‘പിനാ കൊളോഡ ബ്ലൂസ്’: പേരു സങ്കീർണം, സംഗീതമോ മധുരതരം

kevin-music
SHARE

റമ്മും ക്രീമും കോക്കനട്ട് മിൽക്കും പൈനാപ്പിൾ ജ്യൂസും ചേർന്നൊരു കോക്ടെയിലാണു പിനാ കൊളോഡ. പോർട്ടോറിക്കയാണു ജൻമദേശം. പല രുചിവൈവിധ്യങ്ങൾ ചേർന്ന മിക്സ് പോലെയാണു ‘പിനാ കൊളോഡ ബ്ലൂസ്’ എന്ന മ്യൂസിക് ബാൻഡിന്റെ പാട്ടുകളും. ആ പേരിലൊരു യുട്യൂബ് ചാനലുമുണ്ട്. അതിൽ ഇലക്ട്രോണിട്രോ–പോപ്പുണ്ട്, ഹിപ്ഹോപ്പുണ്ട്, മെലഡിയും റാപ്പുമുണ്ട്, ആർ–ബിയും കർണാടിക്കുമുണ്ട്. പാട്ടിന്റെ പല ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർത്തെടുത്തു സംഗീതപ്രേമികൾക്ക് പുതിയ അനുഭവം നൽകുകയാണു മലയാളിയായ കെവിൻ ഷാജി. 

പത്തനംതിട്ട കോന്നി സ്വദേശിയായ, ഷാർജയിൽ വളർന്ന കെവിൻ ഇപ്പോൾ കൊച്ചിക്കാരനാണ്. അടുത്തിടെ റിലീസ് ചെയ്ത പിനാ കൊളാഡോ ബ്ലൂസിന്റെ ‘ക്യോം’ എന്ന ഹിന്ദി സിംഗിൾ ഇൻഡിപ്പൻഡന്റ് മ്യൂസിക് ലോകത്ത് ഏറെ ശ്രദ്ധ നേടിക്കഴി‍ഞ്ഞു. പാട്ടിനെക്കുറിച്ചും സംഗീത യാത്രകളെക്കുറിച്ചും കെവിൻ പറയുന്നു. ‘അകലുകയോ’ എന്ന മലയാളം സിംഗിളിന്റ  അപ്ഡേറ്റഡ് ഹിന്ദി വേർഷനാണു ‘ക്യോം’ എന്ന ഗാനമെന്നും പറയാം. സംഗീതയാത്രയെക്കുറിച്ച് പിനാ കൊളാഡോ ബ്ലൂസ് എന്നും അറിയപ്പെടുന്ന കെവിൻ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു...

പാട്ടു പഠിക്കാതെ പാട്ടിന്റെ വഴിയിൽ

പാട്ട് ഗൗരവമായി പഠിച്ചിട്ടില്ല. 12 വരെ ഗർഫിലായിരുന്നു പഠനം. ആ സമയത്ത് കീബോർഡ് കുറച്ച് പഠിച്ചതു മാത്രമാണ് പാട്ടിലുള്ള ഔപചാരിക പഠനം. എൻജിനീയറിങ് പഠനത്തിനു വേണ്ടി  തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജിലെത്തിയപ്പോഴാണു മ്യൂസിക് പ്രൊഡക‌്ഷന്റെ സാധ്യതകൾ  തിരിച്ചറിയുന്നത്. ഉള്ളിലൊരു ട്യൂണുണ്ടെങ്കിൽ അതു പാട്ടായി പുറത്തെത്തിക്കുക ശ്രമകരമല്ലെന്നു തിരിച്ചറിഞ്ഞതും അങ്ങനെയാണ്. സുഹൃത്തുക്കളിൽ നിന്നു പ്രൊഡക്‌ഷൻ രീതികൾ മനസിലാക്കി. പിന്നീട് സ്വന്തമായി ഒരു ചെറിയ സ്റ്റുഡിയോ സെറ്റപ്പ് ക്രമീകരിച്ചു. 

∙ തെന്നലേ മുതൽ ക്യോം വരെ

തെന്നലേ എന്ന പാട്ടാണ് ആദ്യം റിലീസ് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിൽ. മനു മുരളി എഴുതിയ പാട്ടിന്റെ ശബ്ദം നികിത ഉദയ് ആയിരുന്നു. ഇതു പിന്നീട് വിഡിയോ രൂപത്തിൽ യുട്യൂബിലെത്തി. ഈ വർഷം ഓഗസ്റ്റിൽ ‘വൺസ് അപ്പോൺ എ ബ്ലൂ മൂൺ’ എന്ന മുഴുനീള ആൽബവും റിലീസ് ചെയ്തു. ഒരു ബന്ധത്തിന്റെ ആരംഭവും വളർച്ചയും അസാനവുമെല്ലാം നിറഞ്ഞതാണ് ഈ ആൽബം. ആർ ആൻഡ് ബി മുതൽ മലയാളം, തമിഴ് ഗാനങ്ങളുമെല്ലാം ഉൾപ്പെടുന്ന 8 പാട്ടുകൾ ഉള്ള ആൽബം കോവിഡ് കാലത്താണു ജനിച്ചതെന്നു കെവിന്റെ വാക്കുകൾ. 

അകലുകയോ, തെന്നലോ തുടങ്ങിയ സിംഗിളുകളും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിരാം ജിതേന്ദ്ര, മനു മുരളി, കെ. മീനാക്ഷി, മേരി ലിയാ പോൾ തുടങ്ങിയവരാണു വരികൾ എഴുതിയിരിക്കുന്നത്. ആരോമൽ ചേകവർ പാടിയ പുലരികൾ എന്ന പാട്ടെല്ലാം ഏറെ വ്യത്യസ്തം. കോവിഡ് സമയത്ത് ഒറ്റയ്ക്കു കഴിഞ്ഞ സമയം പാട്ടിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും പുതിയ ഈണങ്ങൾ തയാറാക്കാനും ഉപകരിച്ചുവെന്നു കെവിൻ പറയുന്നു. 

പാട്ടുകൾ തയാറാക്കുമ്പോൾ ഡെമോയ്ക്കു വേണ്ടി മാത്രമാണു കെവിൻ പാടാറുള്ളത്. ഇൻസ്റ്റഗ്രാമിൽ നിന്നും മറ്റും പുതിയ ഗായകരെ കണ്ടെത്താനും അവർക്ക് അവസരം നൽകാനുമാണു കെവിന്റെ ശ്രമം. പുതിയ ശബ്ദങ്ങൾ പാട്ടിനു വേണ്ടി കണ്ടെത്തുന്നതും അങ്ങനെ തന്നെ. സുഹൃത്തുക്കളാണു വരികൾ എഴുതി നൽകുന്നതും. 

∙ ഡേ വൺ ലേബൽ

ദക്ഷിണേഷ്യയിലെ പുതുതലമുറ സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കാൻ സോണി മ്യൂസിക് ഇന്ത്യ രൂപീകരിച്ച വൺ ഡേ എന്ന ലേബലിന്റെ ഭാഗമാണിപ്പോൾ പിനാ കൊളാഡ ബ്ലൂസ്. ഇവരുടെ കീഴിലാണു ക്യോം എന്ന പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. ഒരു പ്രണയത്തകർച്ചയുടെ ഉള്ളറകളാണു പാട്ടിലുള്ളതെന്നു കെവിൻ പറയുന്നു. പല കാരണങ്ങളാലും അകന്നുപോകുന്നവരെക്കുറിച്ചുള്ളതാണിത്. പല ശബ്ദങ്ങളുടെ ഫ്യൂഷൻ പാട്ടിൽ കാണാം, ഒരു കോക്ടെയിൽ പോലെ. അക്വ്യുസ്റ്റിക്സ് പോപ്പ്, ജാസ് എന്നിവയെല്ലാം ചേർന്നിരിക്കുന്നു. റിതേന്ദ്ര ദിർഗാംഗിയാണു രചന. മൃദുൽ അനിലിന്റേതാണു ശബ്ദം. 

‘ലോകവുമായി സംവദിക്കാൻ എനിക്കുള്ള വഴിയാണു സംഗീതം. ഡേ വൺ ലേബലിലൂടെ ഇത് കൂടുതൽപ്പേരിലെത്തുമെന്നാണു പ്രതീക്ഷ’ കെവിൻ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA