എല്ലാം ഫോൺ വഴി

പാട്ടിന്റെ ഒരു ചട്ടക്കൂട് ഉണ്ടാക്കിയിട്ട് ഞാന്‍ ബേസിലിനെ വിളിക്കും. അങ്ങനെ ഫോണില്‍ കുറച്ചു നേരം ഇരിക്കും. ഈ പാട്ടില്‍ പ്രത്യേകിച്ചും അങ്ങനെ ഒരു ഇരുത്തം നടന്നിട്ടുണ്ട്. ഞങ്ങളുടെ ഫോണ്‍ സംഭാഷണത്തില്‍ ഉരുത്തിരിഞ്ഞ വാക്കുകള്‍ ഈ പാട്ടിലുപയോഗിച്ചിട്ടുണ്ട്. ഡിഷ്യൂം ഡിഷ്യൂം, ഠോ ഠോ പൊട്ടും ഒക്കെ അങ്ങനെ ഉണ്ടായി വന്നതാണ്. ബേസിലിന് ഇഷ്ടമായിക്കഴിഞ്ഞാല്‍ അവനൊരു ചിരി ചിരിക്കും. ഒരു പ്രത്യേക ചിരിയാണ് അത്. അതു വന്നാല്‍ കാര്യം സെറ്റായി എന്നര്‍ത്ഥം. പണ്ട് ബാലരമ വായിച്ചത് ഈ പാട്ടില്‍ ഉപകരിച്ചു എന്നു പറഞ്ഞാലും തെറ്റില്ല. 

എന്തു വേണമെന്ന് ബേസിലിന് അറിയാം!

കുഞ്ഞിരാമായണത്തില്‍ അഞ്ച് പാട്ടുകൾ ചെയ്തതിനു ശേഷമാണ് ഞാന്‍ ജസ്റ്റിന്‍ പ്രഭാകര്‍ എന്ന സംഗീതസംവിധായകനോട് സംസാരിക്കുന്നതു തന്നെ. ഗോദ ചെയ്യുമ്പോഴും ഞാനും ഷാനിക്കയും (ഷാന്‍ റഹ്മാന്‍) തമ്മില്‍ അങ്ങനെ സംസാരിച്ചിട്ടില്ല എന്നാണെന്റെ ഓര്‍മ. ബേസില്‍ എല്ലാം കോര്‍ഡിനേറ്റ് ചെയ്യും. ഈണം കൃത്യമായി ഓര്‍മ കാണും. വരികള്‍ അങ്ങനെ വന്നു കഴിഞ്ഞാല്‍ അതിന്റെ സൗണ്ടിങ് എങ്ങനെയുണ്ടാകും എന്നെല്ലാം ബേസിലിന് അറിയാം. അയാളുടെ ഉള്ളില്‍ അതെല്ലാമുണ്ട്. വരികള്‍ എഴുതിക്കൊടുക്കുമ്പോള്‍, ആ വാക്ക് മാറ്റിയാലോ... അതിങ്ങനെ ഉപയോഗിച്ചാലോ എന്നൊക്കെ കൃത്യമായി ബേസില്‍ പറയും. അതുകൊണ്ട്, ബേസിലിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എളുപ്പമാണ്. ഒട്ടും സംശയിക്കേണ്ടി വരില്ല. എന്തു വേണമെന്ന് ബേസിലിന് കൃത്യമായി അറിയാം. 

കാർട്ടൂൺ സ്വഭാവമുള്ള പാട്ടുകൾ

രസകരമായ പരീക്ഷണം നടത്താവുന്ന പാട്ടുകള്‍ എനിക്ക് കിട്ടാറുണ്ട്. ഉദാഹരണത്തിന്, ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ പാട്ട്... കുഞ്ഞിരാമായണത്തിലെ സല്‍സാ പാട്ട്. കാര്‍ട്ടൂണ്‍ സ്വഭാവമുള്ള പാട്ടാണെന്നു പറയാം. മിന്നല്‍ മുരളിക്കു വേണ്ടി നിലവില്‍ ഏഴു പാട്ടുകള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. പക്ഷേ, ബേസില്‍ ആയതുകൊണ്ട്, റിലീസിന്റെ തലേദിവസം വരെ ഒരു വിളി പ്രതീക്ഷിക്കാം. എല്ലാം കൊടുത്തു... ഇനി പാട്ടിനായി വിളിക്കില്ല എന്നൊക്കെ പറയും. പക്ഷേ, ചിലപ്പോള്‍ വിളി വന്നേക്കാം. കാരണം, റീ റെക്കോര്‍ഡിങ്ങിന്റെ സമയത്താവും ചില സീനുകളുടെ ഇടയില്‍ ഒരു പാട്ടു വന്നാല്‍ നന്നാകുമെന്നു തോന്നുക. അതുകൊണ്ടാണ് വീണ്ടും വീണ്ടും വിളികളെത്തുന്നത്. ഗോദയിലൊക്കെ നമ്മള്‍ പാട്ടുകള്‍ ഉപയോഗിച്ചിട്ടുള്ളത് അങ്ങനെയാണ്. ബേസില്‍ ആ പാട്ടുകള്‍ കൃത്യമായി സിനിമയില്‍ ഉപയോഗിക്കും. 

പ്രതികരണം അറിയുന്നതുവരെ ടെൻഷൻ

കുഞ്ഞിരാമായണത്തിലെ സല്‍സ, ലവ് ആക്‌ഷൻ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം പിന്നെ ആടിലെ പാട്ട്. ഇവയെല്ലാം ഓരോ പരീക്ഷണങ്ങളാണ്. പാട്ട് പുറത്തിറങ്ങി ആളുകളുടെ പ്രതികരണം അറിയുന്നതു വരെ നമുക്ക് യാതൊരു ഗ്യാരണ്ടിയും ഇല്ല. പ്രണയഗാനം ഇറങ്ങിക്കഴിഞ്ഞാല്‍ അതിന്റെ പ്രതികരണം എന്താകുമെന്ന് അറിയാം. അധികം ഹിറ്റായില്ലെങ്കിലും ആരും കുറ്റം പറയില്ലെന്ന സമാധാനം ഉണ്ടാകും. എന്നാല്‍, ഡിഷ്യൂം ഡിഷ്യൂം പോലെയുള്ള പാട്ടുകള്‍ക്ക് പ്രേക്ഷകസ്വീകാര്യത ലഭിക്കുന്നത് വലിയ കാര്യമാണ്. അങ്ങനയൊരു സന്തോഷം കൂടി ഈ പാട്ടിലൂടെ ലഭിക്കുന്നു. പ്രേക്ഷകര്‍ വരികള്‍ ശ്രദ്ധിക്കുന്നതും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതുമെല്ലാം സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA